ജനങ്ങളെ അങ്ങേയറ്റം കഷ്ടപ്പെടുത്തിയ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. നാലു ദിവസമായി ദുരിതപ്പുഴ നീന്തിത്തളര്‍ന്നവര്‍ സ്വകാര്യ മുതലാളി-സര്‍ക്കാര്‍ കൂട്ടുകെട്ടിനു മുമ്പില്‍ പ്രജ്ഞയറ്റു വീണ അവസ്ഥയിലായി. ജനാഭിമുഖ്യമുള്ള ഒരു സര്‍ക്കാരിന് നിമിഷംകൊണ്ട് പരിഹരിക്കാമായിരുന്ന പ്രശ്നമാണ് ഒടുവില്‍ ജനങ്ങളുടെ മേല്‍ അമ്ലമഴ പെയ്യിച്ചുകൊണ്ട് അവസാനിച്ചിരിക്കുന്നത്. ഇതില്‍ ആര് എന്ത് നേടി എന്ന് ആത്മാര്‍ത്ഥതയോടെ വിചിന്തനം ചെയ്യണം. ജീവിതം ദുസ്സഹമായ അവസ്ഥയുടെ പശ്ചാത്തലത്തിലാണ് മാഫിയയെപ്പോലെ സ്വകാര്യ ബസ്സുടമകള്‍ പൊടുന്നനെ സമരം പ്രഖ്യാപിച്ചത്. ആദ്യം താക്കീതെന്ന നിലയില്‍ ഒരു ദിവസത്തെ സമരം നടത്തി. അതില്‍ ആരും വീണില്ലെന്ന് അറിഞ്ഞതോടെ വിലപേശല്‍ അതിന്റെ ഭയാനക രൂപത്തിലേക്കെത്തുകയായിരുന്നു. സംഘടിത ശക്തിയുണ്ടെന്ന ധാര്‍ഷ്ട്യമുള്ളതുകൊണ്ട് എന്തുമാവാം എന്നാണ് മുതലാളിമാര്‍ ധരിച്ചുവശായിരിക്കുന്നത്. ഈ വ്യവസായം ഇത്രമാത്രം നഷ്ടത്തിലാണെങ്കില്‍ എന്തിനിവര്‍ ബുദ്ധിമുട്ടി ഈ രംഗത്ത് വാഴുന്നു ? ഈ ചോദ്യത്തിനുള്ള ഉത്തരം എന്താണെന്ന് അവര്‍ക്കറിയാം.
തമിഴ്നാട്, കര്‍ണാടകം, ആന്ധ്ര സംസ്ഥാനങ്ങളില്‍ കേരളത്തെക്കാള്‍ കുറവാണ് ബസ് യാത്രാനിരക്ക്. ഇവിടെ മിനിമം നിരക്ക് എട്ടുരൂപയാക്കി സര്‍ക്കാര്‍ സ്വകാര്യ മുതലാളിമാര്‍ക്ക് പട്ടുപരവതാനി വിരിക്കുമ്പോള്‍ അയല്‍ സംസ്ഥാനങ്ങളില്‍ അത് നാലും അഞ്ചും ആറുമാണെന്ന് അറിയണം. സര്‍ക്കാരിന് ജനങ്ങളോടല്ല, സമ്മര്‍ദ്ദ തന്ത്രം പയറ്റുന്ന സ്വകാര്യ ബസ്സുടമകളോടാണ് ഇഷ്ടമെന്നതാണ് വസ്തുത. തങ്ങള്‍ക്ക് ഈ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിക്കില്ലെന്ന് സ്വകാര്യ ബസ്സുടമാ സംഘത്തിന്റെ സംസ്ഥാന നേതാവു തന്നെ വെളിപ്പെടുത്തുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്. ജനങ്ങളെ നിങ്ങള്‍ വേണ്ടത്ര ബുദ്ധിമുട്ടിച്ചോളൂ, ശേഷം കാര്യം തങ്ങള്‍ നോക്കാം എന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. അതിന്റെ വ്യക്തമായ സൂചന സമരം പിന്‍വലിക്കപ്പെട്ടതിനെതുടര്‍ന്ന് നേതാക്കള്‍ നല്കിയ വിശദീകരണത്തിലുണ്ട്. അവരുടെ ഒരാവശ്യവും അംഗീകരിക്കപ്പെടാതെയാണ് സമരം പിന്‍വലിക്കപ്പെട്ടത്. ‘മുഖ്യമന്ത്രിയുമായി സംസാരിച്ചു, പരിശോധിക്കാം എന്നു പറഞ്ഞിട്ടുണ്ട്’ എന്നാണ് നേതാക്കള്‍ വിശദീകരിച്ചിരിക്കുന്നത്. അപഹാസ്യത അതില്‍ നിന്നുതന്നെ അറിയാനാവുന്നില്ലേ ?
ജനങ്ങളെ ഇങ്ങനെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഒത്താശ ചെയ്തുകൊടുത്ത സര്‍ക്കാരിനെ ആ പേരില്‍ വിളിക്കാന്‍ തന്നെ പറ്റില്ല. കുത്തക മുതലാളിമാരും സര്‍ക്കാരും ചേര്‍ന്ന അവിശുദ്ധ കൂട്ടുകെട്ടിന്റെ മ്ലേച്ഛ രൂപമാണ് കേരളത്തില്‍ ഭരണം കൈയാളുന്നത്. കൊലപാതകത്തിന് അരുനില്‍ക്കുകയും ഒടുവില്‍ തള്ളിപ്പറയുകയും ചെയ്യുന്ന ഇടതു സര്‍ക്കാര്‍ രീതി ബസ് സമരത്തിന്റെ കാര്യത്തിലും ഉണ്ടായി. സമരത്തിന് മുതലാളിമാരെ പ്രോത്സാഹിപ്പിക്കുകയും ജനങ്ങളെ ദുരിതത്തിലാക്കുകയും ചെയ്യുന്ന ആ രീതി കൈവെടിയാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. ഏതായാലും ആവശ്യപ്പെട്ടിടത്തോളം നേടാതെ ബസ്സുടമകള്‍ സമരം പിന്‍വലിക്കുമ്പോള്‍ തോല്‍ക്കുന്നത് പാവപ്പെട്ട ജനങ്ങളാണ്. അന്നന്നത്തെ അന്നത്തിന് വക കണ്ടെത്തേണ്ടവര്‍ ദുരിത പാതയിലൂടെ നാലുദിനം നെട്ടോട്ടമോടിയതു വഴി എത്ര കഷ്ടനഷ്ടങ്ങള്‍ ഉണ്ടായെന്നതിനെക്കുറിച്ച് ആര്‍ക്കും വിഷമമില്ല. ലാഭക്കൊതിമൂത്ത് മുതലാളിമാര്‍ ദംഷ്ട്രകളുമായി രംഗത്തിറങ്ങുമ്പോള്‍ നിസ്സഹായരായ ജനങ്ങളെ അവര്‍ക്കു മുമ്പിലേക്ക് എറിഞ്ഞുകൊടുക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. ഇത്തരമൊരു ഭരണ സംവിധാനംകൊണ്ട് സാധാരണക്കാര്‍ക്ക് ഒരു ഗുണവുമില്ല. കള്ളനും അവന് കഞ്ഞിവെയ്ക്കുന്നവനും ഒരേ കുറ്റംതന്നെയാണ് ചെയ്യുന്നത്. ഇവിടെ സര്‍ക്കാരും സ്വകാര്യ ബസ്സുടമകളും ചെയ്യുന്നതും അതുതന്നെ എന്നു പറയേണ്ടിവരുന്നു. പ്രതികരണ ശേഷികൊണ്ടേ ഇത്തരം ക്രൂര നിലപാടുകളെ വെട്ടിനിരത്താനാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: