കണിച്ചുകുളങ്ങര ഉത്സവം കുരുന്നുകള്‍ക്ക് കുംഭമാസത്തിലെ പൊന്നോണം. ഉത്സവനാളുകള്‍ എത്താന്‍ അവര്‍ കാത്തിരിക്കും. അത്രയേറെ ഇഷ്ടമാണ് കുട്ടികള്‍ക്ക് ചിക്കര വഴിപാട്. കാരണം,ചിക്കരക്കുട്ടികളായി ക്ഷേത്രത്തില്‍ എത്തിയാല്‍ പിന്നെ അവര്‍ കരയാറില്ല. കളിയുംചിരിയും മാത്രം. ക്ഷേത്ര മുറ്റത്ത് അമ്പലപ്രാവുകളായി പാറിപ്പറക്കാം. ഉത്സവ ചടങ്ങുകളില്‍ ദേവിക്ക് സമാനമായ പരിഗണന. പുറത്തിറങ്ങിയാലോ കൈനിറയെ കളിപ്പാട്ടങ്ങള്‍, വര്ണ്ണബലൂണുകള്… സാന്ധ്യശോഭയില്‍ കളിയരങ്ങില്‍ കലയുടെ മാമാങ്കം കാണാം. എല്ലായിടത്തും അവരോട് സ്നേഹവും സന്തോഷവും മാത്രം.
നൂറ്റാണ്ടുകളുടെ പഴക്കമുളള അനുഷ്ഠാനമാണ് കണിച്ചുകുളങ്ങരയിലെ ചിക്കര വഴിപാട്. ഗര്‍ഭകാലത്ത് സത്സന്താന ലബ്ധിക്കായി സ്ത്രീകള്‍ നേരുന്ന വഴിപാട്. പിഞ്ചോമനകളുടെ ബാലാരിഷ്ടതകള്‍ മാറാന്‍ അമ്മമാരും ചിക്കര നേരുന്നു. കുംഭമാസത്തിലെ ഭരണി നാളില്‍ കൊടിയേറി തിരുവോണം നാളില്‍ ആറാട്ടോടെ സമാപിക്കുന്ന 21 ദിവസത്തെ ഉത്സവം. ഈദിവസങ്ങളിലത്രയും ചിക്കരക്കുട്ടികളെ അമ്പലപ്പറമ്പുകളില്‍ കാണാം. കൈതപ്രം ദാമോദരന്‍ നമ്പൂതിരി കണിച്ചുകുളങ്ങരയിലെ ചിക്കരക്കുട്ടികളെക്കുറിച്ച് എഴുതിയത് ഇങ്ങനെ.
ചിക്കരക്കുട്ടികളെ നിങ്ങള്‍
അമ്പലപ്രാവുകള്‍,
അമ്മ തന്പൂമടി തട്ടില്കളിക്കുന്നൊരോമനക്കുഞ്ഞുങ്ങള്
താരകക്കുഞ്ഞുങ്ങള്‍…
ഈവരികളില്‍ ദേവിയും കുട്ടികളുമായുള്ള ആത്മബന്ധം വ്യക്തം.
കണിച്ചുകുളങ്ങര ഗ്രാമത്തിലെ മാത്രമല്ല, ആലപ്പുഴയിലും പരിസര പ്രദേശങ്ങളിലുമുള്ള ഒട്ടുമിക്കവരും കുഞ്ഞുന്നാളില്‍ ചിക്കരവഴിപാടിന് ഇരുന്നവരായിരിക്കും. പെണ്‍കുട്ടികള്‍ക്ക് പ്രാധാന്യമുള്ള വഴിപാടാണിത്. ഉത്സവ ദിനങ്ങളിലെ എല്ലാ ചടങ്ങുകളിലും അവരും കണ്ണികളാകുന്നു. വീട് വിട്ട് രക്ഷകര്‍ത്താക്കള്‍ക്കൊപ്പം ക്ഷേത്ര പരിസരത്ത് താമസിച്ചാണ് കുട്ടികള്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നത്.
താമസത്തിന് ചിക്കരക്കൊട്ടിലുകള്‍
ഉത്സവദിനങ്ങളില്‍ ചിക്കരക്കുട്ടികള്‍ താമസിക്കുന്ന സ്ഥലങ്ങളാണ് ചിക്കരകൊട്ടിലുകള്. ഇവിടെ കുടുംബ സമേതമാണ് താമസം. വ്രതാനുഷ്ഠാനങ്ങള്‍ മുറുകെ പിടിച്ച് ദേവി സ്തുതികളും പുരാണ പാരായണവും പ്രാര്‍ത്ഥനയും മറ്റുമായി ബന്ധുമിത്രാദികളുമുണ്ടാകും. ഭക്ഷണം പാചകം ചെയ്യുന്നതും ഇവിടെയാണ്. ചിക്കരക്കൊട്ടിലുകളിലെ സസ്യാഹാരം പ്രസിദ്ധമാണ്. നാടന്‍ പച്ചക്കറികള്‍ക്ക് മുഖ്യസ്ഥാനം നല്‍കിയുള്ള രുചിക്കൂട്ടുകള്‍. രുചി അറിയാന്‍ ബന്ധുക്കളെല്ലാം വ്രതാനുഷ്ഠാനത്തോടെ എത്തും. ഒപ്പം, ചിക്കരക്കുട്ടികള്‍ക്ക് ദേവീസങ്കല്പം നല്കി സമ്മാനങ്ങളും ദക്ഷിണയും നല്‍കും.
കുട്ടികള്‍ക്ക് വഴിപാടായി അന്നദാനം നടത്തും തിരക്കാണ്. ഒപ്പം, പാല്‍ക്കഞ്ഞിയും പാല്‍പ്പായസവും മിഠായികളും ലഡ്ഡുവും ജിലേബിയും സമ്മാനിച്ച് അവര്‍ കുഞ്ഞോമനകളുടെ പ്രീതി സമ്പാദിക്കുന്നു. മനം നിറഞ്ഞ് കുരുന്നുകള്‍ ചിരിക്കുമ്പോള്‍ അന്നദാനം നടത്തിയവര്‍ക്ക് ദേവീകടാക്ഷത്തിന് തുല്യമായ അനുഭവം.
സ്കൂളിലെ താരങ്ങള്‍
കണിച്ചുകുളങ്ങരയിലെ ഉത്സവം തുടങ്ങിയാല്‍ കരപ്പുറത്തെ വിദ്യാലയങ്ങളിലെയും താരങ്ങള്‍ ചിക്കരക്കുട്ടികളാണ്. സ്കൂള്‍ വാഹനങ്ങള്‍ കണിച്ചുകുളങ്ങരയില്‍ എത്തി ചിക്കര വഴിപാടിനുള്ള കുട്ടികളെ കൊണ്ടണ്ടണ്ടുപോകും. യൂണിഫോമിന് മുകളില്‍ തലയിലും അരയിലും ചുവന്ന പട്ട് കെട്ടാന്‍ സ്കൂള്‍ അധികൃതര്‍ കുട്ടികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. ക്ലാസ്സ് മുറികളിലും ഇവര്‍ക്ക് വിഐപി പരിഗണന. സ്കൂള്‍ വിട്ടാല്‍ ചിക്കരക്കൊട്ടിലുകള്‍ പഠന മുറികളാവും. ട്യൂഷന് അധ്യാപകര്‍ ഇവിടെ എത്തി ക്ലാസെടുക്കും. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി താത്കാലിക ഹോമിയോ ഡിസ്പെന്‍സറിയുമുണ്ട്.
ചക്കരക്കള്ളികള്ക്ക് തലോടല്‍
ഉത്സവത്തിന് കൊടിയേറി ഏഴാം ദിവസം ചിക്കരക്കുട്ടികളുടെ ഉത്സവമാണ്. ചിക്കര കൊട്ടിക്കല്‍ കൂട്ടക്കളമെന്നാണ് ഉത്സവത്തിന് പേര്. ചിക്കരക്കുട്ടിയാകാന് എത്തുന്ന കുട്ടികളെ താലപ്പൊലിയോടെയാണ് ക്ഷേത്രം അധികൃതര്‍ സ്വീകരിക്കുന്നത്. ആദ്യകാലത്ത് കുട്ടികളുടെ വീടുകളില്‍നിന്നായിരുന്നു താലപ്പൊലി. തിരക്കേറിയപ്പോള്‍ ക്ഷേത്രത്തിന് മുന്നില്‍ നിന്നായി വരവേല്‍പ്പ്. ക്ഷേത്രം ശാന്തി സുരേഷ് കണിച്ചുകുളങ്ങര, വെളിച്ചപ്പാട് ജിജു പൊന്നപ്പന്, കാലാക്ക പവിത്രന്, വാരിയര്‍ മനോഹരന്എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം. ചിക്കരക്കുട്ടികളുടെ ക്ഷേത്രത്തിലെ രക്ഷാകര്‍തൃ സ്ഥാനം വെളിച്ചപ്പാടിനാണ്. ഉത്സവത്തിന് കൊടിയേറിയാല്‍ ചിക്കരകുട്ടികളുടെ വരവേല്‍പ്പ് തുടങ്ങും. ഇത് ഏഴാം ദിവസത്തെ ചിക്കര കൊട്ടിക്കല്‍ കൂട്ടക്കളം വരെ തുടരും.
കൊടിയേറ്റ് ദിവസം ചിക്കരക്കുട്ടികള്‍ ക്ഷേത്രത്തിന് പടഞ്ഞാറുള്ള മൂലസ്ഥാനമായ കുമര്ത്തുശ്ശേരിയിലെ ചക്കിയമ്മയുടെ തിരുനടയിലെ ചിക്കരക്കൊട്ടിലിലെ കുടത്തില്‍ ചക്കര നിക്ഷേപിക്കും. ചിക്കരകൊട്ടിക്കല്‍ കൂട്ടക്കളത്തിന് ഈ ചക്കര കുടത്തില്‍ ചിക്കരക്കുട്ടി കൈയ്യിടും. കുടത്തില്‍ നിക്ഷേപിച്ച ചക്കര അലിഞ്ഞ് ഇല്ലാതായതിനാല്‍ കുട്ടി കൈയിടുമ്പോള്‍ ചക്കര കിട്ടില്ല. ഈ സമയംചക്കരക്കള്ളി എന്ന് വിളിച്ച് വെളിച്ചപ്പാട് കൈയിലിരുന്ന ഈര്‍ക്കില്‍ കൊണ്ട് ചിക്കര കുട്ടിയെ തലോടും. ഇത്തരത്തില്‍ തലോടുന്നത് കുട്ടിയുടെ ബാലാരിഷ്ടതകള്‍ മാറ്റുമെന്നാണ് വിശ്വാസം. രക്ഷകര്‍ത്താവും കുട്ടിയും ഈ സമയം ദേവിയെ വിളിച്ച് പ്രാര്‍ത്ഥിക്കും. കുടത്തിലെ ചക്കര വെള്ളത്തില്‍ പൊങ്കാല ഇട്ടാണ് ചിക്കര കൊട്ടിക്കല്‍ കൂട്ടക്കളം സമാപിക്കുന്നത്. ഉത്സദിനങ്ങളില്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങളെ അണിയിച്ചൊരുക്കുന്നത് പോലെ കുട്ടികളെയും അണിയിച്ചൊരുക്കും. ആരു കണ്ടാലും കണ്ണ് വെയ്ക്കുന്ന തരത്തിലാണ് ഈ ചിക്കര ചന്തം. അരയിലും തലയിലും ചുവന്ന പട്ട് ഉടുക്കുന്നതിന് പുറമേ തലയില്‍ പൂവും കിരീടവും ചൂടി, കാതില്‍ ജിമിക്കി കമ്മലണിഞ്ഞ് ആടയാഭരണങ്ങളും അരപ്പട്ടയും പാദസരവും ഒക്കെ അണിഞ്ഞാണ് ഒരുക്കം.സര്‍വ്വാഭരണവിഭൂഷിതരായി ചിക്കരക്കുട്ടികള്‍ എത്തുന്നത് താലിചാര്‍ത്ത് ഉത്സവത്തിനാണ്. തിരുവാഭരണപ്പെട്ടി തുറന്ന് കണിച്ചുകുളങ്ങര അമ്മയും അന്നാണ് സര്‍വ്വാഭരണ ഭൂഷിതയാകുന്നത്. കണ്ണഞ്ചിപ്പിക്കുന്ന ശോഭയിലായിരിക്കും അന്ന് കുട്ടികള്‍.
പ്രദക്ഷിണവും പുഴുക്ക് വഴിപാടും
ബാല്യത്തിലെ ക്ഷേത്രാരാധനയുടെ പുണ്യം നുകരാനുള്ള അവസരമാണ് കണിച്ചുകുളങ്ങരയിലെ ചിക്കര വഴിപാട്. ദേവി ശരണം വിളികളുമായി ക്ഷേത്രത്തിന് പ്രദക്ഷിണം ചെയ്യലാണ് പ്രധാനചടങ്ങ്. രാവിലെയും വൈകിട്ടും രാത്രിയിലും വെളിച്ചപ്പാടിന് പിന്നാലെ രക്ഷകര്‍ത്താക്കളുടെ തോളിലേറിയോ, കൈകളില്‍ പിടിച്ചോ കുട്ടികള്‍ പ്രദക്ഷണം നടത്തും. ഒപ്പം, മണ്മറഞ്ഞ് പോകുന്ന ക്ഷേത്രാചാരങ്ങളെ അടുത്തറിയാനും അവസരം ഉണ്ട്. ഇത്തരം ആചാരങ്ങള്‍ കുരുന്നുകള്‍ക്ക് നവ്യാനുഭവമാണ് പകരുന്നത്. കണിച്ചുകുളങ്ങരയില്‍ ഇന്നുംതോറ്റംപാട്ടുണ്ട്. ദേവിയെ സ്തുതിച്ചുള്ള തോറ്റംപാട്ട് ആസ്വദിക്കുന്നതും കുട്ടികളാണ്. കുഴിത്താളം എന്ന കൈമണിാേലുള്ള വാദ്യോപകരണത്തിന്റെ താളത്തിനൊത്താണ് പാട്ട്. തോറ്റംപാട്ടിന്റെ വരികള്‍ എഴുതപ്പെട്ടിട്ടില്ല. പാട്ടുകാര്‍ക്ക് വാമൊഴിയായി കിട്ടിയ വരികളാണ്. ഭക്തര്‍ വരികള്‍ ഓര്‍ത്ത് പാടുമ്പോള്‍, ആസ്വദിക്കാന്‍ ദേവി പാട്ടുകാരുടെ വലതു വശം വന്നിരിക്കുമെന്നാണ് വിശ്വാസം. കണിച്ചുകുളങ്ങരയില്‍ തോറ്റം പാട്ടിനൊപ്പം കളം എഴുത്തും ഉണ്ട്. ദീപാരാധനയ്ക്ക് ശേഷം കൊടിമരത്തിന് തെക്കു ഭാഗത്താണ് തോറ്റംപാട്ട്. ഈ സമയം വെളിച്ചപ്പാട് കളം വരയ്ക്കും. ആദ്യം ഭസ്മക്കളം, പിന്നീട് ആല്, അമ്പലം, ചൂണ്ടക്കാരനും മീനും, പൊയ്കയും താമരയും, അവസാനദിവസം ഭദ്രാദേവിയുടെ രൂപം എന്നിവയാണ് വരയ്ക്കുക.
ദേവിയുടെ ജനനം മുതല്‍ കൊടുങ്ങല്ലൂരില്‍ ചെന്നിരിക്കുന്നത് വരെയുള്ള കഥകളും ഉപകഥകളും പാടി പുകഴ്ത്തുകയാണ് തോറ്റംപാട്ടുകാര്‍ ചെയ്യുന്നത്. ഇതിനിടയില്‍ ഗണപതിയും സരസ്വതിയുമൊക്കെ കടന്നുവരും. ഭഗവതിപ്പാട്ടെന്നും തോറ്റംപാട്ടിനെ വിളിക്കും. കളംവരച്ചുള്ള പുള്ളവന്പാട്ടും ഇവിടെയുണ്ട്. പുളളുവര്‍ ദേവിയെ പാടി പുകഴ്ത്തുമ്പോള്‍ കുട്ടികള്‍ ആനന്ദ നൃത്തം ചവിട്ടും. അയ്യപ്പന്റെ കളമിട്ട് ഗണകര്‍ ഉടുക്ക്പാട്ട് ആലപിക്കുമ്പോഴും കേള്‍വിക്കാര്‍ ചിക്കരകുട്ടികള്‍ തന്നെ.
ദിവസവും പുഴുക്ക് വഴിപാട് നടക്കുന്ന ക്ഷേത്രമാണ് കണിച്ചുകുളങ്ങര. അരിമാവില്‍ ശര്‍ക്കരയും പാളയന്തോടന് പഴവും ചേര്‍ത്ത് ആള്‍രൂപങ്ങളും അംഗരൂപങ്ങളും ഉണ്ടാക്കി ദേവിക്ക് സമര്‍പ്പിക്കുമ്പോള്‍ രുചി അറിയാന്‍ ചിക്കരകുട്ടികളുടെ തിരക്കാണ്. ആറാട്ട് കഴിഞ്ഞ് പിറ്റേന്നാണ് ചിക്കരകുട്ടികള്‍ കളം പിരിയുന്നത്. വെളിച്ചപ്പാടിനും ശാന്തിക്കും മറ്റും ദക്ഷിണ നല്കി തലയിലും അരയിലും കെട്ടിയ ചുവന്ന് പട്ട് അഗ്നിക്ക് സമര്‍പ്പിച്ചാണ് മടക്കം.
മതമൈത്രിയുടെ ഉത്സവം
കണിച്ചുകുളങ്ങര ഉത്സവം മതമൈത്രിയുടെ മാമാങ്കമാണ്. ജാതി മതവര്‍ഗ്ഗ ഭേദമന്യേ എല്ലാ കുരുന്നുകള്‍ക്കും ഇവിടെ ചിക്കരവഴിപാടിനിരിക്കാം. ആര്‍ക്കും ആരാധന നടത്താന്‍ സ്വാതന്ത്ര്യവുമുണ്ട്. കണിച്ചുകുളങ്ങര ക്ഷേത്ര ഭരണ ഘടന തയ്യാറാക്കിയത് അച്ചോ ജോണ്‍ എന്ന ക്രൈസ്തവ വിശ്വാസിയായിരുന്നു. അദ്ദേഹമായിരുന്നു ക്ഷേത്ര ദേവസ്വത്തിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയും. പ്രായപൂര്‍ത്തി വോട്ടവകാശം 18 വയസ്സ് തികഞ്ഞവര്‍ക്കായി രാജ്യം അംഗീകരിക്കും മുമ്പേ നടപ്പിലാക്കിയ ക്ഷേത്രമാണിത്. വോട്ടെടുപ്പിലൂടെയാണ് ദേവസ്വംഭരണ സമിതിയെ തിരഞ്ഞെടുക്കുന്നത്. 54 വര്‍ഷമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശനാണ് കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ്. കാരുണ്യ പ്രവര്‍ത്തനങ്ങളിലും ക്ഷേത്രം മുന്നിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: