കാടക്കോഴികള്ക്കും അവയുടെ മുട്ടയ്ക്കും കഴിഞ്ഞ കുറച്ചു നാളുകളായി ആവശ്യക്കാര്‍ ഏറിവരികയാണ്. കാടയിറച്ചിയുടെയും മുട്ടയുടെയും ഗുണം തന്നെയാണ് ഇതിന് പ്രധാന കാരണം. ആദ്യം തമിഴ്നാട്ടില്‍ നിന്നാണ് കാടക്കോഴികളും മുട്ടയും എത്തിയിരുന്നതെങ്കില്‍ ഇന്ന് സംസ്ഥാനത്തുതന്നെ ആവശ്യാനുസരണം ഉത്പാദിപ്പിക്കുകയാണ്. ആദായകരവും ലളിതവുമായി നടത്താവുന്ന കൃഷിയാണ് കാടവളര്‍ത്തല്‍.
വളര്‍ത്തുപക്ഷി വ്യവസായവുമായി ഇടപെടുന്ന കര്‍ഷകര്‍ കാടവളര്‍ത്തലിലേക്കു ശ്രദ്ധയൂന്നുന്ന കാഴ്ച ഈ അടുത്തകാലം മുതല്‍ വ്യാപകമായി കാണുകയാണ്. ലളിതവും ലാഭകരവുമായ ഒരു സംരംഭമായതും, കാടമുട്ടയും മാംസവും ഔഷധ പ്രധാനമാണെന്നുള്ള കണക്കുകൂട്ടലുകളുമാണ് കാടവളര്‍ത്തലിലേക്ക് ആളുകളെ നയിക്കുന്ന ഘടകങ്ങള്‍. മുട്ടയുടെയും ഇറച്ചിയുടെയും സ്വീകാര്യതയ്ക്കു പുറമേ കൃഷി നടത്താന്‍ വേണ്ടുന്ന കുറഞ്ഞ സ്ഥലം, തീറ്റ എന്നിവയും കര്‍ഷകരെ കാടക്കോഴി വളര്‍ത്തലിലേക്ക് ആകര്‍ഷിക്കുന്നു. ഫ്ളാറ്റുകളിലെ കുറഞ്ഞ സൗകര്യത്തില്‍പ്പോലും കാടപ്പക്ഷികളെ വളര്‍ത്താമെന്നതാണ് പ്രത്യേകത. കാടവളര്‍ത്തലിലൂടെ വീട്ടമ്മമാര്‍ക്കും മികച്ച വരുമാനം കൊയ്യാം.
കാടയ്ക്ക് കൂടൊരുക്കുമ്പോള്‍
കാടവളര്‍ത്തലിന് മുമ്പായി ആദ്യം തയ്യാറാക്കേണ്ടത് നല്ലിനം കൂടുകളാണ്. കൂട്ടില്‍നിന്ന് പുറത്തിറക്കി തീറ്റനല്‍കാന്‍ പറ്റാത്തതിനാല്‍ അടച്ചുറപ്പുള്ള കൂടുകളാണ് ഉത്തമം. മുതിര്‍ന്ന അഞ്ചു കാടകള്‍ക്കു ഒരു ചതുരശ്ര അടി സ്ഥലം മതിയാകും. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ കാടകളെ വളര്‍ത്താന്‍ പാകത്തിന് കൂടുതല്‍ അറകളുള്ള രീതിയില്‍ കൂടുകള്‍ തയ്യാറാക്കണം. തുറന്നുവിടാന്‍ സാധിക്കത്തക്കവണ്ണം ഒന്നിനുമുകളില്‍ മറ്റൊന്നായി ക്രമീകരിക്കാവുന്നതാണ് നല്ലത്. ഇവയെ മറ്റ് ജീവികളുടെ ആക്രമണത്തില്‍ നിന്നും സംരക്ഷിക്കാനായി തുറസ്സായ സ്ഥലത്ത് നിന്നു മാറ്റി സ്ഥാപിക്കാന്‍ ശ്രദ്ധിക്കണം.
കൂടുകള്‍ നിര്‍മ്മിക്കുമ്പോള്‍ കാട മുട്ടകള്‍ ശേഖരിക്കാന്‍ കഴിയുന്ന വിധം വാതിലുകള്‍ ക്രമീകരിക്കണം. വൈകുന്നേരങ്ങളില്‍ മുട്ടയിടുന്ന സ്വഭാവക്കാരാണ് കാടക്കോഴികള്‍. വര്‍ഷത്തില്‍ ഏകദേശം 4-5 തലമുറകള്‍ വരെയുണ്ടാകുന്നു. ആറാഴ്ച പ്രായമാകുമ്പോള്‍ കാടക്കോഴികള്‍ മുട്ടയിട്ടു തുടങ്ങും. സാധാരണയായി വര്‍ഷത്തില്‍ 10 ഗ്രാം ഭാരമുളള 300 മുട്ടകള്‍ ലഭ്യമാകുന്നു. ഇത്തരത്തില്‍ ലഭ്യമായവയെ ഇന്‍ക്വിബേറ്ററില്‍ വച്ചോ അടക്കോഴികളെ ഉപയോഗിച്ചോ വിരിയിക്കാവുന്നതാണ്.
തൂവല്‍ വളര്‍ച്ച പൂര്‍ത്തിയാകുന്നത് കണക്കിലെടുത്ത് മുട്ടകള്‍ വിരിയുന്നതിന് ഏകദേശം 18 ദിവസം ചൂട് ആവശ്യമായി വരാറുണ്ട്. കാടക്കുഞ്ഞുങ്ങള്‍ക്ക് രണ്ടാഴ്ച വരെ ഭക്ഷണമായി വെളളം മാത്രമേ കൊടുക്കാവൂ. കൊടുക്കുന്ന പാത്രത്തില്‍ കുഞ്ഞുങ്ങള്‍ മുങ്ങിച്ചാവുന്നത് തടയാനായി പാത്രത്തിലെ വെളളത്തില്‍ ഉരുളന്‍ കല്ലുകളോ ഗോലികളോ ഇടുന്നത് ഉപകാരപ്രദമാണ്.
കാടകളുടെ ലിംഗവ്യത്യാസം നാലു മുതല്‍ അഞ്ച് ആഴ്ചകള്‍ക്കുളളില്‍ അവയുടെ ശരീരപ്രകൃതി നിരീക്ഷിച്ച് കണ്ടെത്താന്‍ കഴിയും. ആണ് കാടകളേക്കാള്‍ പെണ്‍കാടകള്‍ക്ക് താരതമ്യേന വലിപ്പം കൂടുതലും, കറുപ്പ് പുളളികളോടുകൂടിയ ചാരനിറമുളള തൂവലുകളുമുണ്ടാകും. ആണ്‍കാടകള്‍ക്ക് കഴുത്തിലെ തൂവലുകളില്‍ ചുവപ്പും തവിട്ടും കലര്‍ന്ന നിറവും കാണപ്പെടുന്നു. കാടകള്‍ ഏകദേശം ആറ് ആഴ്ചയോടുകൂടി പൂര്‍ണവളര്‍ച്ചയെത്തുന്നു. ഈ സമയത്ത് 120-150 ഗ്രാം ശരീരഭാരം അവയ്ക്കുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: