‘പറഞ്ഞതും ചെയ്യുന്നതും തമ്മില്‍ പൊരുത്തമുണ്ടോ’ എന്ന ആ അച്ഛന്റെ ചോദ്യത്തിനു മുന്നില്‍ പതറിപ്പോകുന്ന നിലയിലാണിന്നു കേരളം ഭരിക്കുന്ന ഇടതുമുന്നണിയും അവരെ നയിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും. രണ്ടു ദശാബ്ദം മുന്‍പ്, 1994ല്‍ , സ്വാശ്രയ മെഡിക്കല്‍ കോളജിന് എതിരായ സമരത്തിനിടെ വെടിയേറ്റ് മരിച്ച കണ്ണൂരിലെ റോഷന്റെ അച്ഛന് കെ.വി. വാസുവാണ് ആ ചോദ്യം ചോദിക്കുന്നത്. ഇന്നിപ്പോള്‍ അത്തരം കോളജുകളുടെ കോഴയെ സഹായിക്കാന്‍ ഓര്‍ഡിനന്‍സും ബില്ലും കൊണ്ടുവന്ന ഇടതുസര്‍ക്കാരും അതിന് കൂട്ടുനിന്ന പ്രതിപക്ഷവും വാ തുറക്കാനാവാതെ നില്ക്കുന്നു.
കണ്ണൂര്‍ , കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനക്കോഴ വിഷയത്തിലേറ്റ ഇരട്ടപ്രഹരത്തിന്റെ ആഘാതത്തില്‍നിന്ന് ഉണരാന്‍ കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങള്‍ കുറച്ചുനാളെടുക്കും. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് സുപ്രീം കോടതി തടഞ്ഞതിന് തൊട്ടുപിന്നാലെയാണ്, അതേ വിഷയം സംബന്ധിച്ച ബില്‍ ഗവര്‍ണര്‍ മടക്കിയത്. ഭരണ, പ്രതിപക്ഷ മുന്നണികള്‍ ഏകകണ്ഠമായാണ് ബില്‍ പാസാക്കിയത്. കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലും പാലക്കാട് കരുണ മെഡിക്കല്‍ കോളജിലും 2016-17 അധ്യയന വര്‍ഷം ക്രമവിരുദ്ധമായി പ്രവേശനം സമ്പാദിച്ച 180 വിദ്യാര്‍ഥികള്‍ ഇതോടെ പുറത്തായി. ഇവര്‍ പഠനം തുടരുന്നത് സുപ്രീം കോടതി വിലക്കിയിട്ടുണ്ട്. ഉത്തരവിനെ മറികടക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നല്കി. സംഭവത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ് കോടതിയുടെ ശക്തമായ നിലപാട്. പുറത്തായവരില്‍, പ്രവേശനത്തിന് അര്‍ഹതയുള്ളവരെന്ന് മേല്‍നോട്ട സമിതിയും എന്‍ട്രന്‍സ് കമ്മീഷണര്‍മാരും കണ്ടെത്തിയ 30 കുട്ടികളുണ്ട്. കോടതി ഉത്തരവ് ഇവരെ ബാധിക്കില്ലെന്ന് ആശ്വസിക്കാം. 30 പേര്‍ക്ക് അര്‍ഹതയുണ്ടെന്ന് പറയുമ്പോള്‍ 150 പേര് അനര്‍ഹരായിരുന്നു.
കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയാണ് ഈ നിലപാടിന് പ്രേരിപ്പിച്ചതെന്നു വാദിക്കുന്നവര്‍ അക്കാര്യംകൂടി ഓര്‍ക്കണം. യഥാര്‍ഥ ലക്ഷ്യം മറ്റു ചിലതാണെന്ന് ആരോപണം ഉയരുന്നത് ഈ പശ്ചാത്തലത്തില്‍ക്കൂടിയാണ്. അത്തരക്കാര്‍ കോഴ്സ് പൂര്‍ത്തിയാക്കി പുറത്തുവരുന്നത് ആരോഗ്യരംഗത്ത് സൃഷ്ടിക്കാവുന്ന വിഷയങ്ങളെക്കുറിച്ചും ഇരുപക്ഷത്തിനും ഉല്‍ക്കണ്ഠ കാണുന്നില്ല. വന്‍തുക കോഴവാങ്ങിയായിരുന്നു ഇവിടങ്ങളിലെ പ്രവേശനം. മാനേജ്മെന്റുകളുടെ അത്തരം തട്ടിപ്പിന് ഭരണ – പ്രതിപക്ഷങ്ങള്‍ ഒരുമിച്ച് കൂട്ടുനില്‍ക്കുകയായിരുന്നു എന്നാണ് ആരോപണം. ബില്ലിനെ പിന്തുണച്ചതിനാല്‍ ഇരുകൂട്ടര്‍ക്കും ഒഴിഞ്ഞുമാറാനുമാകില്ല. ഇരുമുന്നണികളിലും തീയും പുകയും പടര്‍ത്തിയ വിഷയം യുഡിഎഫില്‍ പരസ്യ വാക്പോരുവരെയെത്തിനില്ക്കുന്നു.
നിയമത്തെ വെല്ലുവിളിച്ചും സ്വന്തം താത്പര്യം നടപ്പാക്കാനുള്ള ഭ്രാന്തമായ ആവേശത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും മുഖത്താണ് കോടതിയുടെയും ഗവര്‍ണറുടെയും അടി. കെ. വി. വാസുവിനെപ്പോലുള്ള പലരുടെയും ചോദ്യങ്ങള്‍ക്ക് ഈ മുന്നണികള്‍ ഇനി മറുപടി പറയേണ്ടി വരും. തമ്മിലടിനാടകത്തിനിടയിലും സ്വാര്‍ഥതാത്പര്യങ്ങളുടെ കാര്യത്തില്‍ പരസ്പരം കെട്ടിപ്പുണരുന്ന മുന്നണികള്‍ക്കിടയില്‍, തങ്ങളുടെ രക്ഷയ്ക്ക് ഇങ്ങനെ ചില സംവിധാനങ്ങളൊക്കെയുണ്ടെന്ന ബോധ്യം ജനങ്ങള്‍ക്ക് വിശ്വാസവും ആശ്വാസവും ഊര്‍ജവും പകരും. അതാണ് ഈ സംഭവവികാസങ്ങളുടെ ശരിയായ ഗുണവശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: