ഹരിതഭംഗി നിറഞ്ഞു നില്ക്കുന്ന വഴിയോര കാഴ്ച്ചകളാണ് വയനാടന്‍ ചുരത്തിലേക്ക് വിദേശികളെയും, സ്വദേശികളെയും ഒരുപോലെ ആകര്‍ഷിക്കുന്നത്. എന്നാല്‍ ഇന്ന് കാണുന്ന വയനാടന്‍ ചുരത്തിന് പിന്നില്‍ ഒരു ഗോത്രമൂപ്പന്റെ ജീവത്യാഗത്തിന്റെയും, പ്രതികാരത്തിന്റെയും ചരിത്രമുണ്ട്.
ബ്രിട്ടീഷുകാരുടെ വരവോടെ കേരളത്തിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ അവരുടെ കീഴിലേക്ക് കൊണ്ടുവരുന്നതിനും വാണിജ്യ വ്യവസായം നടത്തുന്നതിനും വേണ്ടി അവര്‍ പലകൂട്ടങ്ങളായി തിരിഞ്ഞു. പല ദിക്കിലേക്കും അവര്‍ സഞ്ചരിച്ചു. അന്ന് മലബാര്‍ പ്രദേശം എന്ന് അറിയപ്പെട്ടിരുന്ന കേരളത്തിന്റെ വടക്കന്‍ മേഖല മൈസൂര്‍ ഭരണകര്‍ത്താവായിരുന്ന ടിപ്പു സുല്‍ത്താന്റെ കയ്യിലായിരുന്നു. ഈ പ്രദേശവുമായി വാണിജ്യ വ്യവസായം നടത്താന്‍ ബ്രീട്ടീഷുകാര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതിന് പരിഹാരം കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെ ബ്രിട്ടീഷുകാരുടെ തലവന്‍ ഈ മാര്‍ഗ്ഗം കണ്ടെത്തുന്നവര്‍ക്ക് വന്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. അത് നേടിയെടുക്കുന്നതിനായി പലരും രംഗത്തെത്തി. അങ്ങനെയൊരു സംഘം കോഴിക്കോടിനേയും വയനാടിനേയും ബന്ധിപ്പിക്കുന്ന അടിവാരത്ത് എത്തുകയും ചെയ്തു. അവരുടെ അന്വേഷണത്തിന്റെ ഫലമായി ഉള്‍വനങ്ങളില്‍ നിന്നും കാലിയെ മേച്ച് ചന്തയിലെത്തി തനിക്കുവേണ്ട സാധനങ്ങളെല്ലാം വാങ്ങി തിരിച്ചുപോകുന്ന മൂപ്പനെക്കുറിച്ച് അറിയുവാനിടയായി. അദ്ദേഹത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നും അദ്ദേഹത്തിന് കാടിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്ന് മനസിലാക്കി. കാട്ടില്‍ നിന്ന് അദ്ദേഹത്തിന്റെ വരവും പ്രതീക്ഷിച്ചു നിന്നു. കരിന്തണ്ടന് പതിവുപോലെ ഒരാഴ്ച്ചയ്ക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിനായി അടിവാരത്ത് എത്തുകയും സാധനങ്ങള്‍ വാങ്ങി തിരിച്ചുപോകുമ്പോള്‍ ഒരു സായിപ്പും അദ്ദേഹത്തിന്റെ ശിങ്കിടിയും കരിന്തണ്ടനെ പറഞ്ഞ് സ്വാധീനിക്കുകയും വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തു. തന്റെ വനയാത്രക്ക് രണ്ട് വ്യക്തികളെ കിട്ടിയ സന്തോഷത്തില്‍ മൂപ്പന് അവരോടൊപ്പം കാടുകയറാന്‍ തുടങ്ങി. നീണ്ട യാത്രയില്‍ സായിപ്പിന്റെ ശിങ്കിടി അവര്‍ യാത്രചെയ്യുന്ന വഴിയിലെ ചെടികളെല്ലാം കത്തികൊണ്ട് വെട്ടിതെളിച്ചുകൊണ്ടേയിരുന്നു. അവസാനം ഇന്ന് കാണുന്ന വൈത്തിരി എന്ന സ്ഥലത്ത് അവര്‍ എത്തിച്ചേര്‍ന്നു. അവിടുന്ന് മൈസൂരിലേക്ക് ഒരു മാര്‍ഗ്ഗം കാണിച്ചു കൊടുത്ത് അതിലെ സഞ്ചരിച്ചാല്‍ അവിടെയെത്തും എന്ന് പറഞ്ഞ് അദേഹം മറ്റൊരു വഴിയെ പോയി. വനത്തിന്റെ മധ്യഭാഗത്ത് എവിടെയോ അകപ്പെട്ടിരിക്കുകയാണെന്ന് മനസിലാക്കിയ സായിപ്പും സഹായിയും പുകലയും ഉപ്പും നല്കി സ്വാധീനിച്ചു. വീണ്ടും അവര്‍ മൂവരും യാത്ര ആരംഭിച്ചു. അങ്ങനെ തമിഴ്നാട് അതിര്‍ത്തിയായ നാടുകാണിയില്‍ എത്തിച്ചേര്‍ന്നു. അവിടെ വരെയുള്ള സ്ഥലം മാത്രമെ മൂപ്പന് അറിയാമായിരുന്നുള്ളു. അതിനുശേഷമുള്ള പ്രദേശങ്ങളെക്കുറിച്ച് മൂപ്പന് ഇങ്ങനെ പറഞ്ഞു:- ‘അങ്ങോട്ടിനി നാടുകാണി. അതായത്, അങ്ങോട്ടിനി നാടില്ല എന്നായിരുന്നു.’ തങ്ങള്‍ വനമാര്‍ഗ്ഗത്തില്‍ നിന്നും ഏതോ തുറസ്സായ പ്രദേശത്ത് എത്തിയെന്ന് മനസിലാക്കിയ അവര്‍ മൂപ്പനെയും കൂട്ടി, വന്ന വഴിയെ സഞ്ചരിച്ചു. തിരിച്ച് ലക്കിടിയില്‍ എത്തിയ അവര്‍ മൂപ്പന്റെ അധികാര ചിഹ്നങ്ങളായ പട്ടും വളയും കൈക്കലാക്കി. മൂപ്പനെ കൊന്ന് കൊക്കയിലേക്ക് എറിഞ്ഞു. ഇതിന് പിന്നില്‍ ഒരു ദുരുദ്ദേശ്യവും സായിപ്പിനുണ്ടായിരുന്നു. ബ്രിട്ടീഷ് തലവന്‍ പ്രഖ്യാപിച്ച പ്രതിഫലമായിരുന്നു അത്.
ഒരുകുറ്റവും ചെയ്യാത്ത തന്നെ കൊന്ന് കൊക്കയിലേക്ക് എറിയുകയും, തലമുറയായി കൈമാറി വന്ന അധികാര ചിഹ്നങ്ങള്‍ കൈക്കലാക്കുകയും ചെയ്തവരോടുള്ള തീരാപ്പകയുമായി കരിന്തണ്ടന് പ്രതികാരദാഹിയായി മാറി എന്നാണ് വിശ്വാസം. അവര്‍ വെട്ടിതെളിച്ച മാര്‍ഗ്ഗം ഗതാഗത യോഗ്യമാക്കുകയായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം. ആ മാര്‍ഗ്ഗത്തിലൂടെ അവര്‍ വേഗത്തില്‍ ഗതാഗതം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ക്ക് ലക്കിടിക്ക് മുകളിലേക്കുള്ള യാത്ര സുഖകരമായിരുന്നില്ല. മൂപ്പന് ഇന്ന് കാണുന്ന ഒന്‍പതാം വളവില്‍ കൂടി വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരെ കൊക്കയിലേക്ക് മറിച്ചിട്ടു. ദാരുണമായ അപകടങ്ങള്‍ക്ക് പിന്നില്‍ എന്താണ് കാരണമെന്ന് അന്വേഷിച്ച ബ്രിട്ടീഷുകാര്‍ അപകടങ്ങള്‍ക്ക് കാരണം കരിന്തണ്ടന് മൂപ്പനാണെന്ന് മനസ്സിലാക്കി. അദ്ദേഹത്തോട് ക്ഷമ പറയുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ചുക്കൊണ്ടിരുന്നു. അങ്ങനെ പാലക്കാടുനിന്നും പ്രശസ്തനായ തന്ത്രിയെത്തുകയും കരിന്തണ്ടനെ ആവാഹിച്ച് ചങ്ങലയില്‍ ബന്ധിച്ച് ഒരു മരത്തില്‍ ചങ്ങലയുടെ അറ്റം ഭൂമിയില്‍ മുട്ടുന്ന രീതിയില്‍ കോര്‍ത്തിട്ടു. ഭൂമിയും ആകാശവും കോര്‍ത്തിണക്കിയതുപോലെ ഇന്നും കരിന്തണ്ടന് ബന്ധനസ്ഥനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: