‘ഇതാണ് മോനെ അടിവയറ്റില്‍ മഞ്ഞ് വീണ അനുഭൂതി’, വാഗമണ്ണില്‍ നടക്കുന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിനെ കുറിച്ച് വീട്ടില്‍ പോലും പറയാതെ പറക്കാനെത്തിയ പോലീസുകാരന്റെ അനുഭവ കഥയിലൂടെ….
ജോലി കേരളാ പോലീസില്‍, പക്ഷേ സാഹസിക പ്രകടനങ്ങളോട് അടങ്ങാത്ത കമ്പം, പാരാഗ്ലൈഡിങ് നടക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ ഉള്ളില്‍ അല്പം ഭയമുണ്ടെങ്കിലും വീട്ടില്‍ പോലും പറയാതെ രണ്ടും കല്‍പ്പിച്ച് വാഗമണ്ണിന് വെച്ചുപിടിച്ചു. പറക്കുകയെന്നത് മാത്രമായിരുന്നു സ്വപ്നം. മണിക്കൂറുകള്‍ കാത്തുനിന്ന് തടസ്സങ്ങള്‍ നീക്കി അനന്തവിഹായസ്സില്‍ അങ്ങനെ പാറി പറന്നു. പറഞ്ഞ് വരുന്നത് കോട്ടയം ജില്ലയിലെ വൈക്കം പടിഞ്ഞാറെക്കര വല്ലകം അനീഷ്ഭവനില്‍ അനീഷ് പി.എയെ കുറിച്ചാണ്.
10 വര്‍ഷം മുമ്പ് സര്‍വ്വീസില്‍ കയറിയ അനീഷിന് സാഹസികത ഏറെ ഇഷ്ടമാണ്. വളരെക്കാലമായി പാരാഗ്ലൈഡിങ് നടക്കുന്ന വാഗമണ്ണിലെത്തുന്നു. എന്നാല്‍ പറക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. കഴിഞ്ഞമാസമാണ് വാഗമണ്ണില്‍ പൊതുജനങ്ങള്‍ക്കായി ഇത്തരം ഒരു ഫെസ്റ്റ് നടക്കുന്നതായി അറിയുന്നത്. ഉടനെ ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് പറക്കാന്‍ അവസരം ഒരുക്കിയിരിക്കുന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിന്റെ അധികൃതരുടെ നമ്പര്‍ ലഭിക്കുകയും വിളിച്ച് ബുക്ക് ചെയ്യുകയുമായിരുന്നു.
രണ്ട് തവണ സമയം ലഭിച്ചെങ്കിലും കാറ്റനുകൂലമല്ലാത്തതിനാല് പറക്കല്‍ മാറ്റിവച്ചു. കാറ്റ് ദിശമാറി വീശീയതോടെ ഈ കാത്തിരിപ്പ് ദിവസങ്ങളോളം നീണ്ടു. ഒടുവില്‍ ഫെബ്രുവരി എട്ടിന് എത്താന്‍ പറഞ്ഞ് ഫോണ്‍ വന്നു. എന്നാല്‍ തലേന്ന് രാത്രി പെയ്ത മഴമൂലം കാലാവസ്ഥ അനുകൂലമല്ലാതായത് വീണ്ടും തിരിച്ചടിയായി. വൈകിട്ട് മൂന്ന് മണിയോടെ ഒരു മണിക്കൂറോളം കാറ്റ് അനുകൂലമായെത്തുകയും ഏറെക്കാലമായുള്ള അനീഷിന്റെ സ്വപ്നം സഫലമാകുകയും ആയിരുന്നു. പറന്നിറങ്ങിയതും കനത്ത മഴയെത്തിയതും ഒപ്പമായിരുന്നു.
സ്വപ്നതുല്യമായ അനുഭവം
ആകാശപ്പറക്കലിനെക്കുറിച്ച് പറയുമ്പോള്‍ മുപ്പത്തൊമ്പതുകാരനായ അനീഷിന് വാക്കുകളില്ല. മുഖത്തെ ആ സംതൃപ്തി കണ്ടാല്‍ തന്നെ അത് മനസിലാകും. വാഗമണ്ണിലെ ഈറന്‍ കാറ്റ് മനസിനെ തഴുകിയുണര്‍ത്തിയ പോലെ… ഇടുക്കി, കോട്ടയം ജില്ലകളുടെ അതിര്‍വരമ്പിലൂടെയുള്ള ആകാശപ്പറക്കല്‍.ആത്മഹത്യാമുനമ്പില്‍ നിന്ന് പറന്നപ്പോള്‍ താഴേയ്ക്ക് പോകുമോ എന്നായിരുന്നു പേടിയെന്ന് അനീഷ് പറയുന്നു. പറന്ന് താഴെയെത്തുമ്പോള്‍ കാണുന്ന ആദ്യകുഴി ഭയാനകമാണ്. സമുദ്ര നിരപ്പില്‍ നിന്ന് 3500 അടി ഉരത്തിലാണ് വാഗമണ്‍. എന്നാല്‍ ഗ്ലൈഡറിലെ പ്രത്യേക അറകളില്‍ വായുകയറി ഉണ്ടായ കാറ്റിന്റെ ഇരമ്പല്‍ മനസിന് ധൈര്യം പകര്‍ന്നു. മലയുടെ നിരപ്പില്‍ നിന്ന് 350 അടിയോളം ഉയരത്തിലാണ് പറന്നത്. കാറ്റ് അനുകൂലമായതിനാ
ല്‍ ആത്മഹത്യാ മുനമ്പിന് ഇടതുവശത്തായുള്ള ഉറുമ്പിക്കര എന്ന സ്ഥലത്തേയ്ക്കാണ് അനീഷിന്റെ പൈലറ്റായ തോഷി ടാഗോര്‍ ആദ്യം പറന്നത്. മുകളില്‍ എത്തുമ്പോള്‍ കാണുന്ന കാഴ്ച പറഞ്ഞ് വിവരിക്കാവുന്നതിനപ്പുറമാണ്. താഴെക്കാണുന്ന എല്ലാം ഒരേ പോലെ തോന്നുന്ന നിമിഷം. മനസ്സിലെ ചെറുഭയത്തെ പോലും മനോഹരമായ ഈ കാഴ്ച ഇല്ലാതെയാക്കും. പാറക്കൂട്ടങ്ങള്‍, വന്മരങ്ങള്, കൃഷിയിടങ്ങള്‍, നീര്‍ച്ചാലുകള്‍ എല്ലാം കണ്ടു. വികസനം തീരെ എത്താത്ത മേഖലയായിരുന്നു ഉറുമ്പിക്കര. പ്രകൃതിരമണീയമായ സ്ഥലം.
15 മിനിറ്റോളം ആകാശത്ത് തെന്നി വട്ടം ചുറ്റിയുള്ള പറക്കല്‍. കാണാന്‍ ആഗ്രഹിച്ച കാഴ്ചകളെല്ലാം ഒരു തവണകൂടി അവിടെ എത്തിച്ച് താഴ്ത്തിയും പൊക്കിയും തോഷി കാണിച്ചു. ഹിമാചല്‍ സ്വദേശിയും പത്ത് വര്ഷത്തിലധികവുമായി ഈ രംഗത്ത് കഴിവ് തെളിയിച്ച ആളുമാണ് തോഷി. പറന്ന് പൊങ്ങിയ സ്ഥലത്ത് തന്നെ അല്പം കൂടി മുകളിലായി ഇറങ്ങിയപ്പോള്‍ കാഴ്ചകള്‍ കണ്ട് മതിയായില്ലെന്ന് അനീഷ് പറയുന്നു. അടുത്ത വര്‍ഷം വീണ്ടും വരുമെന്ന് ഉറപ്പിച്ചാണ് കോട്ടയം എആര്‍ ക്യാമ്പിലെ കോണ്‍സ്റ്റബിള്‍ കൂടിയായ അനീഷ് മടങ്ങിയത്.
അണിയറയില്‍ ആര്
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിശ്വാസ് ഫൗണ്ടേഷനാണ് ഇടുക്കി വാഗമണ്‍ കോലാഹലമേട്ടിലെ ആത്മഹത്യാ മുനമ്പില്‍ നടക്കുന്ന രാജ്യാന്തര പാരഗ്ലൈഡിങ് ഫെസ്റ്റിന്റെ മുഖ്യ സംഘാടകര്‍. ഒരുമാസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിന് ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍, കേരള ടൂറിസം വകുപ്പ്, നാഷണല്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷന് എന്നിവരും എല്ലാ സഹായവുമായി ഒപ്പമുണ്ട്. ഇതിന് വേണ്ട എല്ലാ സാങ്കേതിക സഹായങ്ങളും ഒരുക്കുന്നത് വിനില്‍ തോമസ് എംഡിയായ ഫ്ൈള വാഗമണ്‍ എന്ന സംഘടനയാണ്. പ്രവര്‍ത്തനങ്ങള്‍ എല്ലാം ഏകോപിപ്പിച്ച് വിശ്വാസ് ഫൗണ്ടേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം. ലളിത് വാഗമണ്ണില്‍ തന്നെയുണ്ട്.
ഇന്ത്യയില്‍ തന്നെ പാരാഗ്ലൈഡിങിന് വളരെ അനുയോജ്യമായ സ്ഥലങ്ങളില്‍ ഒന്നാണ് വാഗമണ്‍. കാറ്റിന്റെ ദിശയും വിസ്തൃതമായ ലാന്‍ഡിങ് സ്ഥലവും മാറി മാറിയെത്തുന്ന കാലാവസ്ഥയും എടുത്ത് പറയാവുന്ന മേന്മകളാണ്. പറക്കാനും ഇറങ്ങാനും ഒരേ സ്ഥലത്ത് കഴിയും എന്നത് വാഗമണ്ണിന്റെ പ്രത്യേകതയാണ്. പ്രത്യേക എമര്‍ജന്‍സി ലാന്‍ഡിങ് കൊക്കയാര്‍ പഞ്ചായത്തിലെ നല്ലപ്പാറയില് രണ്ട് ഇടത്തായി സജ്ജീകരിച്ചിരിക്കുന്നു. ഇവിടെ നിന്ന് ഓഫ് റോഡായി ഒന്നര മണിക്കൂര്‍ക്കൊണ്ട് തിരികെ വാഗമണ്ണിലെത്താന്‍ വാഹനവും ഉണ്ട്. പാരാഗ്ലൈഡിങിനൊപ്പം പതിനാലോളം സാഹസിക പ്രവര്‍ത്തനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രവേശന ടിക്കറ്റെടുക്കുന്ന എല്ലാവരെയും ഇന്‍ഷ്വറും ചെയ്തിട്ടുണ്ട്.
എന്താണ് പാരാഗ്ലൈഡിങ്?
പറവകളെ പോലെ പാറി പറക്കുകയെന്നത് മനുഷ്യന്റെ അടങ്ങാത്ത സ്വപ്നങ്ങളിലൊന്നാണ്. ഇത്തരം സ്വപ്നങ്ങളെ ചുറ്റിപ്പറ്റി സൂര്യനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഒന്നാണ് പാരാഗ്ലൈഡിങിന്റെ പറക്കല്‍ സാങ്കേതിക വിദ്യ. വാഗമണ്ണില്‍ പൈലറ്റിന്റെ സഹായത്തോടെയാണ് പാസഞ്ചര്‍ പറക്കുന്നത്. ഇതിനായി പ്രത്യേകം നിര്‍മ്മിച്ച സുരക്ഷാ സംവിധാനങ്ങളുമുണ്ട്. നൈലോണ്‍ ഫൈബര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കനവും ഭാരവും കുറഞ്ഞ തുണിപോലെ ഇരിക്കുന്ന പ്രധാനഭാഗമാണ് ഗ്ലൈഡര്‍ എന്നറിയപ്പെടുന്നത്. ഇതില്‍ ബലമേറിയ നൈലോണ്‍ ഫൈബര്‍ വള്ളിക്കൊണ്ട് തന്നെ നിരവധി ജോയിന്റുകളും ഉണ്ടാകും.
ഗ്ലൈഡറിന്റെ മുന്‍വശത്തായി നിര്‍മ്മിച്ച ചതുരാകൃതിയിലുള്ള സ്ഥലത്ത് കാറ്റ് കയറുന്നതോടെയാണ് ഇത് താനെ പൊങ്ങുന്നതും പറക്കുന്നതും. ഇത് അടയ്ക്കാനും തുറക്കാനും വശങ്ങള് ചെരിക്കാനും എല്ലാമായി പ്രത്യേകം വള്ളികളും ഉണ്ട്. മറുവശം അടഞ്ഞിരിക്കുന്നതിനാല്‍ കാറ്റ് ഉള്ളില്‍ നിറഞ്ഞ് തന്നെ നില്ക്കും. രണ്ട് വള്ളികള്‍ കൈയില്‍ ചെയിന്‍ പോലെ കയറ്റിയിട്ടാണ് പറക്കല്‍ നിയന്ത്രിക്കുന്നത്. ഒരുവശം താഴ്ത്താനും പൊക്കാനും താഴെ ഇറക്കാനും എല്ലാം ഇതാണ് സഹായിക്കുന്നത്. രണ്ട് തരത്തിലുള്ള ഗ്ലൈഡറുകളാണ് പ്രധാനമായും ഇവിടെയുള്ളത്.
സാഹസിക പ്രകടനങ്ങള്‍ക്കായി ഉപയോഗിക്കുന്നവ അല്ല ഇവ. ഹെവി കപ്പാസിറ്റി 220 കിലോ വരെ ഭാരം വഹിക്കും, 35-40 അടിയാണ് നീളം. ലൈറ്റ് കപ്പാസിറ്റി 180 കിലോ ഭാരം വഹിക്കും. 35 അടി വരെയാണ് പരമാവധി നീളം. 30 കിലോയാണ് സാധാരണയായി ഉപയോഗിക്കുന്ന ഗ്ലൈഡര്‍. ഹെല്‍മറ്റ്, സുരക്ഷാ ബാഗ്, പാരച്ചൂട്ട് എന്നിവ അടക്കമുള്ളതാണിതിന്റെ ഭാരം. ഏകദേശം മൂന്ന് ലക്ഷത്തിന് മുകളിലാണ് വില. വില കൂടുന്നതിനനുസരിച്ച് വീണ്ടും ഭാരം കുറയും. പൈലറ്റാകുന്നതിന് പ്രത്യേകം കോഴ്സ് പൂര്‍ത്തിയാക്കി ലൈസന്‍സ് എടുക്കണം. എങ്കില്‍ മാത്രമെ പറക്കാനാവൂ. വിവിധ തരത്തിലുള്ള അഭ്യാസ പ്രകടനങ്ങളും പാരാഗ്ലൈഡിങ്ങിന്റെ പ്രത്യേകതകളാണ്. അതുകൊണ്ട് തന്നെ അഡ്വഞ്ചര്‍ സ്പോര്‍ട്ട് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ വന്‍വിലയുടെ ഗ്ലൈഡറുകളുമുണ്ട്.
അടിസ്ഥാനം കാറ്റല്ല, സൂര്യന്
പാരാഗ്ലൈഡിങ്ങിന് അടിസ്ഥാനം കാറ്റാണ് എന്നാണ് പലരുടേയും ധാരണ. പക്ഷേ ആ കാറ്റ് എങ്ങനെ വരുന്നു എന്നതിലാണ് സൂര്യന്റെ പ്രാധാന്യം. ആത്മഹത്യാ മുനമ്പിന് നേരെ എതിര്‍വശം പടിഞ്ഞാറ് ദിശയായി വന്നതാണ് വാഗമണ്ണിനെ പാരാഗ്ലൈഡിങ്ങിന് അനിയോജ്യമാക്കിയ പ്രധാന ഘടകം.പടിഞ്ഞാറ് വശത്തുനിന്ന് വീശുന്ന കാറ്റാണ് പറക്കുന്നതിന് ഏറ്റവും അനുയോജ്യം. ഇതാണ് സാധാരണയായി ലഭിക്കുന്ന ഏറ്റവും ശക്തിയേറിയ കാറ്റ്.
സൂര്യപ്രകാശം അല്ലെങ്കില്‍ അല്‍ട്രാ വയലറ്റ് രശ്മികള്‍ (ചൂടേറിയത്) ഭൂമിയില്‍ പതിക്കുന്ന സമയമാണ് പറക്കുന്നതിന് ഏറ്റവും യോജിച്ചത്. ഇത്തരത്തില്‍ പതിക്കുന്ന രശ്മികള്‍ മൂലം തണുത്തിരിക്കുന്ന വായു ചൂടാകുകയും ഇത് ഉയരത്തിലേയ്ക്ക് പോകാന്‍ ശ്രമിക്കുകയും ചെയ്യും. സ്വഭാവികമായും ഇവിടേയ്ക്ക് വീണ്ടും തണുത്തവായു എത്തും. ഇത് വീണ്ടും ചൂടാകും പൊങ്ങും. ഈ തത്ത്വം തന്നെയാണ് പാരാഗ്ലൈഡിങ്ങിന്റെ അടിസ്ഥാനവും. രാവിലെ 10.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് വാഗമണ്ണില്‍ പറക്കാന്‍ സാധിക്കുന്നത്. ഇതില്‍ ഏറ്റവും അനുയോജ്യം ഉച്ചകഴിഞ്ഞാണ്. മൂന്ന് വശങ്ങളും മലകളാല്‍ ചുറ്റപ്പെട്ട ഇവിടെ കാറ്റ് വട്ടം ചുറ്റുന്നു. ഇടത് വശം ഉറമ്പിക്കര, വലത് വശം തങ്ങള്‍പ്പാറ എന്നിവയും നേരെ മുന്നിലായി താഴെ കാണുന്നത് മുണ്ടക്കയവും കൊക്കയാര്‍ പഞ്ചായത്തുമാണ്. ഇതിന് സമീപ പ്രദേശങ്ങളും മലകളാല്‍ ചുറ്റപ്പെട്ടതാണ്. 1500 അടിവരെ ഉയരത്തില്‍ പൈലറ്റുമാര്‍ക്ക് തനിയെ പറക്കാനായി.
പ്രാധാന്യം സുരക്ഷയ്ക്ക്
കാറ്റിനൊപ്പം ഭാരമില്ലാതെ പാറി കളിക്കുകയെന്നത് പാരാഗ്ലൈഡിങിലൂടെ മാത്രം സാധ്യമായ ഒന്നാണ്. 55,000ല്‍ അധികം ആളുകള്‍ മൂന്നാഴ്ചക്കിടെ പാരാഗ്ലൈഡിങ് കാണാന്‍ മാത്രം വാഗമണ്ണിലെത്തിയതായാണ് കണക്ക്. വിദേശികള്‍ ഉള്‍പ്പെടെ 450ലേറെ ടൂറിസ്റ്റുകള്‍ പാരാഗ്ലൈഡിങ് നടത്തി. പറക്കാനെത്തുന്നവരുടെ സുരക്ഷയ്ക്കാണ് ഏറ്റവും പ്രാധാന്യം നല്‍കുന്നത്. ഇതിനായി എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി വിശ്വാസ് ഫൗണ്ടേഷന്റെ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ ദിലീപ് കെ.പി പറയുന്നു. 10 പേരടങ്ങുന്ന പ്രത്യേകം പരിശീലനം ലഭിച്ച സംഘവും സ്ഥലത്തുണ്ട്. എല്ലാ ഡിജിറ്റല്‍ സൗകര്യങ്ങളും ഒരുക്കുന്നത് അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിന്റെ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ മെല്വിന് തോമസ് ആണ്.
ഒരേ സമയം അഞ്ച് പേര്‍ക്ക് വരെ പറക്കാനാകുന്ന തരത്തിലുള്ള സൗകര്യമാണുള്ളത്. 15-20 മിനിറ്റ് വരെയാണ് ദൈര്‍ഘ്യം. 3,500 രൂപയാണ് ഫീസ്. സെല്‍ഫി വീഡിയോ കാമറ സൗകര്യത്തിന് 500 രൂപ അധികം നല്‍കണം. 18ന് ഫെസ്റ്റ് സമാപിക്കും.
വിവരങ്ങള്‍ക്ക് ഫോണ്‍: 8589820047.
#
പ്രതികരിക്കാൻ ഇവിടെ എഴുതുക: