പോലീസ് സേനയില്‍ രാഷ്ട്രീയ അതിപ്രസരമാണെന്നും, അത് അങ്ങേയറ്റം അപകടകരമാണെന്നും മുന്നറിയിപ്പ് നല്കി സംസ്ഥാന ഇന്റലിജന്‍സ് മേധാവി ടി.കെ. വിനോദ് കുമാര്‍ റിപ്പോര്‍ട്ട് നല്കിയിരിക്കുന്നു എന്നത് നിയമവാഴ്ച നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്നവരുടെ മനസ്സില്‍ തീകോരിയിടുന്നതാണ്. പോലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനങ്ങളില്‍ രാഷ്ട്രീയപ്രേരിതമായ മുദ്രാവാക്യം വിളിയും, ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ചുള്ള രക്തസാക്ഷി അനുസ്മരണവും നടന്നതായി ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് മറ്റ് ചില മാധ്യമങ്ങളിലും വാര്‍ത്ത വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച് ഇന്റലിജന്‍സ് മേധാവി റിപ്പോര്‍ട്ട് നല്‍കിയിയിട്ടുള്ളത്. പ്രശ്നത്തില്‍ പോലീസ് മേധാവി ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടിനൊപ്പം സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്ന കത്തും കൈമാറിയിട്ടുണ്ട്.
കോട്ടയത്ത് നടന്ന പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രിയും സംസ്ഥാന പോലീസ് മേധാവിയും പങ്കെടുത്തിരുന്നു. സമ്മേളനത്തില്‍ അന്‍പത് ഉദ്യോഗസ്ഥര്‍ ചുവന്ന വേഷത്തില്‍ പ്രത്യേക ബ്ലോക്കായാണത്രേ ഇരുന്നത്. രഹസ്യവിവരങ്ങള്‍ ശേഖരിക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരും ഇതിലുണ്ടായിരുന്നു എന്നറിയുമ്പോള്‍ പോലീസിന്റെ പോക്ക് അങ്ങേയറ്റം അപകടകരമായ ദിശയിലേക്കാണെന്ന് വ്യക്തം. പോലീസില്‍ രാഷ്ട്രീയ അതിപ്രസരമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്ന് പറയുന്ന പോലീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി, ജില്ലാ സമ്മേളനങ്ങളിലെ മുദ്രാവാക്യം വിളിയേയും, രക്തസാക്ഷി അനുസ്മരണത്തേയും ന്യായീകരിക്കുകയാണ്. പോലീസുകാരന്റെ രാഷ്ട്രീയം ഏതാണെങ്കിലും ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ മരണപ്പെട്ടാല്‍ അയാള്‍ രക്തസാക്ഷിയാവുന്നില്ല. ഇങ്ങനെയുള്ളവരുടെ കാര്യങ്ങള്‍ നോക്കാന്‍ സര്‍ക്കാരുണ്ട്. ഇത് പാര്‍ട്ടി പരിപാടിയില്പ്പെടുന്നതല്ല.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും സിപിഎമ്മിന്റേയും ചരിത്രമറിയാവുന്ന ആര്‍ക്കും നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന പോലീസ് സേനയെ അവര്‍ അംഗീകരിക്കുന്നവരല്ലെന്ന് ബോധ്യമാകും. പോലീസിന്റെ നിയന്ത്രണമേറ്റെടുത്ത് പാര്ട്ടിക്കാര് നടത്തിയ കുപ്രസിദ്ധമായ സെല്‍ ഭരണമാണ് വിമോചനസമരത്തിന് വഴിവച്ചത്. പിന്നീട് അധികാരം ലഭിച്ചപ്പോഴൊക്കെ പോലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമര്‍ത്തുകയായിരുന്നു. പോലീസ് ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമാണെന്ന് വിമര്‍ശിച്ചവര്‍തന്നെ പോലീസിനെ ഉപയോഗിച്ച് ജനങ്ങളെ മര്‍ദ്ദിച്ചൊതുക്കി. ഈ അവസ്ഥയ്ക്ക് ഇപ്പോഴും യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് മാത്രമല്ല, വരാപ്പുഴ ശ്രീജിത്തിനെപ്പോലെ നിരപരാധികളായ മനുഷ്യരെ നിഷ്കരുണം കൊന്നുതള്ളുകയുമാണ്. രക്തസാക്ഷി അനുസ്മരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പോലീസ് തലപ്പത്തുനിന്നോ സര്‍ക്കാരില്‍നിന്നോ എതിര്‍പ്പുണ്ടായിട്ടില്ലെന്ന് അസോസിയേഷന് നേതാവുതന്നെ പറയുമ്പോള്‍ ചിത്രം വ്യക്തമാണ്. പോലീസിനെ ഹൈജാക്കുചെയ്യാന് ഈ സര്‍ക്കാര്‍ പാര്‍ട്ടിയെ അനുവദിച്ചിരിക്കുന്നു!
പോലീസ് നിയമപാലകരാണ്. നിഷ്പക്ഷമായി നീതി നടത്തേണ്ടവരാണ്. എന്തൊക്കെ ചെയ്യാം, എന്തു ചെയ്യാന്‍ പാടില്ല എന്നൊക്കെ കൃത്യമായ വ്യവസ്ഥകളുണ്ട്. ഇതൊക്കെ കാറ്റില്‍പ്പറത്തി പോലീസിനെ പാര്‍ട്ടിയുടെ ചോറ്റുപട്ടാളമാക്കി മാറ്റാനുള്ള ശ്രമം ഗുരുതരമായ പ്രത്യാഘാതത്തിന് വഴിവയ്ക്കും. ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ടിനെ ഗൗരവമായി കാണുന്നുവെന്നാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രതികരിച്ചിട്ടുള്ളത്. ഇത് വെറുംവാക്കായിക്കൂടാ. ഭരിക്കുന്ന പാര്‍ട്ടിയുടെ കൊടിയുടെ നിറം നോക്കാതെ പോലീസ് പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത ആഭ്യന്തരമന്ത്രികൂടിയായ പിണറായിക്കുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കാനാണ് അദ്ദേഹം തീരുമാനിക്കുന്നതെങ്കില്‍ അതിന് വലിയ വില കൊടുക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: