ജാതിയും മതവുമില്ലാത്ത ഒന്നരലക്ഷം പിള്ളാരെ കേരളത്തിലെ പള്ളിക്കൂട മുറ്റത്തുനിന്ന് കണ്ടെത്തി ‘യുറേക്ക’ എന്ന് ആര്‍ത്തുവിളിക്കുകയാണ് പിണറായി സര്‍ക്കാരിലെ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. നിയമസഭാസമ്മേളനത്തില്‍ ജില്ല തിരിച്ച് ജാതിയും മതവുമില്ലാത്ത പിള്ളാരുടെ എണ്ണക്കണക്ക് വിളിച്ചുകൂവി പുരോഗമന മതേതര വിപ്ലവകാരിയുടെ കുപ്പായക്കോളര്‍ വലിച്ചിട്ട് ഞെളിഞ്ഞ് നിവരുമ്പോഴേക്ക് പറഞ്ഞതത്രയും കളവാണെന്ന് ഓരോ ജില്ലയില്‍ നിന്നും വിവരമെത്തുന്നു. അതെന്താണങ്ങനെ എന്ന് പഴയ ശാസ്ത്രസാഹിത്യ യുക്തിയില്‍ പ്രൊഫസര്‍ക്ക് ഒന്ന് അന്വേഷിച്ചുനോക്കാവുന്നതാണ്.
കമ്മ്യൂണിസ്റ്റുകള്‍ ജാതിക്കും മതത്തിനും എതിരെ നില്ക്കുന്ന ഒന്നാന്തരം പുണ്യാളന് ആഗര്‍ബത്തീസ് ആണെന്ന് വരുത്തിത്തീര്‍ക്കുകയാണ് യുറേക്ക പരീക്ഷ നടത്തി വിദ്യാഭ്യാസവിചക്ഷണനായ മന്ത്രിയുടെ ശ്രമമെന്ന് ഇപ്പോള്‍ അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം അറിയാം. മരിയന്‍ അലക്സാണ്ടര്‍ ബേബിയെന്ന കുഞ്ഞാട് വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോഴാണ് മതമില്ലാത്ത ജീവന് കേരളത്തിലെ പാഠപുസ്തകത്തില്‍ പ്രത്യക്ഷപ്പെട്ടത്. ബേബിക്കും ബേബിയുടെ ഇടവകയിലെ കുടുംബക്കാര്‍ക്കും മതമുള്ള ജീവന്, ബേബിയുടെ പിന്നാലെ കൊടിപിടിച്ചു നടന്ന ഗോപാലന്റെയും ശങ്കരന്റെയും പിള്ളാര്‍ക്ക് മതമില്ലാത്ത ജീവന്… എന്നിങ്ങനെയായിരുന്നു പാഠഭാഗം വായിച്ചുപഠിപ്പിച്ചുവന്നപ്പോള്‍ പള്ളിക്കൂടങ്ങളായ പള്ളിക്കൂടങ്ങളിലൊക്കെ ഈ മാര്‍ക്സിസ്റ്റ് അഭ്യാസത്തിന് ഇരകളാകേണ്ടിവന്ന കുട്ടികള്‍ക്ക് തിരിഞ്ഞത്. അതിനെയാണല്ലോ സഖാവ് പ്രൊഫസറുടെ പാര്ട്ടിക്കാര് വൈരുദ്ധ്യാത്മക ഭൗതികവാദം എന്നൊക്കെ വായില്‍ക്കൊള്ളാത്ത പേരിട്ട് വിളിക്കുന്നത്.
അന്നത്തെ മതമില്ലാത്ത ജീവന് പെണ്ണുകെട്ടി കുട്ടികളുണ്ടായതിന്റെ കണക്കാകണം ഇപ്പോള്‍ യുറേക്ക വിശാരദന് നിയമസഭയില്‍ ഒന്നരലക്ഷം എന്ന് വിളിച്ചുപറയുന്നതെന്ന് വേണം നമ്മള് മനസ്സിലാക്കാന്‍.
ബേബിയും കെഎസ്ടിഎക്കാരും കൂടി മതമില്ലാത്ത ജീവനുമായി ക്ളാസ് മുറികളില്‍ കയറിയിറങ്ങിയ അതേകാലത്താണ് സച്ചാര്‍കമ്മിറ്റിയിലെ പോരായ്മകള്‍ നികത്താന്‍ പാലോളി മുഹമ്മദ് കുട്ടി അന്ന് വേറെയൊരു റിപ്പോര്‍ട്ട് പടച്ചത്. ദാരിദ്ര്യത്തിലാണ്ടുപോയ ഞമ്മന്റെ ആളോള്ക്ക് സര്‍ക്കാര്‍ ചെലവില്‍ മെച്ചപ്പെട്ട ഒരു ജീവിതം അത്രേ പാര്‍ട്ടി വിചാരിച്ചിട്ടുള്ളൂ….. ‘മതമല്ല മതമല്ല മതമല്ല പ്രശ്നം എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം’ എന്നാണല്ലോ മുദ്രാവാക്യം. അങ്ങനെ തീയെരിയുന്ന വയറുകളുടെയെല്ലാം തലയെണ്ണം നോക്കി തിട്ടപ്പെടുത്തി, കൊന്തയിട്ടതെത്ര, തട്ടമിട്ടതെത്ര, ചന്ദനക്കുറിയണിഞ്ഞതെത്ര എന്നിങ്ങനെ തരം തിരിച്ചു. പിള്ളാര്‍ക്കെല്ലാം സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി. സഖാക്കള്‍ ശങ്കരനും ഗോപാലനും പിള്ളാരെ ത്രിസന്ധ്യയ്ക്ക് വിളിച്ചിരുത്തി മതമില്ലാത്ത ജീവന് പഠിപ്പിച്ചപ്പോള്‍ അവരുടെ അതേ ബെഞ്ചിലിരുന്ന് പഠിക്കുന്ന ജോസഫും അവുക്കാദറും സര്‍ക്കാര്‍ വക സ്കോളര്‍ഷിപ്പ് എണ്ണിവാങ്ങി അപ്പനെയും ബാപ്പയെയും ഏല്പിച്ചു. അവര്‍ പള്ളിക്കൂടത്തിലേക്ക് ചേരുമ്പോള്‍ മതം വൃത്തിയായും വെടിപ്പായും നാലാള് കാണുന്ന തരത്തില്‍ എഴുതിവച്ചു. പാലോളിയും ജലീലും ബേബിയും വിപ്ലവകാരികളായി. ജാതിയും മതവുമില്ലാത്ത കുട്ടികളുടെ എണ്ണപ്പെരുക്കം കാട്ടി രവീന്ദ്രന് സാറും വിപ്ലവകാരിയായി. സംഗതി പച്ചക്കള്ളമാണെന്ന് തെളിഞ്ഞിട്ടും വിപ്ലവകാരികളും പുരോഗമനവാദികളും തങ്ങളാണ് നവോത്ഥാനത്തിന്റെ കാവലാളുകള്‍ എന്ന് പോസ്റ്റര്‍ പ്രചാരണം നടത്തുകയാണ് നാടെങ്ങും.
മനുഷ്യനെ മതം തിരിച്ച്, ജാതി തിരിച്ച് വെവ്വേറെ കോണുകളിലാക്കി, തമ്മിലടിപ്പിച്ച് ചോര കുടിച്ച് തെഴുത്ത പാര്‍ട്ടിക്കാര്‍ക്ക് വേണ്ടിയാണ് രവീന്ദ്രന് സാര്‍ ഈ ശാസ്ത്രസാഹിത്യാഭാസം അത്രയും കാട്ടുന്നതെന്ന് ഓര്‍മ്മ വേണം. അടച്ചിട്ട മുറിയില്‍ കാറ്റും വെളിച്ചവും കയറിയാല്‍ അപ്പോള്‍ ഇടിഞ്ഞുവീഴുന്നത്ര ദുര്‍ബലമാണ് രവീന്ദ്രന് സാറിന്റെ പാര്‍ട്ടി. അകത്തും പുറത്തും അത്രയ്ക്ക് ജാതി ഭ്രാന്താണ്. പട്ടിണിയുടെ തടവുകാരെക്കുറിച്ച് പാടുകയും പട്ടിണിക്കാരെ കണ്ടാല്‍ കൂട്ടം ചേര്‍ന്ന് തല്ലിക്കൊല്ലുകയും ചെയ്യുന്ന ഇടപാടിന് മേലാണ് പാര്‍ട്ടിക്കുപ്പായവും വെന്തിങ്ങയുമിട്ട് എകെജി സെന്ററില്‍ സഭായോഗം ചേരുന്നത്.
പള്ളിക്കൂടരജിസ്റ്ററില്‍ ഒന്നരലക്ഷം മതമില്ലാത്ത ജീവനുകളെ തെരഞ്ഞുപിടിച്ച രവീന്ദ്രന് സാറ് അത്ര കേമനാണേല്‍ ഒരുകാര്യം ആദ്യം ചെയ്യണം. സ്വന്തം പാര്‍ട്ടിയിലെ അംഗത്വ രജിസ്റ്റര്‍ പരിശോധിച്ച് ജാതിയും മതവുമില്ലാത്ത എത്ര സഖാക്കന്മാര് (സഖാത്തികളും) ചെങ്കൊടി പിടിച്ച് നടപ്പുണ്ടെന്ന് പറയാന്‍ തയ്യാറാകണം. അതിന് ആവുന്നില്ലെങ്കില്‍ ഇത്തരം ഉഡായിപ്പ് ഇടപാടുകള്‍ക്കിറങ്ങരുത്.
കേരളത്തിന്റെ നവോത്ഥാനത്തിന് വലിയ ഒരു ചരിത്രമുണ്ട്. ഇന്ന് സമുദായ സംഘടനകള്‍ എന്ന് അറിയപ്പെടുന്നെങ്കിലും എന്‍എസ്എസും എസ്എന്‍ഡിപിയും അടക്കമുള്ള മുന്നേറ്റങ്ങളെല്ലാം രൂപം കൊണ്ടതും പ്രവര്‍ത്തിച്ചതും ജാതിക്കതീതമായ സമാജ ഏകീകരണം ലക്ഷ്യമിട്ടായിരുന്നുവെന്ന് രവീന്ദ്രന് സാറിന് നന്നായി അറിയാം. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനും അയ്യാ വൈകുണ്ഠസ്വാമികളും മന്നത്ത് പത്മനാഭനുമൊക്കെ ജാതിക്കുമപ്പുറം സ്വധര്‍മ്മസംരക്ഷണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചവരാണ്. ആ മുന്നേറ്റമാണ് കേരളത്തില്‍ തൊട്ടുകൂടായ്മയ്ക്കും തീണ്ടിക്കൂടായ്മയ്ക്കും ജാതീയ വിവേചനങ്ങള്‍ക്കും അവസാനമുണ്ടാക്കിയത്.
പേരുകേട്ട ഈ നവോത്ഥാനപരിശ്രമങ്ങളുടെ സദ്ഫലങ്ങളെ ഇല്ലാതാക്കുകയും ജാതികേന്ദ്രീകൃത രാഷ്ട്രീയത്തിലൂടെ അധികാരം നേടുകയും ചെയ്ത ഒരു പാര്‍ട്ടിയാണിപ്പോള്‍ നാണംകെട്ട കളികളുമായി വീണ്ടും രംഗത്തിറങ്ങുന്നത്. ജാതീയതയ്ക്കെതിരെ കേരളത്തില്‍ നടന്ന നവോത്ഥാനസമരങ്ങള്‍ക്ക് ഐക്യപ്പെടലിനുള്ള ദാഹം പൊതുസ്വഭാവമായിരുന്നു. നവോത്ഥാനനായകന്മാര് മുന്നോട്ടുവച്ച ഈ സാമാജിക ഏകത എന്ന സൂത്രവാക്യത്തില്‍ വിഘടനവാദത്തിന്റെ നഞ്ഞ് കലക്കുകയാണ് ഇഎംഎസ് അടക്കമുള്ള കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ ചെയ്തത്.
വിശാലമായ സ്വാതന്ത്ര്യദാഹത്തേയും സാമാജിക ബോധത്തെയും തിരസ്കരിച്ച് സങ്കുചിതമായ ജാതിവാദത്തിലേക്കും താണവനും ഉയര്‍ന്നവനും എന്ന ഭേദവിചാരത്തിലേക്കും കേരളത്തെ നയിച്ചത് കമ്മ്യൂണിസ്റ്റുകളുടെ ഇടപെടലാണ്. ഒരേ സമയം നവോത്ഥാനത്തിന്റെ നേരവകാശികളെന്ന് വിളിച്ചുകൂവുകയും ജാതിസമവാക്യങ്ങളോട് അധികാരത്തിനുവേണ്ടി ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തു ആ പാര്‍ട്ടി. പട്ടികജാതിക്കാരന്റെ ചാളകളില്‍ നിന്ന് വളര്‍ന്നതെന്ന് ഊറ്റംകൊണ്ടവരുടെ പാര്‍ട്ടികമ്മിറ്റികളില്‍ നിന്ന് ആ വിഭാഗത്തെ തന്ത്രപൂര്‍വം ഒഴിവാക്കി. പട്ടികജാതിക്കാരന് വേണ്ടി പുതിയ വര്‍ഗബഹുജന സംഘടന (പട്ടികജാതി ക്ഷേമസമിതി) സൃഷ്ടിച്ചു. പട്ടികജാതിക്കാരനായ സഖാവ് വളര്‍ന്നാല്‍ ഇപ്പറഞ്ഞ സമിതിയുടെ സെക്രട്ടറിയാകാം എന്നതിനപ്പുറം ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് സാരം.
വാറ്റുകാരന്‍ മദ്യവിരുദ്ധസമരം ചെയ്യുന്നതുപോലെ ഒരിനം പരിപാടിയാണ് രവീന്ദ്രന്‍സാറിന്റെ ഈ ജാതിയും മതവുമില്ലാത്തവന്റെ കണക്കെടുപ്പെന്ന് ചൂണ്ടിക്കാണിക്കാന്‍ ഒരുപാടുണ്ട് ഉദാഹരണങ്ങള്‍. പി. ജയരാജന്റെ സമാധാനപ്രസംഗം പോലെ, തോമസ്ചാണ്ടിയുടെ പരിസ്ഥിതിപ്രണയം പോലെ, കെ.എം. മാണിയുടെ അധ്വാനവര്‍ഗ സിദ്ധാന്തം പോലെ, പിണറായി വിജയന് വിനയാന്വിതനാകുന്നതുപോലൊക്കെയുള്ള ഒരിടപാടാണ് കമ്മ്യൂണിസ്റ്റ് വിദ്യാഭ്യാസ മന്ത്രിയുടെ ജാതിക്കെതിരായ ഗിരിപ്രസംഗമെന്ന് സാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: