ജമ്മുകശ്മീരിലെ കത്വയില്‍ ഒരു പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി ദാരുണമായി കൊലചെയ്യപ്പെട്ടത് രാജ്യത്തെ മുഴുവന്‍ നടുക്കിയ സംഭവമാണ്. പ്രധാനമന്ത്രിവരെ ശക്തമായ ഭാഷയില്‍ അപലപിച്ച ഈ സംഭവത്തിന് മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും നിറം നല്കി മുതലെടുപ്പ് നടത്താന്‍ ചിലര്‍ ശ്രമിച്ചുവെന്നത് അപലപനീയമാണ്. കത്വയിലെ പെണ്‍കുട്ടിക്കുണ്ടായ ദുര്‍ഗതിയോര്‍ത്ത് രാജ്യം മുഴുവന്‍ ദുഃഖിച്ചപ്പോള്‍ അതിന്റെ മറവില്‍ ഹര്‍ത്താല്‍ നടത്തി കലാപം സൃഷ്ടിക്കാനാണ് കേരളത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ നോക്കിയത്. സംഭവം നടന്ന കശ്മീരില്‍പ്പോലും ഉണ്ടാകാതിരുന്നതാണ് ആയിരക്കണക്കിന് മൈലുകള്‍ക്കിപ്പുറം വളരെ ആസൂത്രിതമായി അരങ്ങേറിയത്. വാട്സ്ആപ് ഹര്‍ത്താലില്‍ ഉത്തരകേരളത്തിലെമ്പാടും വാഹനം തടയലും അക്രമങ്ങളും നടന്നു. തങ്ങള്‍ ആക്രമിക്കപ്പെടുന്നത് എന്തിനെന്നുപോലും അറിയാന്‍ ജനങ്ങള്‍ക്ക് അവസരം ലഭിച്ചില്ല. ഇടതുമുന്നണി സര്‍ക്കാരും ഉടന്‍ ഹര്‍ത്താലിന് ഒത്താശ ചെയ്തു. ഇപ്പോള്‍ ജനരോഷം ഭയന്ന് മുഖ്യമന്ത്രി പിണറായി വിജയന് അക്രമത്തെ തള്ളിപ്പറയുന്നതില്‍ ആത്മാര്‍ത്ഥതയില്ല.
കേരളത്തില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ ആഴത്തില്‍ വേരുകളാഴ്ത്തിയിരിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവാണിത്. മാപ്പിള ലഹളയുടെ നാടായ മലബാറില്‍ മലപ്പുറം ജില്ല കേന്ദ്രീകരിച്ച് തഴച്ചുവളര്‍ന്ന ഇസ്ലാമിക തീവ്രവാദം ഇപ്പോള്‍ മറ്റിടങ്ങളിലും ശക്തമാണ്. ജന്മഭൂമി പ്രസിദ്ധീകരിച്ച ‘മതഭീകരതയുടെ പുതുവഴികള്‍’ എന്ന പരമ്പര ഇസ്ലാമിക തീവ്രവാദത്തിനും ഭീകരവാദത്തിനും കേരളം ഇരയായിക്കൊണ്ടിരിക്കുന്നതിന്റെ നേര്‍ച്ചിത്രമാണ്. മറ്റ് മാധ്യമങ്ങള്‍ അവഗണിക്കുകയോ ലളിതവല്‍ക്കരിക്കുകയോ ചെയ്യുന്ന, സാംസ്കാരിക നായകന്മാര് നിശ്ശബ്ദത പാലിക്കുന്ന, വര്‍ഗീയ പ്രീണനം മുഖമുദ്രയാക്കിയ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും സര്‍ക്കാരുകളും മൂടിവയ്ക്കുന്ന മഹാവിപത്തിന് മുകളിലാണ് കേരളം കഴിഞ്ഞുകൂടുന്നതെന്ന ആശങ്ക അനുദിനം വര്‍ധിക്കുകയാണ്.
ഇന്ത്യയെ ഇസ്ലാമിലൂടെ മോചിപ്പിക്കാന്‍ ശ്രമിച്ചവര്‍, അതിന് കഴിയാതെ വന്നപ്പോള്‍ കേരളം തട്ടകമാക്കിയിരിക്കുകയാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ സൗദി അറേബ്യയില്‍ രൂപംകൊണ്ട ‘വഹാബിസം’ എന്ന തീവ്ര-യാഥാസ്ഥിതിക ഇസ്ലാമിന്റെ ശരിപ്പകര്‍പ്പുകള്‍ കേരളത്തില്‍ കാണാം. രാഷ്ട്രീയ ഇസ്ലാമിന്റെ വക്താക്കളായ ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള സംഘടനകള്‍ സൂത്രധാരന്മാരുടെ റോളില്‍ വിലസുകയും ചെയ്യുന്നു. താലിബാന്, അല്‍ഖ്വയ്ദ, ഇപ്പോള്‍ ഐഎസ് എന്നിങ്ങനെ ആഗോള ഇസ്ലാമിക ഭീകരവാദത്തെ പ്രതിനിധീകരിക്കുന്ന സംഘടനകളുടെ എക്സ്റ്റന്‍ഷന്‍ കൗണ്ടറുകള്‍ കേരളത്തില്‍ സജീവമാണ്. ഈ ശക്തികള്‍ക്ക് തഴച്ചുവളരാവുന്ന സാഹചര്യവും കേരളത്തിലുണ്ട്. മലപ്പുറത്തെ ഇസ്ലാമിക് മിഷന് ട്രസ്റ്റ് എന്ന സ്ഥാപനത്തിന് സൗദിയില്‍ നിന്ന് 2.5 ദശലക്ഷം റിയാല്‍ ലഭിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കോളേജ് സ്ഥാപിക്കാനെന്ന പേരില്‍ ലഭിച്ച ഈ പണം ശരിയായി വിനിയോഗിച്ചോ എന്ന് അന്വേഷിക്കേണ്ടതുണ്ട്.
വാടസ്ആപ് ഹര്‍ത്താലിന്റെ പേരില്‍ ഇസ്ലാമിക തീവ്രവാദികളെ പോലീസ് അഴിഞ്ഞാടാന്‍ അനുവദിക്കുകയായിരുന്നു. അക്രമം അവരുടെ ജന്മാവകാശമെന്നപോലെയാണ് പോലീസ് നിഷ്ക്രിയത പാലിച്ചത്. ദേശവിരുദ്ധ ശക്തികള്‍ക്ക് വിടുപണി ചെയ്യാത്ത സര്‍ക്കാര്‍ രാജ്യം ഭരിക്കുന്നത് പലരിലും അസ്വസ്ഥതയുണ്ടാക്കുന്നു. നിര്‍ബാധം നടത്തിക്കൊണ്ടിരുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ പഴുതില്ലാതെ വന്നതിന്റെ രോഷം മുഴുവന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തീര്‍ക്കുകയാണ്. കുഴപ്പങ്ങളുണ്ടാക്കുന്നത് ഒരു വിഭാഗം തീവ്രവാദികളാണെന്നും, ഭൂരിപക്ഷം ഇസ്ലാം മതവിശ്വാസികള്‍ അവര്‍ക്കൊപ്പമില്ലെന്നുമുള്ള പല്ലവി പലപ്പോഴും ഉയര്‍ന്നുകേള്‍ക്കാറുണ്ട്. എന്നാല്‍ അന്യമത വിദ്വേഷികളായ അക്രമകാരികളെ നിലയ്ക്കു നിര്‍ത്താന്‍ ഈ ഭൂരിപക്ഷം എന്തുചെയ്യുന്നുവെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്; ഹിന്ദുക്കള്‍ ന്യൂനപക്ഷമായ മലപ്പുറത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും. ഇതുണ്ടാകുന്നില്ലെങ്കില്‍ വാട്സ്ആപ് ഹര്‍ത്താലുകള്‍ വര്‍ഗീയ കലാപങ്ങളായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ചെറുക്കേണ്ടിയിരിക്കുന്നു. ഇതിന് മതതീവ്രവാദികളെ മാത്രമല്ല, അവര്‍ക്ക് വിടുപണി ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും ജനങ്ങള്‍ നിലയ്ക്കുനിര്‍ത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: