ഇപ്പോള്‍ ആരും കത്തെഴുതുന്നില്ല. കത്തിലെഴുതി മനസിനെ ദൂരത്തേക്കയച്ച് തിരിച്ചു കത്തുവരാനുള്ള കാത്തിരിപ്പു കാലത്തിന് എന്നേ വിരാമമായി. ഇന്ന് അകലത്തേയും കാലത്തേയും കീറിമുറിച്ച് പരസ്പരം കാണാനും കേള്‍ക്കാനും പറയാനുംവരെ സാധ്യതകളുടെ ഇക്കാലത്ത് എന്തിനു കത്തെഴുതണം. പണ്ട് കത്തും ചിലര്‍ മണിയോര്‍ഡറും പ്രതീക്ഷിച്ച് പോസ്റ്റുമാനെ കാത്തിരുന്നത് ജീവിതത്തിന്റെ ഭാഗമല്ല ജീവിതം തന്നെയായിരുന്നു. വികാരങ്ങളുടെ കൈമാറ്റം നടത്തിയിരുന്ന പോസ്റ്റുമാന് അന്ന് ആദരവുള്ള മധ്യസ്ഥനോ ദൈവ ദൂതനോ ഒക്കെയായിരുന്നു. പക്ഷേ ഇന്നും പോസ്റ്റുമാനുണ്ട്. പഴയപോലെ കത്തു കൈമാറ്റക്കാരനോ മധ്യസ്ഥനോ ഒന്നുമല്ലെന്നുമാത്രം. അതുകൊണ്ട് പഴയ ജനകീയനുമല്ല അയാള്‍. ഇന്നത്തെ തപാലുകാരന് അന്നത്തെ അനുഭവവും അറിയില്ല.
അന്ന് കത്തിലെഴുതുന്ന വികാരങ്ങള്‍ എന്തുതന്നെയായിരുന്നാലും അതു വിശുദ്ധമായ രഹസ്യമായിരുന്നു. വിടുന്നയാളും കിട്ടുന്നയാളും മാത്രമറിയുന്ന രഹസ്യങ്ങള്‍. ഇന്നു രഹസ്യത്തിന്റെ സ്വഭാവവുംമാറി. പരസ്യമാകപ്പെടുന്നവയും കൂടിയാണ് ഇന്നു രഹസ്യങ്ങള്‍. രഹസ്യങ്ങള്‍ പരസ്പരം മൊബൈല്‍ വിളികളിലൂടെ തല്സമയമാകുന്നു. പഴയ കത്തെഴുത്തിലെ ഹദയ താളങ്ങള്‍ ഇന്നത്തെ തലമുറയ്ക്കറിയില്ല. അവര്‍ക്ക് അപ്പപ്പോള്‍ എന്തും കൈമാറാന്‍ സൈബര്‍ സാധ്യതകളുള്ളപ്പോള്‍ പഴയ കത്തെഴുത്തുകഥ തലമറന്നു ചിരിക്കാനുള്ള കോമഡിയാകും.
എന്നാല്‍ തീര്‍ത്തും കത്തു വിമുക്തമല്ല കേരളം. അങ്ങനെ ആകാന്‍ സാധിക്കുമെന്നും തോന്നുന്നില്ല.വാരികകളും മാസികകളും പത്രങ്ങളും ഇന്നും പഴയപോലെ പത്രാധിപര്‍ക്കുള്ള കത്തുകളാല്‍ സമ്പന്നമാണ്. അഭിപ്രായങ്ങളുടേയും നിരീക്ഷണങ്ങളുടേയും രൂപത്തിലാണ് പലതും. ചില കത്തുകള്‍ അവയുടെ വിഷയവും അവതരണവും ഭാഷയുംകൊണ്ട് ശ്രേദ്ധയമായിരിക്കും. എന്തിനെക്കുറിച്ചാണോ അവ പറയുന്നത് അതിനെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങളും നിരീക്ഷണങ്ങളും പുതിയ വ്യക്തതകളും ഉണ്ടായെന്നുവരാം. പുതിയ തിരിച്ചറിവുകളുടേയുംകൂടി ഇടമാണ് ഇത്തരം കത്തുകള്‍ സൃഷ്ടിക്കുന്നത്.
ചില മുഖ്യധാരാ വാരികകളും മാസികകളും കൂടുതല്‍ പ്രസക്തമാകുന്നത് അവയില്‍ അടിച്ചുവരുന്ന കത്തുകളുടെ ഉള്ക്കരുത്തിലൂടേയുംകൂടിയാണെന്നു തോന്നുന്നു. ഉള്ളടക്കത്തിലെ ലേഖനമോ ഇന്ര്വ്യൂവോ കഥയോ കവിതയോ എന്തുമാകട്ടെ അവയെക്കുറിച്ചുള്ള കാമ്പുള്ള നിശിത വിമര്‍ശനങ്ങളും പഠനങ്ങളും തിരുത്തലുകളുംവരെ ഈ കത്തുകളുടെ സ്വഭാവമായി വരാറുണ്ട്. ചിലപ്പോള്‍ ഉള്ളടക്കത്തേക്കാള്‍ കാമ്പുള്ളതാകാനുംമതി ഈ കത്തുകള്‍. ചിലരെങ്കിലും ഇത്തരം കത്തുകള്‍ വായിച്ചശേഷമേ അകത്താളുകളിലേക്കു കടക്കാറുള്ളൂ. ചില കത്തുകളുടെ മുന്നില്‍ എഴുത്തുകാര്‍തന്നെ തോറ്റുപോകുന്നതായി കാണാം.
അകംപേജില്‍ വരേണ്ടതാണെന്നു തോന്നിക്കുന്ന ചില കത്തുകളും വായിക്കാന്‍ സാധിക്കും. അങ്ങനെ എഴുത്തുകാരെപ്പോലെ തന്നെ തോന്നിപ്പിക്കുന്നവരായിത്തീരുകയും ചെയ്യാരുണ്ട് ഈ കത്തെഴുത്തുകാര്‍. എഴുത്തുകാരെന്നു മേല്‍വിലാസം കിട്ടിയവരും ഈ കത്തെഴുത്തുകാരും തമ്മില്‍ അകലം ഒട്ടുമില്ലെന്നും തോന്നിപ്പോകുന്ന സന്ദര്‍ഭങ്ങളും വന്നുചേരാം. വായനക്കാരും എഴുത്തകാരാകുന്ന കാലം വിദൂരമല്ലെന്ന് പണ്ട് മുണ്ടശേരി ഓര്മിപ്പിച്ചതാണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: