കത്തിപ്പടരുന്ന അക്ഷരങ്ങളും വാക്കുകളും അടുക്കിയ കവിതകളുമായി രണ്ടുതലമുറകളെയെങ്കിലും ത്രസിപ്പിച്ച ബാലചന്ദ്രന് ചുള്ളിക്കാട് തന്റെ കവിതകള്‍ പാഠപുസ്തകമാക്കരുതെന്നും ഭാഷാജ്ഞാനവും ശുദ്ധിയുമില്ലാത്ത അദ്ധ്യാപകര്‍ പഠിപ്പിക്കരുതെന്നും എറണാകുളത്തു നടത്തിയ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടത് ഭാഷാസ്നേഹികളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. മലയാളികള്‍ തന്നെ മലയാളത്തെ കൊല്ലാക്കൊല ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം പോകുന്നത്. എന്താണ് ഭാഷാശുദ്ധി, ഏതാണ് ശരി മലയാളം എന്നതിനെപ്പറ്റി ഭാഷാപണ്ഡിതന്മാര്‍ക്കുപോലും യോജിപ്പുണ്ടെന്ന് തോന്നുന്നില്ല. അവര്‍ തയ്യാറാക്കിയ ഭാഷാശാസ്ത്ര ഗ്രന്ഥങ്ങളില്‍ ആ ഭിന്നത പ്രകടമാണുതാനും. പ്രസിദ്ധരും പ്രഗത്ഭരുമായ സാഹിത്യനായകരുടെ സൃഷ്ടികളിലെ വികലഭാഷ പ്രയോഗങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള നിരൂപണങ്ങളും ധാരാളം വന്നിട്ടുണ്ട്. ഉത്തമമായ ഭാഷാശൈലി ഏതെന്നെതിനെപ്പറ്റിയും അഭിപ്രായൈക്യമില്ല. ഗ്രാമ്യഭാഷയും, ‘ഹീന’ജാതിക്കാരുടെ ഭാഷയും ഉപയോഗിക്കുന്നത് ശരിയല്ല എന്ന വാദം പണ്ടുണ്ടായിരുന്നു. തനി മലയാള പദങ്ങള്‍ പ്രയോഗിക്കുന്നതും അന്തസ്സിനു കുറവായി ഒരുകാലത്തുകണ്ടിരുന്നു. അതേസമയത്ത് പച്ചമലയാള കവിതാ സൃഷ്ടി സാഹിത്യത്തിന്റെ ഒരു പ്രസ്ഥാനമായിത്തീര്ന്ന അവസരങ്ങളുമുണ്ടായി.
ഭാഷ സജീവമായ സത്തയാകയാല്‍ അതിനെ ഒരിക്കലും ഒരിടത്തു കെട്ടിയിടാന്‍ ആര്‍ക്കും സാധ്യമല്ല. അതെന്നും പുതിയ പുതിയ ആശയങ്ങള്‍ സ്വീകരിച്ചും ഉള്‍ക്കൊണ്ടും വളര്‍ന്നുകൊണ്ടേയിരിക്കും. പുതിയ പുതിയ വാക്കുകളെ ഇതരഭാഷകളില്‍നിന്നു കൈക്കൊണ്ടുമാത്രമേ വളര്‍ച്ച സാധ്യമാകൂ.
കുട്ടികള്‍ക്കു പേരിടുന്നതില്‍ ആ പ്രവണത നമുക്ക് കാണാം. തമിഴിന്റെ തനിമ നിലനിര്‍ത്താനായി അവിടുത്തുകാര്‍ പേരുകള്‍ പരിഷ്കരിച്ച കാലമുണ്ടായിരുന്നു. അങ്ങനെയാണല്ലോ നെടുഞ്ചേഴിയനും, നെടുമാരനും, കനിമൊഴിയും, മെയ്യഴകനും, മതിയഴകനും, പേരറിവാളനുമൊക്കെ ഉണ്ടായത്. ഇപ്പോള്‍ ആ പ്രവണത മാറിവരുന്നുണ്ട്. മലയാളിയാകട്ടെ തനിമലയാളപ്പേരുകള് ഇഷ്ടപ്പെടുന്നില്ലെന്നു തോന്നുന്നു. പുലയസമുദായക്കാരുടെ പേരുകളായിരുന്നു വെള്ളക്കലി, കിളിയന്‍, അണിഞ്ചന്‍, അമരക്കിളി, പൊലിയാള്‍, കിളിയാള്, കണക്കുറായി മുതലായവ. അവ മനോഹരമായ കവിതാസങ്കല്പ്പങ്ങളും ആത്മീയതത്വങ്ങളും ദര്‍ശനങ്ങളും ഉള്‍ക്കൊള്ളുന്നവയാണ്. പുലയര്‍, പുലവര്‍ മുതലായ വാക്കുകള്‍ തമിഴ് സംസ്കാരത്തിലെ മഹാപാണ്ഡിത്യത്തെ സൂചിപ്പിക്കുന്നവയായിരുന്നു.
പണ്ട് തിരുവനന്തപുരം ശാഖയില്‍ തമിഴ് സാഹിത്യവിദ്യാര്‍ത്ഥിയായിരുന്ന ഒരു സുബ്രഹ്മണ്യം ഉണ്ടായിരുന്നു. അദ്ദേഹത്തിന് സര്‍വകലാശാല പുലവര്‍ ബഹുമതി നല്കി. പിന്നീട് പുലവര്‍ സുബ്രഹ്മണ്യം എന്നാണറിയപ്പെട്ടത്. വളാഞ്ചേരിയില്‍ ആദ്യമായി പോയ സമയത്ത് 1967 ല്‍ അവിടെ സംഘശാഖ തുടങ്ങിയിരുന്നില്ല. വളാഞ്ചേരിക്ക് ഇന്നു കാണുന്ന സമ്പല്‍സമൃദ്ധിയും ഗാംഭീര്യവും വന്നിട്ടുമില്ല. രണ്ടുമൂന്നു കെട്ടിടങ്ങളൊഴികെ എല്ലാം ഓലമേഞ്ഞവയായിരുന്നു.
കമ്യൂണിസം തലയ്ക്കുപിടിച്ച കുറേ ചെറുപ്പക്കാരും ഏതാനും അധ്യാപകരും 1967 ല്‍ പാര്‍ട്ടി മുസ്ലിംലീഗുമായി കൂട്ടുചേര്‍ന്നതില്‍ പ്രതിഷേധിച്ച് ജനസംഘത്തില്‍ ചേരാന്‍ ആഗ്രഹിക്കുകയും അവരുടെ ക്ഷണപ്രകാരം വളാഞ്ചേരിയില്‍ പോകാന്‍ അവസരമുണ്ടാകുകയുമായിരുന്നു. അവിടെ കൂടിയവരോട് ജനസംഘത്തെപ്പറ്റി സംസാരിച്ചശേഷം സംഘശാഖ കൂടി ആരംഭിക്കണമെന്ന നിര്‍ദ്ദേശം വെയ്ക്കുകയും അവര്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. പിന്നീട് അവിടെ ചെന്ന് ശാഖയില്‍ പങ്കെടുത്ത് പരിചയപ്പെട്ടപ്പോള്‍ സ്വയംസേവകരില്‍ ബഹുഭൂരിപക്ഷവും പുലയസമുദായക്കാരാണെന്നു കണ്ടു. അവരില്‍ത്തന്നെ ആറേഴു കണക്കുറായിമാര്. കണക്കില്‍ രാജാക്കന്മാരായിരുന്നോ അവരുടെ പൂര്‍വികര്‍? ഇപ്പോള്‍ അവിടെ ഒറ്റ കണക്കുറായിയുമില്ല. വടക്കെ മലബാറിലെ കണക്കനും പൊക്കനും, ഉക്കാരനും, കേളനും, കോരനും അമ്പുവും കുഞ്ഞമ്പുവും, കറപ്പനും, വെളുത്തയും ആരും ഇനി ഉണ്ടാവില്ല. അവയൊക്കെ മാറി ഇപ്പോള്‍ സിനിമാതാരങ്ങളുടെയും രാഷ്ട്രീയനേതാക്കളുടെയും പേരുകള്‍ക്കാണ് ഫാഷന്‍. ഹിന്ദി, ബംഗാളി, സംസ്കൃത പേരുകളും ഇപ്പോള്‍ കടന്നുവരുന്നുണ്ട്. ഹിന്ദുക്കള്‍ക്കിടയിലെ ഈ പ്രവണത അതിലും രൂക്ഷമായി മുസ്ലിങ്ങള്‍ക്കിടയില്‍ വന്നുകൂടിയിട്ടുണ്ട്. അറേബ്യ, ഇറാന്, ഇറാഖ്, സിറിയ, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളിലെ ഭീകരവാദി പ്രമുഖരുടെ പേരുകളാണ് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് അവര്‍ നല്‍കുന്നത്. വേഷവിധാനങ്ങളിലും സമാനമായ മാറ്റങ്ങള്‍ കാണാം.
ആപാദചൂഡം കറുത്ത ഹിജാബില്‍ മൂടി മദ്രസയിലേക്ക് പോകുന്ന അഞ്ചുവയസ്സുകാരികള് ഇന്ന് നാട്ടിന്‍പുറങ്ങളിലെ സാധാരണ കാഴ്ചയാണ്. അരനൂറ്റാണ്ടുമുന്‍പ് മട്ടാഞ്ചേരിയിലോ പൊന്നാനിയിലോ കണ്ണൂര്‍ സിറ്റിയിലോ അപൂര്‍വമായി മാത്രം കാണാന്‍ കഴിഞ്ഞിരുന്ന വേഷമാണ് ഇന്നിങ്ങനെ പുരോഗമനം നേടിയിരിക്കുന്നത്.
നമ്മുടെ മലയാള ഭാഷയ്ക്കുവന്ന ഗതിയെപ്പറ്റി ബാലചന്ദ്രന് ചുള്ളിക്കാട് നടത്തിയ അഭിപ്രായത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രകരണം തുടങ്ങിയത്. നമ്മുടെ തനിമയുടെ ഭാഗമായിരുന്ന പലതിലും ഉണ്ടായ മാറ്റത്തെ കാണിക്കാന്‍ ഈ ശാഖാചംക്രമണം നടത്തിയെന്നേയുള്ളൂ.
മലയാളത്തെ കേരളത്തിന്റെ ഔദ്യോഗികഭാഷയായി കാണാന്‍ നമ്മുടെ ജീവിതകാലത്ത് കഴിയുമെന്ന പ്രതീക്ഷ ഇന്നില്ല. ഔദ്യോഗികഭാഷ എന്നൊന്നുണ്ടെന്നല്ലാതെ നിര്‍ണായകമായ ഒരു നടപടിയും അവിടെ നടക്കുന്നില്ല. സര്‍ക്കാര്‍ തലത്തില്‍ മലയാളത്തിന് പ്രോത്സാഹനവും കിട്ടുന്നുണ്ടെന്ന് തോന്നുന്നില്ല. ഉദ്യോഗസ്ഥരുണ്ടാകാം, അവര്‍ക്ക് ശമ്പളം വാങ്ങുന്നതില്‍ കവിഞ്ഞ് എന്തെങ്കിലും ചെയ്യാനാവുമോ എന്നും സംശയമാണ്. മലയാളത്തിന് ഒരു സര്‍വകലാശാലയുണ്ട്. അവിടുത്തെ ഘടനയില്‍ ഇംഗ്ലീഷ് സാങ്കേതിക പദങ്ങളുടെ സര്‍വാധിപത്യമാണ് എന്ന് കേള്‍ക്കുന്നു. ആ സ്ഥാപനത്തെ തികച്ചും മലയാളമയമായ ഒരു ഉന്നതപഠന കേന്ദ്രമാക്കാന്‍ ആര്‍ക്കെങ്കിലും താല്‍പ്പര്യമോ ഉത്സാഹമോ ഉണ്ടെന്ന് തോന്നുന്നില്ല.
1938 ല്‍ സര് സി.പി. രാമസ്വാമി അയ്യരുടെ ഉത്സാഹത്തില്‍ ആരംഭിച്ച തിരുവിതാംകൂര്‍ സര്‍വകലാശാല മലയാളത്തെ അഭിവൃദ്ധിപ്പെടുത്താന്‍ ലക്ഷ്യമിട്ട കാര്യങ്ങള്‍ നോക്കുക. ഒന്ന്: ശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടുത്തങ്ങളേയും, കലയിലും സംസ്കാരത്തിലുമുള്ള ആധുനിക പ്രവണതകളേയും വിശദീകരിക്കാന്‍ പര്യാപ്തമാകുമാറ് മലയാള ഭാഷയ്ക്ക് പുതിയ പദസമ്പത്ത് ലഭ്യമാക്കുക. രണ്ട്: രാഷ്ട്ര സാംസ്കാരിക വിഷയങ്ങളിലുള്ള മികച്ച കൃതികള്‍ പ്രസിദ്ധപ്പെടുത്തുക. മൂന്ന്: ലോകത്തിലെ മറ്റ് ഭാഷകളില്‍ നിന്നുള്ള ക്ലാസിക്കുകള്‍ വിവര്‍ത്തനം ചെയ്യുക. നാല്: കേരളത്തിന്റെയും കേരള സംസ്കാരത്തിന്റെയും സമഗ്രമായ ചരിത്രനിര്‍മിതിക്ക് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുക.
ഈ ലക്ഷ്യങ്ങള്‍ സര് സി.പി. പോയശേഷം ഏഴുപതിറ്റാണ്ടുകൊണ്ട് എത്ര സാക്ഷാത്കരിക്കപ്പെട്ടുവെന്ന് നോക്കുമ്പോള്‍ നിരാശയാവും അനുഭവം. സാമുദായിക, മത, രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മേധാവിത്വം സ്ഥാപിച്ച കേരളത്തില്‍ ഇതൊക്കെ കേരളത്തിന്റെ സവിശേഷ അസ്മിതയെ നിഷേധിക്കുന്ന തരത്തിലാണ് നീങ്ങിയത്.സ്വാതന്ത്ര്യത്തിനു മുന്‍പുണ്ടായിരുന്ന സ്ഥാനം ഇന്ന് മലയാളത്തിന് അവകാശപ്പെടാന്‍ ആവുമോ? സി.പി. രാമസ്വാമി അയ്യരെ ദിവാനായി നിയമിച്ച രാജകല്പന മലയാളത്തില്‍ എഴുതപ്പെട്ട്, രാജാവ് തുല്യം ചാര്‍ത്തിയ ‘നീട്ട്’ ആയിരുന്നു എന്നോര്‍ക്കുക.
വ്യാകരണനിയമങ്ങളും ഭാഷാശൈലിയും; അര്‍ത്ഥം മനസ്സിലാക്കാന്‍ എത്രകണ്ട് ആവശ്യമാണെന്ന് പറയേണ്ടതില്ല. ഞാനുപയോഗിക്കുന്ന വാക്കുകള്‍ക്ക് ഞാന്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥം തന്നെയുണ്ടാവണേയെന്ന് പാര്വതീപരമേശ്വരന്മാരോട് പ്രാര്‍ത്ഥിച്ച ഒരു കവി നമുക്കുണ്ടായിരുന്നു, കാളിദാസന്.
മന്ത്രിമാരുടെ എഴുത്തുകുത്തുകളും, നീതിന്യായ കോടതി നടപടികളും മലയാളത്തിലാക്കുമ്പോള്‍ മലയാളത്തിന് അര്‍ഹമായ സ്ഥാനം തനിയെ വന്നുചേരും. വ്യാകരണമറിയുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാകണം അധ്യാപകര്‍ എന്ന് ഉറപ്പുവരുത്തണം; ചോദ്യക്കടലാസ് വായിക്കാനെങ്കിലും അറിയുന്നവരാകണം പരീക്ഷാര്ത്ഥികളെന്നും. കവിയുടെ രോഷം നിറഞ്ഞ രോദനം നമ്മുടെ വിദ്യാഭ്യാസ തമ്പുരാക്കന്മാരുടെയും പഠിപ്പീരുകാരുടേയും കണ്ണും കാതും തുറപ്പിക്കാന്‍ ഇടവരുത്തുമോ?
തന്റെ കവിത പാഠപുസ്തകമാക്കുകയോ പഠിപ്പിക്കുകയോ വേണ്ട എന്ന് കവി ആവശ്യപ്പെടുമ്പോള്‍, അങ്ങനെയാക്കാനായി, പുസ്തകങ്ങള്‍ ഭംഗിയായി അച്ചടിപ്പിച്ച് പാഠപുസ്തകസമിതിയംഗങ്ങളുടെയും പാര്ട്ടിയാപ്പീസുകളുടെയും തിണ്ണനിരങ്ങുന്നവരും ധാരാളമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: