കേപ്ടൗണ്‍: റുമേലി ധറും ശിഖാ പാണ്ഡേയും രാജേശ്വരി ഗെയ്ക്ക്വാദും എറിഞ്ഞു തകര്‍ത്തപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ വനിതാ ട്വന്റി 20 പരമ്പര ഇന്ത്യക്ക്. അവസാനത്തെയും അഞ്ചാമത്തെയും മത്സരത്തില്‍ 54 റണ്‍സിന്റെ തകര്‍പ്പന്‍ വിജയത്തോടെയാണ് ഇന്ത്യന്‍ വനിതകള്‍ ദക്ഷിണാഫ്രിക്കയില്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതോടെ പരമ്പര 3-1ന് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കി. പരമ്പരയിലുടനീളം മികച്ച പ്രകടനം നടത്തിയ മിതാലി രാജാണ് കളിയിലെയും പരമ്പരയിലെയും താരം. നേരത്തെ ഏകദിന പരമ്പരയും ഇന്ത്യന്‍ വനിതകള്‍ നേടിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 18 ഓവറില്‍ 112 റണ്‍സിന് ഓള് ഔട്ടായി. 62 റണ്‍സ് നേടിയ മിതാലി രാജിന്റെയും 44 റണ്‍സെടുത്ത ജെമിമ റോഡ്രിഗസിന്റെയും പുറത്താകാതെ 27 റണ്‍സെടുത്ത നായിക ഹര്‍മന്‍പ്രീത് കൗറിന്റെയും മികച്ച ബാറ്റിങ്ങിന്റെ കരുത്തിലാണ് ഇന്ത്യ 166 റണ്‍സെടുത്തത്. 50 പന്ത് നേരിട്ട മിതാലി എട്ട് ഫോറും മൂന്ന് സിക്സറുമടക്കമാണ് 62 റണ്‍സെടുത്തത്. 34 പന്തില്‍ നിന്ന് മൂന്ന് ഫോറും രണ്ട് സിക്സറുമടക്കമാണ് ജെമിമയുടെ 44 റണ്‍സ്. 17 പന്തില്‍ നിന്ന് ഒരു ഫോറും രണ്ട് സിക്സറുമുള്‍പ്പെട്ടതാണ് ഹര്‍മന്‍പ്രീതിന്റെ ഇന്നിങ്സ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിലേറ്റ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ കഴിഞ്ഞില്ല. ആദ്യ വിക്കറ്റ് 12 റണ്‍സായപ്പോള്‍ നഷ്ടപ്പെട്ട അവര്‍ പിന്നീട് 5ന് 44 എന്ന നിലയിലായി.21 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത മാരിസാനെ ക്ലാപ്പാണ് അവരുടെ ടോപ് സ്കോറര്‍. ഷോലെ ട്രയോണ്‍ 25 റണ്‍സും നേടി. മറ്റാര്‍ക്കും തന്നെ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. നായിക വാന നിക്കര്‍ക്കാണ് രണ്ടക്കം കടന്ന മറ്റൊരു ഏകതാരം.ശിഖ പാണ്ഡെ മൂന്ന് ഓവറില്‍ 16 റണ്‍സ് വഴങ്ങിയും ധര് നാല് ഓവറില്‍ 26 റണ്‍സിനും രാജേശ്വരി മൂന്ന് ഓവറില്‍ 26 റണ്‍സിനുമാണ് മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയത്. പൂനം യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: