തെയ്യവും തിറയും ഉറഞ്ഞാടുന്ന വടക്കേ മലബാര്‍… ക്ഷേത്രങ്ങളിലും കാവുകളിലും കോട്ടങ്ങളിലും നൂറുകണക്കിന് തെയ്യക്കോലങ്ങള്‍ ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് നിറഞ്ഞാടുന്നു, നൂറ്റാണ്ടുകളായി. ബുദ്ധകാലഘട്ടത്തോളം പഴക്കം അവകാശപ്പെടുന്ന, കണ്ണൂരില്‍ ധര്‍മ്മടത്ത് സ്ഥിതിചെയ്യുന്ന അണ്ടല്ലൂര്‍ക്കാവ് (ശ്രീ അണ്ടലൂര്‍ക്ഷേത്രം) തെയ്യക്കോലങ്ങളുടെ അപൂര്‍വ്വത കൊണ്ടും വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ടും ശ്രദ്ധേയമാണ്. സാധാരണ മിക്ക തെയ്യങ്ങളും പ്രാക്തന നാട്ടുസങ്കല്‍പങ്ങളിലും പ്രാദേശിക ദൈവിക രൂപങ്ങളിലും ഭക്തര്‍ക്ക് മുന്നിലെത്തുമ്പോള്‍ ദൈവത്താര്‍ എന്ന അണ്ടലൂരീശ്വരന്‍ ശ്രീരാമരൂപത്തിലാണ് ഇവിടെ ആരാധിക്കപ്പെടുന്നത്. ലക്ഷ്മണന് അറിയപ്പെടുന്നത് അങ്കക്കാരന്‍ എന്ന പേരിലും ഹനുമാന് ബപ്പൂരന്‍ എന്ന പേരിലും തെയ്യമായി കെട്ടിയാടിക്കപ്പെടുന്നു. അണ്ടലൂര്‍ക്കാവില്‍ ദൈവത്താര്‍ മുഖ്യപ്രതിഷ്ഠയായി കുടികൊള്ളുന്നു. പ്രാചീനത കൊണ്ടും വിശ്വാസ തീവ്രത കൊണ്ടും അത്യധികം ജനശ്രദ്ധ ആകര്‍ഷിച്ച ക്ഷേത്രങ്ങളില്‍ ഒന്നായ ഇവിടുത്തെ ദേവസങ്കല്‍പ്പങ്ങള്‍ മുഴുവന്‍ രാമായണ പ്രതിപാദിതമാണ്. ശ്രീരാമന്, ലക്ഷ്മണന്, ഹനുമാന്, സീത തുടങ്ങിയ ദേവചൈതന്യസങ്കല്‍പ്പങ്ങള്‍ ബിംബരൂപത്തില്‍ പ്രതിഷ്ഠിതമാണിവിടെ. ഉത്സവ ചടങ്ങുകളാകട്ടെ രാമായണത്തിലെ സുന്ദരകാണ്ഡത്തിലും യുദ്ധകാണ്ഡത്തിലും പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്.
ക്ഷേത്രവിശ്വാസവുമായി ബന്ധപ്പെട്ട ചരിത്ര രേഖകളൊന്നും ലഭ്യമല്ലെങ്കിലും ദ്രാവിഡ കുടിയേറ്റ കാലത്തെ ജനജീവിതരീതിയുമായി ബന്ധപ്പെട്ട് സ്ഥാപിക്കപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഗ്രാമീണ കാര്‍ഷിക സംസ്കൃതിയുമായി ഇഴചേര്‍ന്നു നില്ക്കുന്ന ഉത്സവമാണ് ഇവിടുത്തേത്.അറബിക്കടലിനോട് ചേര്‍ന്നുനില്‍ക്കുന്ന ധര്‍മ്മടം ഗ്രാമത്തിന്റെ മറ്റ് മൂന്നു ഭാഗങ്ങളും പരസ്പര ബന്ധിതമായി കഴിയുന്ന പുഴകളാണ്. കഴിഞ്ഞ നൂറ്റാണ്ടുകളിലെങ്ങോ നടന്ന പ്രകൃതി പ്രതിഭാസത്താല്‍ കടല്‍, കരയായി മാറിയതാണ് ഈ പ്രദേശം എന്ന് ചരിത്രകാരന്മാര് പറയുന്നു. ഗ്രാമം മുഴുവന്‍ നിറഞ്ഞിരിക്കുന്ന മണല്‍ ചേര്‍ന്ന മണ്ണും ഇരുവശത്തുകൂടിയും ധര്‍മ്മടത്തെ പുണരുന്ന പുഴകളും ഇതിന് സാക്ഷ്യമാണ്.
തെക്കേ അറ്റത്തുകിടക്കുന്ന ധര്‍മ്മടം ദേശം താരതമ്യേന ഉയര്‍ന്ന ഭൂവിഭാഗമാണ്. താണനിലങ്ങള്‍ ഏറിയകൂറും പാലയാടും അണ്ടല്ലൂരിലുമാണ്; മേലൂര്‍ദേശത്തിന്റെ ഏതാനും ഭാഗങ്ങളും താഴ്ന്ന തലങ്ങള്‍ തന്നെ. വയലേലകള്‍ നിറഞ്ഞ ഈ പ്രദേശങ്ങള്‍ കാര്‍ഷിക പ്രാധാന്യമുള്ളവയാണ്. അണ്ടല്ലൂര്‍ക്കാവ് സ്ഥിതിചെയ്യുന്നത് ഈ കാര്‍ഷികപ്രദേശത്തിന്റെ നെറുകയിലാണ്. വിഗ്രഹപ്രതിഷ്ഠകളോടു കൂടിയ മേലേക്കാവും ഇരുന്നൂറോളം മീറ്ററുകള്‍ക്കപ്പുറം വൃക്ഷനിബിഡമായ താഴേക്കാവും ചേര്‍ന്നതാണ് ക്ഷേത്രസമുച്ചയം. ഇലഞ്ഞിയും ആലും കൂവളവും ചമ്പകവും കാഞ്ഞിരവുമൊക്കെ നിറഞ്ഞ ഒരു വിശാലമായ കാവ്. കാവില്‍ ഇന്നും അവശേഷിക്കുന്ന ഇരുപതോളം അപൂര്‍വ്വങ്ങളായ കുളവെട്ടി (ട്യ്വലഴശൗാ ൃേമ്മിരീൃശരൗാ) വൃക്ഷങ്ങള്‍ കാവിന്റെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യത്തോടൊപ്പം പാരിസ്ഥിതിക പ്രാമുഖ്യത്തേയും എടുത്തുകാട്ടുന്നു.
അണ്ടല്ലൂര്‍ കാവില്‍ തിറ ഉത്സവം ആരംഭിക്കുന്നത് എല്ലാ വര്‍ഷവും കുംഭം രണ്ടിന് കാവില്‍ക്കയറല്‍, ചക്കകൊത്തല്‍ എന്നീ ചടങ്ങുകളോടെയാണ്. മൂന്നിന് മേലൂരില്‍ നിന്നും കുടവരവ് നടക്കും. പിന്നെ അര്‍ദ്ധരാത്രിക്കുശേഷം നിരക്കിപ്പാച്ചലെന്ന പരിപാടിയിലൂടെയാണ് രാമായണ കഥയുടെ തിരശ്ശീല പൊങ്ങുന്നത്. വ്രതമെടുത്ത നാട്ടുകാരും (വ്രതമെടുക്കുന്നതിന് കുളുത്താറ്റുക എന്നാണ് പറയുക) കോമരങ്ങളും അതില്‍ പങ്കെടുക്കുന്നു. കുളുത്താറ്റിയവര്‍ വാനരപ്പടയാണെന്ന് സങ്കല്‍പ്പം. അന്ന് പുലര്‍ച്ചേ, അതായത് കുംഭം നാലിന് അതിരാളന്‍ തെയ്യവും രണ്ടു മക്കളും പുറപ്പെടുന്നു. അത് സീതയും മക്കളുമാണെന്നാണ് സങ്കല്‍പ്പം. രാമായണ പ്രതിപാദിതമായ ദേവസങ്കല്പ്പങ്ങള്ക്ക് പുറമേ തൂവക്കാരി, മലക്കാരി, വേട്ടയ്ക്കൊരുമകന്‍, പൊന്മകന്, പുതുച്ചേകവന്‍, നാക്കണ്ഠന്‍ (നാഗകണ്ഠന്‍), നാപ്പോതി (നാഗഭഗവതി), ചെറിയ ബപ്പൂരന്‍ എന്നീ തെയ്യങ്ങളും ഉത്സവത്തിന്റെ ഭാഗമായി അന്നേ ദിവസം ഇവിടെ കെട്ടിയാടും.
തുടര്‍ന്ന് ഉച്ചയ്ക്ക് ഇളങ്കരുവനും പൂതാടിയും (ബാലിയും സുഗ്രീവനും എന്നു സങ്കല്‍പ്പം) തമ്മിലുള്ള യുദ്ധപ്രതീതി ഉയര്‍ത്തുന്ന തെയ്യാട്ടം നടക്കും. രാവിലെ ഇറങ്ങുന്ന ചെറിയ ബപ്പൂരാനാണ് ബാലി-സുഗ്രീവ യുദ്ധത്തില്‍ മദ്ധ്യസ്ഥം വഹിക്കുന്നത്. ബപ്പൂരന്‍ ഇടപെടുന്നതോടെ യുദ്ധം തീര്‍ന്ന് രണ്ടുപേരും രമ്യതയിലെത്തുന്നു.അനന്തരം സന്ധ്യയോടെ പ്രധാന ആരാധനാമൂര്‍ത്തിയായ ദൈവത്താര്‍ അണിയറയില്‍ നിന്നും മുഖത്തെഴുത്തും ചമയങ്ങളോടും പടിഞ്ഞാറേത്തറയിലേക്ക് എഴുന്നള്ളുന്നു. അവിടെ പീഠത്തില്‍ ഇരുന്നു ദൈവത്താര്‍ പൊന്മുടി ചാര്‍ത്തുന്നു.
ശ്രീരാമ പട്ടാഭിഷേകമാണ് ഈ സന്ദര്‍ഭം എന്നാണ് സങ്കല്‍പ്പം. ദൈവത്താര്‍ മുടിവെച്ചുകഴിഞ്ഞു തറയില്‍നിന്നുമിറങ്ങി അങ്കക്കാരന്‍, ബപ്പൂരന്‍ തെയ്യങ്ങളോടും കൂടി കുളുത്താറ്റിയ വില്ലുകാരുടെ അകമ്പടിയോടെ ക്ഷേത്രത്തെ വലം വെയ്ക്കുന്നു.മൂന്നു പ്രദക്ഷിണം പൂര്‍ത്തിയാക്കി പരിവാരങ്ങളോടുകൂടി ദൈവത്താറും അങ്കക്കാരനും ബപ്പൂരനും കൊട്ടിലിലേക്ക് എഴുന്നള്ളുന്നു. അവിടെ മണിക്കിണറില്‍ മുഖദര്‍ശനം നടത്തി പിന്തിരിഞ്ഞുവന്നതിനുശേഷം ഭക്തജനങ്ങളില്‍ നിന്നും വഴിപാടുകള്‍ സ്വീകരിക്കുന്നു. അനന്തരം മൂന്നുപേരും കൂടി താഴേക്കാവിലേക്ക് സീതയെ വീണ്ടെടുക്കാന്‍ ലങ്കയിലേക്ക് എന്ന സങ്കല്‍പ്പത്തില്‍ എഴുന്നള്ളുന്നു. ഇവിടം രാമായണത്തില്‍ പ്രതിപാദിക്കുന്ന ലങ്കയിലെ അശോകവനം;രാവണന്റെ വാസസ്ഥലമായി കണക്കാക്കപ്പെടുന്നു.
ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ ഭാഗമായി ധര്‍മ്മടം നിവാസികളുടെ വീടും പരിസരവും പ്രദേശമൊന്നാകെയും പരിശുദ്ധിവരുത്തും. നാട്ടുകാരൊന്നാകെ ജാതി വ്യത്യാസങ്ങളില്ലാതെ പ്രായഭേദമില്ലാതെ വ്രതശുദ്ധിയില്‍ മുഴുകും. അന്നന്ന് ഉണ്ടാക്കിയ ഭക്ഷണങ്ങള്‍ മാത്രമേ ഈ ദിവസങ്ങളില്‍ ഭക്ഷിക്കുകയുളളൂ. ഉത്സവത്തിന് ഒരു മാസം മുമ്പ് തന്നെ നാട്ടുകാര്‍ ഒരുക്കങ്ങള്‍ ആരംഭിക്കും. ഉത്സവത്തിനെത്തുന്നവരെയെല്ലാം ആതിഥ്യ മര്യാദയോടെ സ്വീകരിച്ച് പഴവും അവിലും മലരും നല്‍കുന്നതും പതിവാണ്. ജാതി-മത വര്‍ഗ്ഗ വ്യത്യാസമില്ലാതെ നാടൊന്നാകെ ഉത്സവത്തിന്റെ ഭാഗമാവുന്നു. വീടുവിട്ടു പോയവരും അന്യദേശങ്ങളില്‍ താമസമാക്കിയവരും തിരിച്ചെത്തുന്ന അവസരം കൂടിയാണ് ധര്‍മ്മടംകാര്‍ക്ക് ഉത്സവകാലം. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അനസ്യൂത പ്രവാഹം ഉറപ്പുവരുത്തിക്കൊണ്ട് ഒരു പ്രദേശമാകെ ഉത്സവാഘോഷങ്ങളില്‍ മുഴുകുന്നു, സര്‍വ്വാഭീഷ്ടപ്രദായകനായ ദൈവത്താറേശ്വരന്റെ- സാക്ഷാല്‍ ശ്രീരാമഭഗവാന്റെ അനുഗ്രഹാശിസ്സുകള്‍ത്തേടി…
പ്രതികരിക്കാൻ ഇവിടെ എഴുതുക: