ഭുവനേശ്വര്‍: ഒറീസയിലെ കട്ടക്കില്‍ നിന്ന് കുരങ്ങ് തട്ടിക്കൊണ്ടുപോയ 16 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം വീട്ടു വളപ്പിലെ കിണറ്റില്‍ നിന്ന് ലഭിച്ചു. കഴിഞ്ഞ ദിവസമാണ് അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുമ്പോഴാണ് കുഞ്ഞിനെ കുരങ്ങ് തട്ടിയെടുത്തത്. കുഞ്ഞിനെയും കൊണ്ട് കുരങ്ങ് കടന്നുകളയുന്നത് കണ്ട അമ്മ ബഹളം വെച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ അധികൃതരെ വിവരമറിയിച്ചത്.കുരങ്ങ് കുഞ്ഞിനെ ഓടുന്നതിനിടയില്‍ കൈയില്‍ നിന്നും കിണറ്റില്‍ വീണതായിരിക്കാമെന്ന് പോലീസ് വ്യക്തമാക്കി. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമേ യഥാര്‍ഥ മരണകാരണം മനസ്സിലാവൂ.
കുഞ്ഞിന് കരയാന്‍ ബുദ്ധിമുട്ടുണ്ട്. അതിനാല്‍ കരച്ചില് ശബ്ദം കേട്ട് കുഞ്ഞെവിടെയാണെന്ന് കണ്ടെത്താനും കഴിഞ്ഞിരുന്നില്ല. 30 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് ഗ്രാമവാസികള്‍ക്കൊപ്പം കാടിനുള്ളില്‍ തെരച്ചില്‍ നടത്തിയത്. എന്നാല്‍ ഫലമുണ്ടായില്ല,
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രദേശത്തെ നിരവധി പേര്‍ക്ക് കുരങ്ങിന്റെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. കുരങ്ങുകളുടെ ആക്രമണത്തെക്കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: