കേരളത്തിന്റെ ഇഷ്ട ഫലമായ ചക്കയും ഐടി രംഗവും തമ്മിലെന്ത്?. ആ ചോദ്യം കുറച്ച് കുഴപ്പിക്കുന്നതാണ്. കാരണം അവ തമ്മില്‍ ഫലത്തില്‍ യാതൊരു ബന്ധവുമില്ല. ഐടി രംഗത്ത് പ്രസിദ്ധമായ മൈക്രോസോഫ്റ്റ് കമ്പനിയില്‍ ഉന്നത പദവിയിലിരുന്ന ഒരു ചെറുപ്പക്കാരനും ചക്കയും തമ്മിലാണ് ആ ബന്ധം.
അമേരിക്ക, ബ്രിട്ടണ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ പറന്നു നടന്നിരുന്ന ജെയിംസ് ജോസഫ് എന്ന ചെറുപ്പക്കാരനെ തിരികെ നാട്ടിലെത്തിച്ച് മറ്റൊരു സ്വപ്നത്തിന്റെ വഴിയെ നടത്തിയതിന്റെ ക്രെഡിറ്റ് നമ്മുടെ സ്വന്തം ചക്കയ്ക്കാണ്. സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന് സ്വപ്നം കാണാന്‍ പോലുമാകാത്ത ഒരു പദവിയില്‍ നിന്നാണ് ഒരു ചക്കയുടെ പേരില്‍ ജെയിംസ് ഇറങ്ങിപ്പോന്നത്. ആ തിരിച്ചു വരവിന് ഒരുപാട് പ്രത്യേകതകളുണ്ടായിരുന്നു.
കോര്‍പ്പറേറ്റ് ലോകത്തോട് വിടപറഞ്ഞായിരുന്നില്ല ജെയിംസ് വേരുകള്‍ തേടി തിരിച്ചെത്തിയത്. ആലുവയില്‍ പെരിയാറിന്റെ തീരത്തുള്ള തന്റെ ഫ്ളാറ്റിന്റെ ബാല്ക്കണിയിലെത്തിച്ചു ആ കോര്‍പ്പറേറ്റ് ലോകത്തെ ജെയിംസ്. ഇടവപ്പാതിയും മകരമഞ്ഞും ഓണനിലാവുമൊന്നും നഷ്ടപ്പെടുത്താതെ എങ്ങനെ ആധുനികലോകത്തിന്റെ ഭാഗമാകാമെന്ന് തെളിയിക്കുന്നു ജെയിംസ് ജോസഫ് മൂലേക്കാട്ട്. മറ്റൊരാളും പരീക്ഷിക്കാന്‍ പോലും ധൈര്യപ്പൈടാത്ത ഒരു തീരുമാനമായിരുന്നു ജെംയിസിന്റേത്.
മൈക്രോസോഫ്റ്റിലെ ജോലിയ്ക്കിടയില്‍ ഒരു ചെറിയ ഇടവേളയെടുത്തു ജെയിംസ്, വ്യക്തിപരമായ ചില ആവശ്യങ്ങള്‍ക്കായി. ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേയ്ക്കുള്ള സഞ്ചാരത്തിനിടെ മനസ്സില്‍ പതിഞ്ഞ ചില കാര്യങ്ങള്‍ ഒരു മാര്‍ക്കറ്റിംഗ് എക്സ്പോര്‍ട്ട് എന്ന നിലയില്‍ ലോകത്തോട് പറയണം. 2012 ഒക്ടോബറില്‍ ജെയിംസ് എഴുതാന്‍ തുടങ്ങിയ ദിവസം പുറത്ത് തണല്‍ പരത്തി നിന്ന പ്ലാവിന്റെ കൊമ്പിലൊരു കുഞ്ഞു ചക്കയുണ്ടായി.
എഴുത്തിനൊപ്പം മനസില്‍ ആ ചക്കയും കയറിക്കൂടി. ഓരോ ദിവസവും ചക്കയുടെ വലിപ്പം കൂടി വരുന്നത് ജെയിംസ് നിരീക്ഷിച്ചു. അതോടെ മനസിലൊരു ആശയവും വളര്‍ന്നു. തത്കാലം എഴുത്തു നിര്‍ത്തി ചക്കസാധ്യതകളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. അങ്ങനെയായിരുന്നു തൊട്ടടുത്ത വര്‍ഷം ജാക്ക് ഫ്രൂട്ട് @ 365 ഉണ്ടായത്. പിന്നെയും ഒരു വര്‍ഷം വേണ്ടിവന്നു എഴുതി തുടങ്ങിയത് പൂര്‍ത്തിയാക്കാന്‍.
ലോകം മുഴുവന്‍ ചക്ക ലഭ്യമാക്കുന്ന ജെയിംസ് ജോസഫിന് അതിനായി പ്രത്യേകിച്ചൊരു അധ്വാനവുമില്ല. ചക്ക സംഭരിച്ച് വൃത്തിയാക്കി കിട്ടാന്‍ ഒരു ഇടനിലക്കാരനെ ഏര്‍പ്പെടുത്തും. താഴെ വീണ് ചതഞ്ഞുപോകാതെയാണ് ഓരോ ചക്കയും നിലത്തെത്തിക്കുന്നത്. ഏറെ ശുചിത്വത്തോടെ, ശ്രദ്ധയോടെ ചവിണി കളഞ്ഞ് വൃത്തിയാക്കി പാക്കറ്റിലാക്കുന്നു. പിന്നെ ഒരു ഘട്ടം കൂടി. ചക്കച്ചുളകളിലെ വെള്ളം വറ്റിച്ചു കളയുന്ന പ്രോസസാണിത്. അതോടെ ജാക്ഫ്രൂട്ട്@ 365 ബ്രാന്‍ഡ് വിപണിയിലെത്തും. ഓണ്‍ലൈന്‍ വഴിയാണ് വില്‍പ്പന. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിനാളുകള്‍ ദിവസവും ജെയിംസ് തയ്യാറാക്കിയ ചക്ക വാങ്ങുന്നു. വെള്ളം വറ്റിച്ചെടുക്കുന്ന ഉണക്കച്ചക്കച്ചുളകള്ക്ക് സാധാരണ ചക്കയേക്കാള്‍ ഗുണം കൂടുമെന്ന് ജെയിംസ് പറയുന്നു.
ഒരു തുള്ളിവെള്ളത്തിന്റെ നനവ് പോലും ആരും നല്‍കുന്നില്ല. എന്നിട്ടും നമ്മുടെ പറമ്പുകളിലെ പ്ലാവുകൊളൊക്കെ ആണ്ടോടാണ്ട് കായ്ച്ച് മറിയുന്നു. മൂത്ത് പഴുത്ത് ഓരോ ചക്കയും വെറുതെ പാഴാകുന്നു. ചിക്കന്‍ ബര്‍ഗറും ഷവര്‍മയും തട്ടുകട ഉത്പന്നങ്ങളും തേടി നടക്കുന്നു മലയാളി. പോഷക സമ്പന്നമാണ് ചക്കയെന്ന് നമുക്കറിയാഞ്ഞിട്ടല്ല. എങ്കിലും ചക്ക അവഗണിക്കപ്പെടുന്നു. ഓരോ വര്‍ഷവും ഉണ്ടാകുന്ന ചക്കയില്‍ 80 ശതമാനമാണ് പാഴാകുന്നത്. കേരളത്തിന് കോടിക്കണക്കിന് രൂപയുടെ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്ന ഒരു പ്രകൃതി വിഭവമാണിത്. ഏത് കാലത്തും കേട് വരാതെ ചക്ക ഒരുക്കിയെടുക്കുന്നതിന്റെ സാധ്യതകള്‍ മനസ്സിലാക്കിയിരുന്നു ജെയിംസ്. മൂന്ന് ഭൂഖണ്ഡങ്ങളിലൂടെ സഞ്ചരിച്ച വ്യക്തിയെന്ന നിലയില്‍ ഒട്ടുമിക്ക ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ വിഭവങ്ങളുടെ രുചിയും ജെയിംസിനറിയാമായിരുന്നു. ആ രുചിക്കൂട്ടില്‍ ചക്ക കൂടിയായാലോ എന്ന ആശയം സുഹൃത്തുക്കളായ ഷെഫുമാരുമായി പങ്കിട്ടു. അവര്‍ക്കൊപ്പം കൂടി വിഭവങ്ങള്‍ തയ്യാറാക്കി പരീക്ഷിച്ചു. വിസ്മയിപ്പിക്കുന്നതല്ല കൊതിപ്പിക്കുന്നതായിരുന്നു ആ വിഭവങ്ങളൊക്കെ.
ഗലോട്ടി കവാബ്, ചക്ക പോറിഡ്ജ്, ചക്ക മഞ്ചൂരിയന്, ചക്ക റാവിയോളി അങ്ങനെ ഒരുപാടുണ്ട് ചക്ക വിഭവങ്ങള്‍. എല്ലാം ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ഇഷ്ടവിഭവങ്ങള്‍. സാധാരണക്കാര്‍ക്കുള്ള വിഭവങ്ങളുമുണ്ട്. വരിക്ക ചക്ക നത്തോലി പീര, വരിക്ക ചക്ക കോഴി വറുത്തരച്ചത്, ചക്ക ചെമ്മീന്‍ റോസ്റ്റ്, ചക്കപ്പുഴുക്ക് കടലക്കറി അങ്ങനെ ചക്ക കൊണ്ട് തയ്യാറാക്കാനാകുന്നത് നൂറിലേറെ വിഭവങ്ങള്‍. ഭക്ഷണത്തിന് മാത്രമല്ല ചികിത്സക്കും ചക്ക ബെസ്റ്റ്. പ്രമേഹ നിയന്ത്രണത്തില്‍ അതിശയിപ്പിക്കുന്ന മാറ്റം വരുത്താന്‍ ചക്കയ്ക്ക് കഴിയുമെന്ന് ജെയിംസ് ജോസഫ് ഉറപ്പിച്ചു പറയുന്നു. അനുഭവസ്ഥരുടെ നേര്‍സാക്ഷ്യമുണ്ട് ജെയിംസിന്റെ വാദത്തിന് ബലം നല്കാന്.
നാട്ടിലെ വികാരിയച്ചനും പ്രമേഹ രോഗിയുമായ ഫാദര്‍ തോമസ് ബ്രാഹ്മണവേലിലാണ് പ്രമേഹത്തില്‍ ചക്കയുടെ പങ്കിനെക്കുറിച്ച് ജെയിംസിനെ ആദ്യമായി ചിന്തിപ്പിച്ചത്. ചക്കയ്ക്ക് പ്രമേഹത്തിലെന്താ കാര്യമെന്ന് ഫാദര്‍ ജെയിംസിനോട് ചോദിച്ചു. അതേ ചോദ്യം ജെയിംസ് തനിക്കറിയുന്ന ആരോഗ്യവിദഗ്ധരോടും ഭക്ഷ്യ ശാസ്ത്രജ്ഞരോടും ആവര്‍ത്തിച്ചു. പ്രമേഹരോഗികളോട് പതിവായി ചക്കപ്പുഴുക്ക് കഴിക്കാന്‍ സുഹൃത്തായ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഒരാഴ്ച്ച വേണ്ടിവന്നില്ല പലരുടേയും രക്തത്തില്‍ പഞ്ചസാരയുടെ അളവില്‍ കാര്യമായ കുറവുണ്ടാകാന്‍. അതോടെ ജെയിംസ് ഈ വിഷയത്തില്‍ ആഴത്തില്‍ പഠിക്കാന്‍ തുടങ്ങി. എല്ലാ അന്വേഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഒടുവില്‍ ജെയിംസ് കണ്ടുപിടിച്ചു പ്രമേഹം നിയന്ത്രിക്കാന്‍ ചക്കയ്ക്ക് കഴിയുമെന്ന്. കേരളീയരെപ്പോലെ ചക്ക ഉപയോഗിക്കുന്ന ശ്രീലങ്കയില്‍ ഇതേക്കുറിച്ച് പഠനം നടന്നിട്ടുണ്ടെന്നും അദ്ദേഹം കണ്ടെത്തി. പ്രമേഹ നിയന്ത്രണത്തില്‍ ചക്കയുടെ പങ്കിനെക്കുറിച്ച് ജെയിംസ് എഴുതിയ ലേഖനം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ലേഖനം വായിച്ച മുന്‍ രാഷ്ട്രപതി ഡോ. അബ്ദുല്‍ കലാം ജെയിംസിനെ വിളിച്ചുവരുത്തി. ഇക്കാര്യത്തില്‍ ഒരുപാട് ചെയ്യാനുണ്ടെന്നും താന്‍ ഒപ്പമുണ്ടാകുമെന്നും ഉറപ്പ ്നല്‍കി. പക്ഷേ നിനച്ചിരിക്കാതെ അതേക്കുറിച്ച് ഒരു വാക്ക് പോലും ലോകത്തോട് പറയാതെ കലാം പോയി. വായിച്ചറിഞ്ഞ ഒരു കാര്യത്തില്‍ വിളിച്ചു വരുത്തി പിന്തുണയറിയിച്ച ആ മഹാത്മാവിന്റെ അനുഗ്രഹം തനിക്കൊപ്പമുണ്ടെന്ന് ജെയിംസിനറിയാം. എന്നാലും
ജെയിസിംന്റെ വാദത്തോട് ആരോഗ്യമേഖലയില്‍ ഔദ്യോഗികമായി ഒരു പ്രതികരണവുമുണ്ടായില്ല. ധാരാളം നാരുകള്‍ നിറഞ്ഞ ചക്ക ആരോഗ്യദായകമായ ഭക്ഷണമാണെന്നതില്‍ തര്‍ക്കമില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രമേഹം നിയന്ത്രിക്കുമെന്നതില്‍ ചക്കയുടെ പങ്ക് തെളിയിക്കപ്പെട്ടിട്ടില്ലെന്നും സംഘടന പറയുന്നു. ആരോഗ്യമേഖല എങ്ങനെ പ്രതികരിച്ചാലും തന്റെ കണ്ടെത്തല്‍ ശരിയാണെന്ന ഉറച്ച വിശ്വാസമുണ്ട് ജെയിംസ് ജോസഫ് മൂലേക്കാട്ടിന്. പറയുന്നതിലും ചിന്തിക്കുന്നതിലും പ്രവര്‍ത്തിക്കുന്നതിലുമുള്ള ആ ഉറപ്പാണ് അദ്ദേഹത്തിന്റെ വിജയവും. ഏറ്റെടുക്കുന്ന വിഷയങ്ങളിലുള്ള ധാരണയും അര്‍പ്പണവുമാണ് ഈ യുവാവിനെ പുതിയ തലമുറയുടെ മാതൃകയാക്കുന്നത്. ഏതൊരു കോര്‍പ്പറേറ്റ് മാനേജ്മെന്റിനോടും കിടപിടിക്കുന്ന മത്സരക്ഷമതയും ദീര്‍ഘവീക്ഷണവുമുണ്ട് ഈ ചെറുപ്പക്കാരന്.
ജാക്ക ്ഫ്രൂട്ട് @ 365 തുടങ്ങുന്നതിന് വളരെ മുമ്പ് ഒരിക്കല്‍ തറവാട്ടില്‍ നിന്ന് തേന്‍വരിക്ക കഴിക്കുമ്പോള്‍ ജെയിംസിന്റെ മകള്‍ പറഞ്ഞു ഇത്ര മധുരം ഇതുവരെ കഴിച്ച ഒരു ചക്കയ്ക്കുമില്ലെന്ന്. ഈ ചക്കയുടെ മധുരം ഒരിക്കലും നഷ്ടമാകില്ല. അതുണ്ടാകുന്ന പ്ലാവ് എവിടെയെന്ന് നമുക്കറിയാമല്ലോ എന്നുകൂടി ആ ആറുവയസുകാരി പറഞ്ഞപ്പോള്‍ ജെയിംസ് അതിന്റെ പൊരുള്‍ തിരിച്ചറിഞ്ഞു. മലയാളത്തിന്റെ മണം പോലുമറിയാതെ വളരുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കുമായി അത് ജെയിസ് ഏറ്റെടുത്തു. ഏത് മേഖലയില്‍ ജോലി ചെയ്താലും കുഞ്ഞുങ്ങളെ മണ്ണിനേയും പ്രകൃതിയേയും പരിചയപ്പെടുത്താന്‍ ജെയിംസ് എല്ലാവരോടും പ്രാര്‍ത്ഥിക്കുന്നു. ഫ്ളൈറ്റിലിരുന്ന് കഴിക്കുന്ന ഭക്ഷണത്തിന് പിന്നില്‍ ഇങ്ങ് താഴെ വെയിലും മഴയും വക വയ്ക്കാത്തൊരു പ്രയത്നമുണ്ടെന്ന് കുഞ്ഞുങ്ങള്‍ അറിയണം. പ്രകൃതി ഒരുക്കുന്ന ആ ഉറവിടം രക്ഷിതാക്കള്‍ അവരെ കാണിച്ചു കൊടുക്കണം. അതാണ് ജെയിംസിന് എല്ലാ രക്ഷിതാക്കളോടും പറയാനുള്ളത്. വെറും വാക്കുകളല്ല ജെയിംസിന്റേത്. അവധി ദിവസങ്ങളില്‍ മക്കളുമൊത്ത് കൃഷിസ്ഥലങ്ങളില്‍ കറങ്ങി നടക്കുമ്പോള്‍ വിളഞ്ഞ നെല്ല് എപ്പോഴും തലകുനിച്ച് നില്‍ക്കുമെന്ന് മക്കള്‍ക്ക് നേരിട്ട് കാണിച്ചുകൊടുക്കുന്നു.
വന്‍കിട കമ്പനികളുടെ തലപ്പത്ത് ഉറപ്പുള്ള ഒരു കസേര ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നുമുണ്ട് ജെയിംസിനായി. വേണ്ടെന്ന് പറയാനാകാത്ത വിധം മോഹിപ്പിക്കുന്ന ആ കോര്‍പ്പറേറ്റ് ലോകമല്ല പക്ഷേ ജെയിംസിന്റെ സാമ്രാജ്യം. ഇവിടെ ആലുവ പുഴയില്‍ നിന്നുള്ള കാറ്റേറ്റ് പുഴക്കരയിലെ കാഴ്ച്ച കണ്ടാണ് ജെയിംസിന്റെ ഒരു ദിവസം തുടങ്ങുന്നത്. അന്തിക്ക് കൂടണയാന്‍ വെമ്പുന്ന എരണ്ടക്കൂട്ടങ്ങളുടെ അവസാന നിരയേയും യാത്രയാക്കാനും സമയമുണ്ട്. കുടുംബത്തോടൊപ്പം അസ്തമയസൂര്യന്റെ ചുവപ്പ് പടരുന്ന ആകാശം കണ്ടിരിക്കാന്‍ പിന്നേയും സമയം.
എന്തായാലും പൊതുവേ സന്തുഷ്ടനായ ജെയിംസ് ജോസഫ് ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലമാതോടെ കൂടുതല്‍ സന്തോഷത്തിലാണ്. വഴിയരികില്‍ ചക്ക കൂട്ടിയിട്ട് വില്ക്കുന്നവരും പച്ചക്കറി കടകളിലെ ചക്ക സാന്നിധ്യവും സൂപ്പര്‍മാര്‍ക്കറ്റുകളിലെ ചക്ക പായ്ക്കറ്റുകളുമൊക്കെയാണ് അദ്ദേഹത്തിന്റെ സന്തോഷം ഇരട്ടിയാക്കുന്നത്. ജെയിംസ് എഴുതിയ ‘ദൈവത്തിന്റെ സ്വന്തം ഓഫിസ്’ (ഏഛഉ’ട ഛണച ഛഎഎകഇഋ) ചക്ക മാഹാത്മ്യം മാത്രമല്ല പറയുന്നത്. പിറവം പോലെയൊരു നാട്ടിന് പുറത്ത് ജനിച്ചു വളര്‍ന്ന ഒരുനാട്ടിന്പുറത്തുകാരന്റെ ജീവിതക്കാഴ്ച്ചപ്പാടുകളാണത്. ഏതൊരു മലയാളിക്കും പ്രചോദനമാകുന്ന ഉള്ള് തുറന്നെഴുതിയ ഒരു വിജയഗാഥ. അതുകൊണ്ടാകും ഈ പുസ്തകം ആഗോളതലത്തില്‍ പോലും വായിക്കപ്പെട്ടത്. വലിയ കുളത്തിലെ വലിയ മീനാകുന്നതിനേക്കാള് ചെറിയ കുളത്തിലെ ചെറിയ മീനാകുന്നതാണ് സ്വസ്ഥമെന്ന സന്ദേശമാണ് ജെയിംസിന്റെ ജീവിതവും ദൈവത്തിന്റെ സ്വന്തം ഓഫീസും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: