രാജ്യവും ലോകവും ഉറ്റുനോക്കിയ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തിളങ്ങുന്ന വിജയം നേടിയിരിക്കുന്നു. നൂറ്റിനാല് സീറ്റ് സ്വന്തമാക്കിയ ബിജെപി കേവലഭൂരിപക്ഷത്തിന് അടുത്തെത്തി. ചരിത്രപരമാണ് ബിജെപിയുടെ വിജയമെന്നറിയാന് വലിയ രാഷ്ട്രീയ വിശകലനങ്ങളുടെയൊന്നും ആവശ്യമില്ല. എന്നാല്‍ ജനവിധിയെ അവഹേളിച്ച് അധികാരം പിടിക്കാനുള്ള കുത്സിത നീക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തുന്നുണ്ട്.
ജാതി-മത ശക്തികളെയും തീവ്രവാദികളെയും, എന്തിനേറെ ഭീകരവാദികളെപ്പോലും കൂട്ടുപിടിച്ചാണ് കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപിയേയും നരേന്ദ്രമോദിയേയും നേരിടാന്‍ എന്തുചെയ്താലും അത് തെറ്റാവില്ലെന്ന വികാരമാണ് കോണ്‍ഗ്രസ് നേതൃത്വത്തെ അടക്കിഭരിച്ചിരുന്നത്. ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയും ഇതിന് ലഭിച്ചപ്പോള്‍ വിജയം സുനിശ്ചിതമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യാമോഹിച്ചു.
നടന്നത് നിയമസഭാ തെരഞ്ഞെടുപ്പാണെങ്കിലും ജനവിധി കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കുള്ള അംഗീകാരമാണ്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ മാന്യമല്ലാത്ത രീതിയില്‍ വിമര്‍ശിച്ചും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചുമാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തിയത്. മോദിയുടെ സാമ്പത്തിക നയങ്ങള്‍ മണ്ടന്‍ ആശയങ്ങളാണെന്നും, നരേന്ദ്ര മോദി രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുകയാണെന്നുമുള്ള കുപ്രചാരണത്തിലേര്പ്പെട്ട കോണ്‍ഗ്രസ്, 2019-ലെ ലോക്സഭാതെരഞ്ഞെടുപ്പിന്റെ സെമിഫൈനലാണിതെന്നും, അതില്‍ ജയിച്ച് മോദിയെ മുട്ടുകുത്തിക്കുമെന്നും വിളിച്ചുകൂവി.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്നും ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു കളഞ്ഞു. കര്‍ണാടകയിലെ തെരഞ്ഞടുപ്പ് ഫലം അനുകൂലമാകുമെന്നും, കേന്ദ്രത്തില്‍ അധികാരം വേണമെന്ന് ആഗ്രഹിക്കുന്ന കക്ഷികള്‍ക്ക് തന്നെ പിന്തുണയ്ക്കാമെന്നുമാണ് രാഹുല്‍ പറയാതെ പറഞ്ഞത്. ഇന്ത്യയുടെ ഭരണാധികാരിയെന്നതു പോയിട്ട്, കൊള്ളാവുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ പരിഗണനപോലും ജനങ്ങള്‍ രാഹുലിന് നല്‍കുന്നില്ലെന്ന് ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ തെളിയുന്നു.
കര്ണാടകത്തില്നിന്നുകൂടി അധികാരത്തിന് പുറത്തായാല്‍ കോണ്‍ഗ്രസ്സിനെ സംബന്ധിച്ച നരേന്ദ്രമോദിയുടെ പ്രവചനം ശരിയാവും. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കോണ്‍ഗ്രസ്സ് പിപിപി പാര്‍ട്ടിയായി മാറുമെന്നാണ് മോദി പരിഹസിച്ചത്. കോണ്‍ഗ്രസ്സിന്റെ അധികാരം പുതുച്ചേരിയും പഞ്ചാബും കഴിഞ്ഞാല്‍ നെഹ്റു പരിവാറില്‍ മാത്രമെന്നര്‍ത്ഥം. അതേസമയം, കര്‍ണാടകയിലും ഭരണകക്ഷിയാകാന്‍ കഴിഞ്ഞാല്‍ രാജ്യത്തെ ഇരുപത്തിരണ്ടാമത്തെ സംസ്ഥാനത്താണ് ബിജെപിക്ക് അധികാരം ലഭിക്കുക. ഇതൊരു റെക്കോര്‍ഡാണ്. മറ്റൊരു പാര്‍ട്ടിക്കും സ്വപ്നം കാണാന്‍ പോലുമാവാത്ത ഔന്നത്യമാണിത്. ഇതോടെ ഒരു കാര്യം വ്യക്തമായിരിക്കുന്നു; ബിജെപിക്ക് ബദലില്ല.
കര്‍ണാടക ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിലേക്കുള്ള ബിജെപിയുടെ ‘ഗേറ്റ്വേ’യാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യക്തമാക്കിയിരുന്നു. ദക്ഷിണേന്ത്യയില്‍ ബിജെപി അധികാരത്തില്‍ വന്നിട്ടുള്ള ഏക സംസ്ഥാനവുമാണ് കര്‍ണാടക. കന്നഡ നാട്ടില്‍ ഇപ്പോള്‍ ബിജെപി നേടിയ തിളങ്ങുന്ന വിജയം കേരളത്തിലും, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: