കൊല്‍ക്കത്ത: ഒരു മത്സരം പോലും തോല്‍ക്കാതെ കുതിച്ചുപായുന്ന കേരളത്തിന് ഇനി സന്തോഷത്തിന്റെ ഷാംപെയ്ന്‍ പതയ്ക്കാന്‍ ഒറ്റ വിജയം മാത്രം മതി. സാള്‍ട്ട്ലേക്കിലെ കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബംഗാളിനെ അടിച്ചിട്ടാല്‍ കേരളത്തിന് വീണ്ടും സന്തോഷ് ട്രോഫി ശിരസിലേറ്റാം. ഉച്ചകഴിഞ്ഞ് 2.30 നാണ് ഫൈനല്‍.
കളിച്ച മത്സരങ്ങളിലൊക്കെ വിജയം നേടിയാണ് കേരളം അപരാജിതരായി കലാക്കളിയിലെത്തിയത്. അതേസമം ബംഗാള്‍ ക്വാര്‍ട്ടര്‍ ലീഗിലെ ഒരു മത്സരത്തില്‍ മാത്രം തോറ്റു. കേരളമാണ് അവരെ ഗ്രൂപ്പ് എ യിലെ അവസാന മത്സരത്തില്‍ കീഴടക്കിയത്. ഈ വിജയത്തിന്റെ ആവേശത്തിലാണ് കേരളം വീണ്ടും ബംഗാളിനെ നേരിടാനിറങ്ങുന്നത്. 2012-13 നു ശേഷം ഇതാദ്യമായാണ് കേരളം ഫൈനലിലെത്തുന്നത്.
അഫ്ദല്‍, കെ. പി രാഹുല്‍, ജിതിന് , ജിതിന് ഗോപാലന് എന്നിവര്‍ അണിനിരക്കുന്ന കേരളാ ടീം ശക്തമാണ്. ഏതു വമ്പനെയും അട്ടിമറിക്കാനുള്ള കഴിവുണ്ട്. സെമിയില്‍ കിഴക്കന്‍ ശക്തികളായ മിസോറാമിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്തുവിട്ടാണ് കേരളം ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.
സെമിഫൈനലിനിടയ്ക്ക് പരിക്കേറ്റ അനുരാഗ് പി.സി.യും സജിത്ത് പൗലോസും ഇന്ന് കളിക്കാന്‍ സാധ്യതയില്ല.സ്വന്തം തട്ടകത്തില്‍ കലാശക്കളി നടക്കുന്നത് ബംഗാളിന് നേരിയ മുന്‍തൂക്കം നല്കുന്നു. ആരാധകരുടെ പിന്തുണയില്‍ കേരളത്തെ വീഴ്ത്താമെന്ന പ്രതീക്ഷയിലാണവര്‍. പക്ഷെ ആക്രമണത്തിലും പ്രതിരോധത്തിലും മുന്നില്‍ നില്ക്കുന്ന കേരളത്തെ തോല്‍പ്പിക്കാന്‍ കാണികളുടെ പിന്തുണ മാത്രം പോരാ.
കര്‍ണാടകത്തെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞാണ് ആതിഥേയര്‍ ഫൈനലില്‍ കേരളത്തെ നേരിടാന്‍ അര്‍ഹത നേടിയത്.ഇരുപത്തിനാലു വര്‍ഷത്തിനുശേഷമാണ് സന്തോഷ് ട്രോഫിയുടെ ഫൈനലില്‍ കേരളവും ബംഗാളും ഏറ്റുമുട്ടുന്നത്. 1993-94 ല്‍ കട്ടക്കിലാണ് ഈ ടീമുകള്‍ അവസാനമായി സന്തോഷ് ട്രോഫി ഫൈനലില്‍ മാറ്റുരയ്ച്ചത്. അന്ന് ബംഗാള്‍ വിജയം തട്ടിയെടുത്തു. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പം നിന്നു. പക്ഷെ ടൈേബ്രക്കറില് കേരളത്തിന് കാലിടറി. മൂന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് കേരളത്തെ തോല്‍പ്പിച്ച് ബംഗാള്‍ ‘സന്തോഷ കിരീടവുമായി പറന്നകന്നു.
2004-05 സീസണിലാണ് കേരളം അവസാനമായി സന്തോഷ്ട്രോഫി കിരീടം ചൂടിയത്. ദല്‍ഹിയില്‍ അന്ന് നടന്ന കലാശക്കളിയില്‍ അവര്‍ പഞ്ചാബിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: