കാലടി : കാലടി ശ്രീ ശങ്കരാ കോളേജിലെ കലാ സാംസ്കാരിക ഗവേഷണ സംഘടനയായ റിനൈസന്‍സിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ ഡോക്യുഫിക്ഷന് തീപ്പാതിയുടെ ആദ്യ പ്രദര്‍ശനം നടന്നു. ഡോക്യുഫിക്ഷന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. ശങ്കര കോളേജിലെ ബിഎസ് സി ബയോ ടെക്നോളജി അവസാന വര്‍ഷ വിദ്യാര്‍ഥി മനീഷ മാധവനാണു സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അങ്കമാലി കാര്‍ണിവല്‍ തിയറ്റര്‍ കോംപ്ലക്സിലെ മാമാങ്കം ഓഡിറ്റോറിയത്തിലായിരുന്നു ആദ്യ പ്രദര്‍ശനം. ശങ്കര കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ. എ അജിത്കുമാര്‍ ആദ്യപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. റിനൈസന്‍സ് കോഡിനേറ്റര്‍മാരായ ഡോ. സി. കെ. സുജീഷ്, പ്രൊഫസര്‍ എന്‍. എസ് ശ്രീദേവി എന്നിവര്‍ സന്നിഹിതരായിരുന്നു.
രണ്ടു വര്‍ഷത്തെ തെയ്യക്കാലങ്ങളിലായിരുന്നു തീപ്പാതിയുടെ ചിത്രീകരണകാലം. പത്തു തെയ്യങ്ങളുടെയും തെയ്യം കലാകാരന്മാരുടേയും അരങ്ങും അണിയറയുമാണു ഡോക്യുഫിക്ഷനിലെ പ്രതിപാദ്യം. അനുഷ്ഠാനകലയായ തീത്തെയ്യങ്ങളെക്കുറിച്ചുള്ള വിപുലമായ പഠനമാണ് ചിത്രം. തുലാം പത്തിനു തുടങ്ങുന്ന തെയ്യക്കാലത്തിന്റെ പിറവിയോടു കൂടിയാണ് ചിത്രീകരണം ആരംഭിച്ചത്. നീണ്ടനാളത്തെ ഗവേഷണത്തിനു ശേഷമൊരുക്കിയ ഡോക്യുഫിക്ഷനില്‍ തെയ്യങ്ങളെക്കുറിച്ചുള്ള സമഗ്രചിത്രം വ്യക്തമാകുന്നു. കാഞ്ഞങ്ങാട്, കാസര്‍കോഡ്, പയ്യന്നൂര്‍ മേഖലകളിലായിരുന്നു പ്രധാന ലൊക്കേഷന്‍. ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നതു മണി ബി. ടി, ടൈറ്റില്‍ ഡിസൈന്‍ ഡിബിന്‍ കെ ധര്‍മ്മേന്ദ്രന്‍.
മുന്‍പും ഹൃസ്വചിത്രങ്ങളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധ നേടിയ റിനൈസന്‍സിന്റെ പത്തൊമ്പതാമതു സംരംഭമാണ് തീപ്പാതി ഡോക്യു ഫിക്ഷന്‍. ക്യാംപസ് നവോത്ഥാനത്തിന്റെ പതിനഞ്ചാം ആണ്ടിലേക്ക് കടന്നിരിക്കുകയാണു കാലടി ശ്രീ ശങ്കര കോളേജിലെ കലാ-സാംസ്കാരിക-ഗവേഷണ സംഘടനയായ റിനൈസന്‍സ്. നിറവാര്‍ന്ന പ്രവര്‍ത്തനമികവാല്‍ ഇതിനോടകം തന്നെ നിരവധി മേഖലകളില്‍ സാന്നിധ്യം അറിയിക്കാന്‍ റിനൈസന്‍സിന് സാധിച്ചു. ഷോര്‍ട്ട് ഫിലിമുകള്‍, ഡോക്യുമെന്ററി, തെരുവ് നാടകം, ഫിലിം ക്യാമ്പ്, ഫിലിം ഫെസ്റ്റിവല്‍, നാടകപരിശീലനം, ക്ലാസ്റൂം തിയറ്റര്‍, പുസ്തകപ്രസാധനം, പത്രപ്രവര്‍ത്തക പരിശീലനം, പ്രകൃതിപഠനയാത്രകള്….റിനൈസന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ കടന്നെത്താത്ത മേഖലകള്‍ ചുരുക്കം.
ശ്രീ ശങ്കര കോളേജിലെ സുവര്‍ണ്ണജൂബിലി വര്‍ഷമായ 2003ലാണ് റിനൈസന്‍സ് കൂട്ടായ്മ പ്രവര്‍ത്തനം ആരംഭിച്ചത്. അധ്യാപക വിദ്യാര്‍ത്ഥി കൂട്ടായ്മ എന്നതിനപ്പുറം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിക്കാനൊരിടം എന്നതായിരുന്നു റിനൈസന്‍സിന്റെ ലക്ഷ്യം. കലയുടെയും സാഹിത്യത്തിന്റെയും സിനിമയുടെയുമെല്ലാം പുതിയ മാറ്റങ്ങള്‍ കൃത്യമായി മനസിലാക്കി മുന്നേറുകയായിരുന്നു പിന്നീടങ്ങോട്ട്. എല്ലാ വര്‍ഷത്തിലും അഞ്ചോളം പ്രധാന പരിപാടികള്‍ റിനൈസന്‍സിന്റെ നേതൃത്വത്തില്‍ ക്യാംപസിലും പുറത്തും അരങ്ങേറി.
ഹൃസ്വചിത്രരംഗത്ത് ഇതുവരെ 18 ഷോര്‍ട്ട് ഫിലിമുകളാണ് റിനൈസന്‍സ് പുറത്തിറക്കിയത്. 2005ല്‍ സാജന് കെ ജോസ് സംവിധാനം ചെയ്ത സൈലന്‍സ് ആയിരുന്നു ആദ്യചിത്രം. തുടര്‍ന്ന് പൂതം, കാമിനോ റിയല്‍, റെമ്നിസന്സസ്, ബുക് ഓഫ് നോട്ട് ഫോര്‍ സെയില്‍, ദ സ്പിരിറ്റ്, ചെല്ലപ്പന് ചേട്ടന് സ്പീക്ക്സ് തുടങ്ങിയ ചിത്രങ്ങളും റിനൈസന്‍സ് നിര്‍മ്മിച്ചു. കേരള ഫിലിം ഓഡിയന്‍സ് കൗണ്‍സില്‍, അറ്റ്ലസ് – ജീവന് ടിവി ഫിലിം ഫെസ്റ്റിവല്‍, അഖില കേരള ഹൃസ്വചിത്ര മത്സരം തുടങ്ങിയവയില്‍ പുരസ്കാരവും റിനൈസന്‍സിന്റെ ചിത്രങ്ങള്‍ കരസ്ഥമാക്കിയിരുന്നു.
സ്ത്രീ ഉന്നമനത്തിന്റെയും ശാക്തീകരണത്തിന്റെയും സന്ദേശം സമൂഹത്തിലെത്തിക്കാന്‍ തെരുവ് നാടകത്തിലൂടെയും റിനൈസന്‍സ് ശ്രമം നടത്തിയിരുന്നു. ഞാന്‍ സ്ത്രീ, ഏതോ ചിറകടിയൊച്ചകള്‍ എന്നീ രണ്ടു തെരുവ് നാടകങ്ങള്‍ നിരവധിയിടങ്ങളില്‍ അവതരിപ്പിച്ചു. സിനര്‍ജി : ദ ക്ലാസ്റൂം തിയറ്റര്‍ എന്ന പേരില്‍ വ്യത്യസ്തവും നൂതനവുമായ നാടക അവതരണരീതിക്കും റിനൈസന്‍സ് അരങ്ങൊരുക്കി. പരമ്പരാഗത ക്ലാസ്റൂം സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിയുന്ന ഏകപാത്ര അവതരണ രീതിയാണ് ക്ലാസ്റൂം തിയറ്റര്‍. വിശ്വവിഖ്യാത കൃതികളെ ഏകപാത്ര അവതരണത്തിലൂടെ അരങ്ങിലെത്തിച്ചത് റിനൈസന്്സ കോഡിനേറ്ററായ ഡോ. സി. കെ. സുജീഷ്.
ഗിരീഷ് കര്‍ണാടിന്റെ നാഗമണ്ഡല, ദ ഫയര്‍ ആന്‍ഡ് ദ റെയ്ന്‍, വില്ല്യം ഷേക്സ്പിയറിന്റെ മെര്‍ച്ചന്റ് ഓഫ് വെനീസ്, ദ ടെംപസ്റ്റ്, ഹാംലെറ്റ് ക്രിസ്റ്റഫര്‍ മാര്‍ലോയുടെ ഡോക്ടര്‍ ഫോസ്റ്റസ് തുടങ്ങിയ നാടകങ്ങളാണ് അദ്ദേഹം അരങ്ങിലെത്തിച്ചത്. വില്ല്യം ഷേക്സ്പിയറിന്റെ നാനൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഹാംലെറ്റ് അവതരണത്തില്‍ കേരളത്തിലെ പ്രമുഖ കലാലയങ്ങളില്‍ നിന്നും സര്‍വ്വകലാശാലകളില്‍ നിന്നുമുള്ള നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു.
പ്രകൃതി സംരക്ഷണ സന്ദേശമുയര്‍ത്തിയ ഗ്രീന്‍ മിഷന്, മലയാളത്തിലെയും ഇംഗ്ലീഷിലെയും പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന റീഡിങ് യജ്ഞ, സാഹിത്യ ക്വിസ് സാഹിതി , വ്യക്തിത്വ വികസന പരിശീലന ക്ലാസ്, സ്കള്‍പ്ച്ചര്‍ മേക്കിങ് കോംപറ്റീഷന്‍, പത്രപ്രവര്‍ത്തന പരിശീലനം, ചുമര്‍ചിത്ര രചനാ പരിശീലനം, തിരക്കഥാരചനാ മത്സരം തുടങ്ങിയവയും ഇക്കാലയളവില്‍ റിനൈസന്‍സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു.ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള, ഇന്റര്‍നാഷണല്‍ തിയറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള, ബിനാലെ തുടങ്ങിയ സിനിമാ-നാടക-സാംസ്കാരിക സംഗമങ്ങളില്‍ റിനൈസന്‍സ് അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. ഡോ. സി. കെ. സുജീഷ്, പ്രൊഫസര്‍ ശ്രീദേവി എന്‍. എസ് എന്നിവരാണു റിനൈസന്‍സ് കോഡിനേറ്റര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: