എങ്ങോട്ടാണ് ഈ പോക്ക്? ഇന്ത്യയുടെ ജുഡീഷ്യല്‍ വ്യവ്യവസ്ഥയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ കാണുമ്പോള്‍ ആരും അങ്ങനെ ചോദിച്ചുപോകും. പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് തീര്‍ക്കുന്നതിനേക്കാള്‍ ചിലര്‍ക്ക് താത്പര്യം തുടര്‍ന്നുകൊണ്ട് പോകാനാണെന്ന് തോന്നുന്നു. ജനാധിപത്യത്തിന്റെ നാല് നെടുംതൂണുകളിലൊന്നായ ജുഡിഷ്യറിയെ പിഴുതെറിഞ്ഞേ അടങ്ങൂയെന്ന് തീരുമാനിച്ചുറച്ചപോലെയാണ് ഇവരുടെ നീക്കം. കഴിഞ്ഞ ദിവസം സുപ്രീം കോടതി ജസ്റ്റിസ് അരുണ്‍മിശ്ര പറഞ്ഞ വാക്കുകള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒരു വിഭാഗം അഭിഭാഷകര്‍ കോടതിയെ അധിക്ഷേപിക്കുകയാണെന്നും നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞത് വേദനയോടെയും അതില്‍ നിന്നുണ്ടായ രോഷത്തോടെയുമാകണം. കോടതി നിലനിന്നാലേ അഭിഭാഷകരുള്ളൂ വെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. വാക്കുകളിലെ കാഠിന്യം വിഷയത്തിന്റെ ഗൗരവത്തെ സൂചിപ്പിക്കാന്‍ ബോധപൂര്‍വ്വമുള്ള ശ്രമത്തിന്റെ ഭാഗമാവണം.
സുപ്രീം കോടതിയിലെത്തുന്ന കേസുകള്‍ കൈകാര്യം ചെയ്യാന്‍ ജഡ്ജിമാരെ ചുമതലപ്പെടുത്തുന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസുമായും, ജഡ്ജിമാരുടെ നിയമനം സംബന്ധിച്ചും കൊളീജയം തീരുമാനം അംഗീകരിക്കുന്നത് സംബന്ധിച്ചും കേന്ദ്രസര്‍ക്കാരുമായും അഭിപ്രായ ഭിന്നതയുണ്ട്. അതിനൊക്കെ പരിഹാരം കാണാന്‍ നിയമാനുസൃത മാര്‍ഗങ്ങളുമുണ്ട്. ആ അതിരുകള്‍വിട്ട് പൊതുജനങ്ങള്‍ക്കിടയില്‍ വിഴുപ്പ് അലക്കുമ്പോഴാണ് ജുഡീഷ്യല്‍ വ്യവസ്ഥതന്നെ അവഹേളിക്കപ്പെടുന്നത്.
ജഡ്ജിമാരും അഭിഭാഷകരും ഉള്‍പ്പെട്ട ഒരു സംഘം പരസ്യമായി കോടതിക്കും സര്‍ക്കാരിനുമെതിരെ തിരിഞ്ഞിട്ട് കുറച്ചുനാളായി. ചാനലുകളിലും പുറത്തും ഇരുന്ന് കോടതിയെ അധിക്ഷേപിക്കുന്ന ഇത്തരം അഭിഭാഷരുടെ ഉദ്ദേശശുദ്ധിക്ക് നേരെയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര വിരല്‍ ചൂണ്ടുന്നത്.
ജനാധിപത്യത്തിന്റെ കാവല്‍ ഭടന്മാരാണ് ജുഡീഷ്യറിയെന്ന് ഓര്‍മ്മിപ്പിക്കുന്നവര്‍ തന്നെ ജനാധിപത്യത്തെ സ്വന്തം വരുതിക്ക് നിര്‍ത്താനുള്ള ശ്രമത്തിലാണ്. തങ്ങളുടെ തീരുമാനം രാജ്യത്തെ ഭരണകൂടം ചോദ്യം ചെയ്യാതെ അംഗീകരിക്കണമെന്ന ധാര്‍ഷ്ട്യം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുവരുന്നതായി കാണാന്‍കഴിയും. ജഡ്ജിമാര്‍ ജനമധ്യത്തിലേക്കിറങ്ങിവന്ന് കോടതിയെയും ചീഫ് ജസ്റ്റിസിനേയും കുറ്റപ്പെടുത്തുകയും അവഹേളനം വരെയെത്തുന്ന ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തി. ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ ആത്മാര്‍ത്ഥതയ്ക്കപ്പുറം ചില ഉദ്ദേശങ്ങള്‍ ഇതിനൊക്കെ പിന്നിലുണ്ടെന്ന് ജനം മനസ്സിലാക്കിയാലും അവര്‍ക്ക് കൂസലില്ല. അപ്പോഴും, ഈ പ്രവര്‍ത്തനം കൊണ്ട് തങ്ങള്‍ അടക്കമുള്ളവരുടെ പ്രവര്‍ത്തന മണ്ഡലത്തിന്റെ വിലയും മാന്യതയും ഇടിയുന്നത് അവര്‍ അറിയുന്നില്ലെന്ന് വരുമോ?
കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശനം സംബന്ധിച്ച് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് മിശ്രയുടെ പരാമര്‍ശം. മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച ബില്ലിന് ഗവര്‍ണറുടെ അംഗീകാരം നേടാനുള്ള അനുവാദമാണ് സര്‍ക്കാര്‍ ആരായുന്നത്. സുപ്രീം കോടതി സ്റ്റേ നിലനില്‍ക്കെ ബില്ലിന് അംഗീകാരം നല്‍കാതെ ഗവര്‍ണര്‍ മടക്കിയത് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു. അത് ഏറെ ചര്‍ച്ചകള്‍ക്കും വിവാദത്തിനും വഴിവയ്ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: