കുടിവെള്ള പൈപ്പിന് തകരാര്‍ സംഭവിക്കുകയോ, അടിയന്തരമായി കുടിവെള്ളമെത്തിക്കേണ്ട ആവശ്യകത നേരിടുകയോ, വരള്‍ച്ചയെ അതിജീവിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ട സാഹചര്യം വന്നാലോ സര്‍ക്കാരിന്റെയോ വാട്ടര്അതോറിറ്റിയുടെയോ മുന്നില്‍ ഒരു പേരുമാത്രമേ ഉള്ളൂ- രാജന് കോണ്ട്രാക്ടര്. ഏത് അടിയന്തര സാഹചര്യത്തിലും കൈയും മെയ്യും മറന്ന് പ്രശ്നത്തിന് പരിഹാരം വാക്കില്‍മാത്രമല്ല, പ്രവര്‍ത്തിച്ചു കാണിക്കാനും രാജന് കോണ്ട്രാക്ടര് മാത്രമേ ഉള്ളൂ എന്നതാണ് സത്യം.
വാട്ടര്‍ അതോറിറ്റിയില്‍ കോണ്‍ട്രാക്ട് ഏറ്റെടുത്ത് തുടങ്ങിയിട്ട് 53 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇക്കാലമത്രയും തന്റെ ജോലികള്‍ നൂറുശതമാനം ആത്മാര്‍ത്ഥതയോടെ ചെയ്തെന്ന ചാരിതാര്‍ത്ഥ്യം രാജനുണ്ട്. ജോലിയുടെ തിരക്കില്‍ മുഴുകുമ്പോഴും സന്നദ്ധ പ്രവര്‍ത്തനത്തിനായി സമയം മാറ്റിവയ്ക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു. ഇപ്പോഴും തുടരുന്ന കോണ്ട്രാക്ടര് ജോലിക്കിടയില്‍ത്തന്നെ തിരുവനന്തപുരം ജില്ലയിലെ നെടുമണ്ണില്‍ ആറു കുടുംബങ്ങള്‍ക്കാണ് രാജന് പുതിയ ജീവിത സാഹചര്യം ഒരുക്കികൊടുത്തിരിക്കുന്നത്. തലമുറകളായി അടച്ചുറപ്പുള്ള വീടുകളില്‍ കിടന്ന് ശീലമില്ലാത്തവര്‍ക്ക് പൂട്ടും താക്കോലുമുള്ള വീടുകളാണ് രാജന് നിര്‍മ്മിച്ചത്. മെയ് 30ന് സുരേഷ് ഗോപി എംപി വീടുകളുടെ താക്കോല്‍ ദാനം നിര്‍വ്വഹിക്കുന്നതോടെ രാജന്റെ സഹായം ലഭിച്ച ആയിരങ്ങളുടെ കൂട്ടത്തില്‍ ആറു കുടുംബങ്ങള്‍കൂടി ഉള്‍പ്പെടും.
കുഞ്ഞുന്നാളിലെ വലിയ മനസ്സ്
സ്വന്തം നാടിനും നാട്ടുകാര്‍ക്കും മാത്രമല്ല മറ്റിടങ്ങളിലെ പൊതുജനങ്ങള്‍ക്കും രാജന്റെ സഹായം ലഭിക്കുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. സേവന മനോഭാവം കുഞ്ഞുന്നാളില്‍തന്നെ പ്രകടിപ്പിച്ച ഇദ്ദേഹത്തിന്റെ മനസ്സും ആത്മാവും ശരീരവും ജാതീയതയ്ക്ക് അതീതമായി പാകപ്പെടുത്തി എടുത്തതാണ്. കുഞ്ഞുന്നാളുകളില്‍ ഉണ്ടായ ജീവിതാനുഭവങ്ങളാണ് വളര്‍ന്നപ്പോള്‍ പാവങ്ങളോട് അനുകമ്പയും കാരുണ്യവുമുള്ളവനാക്കി രാജനെ മാറ്റിയത്. ഉയര്‍ന്ന ജാതിയില്‍ ജനിച്ചതുകൊണ്ടുതന്നെ അന്നത്തെ ജീവിത സാഹചര്യങ്ങളോട് പടവെട്ടി താഴ്ന്ന ജാതിക്കാരായ കൂട്ടുകാരെ സമ്പാദിച്ചും, ഇവരോടൊപ്പം ഫുട്ബോള്‍ കളിച്ചും ഒപ്പംകൂട്ടിയുമാണ് ജാതിവ്യവസ്ഥയോട് രാജന് പ്രതിഷേധിച്ചത്.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് എന്ന ചെറുപട്ടണത്തോടു ചേര്‍ന്നുകിടക്കുന്ന ഗ്രാമമാണ് നെടുമണ്‍. ഇവിടുത്തെ അറിയപ്പെടുന്ന വീടായ ഞാറയ്ക്കലാണ് രാജന്റെ കുടുംബം. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥനായ നാരായണപിള്ളയുടെയും ലക്ഷ്മിക്കുട്ടിയുടെയും മകന്. മഞ്ഞാംകോട് കുടുംബത്തിലെ ഒടുവിലത്തെ കണ്ണിയാണ് രാജന്റെ അമ്മ ലക്ഷ്മിക്കുട്ടി. വീടിനു സമീപത്തായി അന്യാധീനപ്പെട്ടു കിടക്കുന്ന കാവിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത് രാജന്‍തന്നെയാണ്.
നഗരങ്ങളില്‍നിന്ന് അയിത്തവും അനാചാരവും ഒഴിഞ്ഞെങ്കിലും ഗ്രാമങ്ങളില്‍ ഇവ നിലനിന്നിരുന്ന കാലഘട്ടത്തിലൂടെയാണ് രാജന്റെ കുട്ടിക്കാലം കടന്നു പോന്നത്. താഴ്ന്നജാതിക്കാരായി കണക്കാക്കപ്പെട്ടിരുന്ന സിദ്ധനര്‍ സമുദായത്തിലെ കുട്ടികളോടാണ് രാജന് ഏറെ ഇടപഴകിയിരുന്നത്. സമുദായ നേതാക്കളും അടുത്ത ബന്ധുക്കളും ഇതിനെതിരെ രംഗത്തുവരികയും, കൂട്ടുകൂടുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും വകവയ്ക്കാന്‍ ചെറുപ്പകാലത്തേ രാജന് കൂട്ടാക്കിയില്ല. അച്ഛന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥനായിരുന്നെങ്കിലും കൃഷിയായിരുന്നു പ്രധാന വരുമാന മാര്‍ഗ്ഗം. അന്ന് അച്ഛന് മറ്റു സമുദായത്തിലെ തൊഴിലാളികളോടൊപ്പം അയിത്തം നോക്കാതെ വയലില്‍ ഇറങ്ങി കൃഷിചെയ്യുമായിരുന്നു. ഇത് തനിക്കും പ്രചോദനമായെന്ന് രാജന് ഓര്‍മ്മിക്കുന്നു.
അമ്മയുടെ ആ വാക്കുകള്‍
ചെറുപ്പകാലത്തുണ്ടായ ഒരു സംഭവം രാജനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. തെരുവിലൂടെ സുഹൃത്തുക്കളോടൊപ്പം നടന്നുവന്നപ്പോള്‍ സമീപത്തെ ചായക്കടയില്‍ അമ്മാവന് നില്ക്കുന്നുണ്ടായിരുന്നു. രാജനെ കണ്ടതും ചായക്കടയിലേക്ക് വിളിച്ചു. ചായക്കടയ്ക്കുള്ളില്‍ കയറിയപ്പോള്‍ തന്റെയൊപ്പം വന്ന സുഹൃത്തുക്കള്‍ താഴ്ന്നജാതിയില്പ്പെട്ടവരായതിനാല് പുറത്തുനിന്നു. ആ സമയം തന്റെ വീടിനു സമീപം താമസിക്കുന്ന കുട്ടി എന്ന വിളിപ്പേരുള്ള ആള് ബീഡിയും കാതില്‍ തിരുകി ഭയഭക്തിബഹുമാനത്തോടെ ചായക്കടയുടെ മുന്നില്‍വന്ന് ചായ ആവശ്യപ്പെട്ടു. കടയുടെ സമീപത്തായി ചോനന്‍ ഉറുമ്പുകള്‍ പൊതിഞ്ഞ ഏതാനും ചിരട്ടകള്‍ വച്ചിട്ടുണ്ട് ഇതില്‍ ഒന്നെടുത്ത് ചായക്കടയുടെ മുന്നില്‍നിന്ന് അകത്തേക്ക് നോക്കിക്കൊണ്ടിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ചായക്കടക്കാരന് ഒരു ചായക്കോപ്പയില്‍ ചായ കൊണ്ടുവന്ന് ചിരട്ടയില്‍ തൊടാതെ ദൂരെനിന്ന് ഒഴിച്ചുകൊടുത്തു. ഈ സംഭവം അന്ന് ചെറിയ കുട്ടിയായ രാജന്റെ കണ്ണ് നനയിച്ചു. വീട്ടിലെത്തി അമ്മയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ”വലുതായതിനുശേഷം നീ അവരെ സഹായിക്കണം” എന്നായിരുന്നു മറുപടി.
അന്ന് അമ്മ പറഞ്ഞ വാക്കുകള്‍ രാജന് പില്ക്കാലത്ത് അനുവര്‍ത്തിക്കുകയായിരുന്നു. സഹായം ആവശ്യമുള്ളവര്‍ തന്നെ തേടിവരരുതെന്ന് രാജന് നിര്‍ബന്ധമുണ്ട്. അതിന് മുന്‍പുതന്നെ അവരെത്തേടി കണ്ടെത്തി സഹായിക്കുക എന്ന രീതിയാണ് രാജന് അവലംബിക്കുന്നത്. നാട്ടുകാര്‍ക്കും തൊഴിലാളികള്‍ക്കും രാജന് പ്രിയങ്കരനാണ്. പൊതുപ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനോടൊപ്പം, തന്റെ തൊഴിലാളികളുടെ വീട്ടിലെ പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും അവര്‍ പറയാതെതന്നെ അറിയുകയും, അത് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
സര്‍ക്കാരിന്റെ പ്രധാന പദ്ധതികളെല്ലാം രാജന്റെ നേതൃത്വത്തിലാണ് പൂര്ത്തീകരിക്കപ്പെട്ടിട്ടുള്ളതെന്നത് ശ്രദ്ധേയമാണ്. ഏറെ ദുര്‍ഘടം പിടിച്ച പല പദ്ധതികളും മറ്റു കരാറുകാര്‍ ഏറ്റെടുക്കാതെ ഒഴിഞ്ഞുമാറുമ്പോള്‍ രാജനത്, ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണമെന്ന ചിന്തയിലും, സാമ്പത്തിക ലാഭം നോക്കാതെയും രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഏറ്റെടുത്ത് വിജയിപ്പിച്ചിട്ടുണ്ട്. ഇതിന് വകുപ്പിന്റെ മേലുദ്യോഗസ്ഥരുടെ അഭിനന്ദനവും രാജനെത്തേടിയെത്തിയിട്ടുണ്ട്.
സ്വന്തം ഖലാസികള്‍
കാടിനുകുറുകെ പേപ്പാറ ഡാമിന്റെ ക്യാച്ച്മെന്റ് ഏര്യ നിര്‍മ്മാണം, വരള്‍ച്ചയെ പ്രതിരോധിക്കാന്‍ കുണ്ടമണ്‍കടവ് കുടിവെള്ള പദ്ധതി, 1972-ല്‍ കാപ്പുകാട് നിന്ന് നെയ്യാറില്‍ വെള്ളമെത്തിക്കുന്ന പദ്ധതി, പ്ലാമൂട് പമ്പ് ഹൗസ് ഡ്രെയിനേജ് ട്രീറ്റ്മെന്റ് പദ്ധതി തുടങ്ങി അതിസാഹസികതയും പ്രതിസന്ധികളും നിറഞ്ഞ പദ്ധതികള്‍ ഏറ്റെടുത്ത് വിജയിപ്പിച്ച ചരിത്രവും രാജന് കോണ്ട്രാക്റ്ററര്ക്കുണ്ട്.
അതുകൊണ്ടുതന്നെ സംസ്ഥാനത്തിന് പുറത്തുള്ള പല പദ്ധതികളും ആരംഭിക്കുന്നതിന് മുന്നോടിയായി ഉദ്യോഗസ്ഥര്‍ രാജനുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്താറുണ്ട്. ഏത് വിഷമകരമായ ജോലിചെയ്യുന്നതിനും രാജന്റെ തൊഴിലാളികള്‍ സന്നദ്ധരാണ്. തൊഴിലാളികളെ പണിസ്ഥലത്ത് വിട്ടിട്ട് ശീതീകരിച്ച മുറിയില്‍ ഇരിക്കുന്ന മറ്റ് മുതലാളിമാരെപ്പോലെയല്ല രാജന്. പണിസ്ഥലത്ത് എത്തി തൊഴിലാളികള്‍ക്ക് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കിയും, അവര്‍ കഴിക്കുന്ന ഭക്ഷണം പങ്കിട്ടും, അവരുടെ നീറുന്ന പ്രശ്നങ്ങള്‍ ഏറ്റെടുത്തും, അതിന് പരിഹാരങ്ങള്‍ സ്വന്തം ചെലവില്‍ കണ്ടുമാണ് രാജന് തൊഴിലാളികളുടെ ഭാഗമാകുന്നത്.
മറ്റു കോണ്‍ട്രാക്ടര്‍മാരില്‍നിന്ന് രാജനെ വ്യത്യസ്തനാക്കുന്നത്, മാപ്പിള ഖലാസികള്‍ സ്വന്തമായുണ്ടെന്നതുമാണ്. അത്യാധുനിക യന്ത്രങ്ങള്‍ എത്തിക്കാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ രാജന്റെ മാപ്പിള ഖലാസികള്‍ കടന്നുചെന്ന് പ്രയാസമേറിയ പണി പൂര്‍ത്തിയാക്കി തിരിച്ചുവരും.
സ്വന്തം മാമന്റെ മകള്‍ പ്രഭാദേവിയാണ് രാജന്റെ പത്നി. വിപിന്‍ പി. രാജ്, രാഖിന്‍ പി.രാജ്, വരുണ്‍ പി. രാജ് എന്നിവര്‍ മക്കള്‍. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പ്രത്യേകം സമയം മാറ്റിവയ്ക്കാതെ ജോലിയോടൊപ്പംതന്നെ സന്നദ്ധപ്രവര്‍ത്തനങ്ങളും നടത്തുന്ന രീതിയാണ് രാജന്റേത്. അത് തുടര്‍ന്നുകൊണ്ടിരിക്കും. ഇനിയും നിരവധി പേരെ സഹായിക്കാന്‍ ദൈവം അവരെ തന്റെ അടുത്ത് എത്തിക്കുമെന്നാണ് രാജന്റെ വിശ്വാസം.
എസ്.ജെ. ഭൃഗുരാമന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: