മിടുക്കരായ പ്ലസ്ടു ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്മയോടുകൂടിയ ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണ പഠനത്തിനും കേന്ദ്രസര്‍ക്കാരിന് കീഴിലെ ഏഴ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് സയന്‍സ് (ഐസറുകള്‍) അവസരമൊരുക്കുന്നു. തിരുവനന്തപുരം (വിതുര), തിരുപ്പതി, പൂനൈ, മൊഹാലി, ഭോപ്പാല്‍, ബര്‍ഹാംപൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ഐസറുകളാണ് അഞ്ചുവര്‍ഷത്തെ റസിഡന്‍ഷ്യല്‍ ബാച്ചിലര്‍ ഓഫ് സയന്‍സ് (ബിഎസ്) മാസ്റ്റര്‍ ഓഫ് സയന്‍സ് (എംഎസ്) സംയോജിത പാഠ്യപദ്ധതിയിലൂടെ ഇരട്ടബിരുദ (ഡ്യുവല്‍ ഡിഗ്രി) സമ്പാദനത്തിന് അവസരം നല്‍കുന്നത്. ശാസ്ത്രവിഷയങ്ങളില്‍ ഗവേഷണ താല്പര്യമുള്ള സമര്‍ത്ഥരായ പ്ലസ്ടു വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് പാഠ്യപദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഐസര്‍ ജോയിന്റ് അഡ്മിഷന് കമ്മിറ്റിയാണ് പ്രവേശന നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
ബിഎസ്-എംഎസ് കോഴ്സ്: ശാസ്ത്ര വിഷയങ്ങളില്‍ ക്ലാസ്റൂം പഠനവും ഗവേഷണവും സമന്വയിപ്പിച്ചുള്ള പത്ത് സെമസ്റ്ററുകളായുള്ള അഞ്ച് വര്‍ഷത്തെ ബിഎസ്-എംഎസ് പ്രോഗ്രാമില്‍ ആദ്യത്തെ രണ്ടുവര്‍ഷക്കാലം അടിസ്ഥാന ശാസ്ത്രവിഷയങ്ങള്‍ പഠിപ്പിക്കും. മൂന്നും നാലും വര്‍ഷങ്ങളില്‍ ബയോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, എന്‍ജിനീയറിങ് സയന്‍സ് വിഷയങ്ങളിലൊന്ന് സ്പെഷ്യലൈസ് ചെയ്ത് പഠിക്കാം. അഞ്ചാം വര്‍ഷം റിസര്‍ച്ച് പ്രോജക്ടാണ്. ഗവേഷണത്തിന് പ്രാമുഖ്യമുള്ള പാഠ്യപദ്ധതിയാണിത്.
എന്‍ജിനീയറിങ് സയന്‍സസ് സ്പെഷ്യലൈസ് ചെയ്ത് ബിഎസ്-എംഎസ് പഠിക്കുന്നതിന് പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്സ് ഉള്‍പ്പെടെയുള്ള ശാസ്ത്രവിഷയങ്ങളില്‍ അക്കാദമിക് മികവോടെ വിജയിച്ചിരിക്കണം. എന്‍ജിനീയറിങ് സയന്‍സ് ഐസര്‍ ഭോപ്പാലില്‍ മാത്രമാണുള്ളത്. ഇവിടെ ഇക്കൊല്ലം പുതുതായി നാല് വര്‍ഷത്തെ ബിഎസ് ഇക്കണോമിക് സയന്‍സ് ബിരുദം ആരംഭിക്കും. ഇതിന് 40 സീറ്റുകളുണ്ടാവും.
ഏഴ് ഐസറുകളിലും ആകെ 1300 സീറ്റുകളാണുള്ളത്. ഓരോ ഐസറിലും ലഭ്യമായ സീറ്റുകള്‍. തിരുവനന്തപുരം-200, തിരുപ്പതി-150, പൂനൈ-200, മൊഹാളി-200, ഭോപ്പാല്‍-250, ബര്‍ഹാംപൂര്‍-100, കൊല്‍ക്കത്ത-200.
വിദഗ്ദ്ധരായ അദ്ധ്യാപകര്‍, ആധുനിക ഗവേഷണ സൗകര്യങ്ങള്‍, മികച്ച ലൈബ്രറി മുതലായവ ഐസറുകളുടെ പ്രത്യേകതകളാണ്.
പ്രവേശന യോഗ്യത: ബിഎസ്-എംഎസ് അഡ്മിഷന് ഇനി പറയുന്ന മൂന്ന് ചാനലുകള്‍ വഴി മാത്രം. ഏതെങ്കിലുമൊന്നില്‍ യോഗ്യത നേടണം.
1. പ്രാബല്യത്തിലുള്ള കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന(കെവിപിവൈ) ഫെല്ലോഷിപ്പ്. 2018-19 അക്കാദമിക് സെക്ഷനിലേക്കുള്ള കട്ട് ഓഫ് മാര്‍ക്ക് നേടണം.
2. ഐഐടി-ജെഇഇ അഡ്വാന്‍സ്ഡ് 2018 വര്‍ഷത്തെ കോമണ്‍ റാങ്ക്ലിസ്റ്റില് 10,000 ത്തിനുള്ളില്‍ സ്ഥാനം പിടിക്കണം.
3. സ്റ്റേറ്റ്/സെന്‍ട്രല്‍ ബോര്‍ഡ് 2017/18 വര്‍ഷത്തെ പരീക്ഷയില്‍ പ്ലസ്ടു ഉന്നത വിജയം വരിക്കണം. ഇതോടൊപ്പം ഐസര്‍ അഭിരുചി പരീക്ഷയിലും യോഗ്യതനേടണം.
അക്കാദമിക് മികവോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റകിസ് വിഷയങ്ങള്‍ പഠിച്ച് 2017 വര്‍ഷം പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്കും 2018 ല്‍ പരീക്ഷയെഴുതുന്നവര്‍ക്കുമാണ് അപേക്ഷിക്കാന്‍ അര്‍ഹത. 2018-19 വര്‍ഷത്തെ ബിഎസ്-എംഎസ് അഡ്മിഷന് പോര്‍ട്ടല്‍ (www.iiseradmission.in) മേയ് മാസത്തില്‍ തുറക്കുന്നതാണ്. രജിസ്ട്രേഷന് നടപടികള്‍ അപ്പോള്‍ ലഭ്യമാകും. എല്ലാ ഐസറുകള്ക്കും കൂടി ഓണ്‍ലൈനായി ഒറ്റ അപേക്ഷ മതിയാകും.
അപേക്ഷാ ഫീസായി ജനറല്‍/ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങള്‍ക്ക് 2000 രൂപയും പട്ടികജാതി/വര്‍ഗ്ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 1000 രൂപയുമാണ് നല്‍കേണ്ടിവരിക.
ഐസര്‍ അഭിരുചി പരീക്ഷ: ഇതില്‍ മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളില്‍ ഓരോന്നിനും 15 ചോദ്യങ്ങള്‍ വീതമുണ്ടാവും. എല്ലാ വിഷയത്തിനും തുല്യ വെയിറ്റേജാണ്. മൊത്തം 60 ചോദ്യങ്ങള്‍. 180 മിനിട്ട് സമയം അനുവദിക്കും. ശരിയുത്തരത്തിന് 3 മാര്‍ക്ക്: ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയ്ക്കും. ഉത്തരം അറിയാത്ത ചോദ്യങ്ങള്‍ ഒഴിവാക്കിയാല്‍ മാര്‍ക്ക് കുറയില്ല. മാതൃക ചോദ്യപേപ്പറുകള്‍ വെബ്സൈറ്റില്‍ ലഭ്യമാകും. ദേശീയതലത്തില്‍ കേരളം ഉള്‍പ്പെടെ തെരഞ്ഞെടുക്കപ്പെട്ട നിരവധി കേന്ദ്രങ്ങളില്‍ വച്ചാണ് ടെസ്റ്റ് നടത്തുക.
പ്ലസ്ടു തലത്തില്‍ ബയോളജി/മാത്തമാറ്റിക്സ് പഠിച്ചിട്ടില്ലാത്തവര്‍ക്കും ടെസ്റ്റില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടെങ്കിലും ടെസ്റ്റില്‍ ഇതേ വിഷയങ്ങള്‍ക്ക് കൂടി ഉയര്‍ന്ന സ്കോര്‍ നേടുന്നവര്‍ക്കാണ് പ്രവേശനം. ചോദ്യപേപ്പറുകള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ഉണ്ടാവും. ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.
അഡ്മിഷന്: കെവിപിവൈ, ജെഇഇ അഡ്വാന്‍സ്ഡ് യോഗ്യതയുടെ മെരിറ്റ് അടിസ്ഥാനത്തില്‍ 50% സീറ്റുകളിലും ശേഷിച്ച 50% സീറ്റുകളില്‍ എസ്സിബി-ഐഐഎസ്ഇആര്‍ അഭിരുചി പരീക്ഷയില്‍ ഉയര്‍ന്ന സ്കോറോടെ യോഗ്യത നേടിയവര്‍ക്കും അഡ്മിഷന് ലഭിക്കും. കെവൈപിവൈ, ജെഇഇ അഡ്വാന്‍സ്ഡ് വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുള്ള പക്ഷം എസ്സിബി-ഐഐഎസ്ഇആര്‍ ആപ്റ്റിറ്റിയൂട്ട് ടെസ്റ്റില്‍ യോഗ്യത നേടുന്നവരെ പ്രവേശിപ്പിക്കും. മെരിറ്റ് ലിസ്റ്റിലെ റാങ്കും സ്ഥാപന ഓപ്ഷനും പരിഗണിച്ചാണ് സീറ്റ് അലോട്ട്മെന്റ്.
കോഴ്സ് ഫീസ്:
സീറ്റ് അലോട്ട്മെന്റ് ലഭിക്കുന്നവര്‍ സീറ്റ് അക്സപ്റ്റെന്സ് ഫീസായി 25000 രൂപ(എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 12500 രൂപ മതി) നിര്‍ദ്ദേശാനുസരണം അടച്ച് അഡ്മിഷന് നേടണം. ഈ തുക ആദ്യ സെമസ്റ്റര്‍ ഫീസില്‍ ക്രമീകരിക്കും.
ഓരോ ഐസറിലും വ്യത്യസ്തമായ ഫീസ് നിരക്കാണ് നല്‍കേണ്ടിവരിക. തിരുവനന്തപുരത്തെ ഐസറില്‍ 27500 രൂപ സെമസ്റ്റര്‍ ട്യൂഷന് ഫീസ് ഉള്‍പ്പെടെ മൊത്തം 33000 രൂപ വിവിധ ഇനങ്ങളിലായി ഫീസ് നല്‍കേണ്ടിവരും. പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ ട്യൂഷന് ഫീസില്‍നിന്നും ഒഴിവാക്കും. മെസ് ചാര്‍ജ് ഉള്‍പ്പെടെയുള്ള ഫീസ് നിരക്കുകള്‍ ഇന്‍ഫര്‍മേഷന്‍ ബ്രോഷ്യറില് പ്രസിദ്ധപ്പടുത്തും.
സംവരണാനുകൂല്യം: ഭാരത സര്‍ക്കാരിന്റെ സാമുദായിക സംവരണ ചട്ടപ്രകാരം സീറ്റുകളില്‍ പട്ടികജാതിക്കാര്‍ക്ക് 15%, പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 7.5% ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗക്കാര്‍ക്ക് 27%, ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുഡി) 3% എന്നിങ്ങനെ സംവരണാനുകൂല്യം ലഭിക്കും.
ഐസറുകള്‍ക്ക് റസിഡന്‍ഷ്യല്‍ ക്യാമ്പസുകളുള്ളതിനാല് പ്രവേശനം ലഭിക്കുന്നവരെല്ലാം ക്യാമ്പസ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കണം.
പരീക്ഷകള്‍ നടത്തുന്നതും വിജയികള്‍ക്ക് ‘ബിഎസ്-എംഎസ്’ ബിരുദങ്ങള്‍ സമ്മാനിക്കുന്നതും ‘ഐസറുകള്‍’ തന്നെയാണ്. തുടര്‍ന്ന് പിഎച്ച്ഡിയിലേക്ക് നയിക്കുന്ന ഗവേഷണ പഠനത്തിനും ഐസറുകളില്‍ മികച്ച സൗകര്യങ്ങളുണ്ട്. പഠിച്ചിറങ്ങുന്നവര്‍ക്ക് അക്കാദമിക് മേഖലയിലും ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിലും മറ്റും ആകര്‍ഷകമായ ശമ്പളത്തില്‍ തൊഴില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: