‘നന്ദിയുണ്ട്, എന്നെയും ഈ കാടിനെയും രാജ്യം അംഗീകരിച്ചതില്‍. ഗോത്രവര്‍ഗ്ഗം പകര്‍ന്നിട്ട നാട്ടുവൈദ്യത്തിന്റെ പെരുമ മാളോരെ അറിയിച്ച ഈ കിഴവിയെ വന മുത്തശ്ശിയെന്ന് വിളിച്ചു എന്റെ പ്രധാനമന്ത്രി. ഇതില്പരം എന്ത് പുണ്യമാണ് കാട്ടുകിളവിക്ക് കൂട്ടായി വേണ്ടത്.’ രാജ്യം പത്മശ്രീ നല്കി ആദരിച്ച വിതുര കല്ലാര്‍ മൊട്ടമൂട് ആദിവാസി ഊരിലെ ലക്ഷ്മിക്കുട്ടിയമ്മ (75) എന്ന കാട്ടിലെ വൈദ്യരമ്മയുടെ ആദ്യ പ്രതികരണം ഇതായിരുന്നു. മരങ്ങള്‍ക്കും മരുന്ന് ചെടികള്‍ക്കും നടുവില്‍ ജീവിക്കുന്ന വനമുത്തശ്ശിയെ തേടി പത്മശ്രീ എത്തിയപ്പോള്‍ അത് അര്‍ഹതയ്ക്ക് കിട്ടിയ അംഗീകാരമെന്ന് നാട് വാഴ്ത്തി. സ്വന്തം ജീവിതത്തിന്റെ തീക്ഷ്ണാനുഭവങ്ങള്‍ ചേര്‍ത്തുവച്ച് കവിതകള്‍ രചിക്കുന്ന, ഇതിഹാസങ്ങളുടെ നൂലിഴ ചീന്തി കഥാപ്രസംഗം എഴുതുന്ന ലക്ഷ്മിക്കുട്ടി എന്ന സാഹിത്യകാരിയെ കാണുന്നവര്‍ അമ്പരക്കും. മരുന്നും മന്ത്രവുമായി കാടിന്റെ ഉള്ളറയില്‍ കഴിയുന്ന കഠിനഹൃദയമുള്ള കാട്ടുമുത്തിയെ പ്രതീക്ഷിച്ചു പോകുന്നവര്‍ തിരുത്തും, അല്പ നേരം ലക്ഷ്മിയമ്മയോടൊപ്പം സംസാരിച്ചുകഴിയുമ്പോള്‍. വിദ്യാഭ്യാസം എട്ടാം തരം വരെ മാത്രം. പക്ഷേ ഫോക്ലോര് അക്കാദമിയിലെ വിസിറ്റിംഗ് പ്രൊഫസറാണ് ഈ വൈദ്യരമ്മ. അന്തര്‍ദേശീയ ജൈവ പഠനകേന്ദ്രം പുരസ്കാരം നല്കി ആദരിച്ച വിഷചികിത്സക. ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ട്, പൊന്മുടിയുടെ അടിവാരത്തെ ആദിവാസി ഊരില്‍ കഴിയുന്ന ഈ പത്മശ്രീ ജേതാവിന്.
അഞ്ചു പതിറ്റാണ്ട് നീളുന്ന നാട്ടുവൈദ്യത്തിന്റെയും കാട്ടുമരുന്നുകളുടേയും കരുത്തറിഞ്ഞ് വൈദ്യരമ്മയെ തേടി എത്തിയത് സ്വദേശത്തും വിദേശത്തു നിന്നുമായി ആയിരങ്ങള്‍. വൈദ്യശാസ്ത്രം പരാജയപ്പെടുന്നിടത്ത് ലക്ഷ്മിക്കുട്ടിയുടെ നാട്ടുവൈദ്യം വെന്നിക്കൊടി പാറിക്കുമെന്നത് ചരിത്രം. ഗോത്ര സംസ്കാരത്തിന്റെ പ്രാക്തന അറിവുകള്‍ കൃത്യമായി അറിയുന്ന തലമുറയിലെ അവസാനത്തെ കണ്ണിയാണ് ഇവര്‍. അഞ്ഞൂറിലധികം പച്ചമരുന്നുകളുടെ പേരും അവയുടെ ഔഷധ ഗുണവും ഓര്‍മ്മ പുസ്തകത്തില്‍ കുറിച്ചിട്ടിട്ടുണ്ട്. കാടും കാട്ടറിവുകളും മനഃപാഠം. ഏതുതരം വിഷദംശനം ഏറ്റാലും കാട്ടുചെടികള്‍ അരച്ചുണ്ടാക്കുന്ന രസക്കൂട്ടുകൊണ്ട് ചികിത്സ. 1995 ല്‍ സംസ്ഥാന സര്‍ക്കാര്‍ നാട്ടുവൈദ്യരത്ന പുരസ്കാരം നല്കി ആദരിച്ചിരുന്നു. തപസ്യ കലാസാംസ്ക്കാരിക വേദിയാണ് ഈ വനമുത്തശ്ശിയെ കുറിച്ച് പുറംലോകത്തെ അറിയിച്ചത്. ‘ജന്മഭൂമി’ 2016ലെ പരിസ്ഥിതി ദിനത്തില്‍ വൈദ്യരമ്മയെ അക്ഷരങ്ങളിലൂടെ മലയാളത്തിന് പരിചയപ്പെടുത്തി. മലയാളത്തിനു പുറമെ തമിഴും സംസ്കൃതവും അല്പസ്വല്പം ആംഗലേയ ഭാഷയും വഴങ്ങും മുത്തശ്ശിക്ക്. നാട്ടുവൈദ്യവുമായി ബന്ധപ്പെട്ട സെമിനാറുകള്‍ക്കും പഠനശിബിരങ്ങള്‍ക്കും ക്ലാസെടുക്കാന്‍ തമിഴ്നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ പോകാറുണ്ട് ലക്ഷ്മിക്കുട്ടി. അപ്പോള്‍ മാത്രമാണ് കാടിന്റെ സ്വന്തം വൈദ്യരമ്മ കാടിറങ്ങുന്നത്. ശീതീകരിച്ച മുറികളില്‍ സാങ്കേതികവിദ്യയിലൂടെ സൃഷ്ടിച്ചെടുത്ത ഔഷധ കൂട്ടുകള്‍ കരിച്ചുകളഞ്ഞ നാട്ടുവൈദ്യത്തിന്റെ ശേഷിപ്പുകളെ കുറിച്ച് അപ്പോഴവര്‍ വാചാലയാകും.
അരികുകള്‍ പിഞ്ചിക്കീറിയ 200 പേജ് ബുക്കില്‍ വൈദ്യരമ്മ കോറിയിട്ടിരിക്കുന്ന സാഹിത്യ സൃഷ്ടികള്‍ വായിച്ചാല്‍ ഏതൊരു ചരിത്രാന്വേഷിയും തലകുനിച്ചു പോകും. അത്രയ്ക്കു ഭാഷാശുദ്ധിയും ഭാവനയുമുണ്ട് ഈ കാടിന്റെ കരുത്തിന്. മൊട്ടമൂട് ഊരിലെ മൂപ്പനായിരുന്ന മാത്തന് കാണിയായിരുന്നു ലക്ഷ്മിക്കുട്ടിയുടെ ഭര്‍ത്താവ്. മൂന്ന് ആണ്മക്കളായിരുന്നു. മൂത്തയാള്‍ ധരണീന്ദ്രനും ഇളയ മകന് ശിവപ്രസാദും ഭര്‍ത്താവും മരിച്ചു. രണ്ടാമത്തെ മകന് ലക്ഷ്മണന് റെയില്‍വേയില്‍ ജോലി ചെയ്യുന്നു. മകനും കുടുംബവും താമസം നഗരത്തിലാക്കിയപ്പോള്‍ ലക്ഷ്മിക്കുട്ടിയെ ഒപ്പം വിളിച്ചെങ്കിലും പോകാന്‍ കൂട്ടാക്കിയില്ല. കുടിലിനു ചുറ്റും പൂവിട്ടു നില്ക്കുന്ന ഔഷധച്ചെടികളേയും മരങ്ങളേയും ഈ ജീവിതത്തില്‍ പിരിയാനാവില്ലെന്ന് വൈദ്യരമ്മ. കാട്ടില്‍ ഒറ്റയ്ക്ക് കഴിയാന്‍ ഭയമില്ലേ എന്ന് ചോദിച്ചാല്‍ കാടെനിക്ക് കാവലാണെന്ന് മറുപടി.
ദുരമൂത്ത മനുഷ്യന് സകലതിലും വിഷം കലര്‍ത്തുന്ന കാലത്ത് കാടിനുള്ളില്‍ വിഷം തീണ്ടാത്ത പച്ചത്തണലാവുകയാണ് വൈദ്യരമ്മ. ആശുപത്രികളില്‍ വൈദ്യസഹായം തേടി പോകാത്ത കാട്ടുമക്കള്‍ക്കായി തുടങ്ങിയതാണ് ലക്ഷ്മിക്കുട്ടിയുടെ വിഷചികിത്സ. ഫലസിദ്ധി ഏറിയതോടെ ചികിത്സകയെ നാടറിഞ്ഞു. വിദേശികള്‍ തേടിയെത്തി, അറിയാനും അറിയിക്കാനും. 2015 ലെ പരിസ്ഥിതി ദിനത്തില്‍ ആസ്ട്രേലിയയില്‍ നിന്ന് അന്താരാഷ്ട്ര പരിസ്ഥിതി സംഘം ഈ കാട്ടുപാത താണ്ടി വൈദ്യരമ്മയ്ക്ക് അരികിലെത്തിയത് പാരമ്പര്യം പകുത്ത് നല്കിയ നാട്ടുവൈദ്യത്തിന്റെ പൊരുള്‍ തേടിയാണ്. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്, കേരള സര്‍വ്വകലാശാല, ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ നാട്ടുവൈദ്യത്തിന്റെ ഈ അക്ഷയപാത്രത്തെ ആദരിച്ചിട്ടുണ്ട്. ചികിത്സകള്‍ പിഴയ്ക്കുമ്പോള്‍, പ്രതീക്ഷകള്‍ അസ്തമിക്കുമ്പോള്‍ നിങ്ങള്‍ പ്രകൃതിയെ ദേവിയായി സങ്കല്‍പ്പിച്ച് എത്തിയാല്‍ പച്ചില ച്ചാറില്‍ ആശ്വാസം നല്കാന് കാടിനു നടുവിലുണ്ട് ഈ വൈദ്യരമ്മ. ‘ഉന്നതങ്ങളില്‍ സ്വാധീനമില്ലാത്ത ഈ ഏഴയെ സംസ്ഥാന സര്‍ക്കാര്‍ പത്മശ്രീക്ക് ശുപാര്‍ശ ചെയ്തില്ല. പക്ഷേ കാണേണ്ടവര്‍ കണ്ടു, കൈയൊഴിഞ്ഞില്ല. മാണിക്യം കാട്ടിലും തിളങ്ങും, ‘ലക്ഷ്മിക്കുട്ടിയെന്ന കാടിന്റെ മരുന്നമ്മ പറഞ്ഞു നിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: