കര്‍ണാടക രാഷ്ട്രീയത്തിന്റെ ആമുഖം അവസാനിച്ചു. ഇനി അരങ്ങാണ്. അവസരവാദരാഷ്ട്രീയത്തിന്റെ അഴുകിയ അദ്ധ്യായം ഒരിക്കല്‍ക്കൂടി ആരംഭിച്ചിരിക്കുകയാണ്. മൂന്ന് പ്രകടനപത്രികകള്‍ മുന്നില്‍വച്ച് കോണ്‍ഗ്രസ്സും ജനതാദള്‍ എസും ബിജെപിയും മത്സരിച്ചപ്പോള്‍ 122-ല്‍ നിന്ന് കോണ്‍ഗ്രസ് 78 ലേക്ക് കൂപ്പുകുത്തി. ജെഡിഎസ് 40-ല്‍ നിന്ന് 38 ആയി ചുരുങ്ങി. ബിജെപിയാകട്ടെ 40-ല്‍ നിന്ന് 104 ലേക്ക് ഉയര്‍ന്നു. എന്നുവച്ചാല്‍ രണ്ടു കക്ഷികളെയും തള്ളി ബിജെപിക്ക് അനുകൂലമായി ജനവിധി വന്നു. പക്ഷെ, കേവല ഭൂരിപക്ഷം നല്‍കിയില്ല. 9 മണ്ഡലങ്ങളില്‍ ബിജെപി തോറ്റത് 107 മുതല്‍ 1,500 വോട്ടുവരെ വ്യത്യാസത്തിനാണ്. മൊത്തം 6,000 വോട്ടിന്റെ കുറവില്‍. അവയൊന്നും ഇപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ല. കോണ്‍ഗ്രസിനും ജനതാദള്‍ എസിനും എതിരായിരുന്നു ജനവിധി. അത് അട്ടിമറിക്കുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. പരസ്പരം പഴിപറഞ്ഞ് ജനവിധി തേടിയ പാര്‍ട്ടികള്‍ രണ്ടും ബിജെപി അധികാരത്തില്‍ വരുന്നത് തടയാന്‍ സഖ്യത്തിലെത്തി. കോണ്‍ഗ്രസ്സിനെതിരെ വോട്ടുചെയ്തവരെയും ജെഡിഎസിനെതിരെ വോട്ടുചെയ്തവരെയും ഇരുപാര്‍ട്ടികളും വഞ്ചിച്ചിരിക്കുകയാണ്. വഞ്ചനയുടെ ചിത്രവും ചരിത്രവും ജനം തല്‍സമയം കാണുകയും ചെയ്തു.
ബിജെപി അമിതമോഹമോ അഹങ്കാരമോ കാട്ടിയെന്ന് ആക്ഷേപിക്കുന്നവരുണ്ട്. ജനാധിപത്യ നടപടിക്രമത്തില്‍ ചെയ്യാന്‍ പാടില്ലാത്തതൊന്നും ബിജെപി ചെയ്തിട്ടില്ല. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിക്ക് മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാം. അങ്ങനെയാണ് 104 അംഗബലമുള്ള ബിജെപി മന്ത്രിസഭ രൂപീകരണത്തിന് ഗവര്‍ണറെ സമീപിച്ചത്. വിശ്വാസയോഗ്യമായ മറ്റൊരു സഖ്യം വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ഗവര്‍ണറില്‍ നിക്ഷിപ്തമായ വിവേചനാധികാരം അദ്ദേഹം പ്രയോഗിച്ചു. ബിജെപി നേതാവ് ബി.എസ്. യെദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ചു. അവിശുദ്ധ സഖ്യത്തില്‍ അസംതൃപ്തിയുള്ള കോണ്‍ഗ്രസ്സിലെയും ജെഡിഎസിലെയും പലരും യെദ്യൂരപ്പയ്ക്ക് പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിച്ചു. പിന്തുണ ആര്‍ജ്ജിക്കാന്‍ വഴിവിട്ട ഒരു നടപടിയും ബിജെപി സ്വീകരിച്ചില്ല. കുതിരക്കച്ചവടവും കോഴയുമെല്ലാം ബിജെപിക്ക് മേല്‍ കെട്ടിയേല്‍പ്പിച്ചെങ്കിലും അങ്ങനെ ഒരു സംഭവമേ ഉണ്ടായിരുന്നില്ല. ഫോണ്‍ സംഭാഷണവും മറ്റും പ്രചരിപ്പിച്ചെങ്കിലും അതെല്ലാം കെട്ടിച്ചമച്ചതാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
അധികാരം നിലനിര്‍ത്താന്‍ എന്തും ചെയ്യുമെന്നതാണ് കോണ്‍ഗ്രസ്സിന്റെ ചരിത്രം. പക്ഷെ കര്‍ണാടകത്തില്‍ അവര്‍ക്ക് നില മെച്ചപ്പെടുത്താനോ മുഖ്യമന്ത്രിസ്ഥാനം നിലനിര്‍ത്താനോ കഴിഞ്ഞില്ല. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തുള്ള ജെഡിഎസിന് മുഖ്യമന്ത്രിസ്ഥാനം ദാനം ചെയ്തിരിക്കുന്നു. മകന് ചത്താലും വേണ്ടില്ല മരുമോളുടെ കണ്ണീര് കണ്ടാല്‍ മതി എന്ന ന്യായമാണ് അവിടെ സംഭവിച്ചത്. ബിജെപിക്ക് അതുകൊണ്ട് ഒരുകോട്ടവും സംഭവിക്കില്ല. ജനമനസ്സില്‍ ഏക് ദിന്‍കാ സുല്‍ത്താനായി വാണ യെദ്യൂരപ്പ കര്‍ഷകര്‍ക്കൊപ്പമാണെന്ന് തെളിയിച്ചിട്ടുണ്ട്. ഒരുലക്ഷം രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളാന്‍ അദ്ദേഹം ആദ്യദിവസം തന്നെ തീരുമാനിച്ചു. 56,000 കോടിയാണിതിന് വേണ്ടത്. പുതിയ സര്‍ക്കാര്‍ ഒന്നുകില്‍ ഈ തീരുമാനം റദ്ദാക്കണം. അല്ലെങ്കില്‍ ഇതിന്റെ ഇരട്ടി വായ്പകള്‍ എഴുതിത്തള്ളണം. എന്താണ് സംഭവിക്കുന്നതെന്ന് കണ്ടറിയാം. കോണ്‍ഗ്രസ് മുങ്ങുന്ന ജീവിയാണ്. അതിനെ കെട്ടിപ്പിടിക്കാന്‍ തയ്യാറായാല്‍ അവര്‍ക്കും വിധിച്ചിരിക്കുന്നത് മുങ്ങിമരണമാണ്. കര്‍ണാടകയില്‍ മാത്രം ഒതുങ്ങിക്കഴിയുന്ന ജനതാദള്‍ എന്ന അത്ഭുതജീവിയുടെ വംശനാശം വരാനേ പുതിയ കൂട്ടുകെട്ട് വഴിവയ്ക്കൂവെന്നതില് ആശ്വസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: