സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ നല്ല പ്രായത്തില്‍ കനത്ത സംഭാവനകള്‍ നല്കിയ രണ്ട് പ്രഗത്ഭര്‍ കഴിഞ്ഞയാഴ്ചകളില്‍ നമ്മെ വിട്ടുപിരിഞ്ഞു. തിരൂരിലെ പ്രമുഖ അഭിഭാഷകനും മുന്‍ നഗരസഭാംഗവുമായ കെ.കെ. രാധാകൃഷ്ണനും കോട്ടയം ജില്ലയില്‍ ചിറക്കടവിലെ പാര്ത്ഥസാരഥിപ്പണിക്കരുമായിരുന്നു അവര്‍. ദീര്‍ഘകാലമായി അവശരായി കഴിയുകയായിരുന്നു ഇരുവരും. രാധാകൃഷ്ണന് തിരൂരിലെ സ്വവസതിയിലായിരുന്നെങ്കില് പാര്ഥസാരഥിപ്പണിക്കര് വാഴൂരിലെ വിദ്യാധിരാജ ആശ്രമത്തിലെ വൃദ്ധസദനത്തിലായിരുന്നു.
കെ.കെ. രാധാകൃഷ്ണന് 1967 മുതല്‍ എനിക്ക് പരിചിതനാണ്. ജനസംഘത്തിന്റെ അന്നത്തെ കോഴിക്കോട് ജില്ലയിലെ സംഘടനാ ചുമതല ഏല്പിക്കപ്പെട്ടപ്പോള്, എന്റെ മുന്‍ഗാമി കെ. രാമന്‍പിള്ളയാണ് തിരൂരിലെ പ്രമുഖരെ പരിചയപ്പെടുത്താന്‍ തിരൂരില്‍ കൊണ്ടുപോയത്. അവിടത്തെ പ്രമുഖ സ്വാതന്ത്ര്യസമരഭടനും സര്‍വോദയ നേതാവും കെ. കേളപ്പജിയുടെ പ്രിയ സുഹൃത്തുമായിരുന്നു. അഡ്വക്കേറ്റ് കുട്ടിശങ്കരന് നായരെ പരിചയപ്പെടാനായി തൃക്കണ്ടിയൂര്‍ ക്ഷേത്രത്തിനടുത്തുള്ള പുന്നക്കല്‍ തറവാട്ടില്‍ പോയി. ഒരു പറമ്പു മുഴുവന്‍ വ്യാപിച്ചുകിടന്ന പതിനാറു കെട്ട് ഭവനമായിരുന്നു അത്. കുട്ടിശങ്കരന് നായര്‍ ഞങ്ങളെ ഹാര്‍ദ്ദമായി സ്വീകരിച്ചു. ഒരുവര്‍ഷം മുമ്പ് താനൂരില്‍ നടന്ന മുസ്ലിംലീഗ് ആക്രമണത്തെ ചെറുക്കുന്നതിനിടയില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ട അറുമുഖനെന്ന സ്വയംസേവകന്റെ കുടുംബസഹായ സമിതിയുടെ അധ്യക്ഷന്‍കൂടിയായിരുന്നു അദ്ദേഹം.
ആ വെടിവെപ്പില്‍ പരിക്കേറ്റ എ. ജയചന്ദ്രന് ഒരുവര്‍ഷം മുമ്പാണ് അന്തരിച്ചത്. കുട്ടിശങ്കരന് നായരുടെ മകനെന്ന നിലയ്ക്കാണ് ആദ്യം യുവ അഭിഭാഷകന് രാധാകൃഷ്ണനെ പരിചയപ്പെട്ടത്. മെയിന്റോഡരികില്‍ അദ്ദേഹത്തിന്റെ വസതിയായിരുന്നു പിന്നീട് തിരൂരിലെ എന്റെ വീട്. വൈകുന്നേരങ്ങളില്‍ പേരക്കുട്ടികളെ താലോലിച്ച് കുട്ടിശങ്കരന് നായരും രാധാകൃഷ്ണന്റെ വസതിയിലുണ്ടാവും. രണ്ടു വര്‍ഷം മുമ്പ് ഒരു കോഴിക്കോട് യാത്ര കഴിഞ്ഞ് കുടുംബസഹിതം മടങ്ങവേ അവശതയില്‍ കഴിയുകയായിരുന്ന താനൂര്‍ ചിറയ്ക്കലെ ജയചന്ദ്രനെയും തിരൂരില്‍ രാധാകൃഷ്ണനെയും സന്ദര്‍ശിച്ചിരുന്നു. ഒരിക്കലും മറക്കാനാവാത്തവിധം ഹൃദയംഗമമായിരുന്നു ഏതാനും മിനിട്ടുകള്‍ നീണ്ട ആ സമാഗമവേളകള്‍.
മലപ്പുറം ജില്ലാ രൂപീകരണ നിര്‍ദ്ദേശം മുസ്ലിംലീഗിന്റെ പാലക്കാട് ജില്ലാ സമിതി ഉന്നയിക്കുകയും, കോഴിക്കോട് ജില്ലാ സമിതി അതിനെ പിന്താങ്ങുകയും ചെയ്ത സമയം. നിയമസഭയില്‍ അത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് പ്രസ്താവിക്കുകയും ചെയ്തു. എന്നാല്‍ ഈ നിര്‍ദ്ദേശത്തില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ ജനങ്ങള്‍ക്കു മുന്നില്‍ ബോധ്യപ്പെടുത്താനും നീക്കത്തെ പരാജയപ്പെടുത്താനുമുദ്ദേശിച്ച് മഞ്ചേരിയില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനത്തില്‍ രാധാകൃഷ്ണന് സജീവമായി പങ്കെടുത്തിരുന്നു. തുടര്‍ന്ന് അദ്ദേഹവും മുതിര്‍ന്ന സംഘപ്രവര്ത്തകന് ടി.എന്‍. ഭരതനും ജില്ലാ രൂപീകരണത്തിന്റെ വരുംവരായ്കകളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ ശ്രമിച്ചു. വിശേഷിച്ചും ഒന്നര നൂറ്റാണ്ടായി മുസ്ലിം ഭീകരവാഴ്ചയുടെ (ഹൈദരലിയുടെയും ടിപ്പുവിന്റെയും പടയോട്ടങ്ങള്‍ മുതല്‍ 1921 ലെ മാപ്പിളലഹളകളും 1947 ലെ രാമസിംഹന് കുടുംബ കൂട്ടക്കൊലക്കേസുവരെയുള്ള) തിക്തഫലങ്ങളും ദുരിതങ്ങളും അനുഭവിച്ച ഹിന്ദുജനത വീണ്ടുമൊരു സമാനപരിതസ്ഥിതിയിലേക്ക് തള്ളിവിടപ്പെടുന്ന സ്ഥിതിയുണ്ടാവുമെന്ന അവസ്ഥയെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനായിരുന്നു പരിശ്രമം.
അതിനിടെ മലപ്പുറം എംഎല്‍എയും മന്ത്രിയുമായിരുന്ന ചാക്കേരി അഹമ്മദ് കുട്ടി അന്തരിച്ചതിനെത്തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പുണ്ടായപ്പോള്‍ ജനസംഘം സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രചാരണത്തിന് അദ്ദേഹം മുന്നില്‍നിന്നു. 1972 ലെ പൊതുതെരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ ജനസംഘം സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനും അദ്ദേഹം തയ്യാറായി. അന്ന് ഏറനാട്ടിലെ സംഘടനാ കാര്യദര്‍ശി മായങ്കോട്ട് അച്യുതമേനോനും രാധാകൃഷ്ണനും തിരൂര്ക്കാട്ടിലെ ഷണ്മുഖന് എന്ന പാട്ടുകാരനും അടങ്ങുന്ന യുവപ്രവര്‍ത്തകരുടെ ഒരു സംഘം മഞ്ചേരി പാര്‍ലമെന്റ് മണ്ഡലത്തെ ഇളക്കിമറിച്ചുകൊണ്ട് സഞ്ചരിച്ചുവെന്നു പറയാം.
അവര്‍ക്കു ഭരതേട്ടന്റെ ആവേശകരമായ പ്രഭാഷണം ഉത്തേജനം നല്കി. ആ പ്രചാരണവേളയില്‍ ജനസംഘത്തിന്റെ രാഷ്ട്രീയ ഗാനങ്ങള്‍ സര്വശ്രദ്ധയാകര്ഷിച്ചു. മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി മുഹമ്മദ് ഇസ്മയില്‍ ലീഗിന്റെ പ്രസിഡന്റ്കൂടിയായിരുന്നു. അദ്ദേഹം നോമിനേഷന് കൊടുക്കാന്‍ വന്നാല്‍ വോട്ടെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞ് ജയിച്ചതിന് വരണാധികാരിയുടെ സര്‍ട്ടിഫിക്കറ്റും വാങ്ങി പോയാല്‍ പിന്നെ മഞ്ചേരിയില്‍ വരിക അടുത്ത തെരഞ്ഞെടുപ്പിന് നോമിനേഷന് കൊടുക്കാനായിരുന്നു. അതിനെ സൂചിപ്പിച്ചുകൊണ്ട് സിനിമാഗാന ശൈലിയില്‍ ”തെരഞ്ഞെടുപ്പടുത്തപ്പോള്‍ എംപിയായ് വേഷം കെട്ടാന്‍ ഇസ്മയില്‍ മഞ്ചേരിയില്‍ പറന്നെത്തി” എന്ന ഷണ്മുഖന്റെ ഗാനം ശ്രദ്ധേയമായി.
വേറെയുമുണ്ടായിരുന്നു ഗാനങ്ങള്‍
കുമാര്‍ നാറാത്തിന്റെ
‘ദില്ലിക്കോട്ട ഭരിക്കുന്ന തമ്പുരാട്ടി നിന്റെ
തല്ലിപ്പൊളിക്കമ്പനിയെ തകര്‍ക്കും നാം
സിപിഐ ചന്തേന്ന് മേടിച്ചുകൊണ്ടുവന്ന
സോഷ്യലിസ്റ്റ് മണ്കുടമുടയ്ക്കും നാം’
അക്കാലത്തെ റേഷനരി വിതരണത്തിന്റെ അപര്യാപ്തത വന്‍ ജനരോഷമുയര്ത്തിയിരുന്നു. രാധാകൃഷ്ണന്റെ സാരവത്തും സരസവുമായ പ്രസംഗങ്ങളില്‍ അക്കാര്യം എടുത്തുപറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാര്‍ റേഷന്‍ വിഹിതം വെട്ടിക്കുറച്ചതിനെപ്പറ്റി
”ഇന്ദിരാഗാന്ധിയോടച്യുതമേനവന്‍
ഓണത്തിനരക്കിലോ അരി ചോദിച്ചു
ശ്രീമതിയതു കേട്ട് കോപിച്ചു ക്ഷോഭിച്ച്
കാല്‍മടക്കിയൊരു പെടപെടച്ചു” എന്ന പാട്ടും രസകരമായി.
30,000 ല്‍പ്പരം വോട്ട് മഞ്ചേരി മണ്ഡലത്തില്‍ രാധാകൃഷ്ണന് നേടിയത് സകല വിഭാഗക്കാര്‍ക്കും വിസ്മയമായി.
വളരെ കഴിവുറ്റ അഭിഭാഷകനായിരുന്നു അദ്ദേഹം. കക്ഷികളെ പിഴിഞ്ഞെടുക്കുന്ന സ്വഭാവം തീണ്ടിയിരുന്നില്ല. ജനസംഘക്കാരനാണെന്നറിഞ്ഞുകൊണ്ടുതന്നെയാണ് മറ്റു രാഷ്ട്രീയക്കാരും മുസ്ലിങ്ങളും അദ്ദേഹത്തെ സമീപിച്ചുവന്നത്.
വലിയ പുസ്തകപ്രേമിയായിരുന്നു രാധാകൃഷ്ണന്. ഉത്തമഗ്രന്ഥങ്ങള്‍ വാങ്ങി വായിക്കുന്നതില്‍ ശ്രദ്ധവച്ചു. ചെഗുവേരയുടെ വിപ്ലവ ഡയറി മലയാളത്തില്‍ ഇറങ്ങിയപ്പോള്‍ അത് അദ്ദേഹത്തിന് സമ്പാദിച്ചുകൊടുക്കാന്‍ എന്നെയാണ് ഭരമേല്പ്പിച്ചത്. മാതൃഭൂമിയുടെ ചരിത്രവും ടി.എന്‍. ശേഷന്റെ ആത്മകഥയും മറ്റു പല സാഹിത്യകൃതികളും അദ്ദേഹത്തിന്റെ കയ്യില്‍നിന്നാണ് എനിക്കു വായിക്കാന്‍ കിട്ടിയത്.
പല ദിവസങ്ങളിലും ഞങ്ങള്‍ രണ്ടുപേര്‍ മാത്രമായി ആ വീട്ടില്‍ താമസിച്ചിട്ടുണ്ട്. പാചകത്തിന് ഒരു സഹായി ഉണ്ടായിരുന്നെങ്കിലും അതിലേറെയും ഞങ്ങള്‍തന്നെ ചെയ്യേണ്ടിവരുമായിരുന്നു. ജന്മഭൂമിയുടെ ചുമതലകളുമായി ഞാന്‍ എറണാകുളത്തായപ്പോള് കത്തുകളിലൂടെയും ഫോണിലൂടെയുമായി ബന്ധം ഒതുങ്ങി. പല പുതുവിവരങ്ങളും അധികാരതലങ്ങളിലെ അന്തര്‍നാടകങ്ങളും അദ്ദേഹം വിളിച്ചറിയിക്കുമായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അഭിഭാഷകവൃത്തിയുടെ അരനൂറ്റാണ്ട് തികഞ്ഞ വേളയില്‍ തിരൂരിലെ നീതിന്യായ, അഭിഭാഷക സമൂഹം അദ്ദേഹത്തെ അഭിനന്ദിച്ചു നടത്തിയ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എനിക്കു കഴിഞ്ഞില്ല. മനോഹരമായ അഭിനന്ദന ഗ്രന്ഥവും സുഹൃത്തുക്കള്‍ ചേര്‍ന്നു പ്രസിദ്ധീകരിച്ചിരുന്നു.
എന്നും ഓര്‍മ്മിക്കത്തക്ക ഒട്ടേറെ കൃത്യങ്ങള്‍ ഹിന്ദുസമാജത്തിന്റെ നന്മക്കായി നിറവേറ്റിയശേഷമാണ് കെ.കെ. രാധാകൃഷ്ണന് വിടവാങ്ങിയത്. ആവേശം നല്കുന്ന സ്മരണകളായി അവ അവശേഷിക്കും.പാര്‍ഥസാരഥി പണിക്കരെയും 67 നുശേഷം ഞാന്‍ ജനസംഘ സംസ്ഥാന ചുമതലയുമായി ചിറക്കടവില്‍ എത്തിയപ്പോഴാണ് പരിചയപ്പെട്ടത്. അവിടത്തെ സംഘചാലകനായിരുന്ന വൈദ്യന്ചേട്ടന്റെ വീട്ടിലിരിക്കുമ്പോള്‍ പണിക്കര്‍ അവിടെ വന്ന് ജനസംഘപ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ എത്തിക്കുകയായിരുന്നു. എന്ത് കാര്യവും ചെയ്തുതീര്‍ക്കുന്നതില്‍ കാട്ടിയ അക്ഷമ അദ്ദേഹത്തിന്റെ വ്യത്യസ്തതയായി എനിക്കു തോന്നി. ഞാന്‍ കോട്ടയത്ത് ജില്ലാ പ്രചാരകനായിരുന്നപ്പോള്‍ ചിറക്കടവില്‍ ശാഖ ഉണ്ടായിരുന്നില്ല. ഒന്നുരണ്ടു തവണ അവിടെ പോയി എങ്കിലും പറ്റിയ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ പി. രാമചന്ദ്രന് പ്രചാരകനായി എത്തിയശേഷം ജില്ലയിലാകെ നവചൈതന്യം തന്നെ വന്നു. ധാരാളം പുതിയ പ്രവര്‍ത്തകര്‍ മുന്നോട്ടുവന്നു. പാര്‍ഥസാരഥി എന്ന ചെല്ലപ്പനും അക്കൂട്ടത്തില്‍ പ്രധാനിയായി. വളരെ ഊര്‍ജസ്വലതയോടെ വര്‍ഷങ്ങളായി പ്രവര്‍ത്തനനിരതനായി കഴിഞ്ഞ അദ്ദേഹം എല്ലാവരുടേയും സ്നേഹാദരങ്ങള്‍ക്കു പാത്രമായി.
എന്തു കാര്യവും ഏറ്റെടുത്തു ചെയ്യുമ്പോഴത്തെ തിടുക്കവും അക്ഷമയും പലപ്പോഴും പ്രശ്നങ്ങളും സൃഷ്ടിച്ചു. തരംഗദൈര്‍ഘ്യം വ്യത്യസ്തമായിരുന്നതിനാല്‍ അദ്ദേഹവുമായി പലപ്പോഴും പൊരുത്തപ്പെടാന്‍ കഴിയാതെ വന്ന ഒരു മുന്‍ പ്രചാരകനോട് മരണവാര്‍ത്ത അറിയിച്ചപ്പോള്‍, അവശനിലയില്‍ വാഴൂര്‍ ആശ്രമത്തില്‍ പോയി കണ്ടതിന്റെ ഹൃദയസ്പൃക്കായ വിവരണം കിട്ടി. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് പൊന്‍കുന്നത്ത് നടന്ന ഭാസ്കര്‍റാവു അനുസ്മരണ പരിപാടിക്കു പോയപ്പോള്‍ ആശ്രമത്തില്‍ പോയി ചെല്ലപ്പനെ സന്ദര്‍ശിച്ചിരുന്നു. അവിടെ അവാച്യമായ ഹൃദയവികാര പ്രകടനമായിരുന്നു. ശാരീരികമായ അവശത അദ്ദേഹം തല്‍ക്കാലത്തേക്കു മറന്നതുപോലെയായി. അവിടെ വിശ്രമജീവിതം നയിച്ചുവന്നവരെയൊക്കെ പരിചയപ്പെടുത്തിയതിന്റെ ആവേശം അതിശയകരമായിരുന്നു.
ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ സമാജത്തിന് നല്കി അതില്‍ ചാരിതാര്ത്ഥ്യമനുഭവിച്ചവരാണ് നമ്മെ വേര്‍പിരിഞ്ഞ രാധാകൃഷ്ണും പാര്‍ഥസാരഥി പണിക്കരും. രാജ്യത്തിന് ഉരുത്തിരിഞ്ഞുവരുന്ന നൂതന നിലയ്ക്ക് അവരുടെയും പ്രയത്നങ്ങള്‍ കാരണമായിട്ടുണ്ട്. അവര്‍ക്ക് ആദരാഞ്ജലികള്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: