ഏതാണ്ട് രണ്ടുവര്‍ഷമായി ഈ പേര് പ്രശസ്തമാണ്. ഉന്നത പോലീസുദ്യോഗസ്ഥനായിരുന്ന അലക്സാണ്ടര്‍ ജേക്കബ് ഇവിടത്തെ ദേവീക്ഷേത്രത്തില്‍ നടന്ന മൂന്നു വിഗ്രഹമോഷണങ്ങളേയും, മോഷ്ടാക്കള്‍ തന്നെ ദിവസങ്ങള്‍ക്കകം തങ്ങളുടെ ശ്രമം വെടിഞ്ഞു വിഗ്രഹം എവിടെയുണ്ടെന്ന് പോലീസിലറിയിച്ച വിവരവും തികച്ചും വസ്തുനിഷ്ഠമായി പ്രസിദ്ധപ്പെടുത്തിയതിനുശേഷമാണ് ക്ഷേത്രം പ്രശസ്തിയിലേക്കുയര്‍ന്നത്. ക്ഷേത്രത്തിലെ പഞ്ചലോഹത്തിടമ്പ് ഒന്നേമുക്കാല്‍ കോല് ഉയരമുള്ളതും 25 കിലോ വെള്ളി, 10 കിലോ സ്വര്‍ണം, 15 കിലോ ചെമ്പ്, 15 കിലോ പിച്ചള, ഇരുമ്പ് (നാകം) എന്നിവ ചേര്‍ത്തുരുക്കിയ കൂട്ടുകൊണ്ടാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. കോടിക്കണക്കിന് രൂപ വിലമതിപ്പുള്ള ഈ വിഗ്രഹം ഭക്തജനങ്ങള്‍ക്ക് ആദിശക്തിയായ പരാശക്തിയുടെ ഇരിപ്പിടമാണ്. ഇന്നവിടം ഉത്തരകേരളത്തിലെ തിരക്കേറിയ ക്ഷേത്രങ്ങളുടെ മുന്‍നിരയിലാണ്. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിലുള്ള ദേവസ്വം മുന്‍പ് ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രാദേശിക കമ്മിറ്റിയാണ് നടത്തിവന്നത്. മുപ്പതോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമോഷണത്തെ സംബന്ധിച്ച് തലശ്ശേരിയില്‍ വച്ച് പരമേശ്വര്‍ജി പറഞ്ഞാണത്രെ നാട്ടുകാരായ സംഘപ്രവര്‍ത്തകര്‍ അറിഞ്ഞത്. അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ചു ക്ഷേത്രസംരക്ഷണ സമിതി രൂപീകരിച്ചു നടത്തിയ കഠിനമായ പരിശ്രമങ്ങളുടെ ഫലമാണ് ഇന്നവിടെ കാണുന്ന അദ്ഭുതത്തിന്റെ തുടക്കം.
ഫെബ്രുവരി 9 ന് മണത്തണയിലെ സംഘകാര്യാലയത്തിന്റെ ഗൃഹപ്രവേശത്തില്‍ പങ്കെടുക്കാന്‍ പോയ വിവരം കഴിഞ്ഞ വാരത്തെ സംഘപഥത്തില്‍ പരാമര്‍ശിച്ചിരുന്നു. അന്നു വൈകുന്നേരം ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനും അവസരമുണ്ടായി. സമീപത്തുതന്നെ താമസിക്കുന്നു ഗോപിനാഥനെയും കണ്ടു. മണത്തണയില്‍ ശാഖതുടങ്ങുമ്പോള് മുതല്‍ സ്വയംസേവകനാണ് ഗോപി. ഒരിക്കല്‍ അദ്ദേഹത്തിന്റെ മുത്തച്ഛന് താമസിച്ചിരുന്ന സ്ഥലത്തുപോയി താമസിച്ചിരുന്നു. കൃഷ്ണപിള്ള എന്നാണ് പെരെന്ന് ഓര്‍മ്മ. ആള് ആനന്ദമതക്കാരനായിരുന്നു. അവരുടെ ദര്‍ശനത്തിനനുസരിച്ച് അദ്ദേഹം നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നു. ക്ഷേത്രം, വിഗ്രഹാരാധന, കുടുംബങ്ങളിലെ ആചാരരീതികള്‍ എന്നിവയെ നിശിതമായി നിഷേധിച്ചുകൊണ്ട് അദ്ദേഹം രാത്രി ഉറങ്ങാന്‍ സമ്മതിച്ചില്ല. കോട്ടയം ജില്ലയിലെ വാഴൂരില്‍നിന്നു കുടിയേറിയവരായിരുന്നു ആ കുടുംബം. ഞാന്‍ തൊടുപുഴക്കാരനായതും അവിടത്തെ ആനന്ദമതക്കാരില് പ്രമുഖ നായിരുന്ന അമ്പാനപ്പിള്ളില് രാമന് നായരുടെ ബന്ധുവാണെന്നു പറഞ്ഞതും അദ്ദേഹത്തെ കൂടുതല്‍ ആവേശഭരിതനാക്കി. ആനന്ദമതക്കാരുടെ ‘സാരഗ്രാഹി’ മാസികയുടെ പത്രാധിപര്‍ കണ്ണൂരിലെ പി.വി.കെ. നെടുങ്ങാടി ആയിരുന്നു. ഒരിക്കല്‍ ജന്മഭൂമി വാര്‍ഷികപ്പതിപ്പിനുവേണ്ടി ആനന്ദമതാചാര്യന് നിര്‍മലാനന്ദ യോഗിയുടെ ഒരു ലേഖനം അദ്ദേഹം തന്നു. അതിന് മറുപടി കൂടി വാര്‍ഷികത്തില്‍ വേണമെന്നു പറഞ്ഞു നെടുങ്ങാടി എഴുതിതയ്യാറാക്കി. ആദ്യത്തേതും താന്‍ തന്നെയാണെന്ന് എഴുതിയതെന്നദ്ദേഹം പറയുകയും ചെയ്തു.
കൊട്ടിയൂരില്‍ സൂര്യരശ്മി കടന്നുവരാത്ത നിബിഡവനമുണ്ടായിരുന്നപ്പോഴായിരുന്നു ആദ്യ യാത്ര. പേരാവൂരില്‍ നിന്ന് 16. കി. മീ. നടന്നായിരുന്നു അത്. ഇപ്പോള്‍ ഇക്കരെ ക്ഷേത്രത്തിനടുത്തു കഷ്ടിച്ചു ആറുമീറ്റര്‍ മാത്രമേ അത്തരത്തിലുള്ളൂ. ദര്‍ശനവും വഴിപാടുകളും പ്രസാദ സ്വീകാരവും കഴിഞ്ഞു മണത്തണയ്ക്ക് മടങ്ങി. പിറ്റേന്ന് മൃദംഗശൈലേശ്വരീ ദര്‍ശനത്തിനു പുറപ്പെട്ടു. പി.പി. മുകുന്ദന്റെ അനുജന് ചന്ദ്രന് ഞങ്ങളെക്കൊണ്ടുപോയി. മുഴക്കുന്നിലെ മുന്‍ സമിതി അധ്യക്ഷന്‍ രാധാകൃഷ്ണനുമായി തലേന്നുതന്നെ പറഞ്ഞുറപ്പിച്ചയാത്രയായിരുന്നു. മുഴക്കുന്നിലെത്തിയപ്പോള് അറുപതോളം വര്‍ഷങ്ങള്‍ക്കുമുന്നേ അങ്ങോട്ടു നടത്തിയ ആദ്യയാത്ര ഓര്‍മ്മയിലെത്തി. അന്നവിടെ നാരായണ വാര്യര്‍ മാസ്റ്ററും കുടുംബവും താമസിച്ചിരുന്നു. മാസ്റ്റര്‍ തലശ്ശേരിയിലായിരുന്നപ്പോള് മുതല്‍ അത് സംഘകുടുംബമാണ്. മക്കളെല്ലാം സജീവ സ്വയംസേവകര്‍. അവരില്‍ ജനാര്‍ദ്ദനനുമായിട്ടാണ് എനിക്ക് ഏറ്റവും അടുപ്പമുണ്ടായത്. ധര്‍മ്മടത്തെ സി. ചിന്നേട്ടനും അവിടെ നല്ല ബന്ധങ്ങള്‍ സൃഷ്ടിച്ചു. അദ്ദേഹം ഒരു വര്‍ഷത്തിലേറെക്കാലം മുഴക്കുന്നില്‍ താമസിച്ച് അവിടത്തെ ശാഖയ്ക്കു കരുത്തേകി. ആ നാട്ടുകാരുടെയെല്ലാം മനസ്സില്‍ അത്യുന്നതമായ ആദരവ് പിടിച്ചുപറ്റാന്‍ ചിന്നേട്ടനും കഴിഞ്ഞിരുന്നു. അവിടുത്തുകാരായ പലരേയും ധര്‍മ്മടത്തു കൂട്ടിക്കൊണ്ടുപോയി സല്ക്കരിക്കുകയും ചെയ്തുവത്രെ. ഇത്തവണത്തെ മണത്തണ മുഴക്കുന്നു യാത്രയിലും ചിന്നേട്ടന്‍ അദൃശ്യനായി ഉണ്ടായിരുന്നു. ആദ്യത്തെ യാത്രയില്‍ വാര്യര്‍ മാസ്റ്ററുടെ കൂടെ കഴിയുന്നതിനിടയില്‍ കൊട്ടിയൂര്‍ ക്ഷേത്രത്തിന്റെ പ്രമുഖ കര്മികളില്പ്പെട്ട കാമ്പ്രം ഇല്ലത്തുപോയി. അവിടത്തെ കൃഷ്ണന് നമ്പൂതിരി ധര്‍മ്മടത്തു ചിന്നേട്ടന്റെ ഒരു കെട്ടിടത്തില്‍ താമസിച്ചാണ് ബ്രണ്ണന്‍ കോളജില്‍ പഠിച്ചത്. ചാത്തുക്കുട്ടിയെന്ന പില്ക്കാലത്തെ പ്രമുഖ അഭിഭാഷകന് എം.സി. നമ്പ്യാരും, കെസിടിപി നാരായണന് നമ്പൂതിരിയും പിന്നീട് തളിപ്പറമ്പില്‍ സംഘചാലകനായിരുന്ന നാരായണന്(?) നമ്പീശനും അവിടെ താമസിച്ചിരുന്നു. കാമ്പ്രം നമ്പൂതിരി അന്ന് പുരളി മലയുടെയും അവിടത്തെ ഹരിശ്ചന്ദ്രന്കോട്ടയുടെയും മൃദംഗശൈലേശ്വരി ക്ഷേത്രത്തിന്റെയും ഐതിഹ്യങ്ങളും ചരിത്രവും വിശദമായി വിവരിച്ചുതന്നു. അക്കാലത്തുതന്നെ മുഴക്കുന്നും അടുത്ത സ്ഥലങ്ങളും (തില്ലങ്കേരിയും മറ്റും) കമ്യൂണിസ്റ്റു കോട്ടകളായിക്കഴിഞ്ഞിരുന്നു. 1948 ലെ കല്‍ക്കത്താ തീസിസ് കാലത്തുണ്ടായ വിപ്ലവങ്ങളും അംശം അധികാരിയുടെ തലവെട്ടി അവരുടെ തന്നെ വേലിത്തറിയില്‍ കുത്തിനിര്‍ത്തിയതും പോലീസ് നായാട്ടുമൊക്കെ നമ്പൂതിരി വിവരിച്ചുതന്നു. മുഴക്കുന്നിനും തില്ലങ്കേരിക്കും ഇന്നും വലിയ മാറ്റമില്ല. നല്ല സംഘശാഖകള്‍ അവിടെ പ്രവര്ത്തിക്കുന്നുവെന്നതിലൊഴികെ ടി.പി. ചന്ദ്രശേഖരന്റെ കൊലയാളികള്‍ക്കു ഭദ്രമായ ഒളിത്താവളമൊരുക്കപ്പെട്ടത് മുഴക്കുന്നിലെ മുടക്കോഴിമലയിലായിരുന്നല്ലൊ.
അന്ന് ക്ഷേത്രത്തില്‍പ്പോയി. ദുര്‍ഘടമായിരുന്നു വഴി. നടതുറന്നിരുന്നില്ല, വിളക്കുവച്ചു ശാന്തിക്കാരന്റെ സൗകര്യംപോലെ ആയിരുന്നു. ചുറ്റും സര്‍പ്പക്കാവുപോലെ നിബിഡമായ കാട് ക്ഷേത്ര നിര്‍മിതി അതീവ മനോഹരവും കുറ്റമറ്റതും. മുന്‍വശത്തു നടയിറങ്ങുമ്പോള്‍ പാതാളംപോലൊരു നീരാഴി, മടങ്ങിപ്പോന്നു.
സ്കൂളില്‍ പഠിക്കും കാലത്ത് ഐതിഹ്യമാലയില്‍ നിന്നാണ് കോട്ടയത്തു തമ്പുരാനെയും പുരളിമലയെയും അവിടത്തെ കുമാരധാരയെയും ശ്രീപോര്‍ക്കലി ഭഗവതിയെയുംപറ്റി അല്‍പ്പാല്‍പ്പമായി കേള്‍ക്കുന്നത്. മുകിലന്റെ ആക്രമണത്തെ നേരിടാന്‍ അന്നത്തെ വേണാട് റാണി ഉമയമ്മ അക്കാലത്തു ശുചീന്ദ്രത്തു ഭജനമിരുന്ന കോട്ടയം കേരളവര്‍മ്മയെ സമീപിച്ചുവെന്നും അദ്ദേഹത്തിന്റെ കൗശല പൂര്‍ണവും ധീരോദാത്തവുമായ യുദ്ധതന്ത്രത്തിലൂടെ മുകില സേനയെ പരാജയപ്പെടുത്തിയെന്നുമാണ് കഥ. തമ്പുരാന് ദേവി നല്കിയ ഖഡ്ഗവുമുപയോഗിച്ച് യുദ്ധം ചെയ്തു. തന്ത്രപൂര്‍വം ശത്രുപ്പടയെ നിറയെ കടന്നല് കൂടുകളുള്ള ഒരു പേരാല്‍ മര ചോട്ടില് എത്തിക്കുകയും, അകലെനിന്ന് കവിണിപ്രയോഗ വിദഗ്ധരെക്കൊണ്ട് കല്ലെറിയിച്ചു കടന്നലുകളെ ഇളക്കിയെന്നും അവയുടെ കുത്തേറ്റ് അവശരായ മുകിലപ്പടയെ തോല്‍പ്പിക്കാന്‍ പ്രയാസമുണ്ടായില്ലെന്നും അധ്യാപകര്‍ വിവരിച്ചിരുന്നതോര്ക്കുന്നു. കൊട്ടിയൂര്‍ കാട്ടില്‍ കടന്നല് കൂടുകള്‍ നിറയെയുള്ള ഒരു വന്മരം കണ്ടപ്പോള്‍ മുകിലന്റെ കഥയോര്‍ത്തു. അതു കടന്നലല്ല കാട്ടുതേനീച്ചയാണെന്ന കെ.പി. ഗോവിന്ദന് തിരുത്തി.
ഇത്തവണത്തെ മുഴക്കുന്നു യാത്രയില്‍ ജനാര്ദ്ദനന് കൂടി ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു. അവര്‍ താമസിച്ചിരുന്ന വീട് രാധാകൃഷ്ണന് കാണിച്ചുതന്നു. രാധാകൃഷ്ണന് ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഭരണം നടത്തുന്നത് ബോര്‍ഡും പ്രാദേശിക കമ്മിറ്റി മാര്ക്സിസ്റ്റുകാരുമാണെങ്കിലും ക്ഷേത്ര ജീവനക്കാരിലും സമീപവാസികളിലും അദ്ദേഹം സൃഷ്ടിച്ച സ്നേഹ, വാത്സല്യാദരണങ്ങള്ക്കു ഒട്ടും കുറവുവന്നിട്ടില്ല. വിശദമായി ദര്‍ശനം നടത്താന്‍ സാധിച്ചു. സര്‍ക്കാരിന്റെ സഹസ്ര സരോവര പദ്ധതിയനുസരിച്ച് ഒന്നരക്കോടി രൂപ ചെലവില്‍ ക്ഷേത്രക്കുളം നവീകരിച്ചു. ക്ഷേത്രപുനരുദ്ധാരണ ശ്രമങ്ങള്‍ ആരംഭിച്ചകാലത്ത് കുളം മണ്ണുനിറഞ്ഞും ചുവരുകളിടിഞ്ഞും വെള്ളമില്ലാതെ കിടക്കുകയായിരുന്നു.കുളം നന്നാക്കിയാല്‍ ക്ഷേത്രനവീകരണം തനിയേ നടന്നുകൊള്ളുമെന്ന പ്രശ്നവിധിയനുസരിച്ച് ഭഗീരഥപ്രയ്തനവും ദേവ്യനുഗ്രഹവും ചേര്‍ന്ന് മുഖ്യമന്ത്രിയടക്കമുള്ള അധികൃതര്‍ക്ക് പദ്ധതി പൂര്‍ത്തിയാക്കാനുള്ള പ്രചോദനമുണ്ടായി. ഒട്ടേറെ യാദൃച്ഛികതകളും ദൈവാധീനങ്ങളും അതിനുണ്ടായതായി രാധാകൃഷ്ണന് പറഞ്ഞുതന്നു.
കഥകളിയുടെ തറവാടുകളില്‍ ഒന്നായിരുന്നല്ലോ കോട്ടയം രാജവംശം. കോട്ടയത്തു തമ്പുരാന് വിരചിച്ച ‘കോട്ടം തീര്‍ന്ന നാലുകഥകള്‍’ ആണ് ആട്ടം ചിട്ടപ്പെടുത്തിയ ആദ്യ മാതൃകാ കഥകളെന്ന് എല്ലാവരും സമ്മതിക്കുന്ന വേഷം, ചുട്ടി, താളം, കലാശം ചുവടുകള്‍ തുടങ്ങി എല്ലാറ്റിനും അന്നു നിലവിലുണ്ടായിരുന്ന നിരവധി നാടന്‍ അനുഷ്ഠാനകലകളുടെ വാദ്യ, വേഷവിധാനങ്ങളില്‍ നിന്ന് ആശയമുള്‍ക്കൊണ്ട് തമ്പുരാന് മാതൃകകള്‍ സൃഷ്ടിച്ചെടുത്തു. സ്ത്രീവേഷത്തിന് മനസ്സിന് ഒരു ആശയവും കാണാതെ ദേവീസ്മരണയില്‍ മുഴുകി തീര്‍ത്ഥക്കുളക്കരയില്‍ നില്‍ക്കെ ദേവി തന്നെ വെള്ളത്തിനു മുകളില്‍ പൊങ്ങി വന്ന് കാണിച്ച മാതൃകയാണ് കഥകളിയിലുള്ളത്. അരയ്ക്കു മുകളില്‍ വര്‍ണശബളമായിരുന്നു. അതിന് കീഴ്ഭാഗം വെള്ളത്തിനടിയിലായിരുന്നതിനാല്‍ വെള്ള ഉടയാട നിശ്ചയിക്കപ്പെട്ടു. പുരുഷവേഷങ്ങള്‍ക്കു കാലാന്തരത്തില്‍ നേരിയ ഭേദഗതികള്‍ വന്നുവെങ്കിലും സ്ത്രീവേഷം മാറ്റമില്ലാതെ ഇന്നും തുടരുന്നു. ഓരോ ആട്ടക്കഥയ്ക്കും വെവ്വേറെ വന്ദന ശ്ലോകങ്ങളുണ്ട്. എന്നാല്‍ മിക്കവാറും മൃദംഗ ശൈലേശ്വരിയായ ശ്രീപോര്‍ക്കലീ വന്ദനമാണ് ഇപ്പോള്‍ ഏതാണ്ടെല്ലാ ഭാഗവതര്‍മാരും ആലപിക്കുന്നത്.
‘ മാതംഗാനന മബ്ജവാസരമണിം
ഗോവിന്ദ മാദ്യം ഗുരും
വ്യാസം പാണിനി ഗര്‍ഗ്ഗ നാരദകണാം
ദാദ്വാന്‍ മുനീന്ദ്രാന്‍ ബുധാന്‍
ദുര്‍ഗ്ഗാംഞ്ചാപി മൃദംഗശൈലനിലയാം
ശ്രീപോര്‍ക്കലീമിഷ്ടദാം
ഭക്ത്യാനിത്യമുപാസമഹെ സപദി ന:
കുര്‍വ്വന്ത്വമീ മംഗളം’ ഈ ശ്ലോകം കേള്‍ക്കാത്ത കളിപ്രിയര് ഉണ്ടാവില്ല.
ക്ഷേത്രത്തിനു ചുറ്റും പണ്ടു വടക്കും പടിഞ്ഞാറും കിഴക്കുമായി കോട്ടയം വംശത്തിന്റെ കോവിലകങ്ങള്‍ ഉണ്ടായിരുന്നു. പഴശ്ശി രാജാവിനെതിരായ ഉപരോധം ശക്തമാക്കിയ ആര്‍തര്‍ വെല്ലസ്സി കോവിലകങ്ങള്‍ മൂന്നും വലയം ചെയ്തു. തമ്പുരാന് ക്ഷേത്രദര്‍ശനം അസാധ്യമാക്കുകയായിരുന്നു ഉദ്ദേശ്യം. പഴശ്ശി യുദ്ധങ്ങള്‍ക്കുശേഷം രാജകുടുംബത്തിന് തിരിച്ചുവരാന്‍ കഴിയാതെ ആ കൊട്ടാരങ്ങള്‍ തകര്‍ന്നടിഞ്ഞു. അവയുടെ ഭഗ്നാവശിഷ്ടങ്ങള്‍ കാടുമൂടിക്കിടക്കുന്നു. പുരാവസ്തു വകുപ്പും നാട്ടുകാരും ചേര്‍ന്നു ശ്രമിച്ചാല്‍ അതിനിടയില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയാന്‍ സാധിക്കും. അതി പ്രാചീന കീഴ്മലൈനാടിന്റെ രാജധാനിയായിരുന്ന തൊടുപുഴയിലെ കാരിക്കോട് 700 വര്‍ഷം പഴക്കമുള്ള അണ്ണാമല ക്ഷേത്രം പുനരുദ്ധരിച്ച മാതൃക മൃദംഗശൈലേശ്വരിയുടെ മൂന്നുവശവും നന്നാക്കാന്‍ സ്വീകരിക്കാവുന്നതാണെന്നു തോന്നുന്നു.
ആ അവശിഷ്ടങ്ങളിലൂടെ നടക്കുമ്പോള്‍ അവിടെയെങ്ങാനും പൂക്കൈതയുടെ ഒരു മരമെങ്കിലും കാണാനുണ്ടോ എന്നു നോക്കി. ആ കോവിലക പരിസരത്തുനിന്നുയര്ന്ന കൈതപ്പൂമണമായിരുന്നല്ലോ തന്റെ പ്രണയിനി കൈതേരിമാക്കത്തിന് ശബ്ദസുന്ദരവും ഭാവമധുരവുമായ
ജാതി ജാതാനുകമ്പാ ഭവശരരണമയേ
മല്ലികേ കൂപ്പൂകൈതേ
കൈതേ കൈതേരിമാക്കം കബരിയിലണിവാന്‍
കയ്യുയര്‍ത്തും ദശായാം
ഏതാനേതാന്‍ മദീയാനലര്‍ശരപരിതാ
പോദയാനാശു നീതാന്‍
നീതാന്‍ നീതാന്‍ വരമരുളുക ചടുല കയല്‍
കണ്ണിതന്‍ കര്‍ണമൂലേ, എന്ന സന്ദേശം
ഇളംകാറ്റിലൂടെ അയച്ചത്
ആ മൃദംഗശൈലസാനുവില് വീശിയിരുന്ന കാറ്റില്‍ കൈതപ്പൂവിന്റെ ഗന്ധമുണ്ടായിരുന്നില്ല.
മുടക്കോഴിമലമുകളില് നിന്നു വന്നതും ഏതായാലും മറ്റേതോ ഗന്ധമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: