2
പരശുരാമ കഥയുടെ മൂടുപടമണിഞ്ഞ് കിടക്കുന്നതെങ്കിലും കേരളത്തിലെ നമ്പൂതിരി കുടിയേറ്റത്തിന് ചുരുങ്ങിയത് രണ്ടായിരം വര്‍ഷത്തിലധികം പഴക്കം തെളിയിക്കപ്പെട്ട ചരിത്രമാണ്. അതിനാല്‍ത്തന്നെ നിരവധി മിത്തുകളാല്‍ പൊതിഞ്ഞ് കിടക്കുന്ന നമ്പൂതിരി കുടിയേറ്റത്തിന്റെ ഐതിഹ്യങ്ങളെ കഴിവതും ഒഴിവാക്കി യഥാര്‍ത്ഥ ചരിത്രം അന്വേഷിക്കാനാണ് ഇവിടെ ശ്രമം. പരമാവധി തെളിവുകള്‍ പ്രമാണമാക്കുവാനും പരിശ്രമിച്ചിട്ടുണ്ട്.
പക്ഷെ, ചരിത്രം രേഖപ്പെടുത്തി വയ്ക്കുന്ന ശീലം മലയാളിക്ക് വളരെ വൈകി കൈവന്ന കാര്യമാണ്. ഈ ഒരു ശീലം തുടങ്ങുന്നത് ഏതാണ്ട് എ ഡി (ക്രിസ്തുവിന് പിന്‍പ്) ഏഴാം നൂറ്റാണ്ടിനോട് അടുപ്പിച്ച് മാത്രമാണ് എന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാം. അതിനാല്‍ത്തന്നെ കേരളത്തിലേക്കുള്ള നമ്പൂതിരി കുടിയേറ്റത്തിന്റെ കാലവും അതുതന്നെയാണെന്ന് പഴയകാല ചരിത്രകാരന്മാര് പലരും സിദ്ധാന്തിക്കുന്നത് കാണാം. എന്നാല്‍ കേരളത്തിലെ നമ്പൂതിരി കുടിയേറ്റത്തിന് അതിലും എത്രയോ പഴക്കം ഉണ്ട് എന്ന് തന്നെയാണ് സൂചനകള്‍. കാരണം ക്രിസ്തുവിനു മുമ്പ് രചിക്കപ്പെട്ട ചില സംഘകാല കൃതികളിലെ പരാമര്‍ശങ്ങള്‍ നല്കുന്ന സൂചന ആ കൃതികളുടെ രചനയ്ക്കും എത്രയോ മുമ്പുതന്നെ വളരെ സംഘടിതമായ നമ്പൂതിരി അധിവാസം കേരളത്തിലെ ചിലയിടങ്ങളിലെങ്കിലും ഉണ്ടായിരുന്നു എന്നാണ്. പെട്ടെന്ന് ഒരുനാള്‍ സംഭവിക്കുന്നൊരു കാര്യമല്ലല്ലോ ഇത്തരം കുടിയേറ്റങ്ങള്‍. ചെറു സംഘങ്ങളായി പലപ്പോഴായി വന്നുചേര്‍ന്ന വലിയൊരു കൂട്ടമാണ്ഇവിടുത്തെ നമ്പൂതിരി സമൂഹം. അതായത്, ഏഴാം നൂറ്റാണ്ടില്‍ പെട്ടെന്നൊരു നാള് വന്ന് പാര്‍ത്ത ഒരു സമൂഹമല്ല ഇത് എന്നുതന്നെ അനുമാനിക്കേണ്ടിയിരിക്കുന്നു. ക്രിസ്തുവിനും ഏറെ മുമ്പ് എന്നോ തുടങ്ങിയ കുടിയേറ്റങ്ങള്‍ ഏതാണ്ട് ഏഴാം നൂറ്റാണ്ട് വരെ തുടര്‍ന്നെന്നോ അല്ലെങ്കില്‍ പാരമ്യതയില്‍ എത്തിയെന്നോ മാത്രമേ പറയാന്‍ സാധിക്കൂ. എന്തായാലും ഒരു കേരളീയ സമൂഹം എന്ന നിലയ്ക്ക് ഇവിടുത്തെ ആചാര വിചാര ധാരകളിലും, സാമൂഹിക സാംസ്കാരിക ഗതിവിഗതികളിലും നമ്പൂതിരിമാരുടെ പങ്ക് ആര്‍ക്കും നിഷേധിക്കാവുന്ന ഒന്നല്ല.
ആര്യന്മാരുടെ കുടിയേറ്റം എന്ന പേരില്‍ നമ്പൂതിരി കുടിയേറ്റത്തെ പരാമര്‍ശിച്ച് കാണാറുണ്ട് പലപ്പോഴും. പക്ഷെ നമ്പൂതിരി കുടിയേറ്റത്തെ മാത്രമായി ഈ ഒരു ശ്രേണിയില്‍ പെടുത്തുന്നത് എത്ര കണ്ട് യുക്തി സഹമാണെന്ന് ഈ ഒരു അന്വേഷണത്തിനിടയ്ക്ക് എനിക്ക് പലപ്പോഴും ഉടലെടുത്ത ഒരു സംശയമാണ്. ആര്യന്മാര് എന്ന പദം കൊണ്ട് ഉത്തരേന്ത്യയില്‍ നിന്ന് ഇവിടേക്ക് കുടിയേറിയ, സംസ്കൃതം പ്രധാന ഭാഷയാക്കിയ, അല്ലെങ്കില്‍ സംസ്കൃത നിബദ്ധമായ വൈദിക സംസ്കാരവും കൊണ്ട് ഇവിടേക്ക് എത്തിയ ഒരു സമൂഹം എന്ന് മാത്രമാണ് അര്‍ത്ഥമാക്കേണ്ടത്. ചാതുര്‍വര്‍ണ്യം എന്നത് വൈദിക സംസ്കാരത്തിന്റെ ഒരു ഉപോത്പന്നമാണ്. അതിനാല്‍ത്തന്നെ കേരളത്തിലേക്കുള്ള ആര്യന്മാരുടെ അധിവാസം എന്നത് കൊണ്ട് ബ്രാഹ്മണര്‍ക്ക് മുന്‍ തൂക്കമുള്ള മുഴുവന്‍ വര്‍ണങ്ങളുടേയും ഒരു കുടിയേറ്റമായിക്കൂടേ. അതിനും പുറമെ കേരളത്തില്‍ ബുദ്ധമതത്തിന്റേയും, ജൈനമതത്തിന്റേയും എല്ലാം വ്യക്തമായ സാന്നിധ്യം ഉണ്ടായിരുന്നുവെന്നത് ചരിത്രകാരന്മാരെല്ലാം അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്നുണ്ട്. വൈദിക സംസ്കൃതിയില്‍നിന്നുവേര്‍പിരിഞ്ഞ് സ്വതന്ത്ര മതഘടനയുടെ രൂപത്തിലേക്ക് മാറിയ രണ്ട് മതങ്ങള്‍ ആണ് ഇവ. അതായത്,വര്‍ഗ്ഗം എന്ന നിലയ്ക്ക് ഇവരും ആര്യന്മാര്‍തന്നെ. ഇതെല്ലാം പരിഗണിക്കുമ്പോള്‍ കേരളത്തിലെ ആര്യവത്കരണം എന്ന പദ പ്രയോഗത്തില്‍ പലപ്പോഴും നമ്പൂതിരിയെന്ന് മാത്രം നിരൂപിക്കുന്നത് തെറ്റാകാം എന്ന് തന്നെയാണ് എന്റെ നിഗമനം. കൂടുതല്‍ ആഴത്തിലുള്ള പഠനം ഈ ഒരു വിഷയത്തെ അധികരിച്ച് ഉണ്ടാകേണ്ടതുണ്ട് എന്നും നമ്പൂതിരി കുടിയേറ്റങ്ങളുമായി ബന്ധപ്പെട്ട ചരിത്രാന്വേഷണത്തിനിടെ ബോധ്യപ്പെട്ടിരുന്നു.
കേരളത്തിലെ നമ്പൂതിരിമാരുടെ കുടിയേറ്റത്തിന്റെ ചരിത്രം അന്വേഷിക്കുന്ന ഈ ഉദ്യമത്തില്‍ കാണിപ്പയ്യൂര്‍ ശങ്കരന് നമ്പൂതിരിപ്പട് രചിച്ച ”ആര്യന്മാരുടെ കുടിയേറ്റം കേരളത്തില്‍” എന്ന കൃതിപരാമര്‍ശിക്കാതെ പോകുന്നത് അനുചിതമാണ്. നമ്പൂതിരിമാരുടെ മാത്രം ചരിത്രം തിരഞ്ഞ് എഴുതപ്പെട്ട ആദ്യത്തെ സമഗ്രമായ കൃതികൂടിയാണിത്. നാല് വോള്യങ്ങളായി പ്രസിദ്ധീകരിച്ച ഈ കൃതി നമ്പൂതിരിമാരുടെ ചരിത്രം മാത്രമല്ല, അതിനു പുറമെ ഇതര ജാതി വിഭാഗങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. നമ്പൂതിരി സമുദായത്തിന്റെ മുഴുവന്‍ ആചാര വിചാര ധാരകളേയും പരാമര്‍ശിക്കുന്ന ഒരു കൃതി എന്ന നിലയ്ക്ക് പഴയ കാല നമ്പൂതിരിമാരുടെ യഥാര്‍ത്ഥ ചിത്രം വരച്ചുതരുന്നുമുണ്ട് ഇത്. അങ്ങനെയൊക്കെയെങ്കിലും, ലക്ഷണമൊത്ത ചരിത്ര ഗ്രന്ഥമായി പരിഗണിക്കാനാകില്ല എന്നത് ഈ കൃതിയുടെ വലിയൊരു പോരായ്മയാണ്. നമ്പൂതിരിമാരുടെ ചരിത്രം രചിക്കുക എന്നതിനേക്കാള്‍ ചരിത്രകാരനായ ഇളംകുളം കുഞ്ഞന്‍ പിള്ളയ്ക്കുള്ള മറുപടി എന്ന നിലയ്ക്കാണു കാണിപ്പയ്യൂര്‍ ഈ ഗ്രന്ഥം രചിക്കാന്‍ തുടങ്ങുന്നത്. ഇളങ്കുളത്തിന്റെ രചനകളില്‍ നമ്പൂതിരിമാര്‍ നിരന്തരം അപഹസിക്കപ്പെടുന്നു എന്നാരോപിച്ച് അല്‍പ്പം കടുത്ത ഭാഷയില്‍ ഇളംകുളത്തിനു മറുപടി കൊടുക്കുവാന്‍ ഈ കൃതിയില്‍ത്തന്നെ പലയിടത്തും ശ്രമിച്ചിരിക്കുന്നത് കാണാം. അതിനാല്‍ത്തന്നെ പൂര്‍ണ്ണമായും നമ്പൂതിരി പക്ഷപാതിത്തമുള്ള കൃതി എന്ന വിശേഷണം ആദ്യമേ തന്നെ ഇതിന് വന്നു. ഒപ്പം രേഖകള്‍ക്കും, തെളിവുകള്‍ക്കും പകരം കേട്ടുകേള്‍വികളെ പലയിടത്തും ആശ്രയിച്ചിരിക്കുന്നതും ചരിത്ര രചനയുടെ സ്വഭാവം ഈ കൃതിക്ക് നല്‍കുന്നില്ല.
ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി കേരള ചരിത്രത്തിലേക്കും, നമ്പൂതിരി അധിവാസ കേന്ദ്രങ്ങളെക്കുറിച്ചും അക്കാലത്തെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ കാലാവസ്ഥകളെക്കുറിച്ചുമുള്ള തികച്ചും ആധികാരികവും ലക്ഷണത്തികവാര്‍ന്നതുമായ രണ്ട് കൃതികളെ കൂടി ഈ എഴുത്ത് ഉദ്യമത്തിന്റെ മുന്നൊരുക്കം എന്ന ഈ അദ്ധ്യായത്തില്‍ ചേര്‍ക്കേണ്ടതുണ്ട്. അതില്‍ ഒന്ന് കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ ചരിത്രകാരന്മാരില് ഒരാളായ ഡോ: എം.ജി.എസ്. നാരായണന്റെ ‘പെരുമാള്‍സ് ഓഫ് കേരള’ എന്ന കൃതിയാണ്. കുലശേഖര ഭരണത്തിന് കീഴില്‍ കേരളത്തിലുണ്ടായിരുന്ന സാമൂഹിക, രാഷ്ട്രീയ അവസ്ഥകളെ ഇഴകീറി പരിശോധിച്ചുകൊണ്ട് എഴുതിയ ഈ കൃതിയില്‍ കേരളത്തിലെ മുപ്പത്തി രണ്ട് നമ്പൂതിരി ഗ്രാമങ്ങള്‍ക്കും അന്നത്തെ ഒരു രാഷ്ട്രീയ കാലാവസ്ഥയില്‍ ഉണ്ടായിരുന്ന സ്ഥാനത്തെ വളരെ വിശദമായി അപഗ്രഥിക്കുന്നുണ്ട്. പുരാരേഖകളും, ലിഖിതങ്ങളും, ചെപ്പേടുകളും, ശിലാ ശാസനങ്ങളും, താമ്രപത്രങ്ങളും, എന്നിങ്ങനെ കിട്ടാവുന്ന മുഴുവന്‍ സാധ്യതകളും പരിശോധിച്ച് എഴുതിയ കൃതി ഈ മേഖലയില്‍ കേരളത്തില്‍ നിന്നുണ്ടായിട്ടുള്ള ഏറ്റവും മികച്ച ഗ്രന്ഥമായാണ് പരിഗണിക്കപ്പെടുന്നത്. പില്ക്കാല കേരള ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ഈയൊരു കൃതിയിലൂടെ അദ്ദേഹം തെളിച്ച പാത അതിവിശാലവും തികച്ചും ആശ്വാസദായകവുമാണ്.
എംജിഎസിന്റെ പെരുമാള്‍സ് ഓഫ് കേരളയില്‍ പരാമര്‍ശിക്കുക മാത്രം ചെയ്തിട്ടുള്ള ബ്രാഹ്മണ സങ്കേതങ്ങളെക്കുറിച്ചും അതിന്റെ സാമൂഹിക ചുറ്റുപാടുകളെക്കുറിച്ചും കുറേക്കൂടി ആധികാരികമായി അവതരിപ്പിക്കുന്ന കൃതിയാണു ഡോ: കേശവന് വെളുത്താട്ട് രചിച്ച ‘ബ്രാഹ്മിണ്‍സ് സെറ്റില്‍മെന്റ് ഇന്‍ കേരള’. കേരളത്തിലെ നിലവിലുള്ളതും തീരേ നാമാവശേഷമായതും ആയ മുഴുവന്‍ അധിവസ കേന്ദ്രങ്ങളേയും, അവയുടെ കേന്ദ്രമായി വര്‍ത്തിച്ച ക്ഷേത്രങ്ങളേയും ഈ കൃതിയില്‍ കൃത്യമായി നിര്‍ണ്ണയിച്ച് അപഗ്രഥിക്കുന്നുണ്ട്. നിലവില്‍ ലഭ്യമായ എല്ലാ തെളിവുകളുടേയും അടിസ്ഥാനത്തില്‍ കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ബ്രാഹ്മണ അധിവാസ കേന്ദ്രം പെരുംചെല്ലൂര് ആണ് എന്നും അദ്ദേഹം അസന്ദിഗ്ദ്ധമായി വ്യക്തമാക്കുകയാണ് ഈ കൃതിയില്‍.
ഈ രചനയ്ക്ക് ഞാന്‍ അവലംബമാക്കിയ ചില പുസ്തകങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് ഇവിടെ ചെയ്തത്. ഇവയ്ക്ക് പുറമെ ഏതാണ്ട് ഇരുന്നൂറോളം വിവിധ ഗ്രന്ഥങ്ങളും, വിവിധ രേഖകളും ഇതിന്റെ രചനയ്ക്കായി പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പുറമെ ശ്രീ ഡോ: എം.ജി.എസ്. നാരായണന്, ശ്രീ ഡോ: കേശവന് വെളുത്താട്ട് തുടങ്ങിയ ചരിത്രകാരന്മാര് ഉള്‍പ്പടെ നിരവധിപേരുമായി ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തും, വിവരങ്ങള്‍ ആരാഞ്ഞുമാണ് ഈ രചന.
എന്തായാലും ഐതിഹ്യ നിബദ്ധമായ നമ്പൂതിരി കുടിയേറ്റ ചരിത്രം പരിശോധിച്ചാല്‍ നിരവധി വീക്ഷണങ്ങള്‍ നമുക്ക് കണ്ടെത്തുവാന്‍ സാധിക്കും. ഓരോ ചരിത്ര രചയിതാക്കളും ഓരോ വീക്ഷണങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. അവയോരോന്നും നമുക്ക് കേട്ട് നോക്കാം, അവയില്‍ നിന്ന് വേണ്ടത് ഉള്‍ക്കൊള്ളാം. ഈ ഐതിഹ്യങ്ങളെ ലഭ്യമായ തെളിവുകളുടേയും, നിരവധിയായ സാഹിത്യ കൃതികളുടേയും അടിസ്ഥാനത്തില്‍ സമന്വയിപ്പിച്ച് ഈ വിഷയത്തില്‍ ഞാനും എന്റെ വീക്ഷണത്തെ അവതരിപ്പിക്കാന്‍ ശ്രമിക്കയാണ്. ബ്രാഹ്മണ കുടിയേറ്റത്തിന്റെ ചരിത്രമാണ് അന്വേഷിക്കാന്‍ ശ്രമിക്കുന്നതെങ്കിലും സത്യത്തില്‍ ഇത് പെരുംചെല്ലൂര് എന്ന ഗ്രാമത്തിനെ മുന്‍ നിര്‍ത്തിയുള്ള ഒരു അന്വേഷണമാണ്. ഇതിനെ ഒരു സമയരഥമേറിയുള്ള പിന്‍യാത്രയായി സങ്കല്പ്പിച്ചാല് വഴിയില്‍ കാണുന്ന അവശേഷിപ്പുകള്‍ നമുക്ക് തെളിവുകളാണ്. അവ ശേഖരിച്ച് നമുക്ക് യാത്ര തുടരാം. പറ്റാവുന്നിടത്തോളം ദൂരം. യഥാര്‍ത്ഥ ചരിത്രം നമുക്ക് മുന്നില്‍ അനാവൃതമാവും എന്ന് പ്രത്യാശിക്കാം.
(തുടരും)
അടുത്തഭാഗം ഇവിടെ വായിക്കാം
കേരളോല്‍പ്പത്തി; മിത്തും യാഥാര്‍ത്ഥ്യവും
ഭാഗം ഒന്ന് ഇവിടെ വായിക്കാം:
പ്രതികരിക്കാൻ ഇവിടെ എഴുതുക: