കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ടില്‍ കേരളത്തിന് മിന്നുന്ന തുടക്കം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ചണ്ഡീഗഢിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് കേരള യുവനിര തകര്‍ത്തു. രവീന്ദ്ര സരോവര്‍ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ കേരളത്തിനായി എം.എസ്. ജിതിന് രണ്ട് ഗോളുകള്‍ നേടി. സജിത്ത്, ശ്രീക്കുട്ടന്, അഫ്ദാല്‍ എന്നിവര്‍ ഓരോ ഗോള്‍ നേടി. ചണ്ഡീഗഢിന്റെ ആശ്വാസഗോള്‍ വിശാല്‍ ശര്‍മ്മ സ്വന്തമാക്കി.
കളിയുടെ തുടക്കം മുതല്‍ എതിരാളികളെ നിലംതൊടാന്‍ അനുവദിക്കാതെ കേരളത്തിന്റെ കൗമാര താരങ്ങള്‍ ആക്രമണങ്ങളുടെ കെട്ടഴിച്ചു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 11-ാം മിനിറ്റില്‍ ലീഡ് നേടി. ജിതിനാണ് സ്കോറര്‍. വലതു വിങ്ങിലൂടെ മുന്നേറിയ ജിതിന്റെ ഷോട്ട് തടുക്കാന്‍ ചണ്ഡിഗഡ് ഗോള്‍കീപ്പര്‍ മന്‍വീര്‍ സിങ് ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. എട്ട് മിനിറ്റിനുശേഷം കേരളം ലീഡ് ഉയര്‍ത്തി. സജിത് പൗലോസാണ് ഗോള്‍നേടിയത്. ഗോളിന് വഴിയൊരുക്കിയത് ജിതിനും. ഇതോടെ ആദ്യപകുതിയില്‍ കേരളം 2-0ന് മുന്നില്‍. ഇടയ്ക്ക് ചണ്ഡീഗഢ് താരങ്ങള്‍ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കേരള നായകന് രാഹുല്‍ വി. രാജ് കെട്ടിയുയര്‍ത്തിയ പ്രതിരോധം ഭേദിക്കാനായില്ല.
രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റ് ആയപ്പോള്‍ കേരളം മൂന്നാം ഗോളും നേടി. വി.കെ. അഫ്ദലാണ് ഇത്തവണ ലക്ഷ്യം കണ്ടത്. രണ്ട് മിനിറ്റിനുശേഷം ജിതിന് തന്റെ രണ്ടാം ഗോളും നേടി. ചണ്ഡീഗഢ് പ്രതിരോധപിഴവില്‍ നിന്നായിരുന്നു ജിതിന്റെ ഗോള്‍. പകരക്കാരനായി ഇറങ്ങിയ ശ്രീക്കുട്ടന് 79-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടതോടെ കേരളത്തിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി. 87-ാം മിനിറ്റില്‍ ബോക്സിനുള്ളിലുണ്ടായ ആശയക്കുഴപ്പം മുതലാക്കി വികാസ് റാണയാണ് ചണ്ഡീഗഢിന്റെ ആശ്വാസ ഗോള്‍ നേടിയത്. കേരള ഗോളി മിഥുനെ മത്സരത്തിലൊരിക്കല്‍ പോലും കാര്യമായി പരീക്ഷിക്കാന്‍ ചണ്ഡീഗഢ് താരങ്ങള്‍ക്ക് കഴിഞ്ഞില്ല. കേരളം അടുത്ത മത്സരത്തില്‍ 23ന് മണിപ്പൂരുമായി കളിക്കും.
ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ബംഗാളും മികച്ച ജയം നേടി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മുന്‍ ചാമ്പ്യന്മാരായ മണിപ്പൂരിനെ അവര്‍ തോല്‍പ്പിച്ചു. ബംഗാളിനായി സുമിത് ദാസ് ഇരട്ട ഗോള്‍ നേടി. വിദ്യാസാഗര്‍ സിങും ഒരെണ്ണം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: