ഭരതന് സ്മാരക പുരസ്കാരം നേടിയ ഡോ. അബേഷ് രഘുവരന്റെ എഴുത്തുജീവിതം
സിനിമയിലെ എഴുത്തുകള്‍ കേവലം തിരക്കഥയെഴുത്ത് മാത്രമല്ല. സിനിമാരംഗത്തുതന്നെയുള്ള വിവിധ തലങ്ങളിലെ സര്‍ഗ്ഗാത്മകതയെ അക്ഷരങ്ങളാല്‍ അടയാളപ്പെടുത്തുന്നതും സിനിമായെഴുത്തുതന്നെ. അതില്‍ ഇന്ന് ഏറെ പ്രചാരമുള്ള ഒന്നാണ് സിനിമാ നിരൂപണം. ദൃശ്യമാധ്യമങ്ങളിലും, സമൂഹമാധ്യമങ്ങളിലും സിനിമാനിരൂപണം ഒരു പ്രത്യേകവിഭാഗമായി ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ആ രംഗത്തെ സജീവസാന്നിധ്യമായി മാറുകയാണ് ആലപ്പുഴ സ്വദേശി ഡോ. അബേഷ് രഘുവരന്. ഏറ്റവും ഒടുവിലായി വേള്‍ഡ് ഡ്രമാറ്റിക് സ്റ്റഡിസെന്റര് ആന്‍ഡ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിനിമാനിരൂപണത്തിനുള്ള 2017 ലെ ഭരതന് സ്മാരക പുരസ്കാരം ഇദ്ദേഹത്തെ തേടി എത്തിയിരിക്കുകയാണ്.
സ്കൂള്‍ കാലഘട്ടം മുതല്‍തന്നെ സര്‍ഗ്ഗാത്മക രചനയില്‍ സജീവമായിരുന്നെങ്കിലും സിനിമയിലും മറ്റ് ഇതര രചനയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പഠനകാലം കഴിഞ്ഞതോടെയാണ്. സയന്‍സ് വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയതെങ്കിലും ഒഴിവുസമയങ്ങളില്‍ സാഹിത്യരചനയ്ക്കുകൂടി അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. വിവിധ ആനുകാലികങ്ങളില്‍ ലേഖനങ്ങളും, കഥകളും എഴുതിയിരുന്ന അബേഷ്, അന്തരിച്ച സംവിധായകന് രാജേഷ് പിള്ളയുടെ പ്രേരണയാലാണ് സിനിമാതിരക്കഥയിലേക്ക് ശ്രദ്ധ തിരിക്കുന്നത്. ഒരിക്കല്‍ അദ്ദേഹത്തോട് പറഞ്ഞ കഥ തിരക്കഥയാക്കാന്‍ രാജേഷ് നിര്‍ബന്ധിച്ചു.
എന്നാല്‍ അത് പൂര്‍ത്തിയാകുന്നതിനുമുമ്പ് തന്നെ രാജേഷ് ലോകത്തോട് വിടപറഞ്ഞു. അതിനുശേഷം, രണ്ടാമതൊരു തിരക്കഥ കൂടി അബേഷ് പൂര്‍ത്തിയാക്കി. എന്നാല്‍ സിനിമയില്‍ ഒരു തുടക്കക്കാരന് ധാരാളം പരിമിതികള്‍ ഉണ്ടെന്നും, മുന്‍വിധിയോടെയാണ് ഒരു നവാഗതന്റെ കഥയെ സംവിധായകനും, നിര്‍മ്മാതാവും, താരവും വിലയിരുത്തുന്നതെന്നാണ് അബേഷിന്റെ അഭിപ്രായം. തിരക്കഥ കൂടാതെ ഗാനരചനയിലും, നിരൂപണത്തിലും കഴിവുതെളിയിച്ചിട്ടുണ്ട്. ധാരാളം ഭക്തിഗാനങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ചു. ‘സിനിമ ഒരു ആഗോളസാര്‍വത്രിക മാധ്യമമെന്ന നിലയിലും, ഇത്രയേറെ ജനങ്ങള്‍ക്ക് സ്വീകാര്യവും സ്വാധീനവുമുള്ള മാധ്യമമെന്ന നിലയില്‍ ഓരോ സിനിമയും പുലര്‍ത്തേണ്ട ഉത്തരവാദിത്തം നിറവേറ്റാതെയിരിക്കുമ്പോള്‍ പണം മുടക്കിക്കാണുന്ന പ്രേക്ഷകര്‍ക്ക് മിണ്ടാതെയിരിക്കാനാവില്ല.
സമയംകൊല്ലികളും, പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയെ കളിയാക്കുന്നതുമായ സിനിമകള്‍ പോസ്റ്റ്മോര്‍ട്ടം അര്‍ഹിക്കുന്നു’ എന്ന പക്ഷക്കാരനാണ് അബേഷ്. അതിനാലാവണം മോശം സിനിമകളെ നിരൂപിക്കുമ്പോള്‍ അതികഠിനമായ വാക്കുകള്‍ അദ്ദേഹം ഉപയോഗിച്ചുകാണുന്നത്. ഭരതന് സ്മാരക പുരസ്കാരം നേടിയ രചനയെ ജൂറി വിലയിരുത്തിയത്, ‘സിനിമയുടെ സാങ്കേതികമായ വശങ്ങളെ വര്‍ത്തമാനകാലരാഷ്ട്രീയവും, വര്‍ത്തമാനകാല സംഭവ വികാസങ്ങളുമായി ഇഴചേര്‍ത്തുവെക്കുന്നതില്‍ എഴുത്തുകാരന് വിജയിക്കുകയും, കേവലം സിനിമയുടെ സാങ്കേതികവശങ്ങള്‍ മാത്രം പരാമര്‍ശിക്കാതെ ആ സിനിമ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയവും, പിന്നണിയില്‍ ഉള്ളവരുടെ സാമൂഹിക ചുറ്റുപാടും ഒക്കെച്ചേര്‍ന്ന് പൂര്‍ണ്ണമായ ഒരു സര്‍ഗ്ഗസൃഷ്ട്ടിയായി അബെഷിന്റെ രചനകള്‍ രൂപാന്തരം പ്രാപിച്ചു ‘എന്നാണ്. എഴുത്തില്‍ അങ്ങനെയൊരു വ്യത്യസ്ഥതയും, മൗലികതയും പുലര്‍ത്തുന്നവയാണ് അബേഷിന്റെ ഓരോ രചനയും.
മറ്റു ജോലിക്കൊപ്പം ഒഴിവുസമയങ്ങളിലാണ് സര്‍ഗ്ഗാത്മകരചനകളുമായി മുന്നോട്ടുപോകുന്നത്. കഥാരചനയ്ക്ക് ധാരാളം പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒരു മുന്‍നിര മാസികയില്‍ കോളമിസ്റ്റ് ആണ്. രണ്ടുതിരക്കഥകള്‍ പൂര്‍ത്തിയാക്കി. അത് സിനിമയാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. മൂന്നാമതായി ഇപ്പോള്‍ ഒരു ബിഗ്ബജറ്റ് പുരാണകഥയുടെ തിരക്കഥയുടെ പണിപ്പുരയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: