ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യപ്പാര്ട്ടി കോണ്‍ഗ്രസാണെന്നാണ് അവകാശവാദം. ജനാധിപത്യം അവര്‍ക്ക് മേല്‍മുണ്ട് മാത്രമാണെന്ന് തെളിയിച്ചത് അടിയന്തരാവസ്ഥയിലാണ്. ജനാധിപത്യത്തെ കശാപ്പുചെയ്യുകയും ജനനേതാക്കളെ തുറുങ്കിലിടുകയും ഇന്ത്യയാകെ തടവറയാക്കുകയും ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ ചരിത്രം ആവര്ത്തിക്കുകയില്ലെന്നാണ് കരുതിയത്.
ജനാധിപത്യം അവര്‍ക്ക് കര്‍ചീഫ് മാത്രമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് ഏറ്റവും ഒടുവില്‍ കര്‍ണാടകയില്‍ സ്വീകരിച്ച നിലപാട്. 222 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 78 സീറ്റ് മാത്രമാണ് ലഭിച്ചത്. ബിജെപിക്ക് 104 സീറ്റും ജെഡിയു-എസിന് 37 സീറ്റും. രണ്ടാം സ്ഥാനത്തായ കോണ്‍ഗ്രസ് ഒന്നാം സ്ഥാനക്കാരാണെന്ന് വരുത്തിതീര്‍ക്കാന്‍ കാട്ടിയ അഭ്യാസം ജനാധിപത്യത്തെ അപഹാസ്യമാക്കി. തെരഞ്ഞെടുപ്പില്‍ ബദ്ധശത്രുക്കളെപ്പോലെ പ്രവര്‍ത്തിച്ച ജെഡിയുവിന് നിരുപാധിക പിന്തുണ നല്കി മുഖ്യമന്ത്രിസ്ഥാനം അവര്‍ക്ക് നല്കാന് കോണ്‍ഗ്രസ് സമ്മതിച്ചു. ഒന്നാം സ്ഥാനത്തെത്തിയ ബിജെപിയെ മന്ത്രിസഭ രൂപീകരിക്കാന്‍ അനുവദിക്കാതിരിക്കാനാണിത്.
മൂന്നാം സ്ഥാനക്കാരനായ ജെഡിയു-എസ് നേതാവ് കുമാരസ്വാമിയെ കക്ഷിനേതാവായി ഉയര്‍ത്തിക്കാട്ടി ഗവര്‍ണറെ സമീപിച്ചു. മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കുകയും ചെയ്തു. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി അധികാരത്തിലെത്തുന്നത് തടയാനാണ് ഈ തലതിരിഞ്ഞ നടപടി. ജനവിധി കോണ്‍ഗ്രസിന് എതിരായിരുന്നു എന്നത് പകല്‍പോലെ വ്യക്തമാണ്. ജാതിയേയും ഉപജാതിയേയും ഭീകരവാദത്തെയും കൂട്ടുപിടിച്ചിട്ടും ഒന്നാം കക്ഷിയാകാന്‍ കഴിയാത്ത കോണ്‍ഗ്രസ് പിന്‍വാതിലിലൂടെ അധികാരം പിടിക്കാനുള്ള ശ്രമമാണ് നടത്തിയത്. ഇത് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള കുത്സിത ശ്രമമാണ്. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സഹാചര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കുക എന്നതാണ് കീഴ്വഴക്കം. 2004ല്‍ മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായത് ആ കീഴ്വഴക്കം അനുസരിച്ചാണ്. അതെല്ലാം വിസ്മരിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് നീക്കം. മൂക്കുകുത്തി വീണിട്ടും മീശയ്ക്ക് മണ്ണുപറ്റിയില്ലെന്ന് ബോധ്യപ്പെടുത്താനാണ് ശ്രമം.
ജനാധിപത്യമര്യാദ കോണ്‍ഗ്രസ് വിസ്മരിച്ചിരിക്കുന്നു. എങ്ങനെയും ഭരണത്തിലെത്തുക എന്ന അത്യാഗ്രഹമാണ് ആ പാര്‍ട്ടിയെ നയിക്കുന്നത്. കര്‍ണാടക ഭരണം നഷ്ടപ്പെട്ടാല്‍ ഇന്ത്യയില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ ഉള്ളത് രണ്ട് സംസ്ഥാനത്ത് മാത്രമാകും. പഞ്ചാബ്, മിസോറാം പിന്നെ കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരി. ഇത് കോണ്‍ഗ്രസിന് സഹിക്കാനോ താങ്ങാനോ കഴിയുന്നതല്ല. ഇലക്ഷന് സമയത്ത് വിശ്വസിക്കാന്‍ കൊള്ളാത്ത നേതാവെന്ന് ആക്ഷേപിച്ച കുമാരസ്വാമിയുടെ കാലില്‍ വീഴാന്‍ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് ഒരുമടിയുമുണ്ടായില്ല. അധികാരത്തിന്റെ അപ്പം നുകരാന്‍ ഏത് കഴുതയുടെയും കാല് നക്കാന്‍ മടിയില്ലെന്നാണ് കോണ്‍ഗ്രസ് തെളിയിച്ചിട്ടുള്ളത്. അവര്‍ക്ക് ഇനി അതല്ലാതെ മാര്‍ഗമില്ല. പക്ഷേ, അത് ജനവിധിക്ക് എതിരാണ്. ജനാധിപത്യത്തെക്കുറിച്ച് മിണ്ടാന്‍ കോണ്‍ഗ്രസിന് ഇനി തരിമ്പുപോലും അവകാശമില്ല. ഇപ്പോള്‍ കര്‍ണാടകയില്‍ ഫലത്തില്‍ 222 സീറ്റില്ല. രണ്ടുപേര്‍ ഇരട്ട മണ്ഡലത്തില്‍ മല്‍സരിച്ചു ജയിച്ചിട്ടുണ്ട്. അതുകൂടി കണക്കിലെടുത്താല്‍ 220 നിയമസഭാംഗങ്ങള്‍ മാത്രമാണുള്ളത്. ഭരണത്തിലെത്താന്‍ 111 എംഎല്‍എമാര്‍ മതി. ബിജെപിക്ക് ഇപ്പോള്‍ത്തന്നെ 106 പേരുടെ പിന്തുണയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: