സപ്തംബര്‍ 30, 2016… മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാല്‍ ജീത്തുജോസഫിന്റെ സംവിധാനത്തിലൂടെ അഭിനയരംഗത്തേക്ക് എത്തുന്നുവെന്ന് പ്രഖ്യാപിച്ച ദിനം. അന്നുമുതല്‍ 2018 ജനുവരി 26 വരെ മലയാളസിനിമാ പ്രേക്ഷകരും തെന്നിന്ത്യന്‍ സിനിമാലോകവും കാത്തിരുന്നത് ഒരേ ഒരു ചോദ്യത്തിനുത്തരമാണ്. പ്രണവിന്റെ വരവ് എങ്ങനെയാവും? മോഹന്‍ലാല്‍ എന്ന നടനെ സ്നേഹിച്ചവരെല്ലാം മകന്റെ വിജയത്തിനുവേണ്ടി കാത്തിരുന്നപ്പോള്‍ ജീത്തു ജോസഫ് എന്ന സംവിധായകന്റെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികൂടിയായി അത്. എന്നാൽ ‘ആദി’ പുറത്തിറങ്ങിയപ്പോള്‍ പലരുടെയും ആധി മാറി. ‘പുനര്‍ജനി’യിലൂടെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ പ്രണവിന്റെ മടങ്ങിവരവ് മലയാളസിനിമയില്‍ പുതിയൊരു താരയുഗത്തിനുകൂടി വഴിയൊരുക്കുമെന്ന് ‘ആദി’ കണ്ടവരെല്ലാം ഉറപ്പിച്ചുപറയുന്നു.
മോഹന്‍ലാലിന്റെ ആദ്യചിത്രമായ മഞ്ഞില്വിരിഞ്ഞപൂക്കളിലെ ‘മിഴിയോരം….’ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. മോഹന്‍ലാല്‍ എന്ന യുവാവിനെ വെള്ളിത്തിരയിലെ രാജകുമാരനാക്കാന്‍ കാരണമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളോടുള്ള ആദരവോ വിശ്വാസമോ തന്നെയാകാം ‘ആദി’യുടെ ആദ്യരംഗത്ത് ആ ഗാനമുപയോഗിച്ചതിന്റെ പിന്നില്‍. എന്തായാലും വിശ്വാസം തെറ്റിയില്ല. 2018ലെ ഹിറ്റുകളുടെ പട്ടികയിലേക്ക് ‘ആദി’ മാറുകയാണ്.
മ്യൂസിക് ഡയറക്ടറാകാന്‍ സ്വപ്നം കണ്ടുനടക്കുന്ന അച്ഛനമ്മമാരുടെ ഏകമകന്. ഭാഗ്യം തേടി ബാംഗ്ലൂരിലെത്തുന്ന ‘ആദി’യെ വിധി കാത്തുവച്ചിരുന്നത് പരീക്ഷണങ്ങളുടെ കാലഘട്ടമായിരുന്നു. ജീവിതത്തിനും മരണത്തിനുമിടയിലൂടെയുള്ള നെട്ടോട്ടം. ചെന്നുപെട്ട കുരുക്കഴിക്കാന്‍ ‘ആദി’യോടുന്ന ഓട്ടത്തിനിടെ പ്രണവ് മോഹന്‍ലാല്‍ എന്ന നടന് പുറത്തെടുത്ത ശാരീരികപ്രകടനവും മെയ്വഴക്കവും പ്രേക്ഷകരെ ശരിക്കും ഞെട്ടിക്കുന്നുണ്ട്. ബോളിവുഡ് സിനിമകളില്‍ കണ്ടിട്ടുള്ള ആക്ഷന്‍ രംഗങ്ങളോട് കിടപിടിക്കുന്ന പ്രണവിന്റെ പ്രകടനം മലയാളസിനിമയില്‍ പുതിയ ഒരു ആക്ഷന്‍ ഹീറോയുടെ സ്ഥാനമുറപ്പിക്കുന്നതാണ്. വിദേശരാജ്യങ്ങളില്‍ പരിശീലിക്കപ്പെടുന്ന പാര്‍ക്കൗര്‍ എന്ന ഗെയിം അഭ്യസിച്ചതിന്റെ ഗുണം പ്രണവ് ‘ആദി’യില്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തി.
ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ മാക്സ് ലാബ് വിതരണത്തിനെത്തിച്ച ‘ആദി’യില്‍ ജീത്തുജോസഫിന്റെ പതിവ് അവതരണശൈലി തന്നെയാണുള്ളത്. ‘ദൃശ്യ’വും ‘മെമ്മറീ’സും ‘ഊഴവു’മെല്ലാം കണ്ട പ്രേക്ഷകര്‍ക്ക് ‘ആദി’യിലെ ആക്ഷന്‍ രംഗങ്ങളിലെ ചടുലത വിത്യസ്ത അനുഭവമാണ്. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും മികവു പുലര്‍ത്തി. അതിഥി രവിയും അനുശ്രീയുമാണ് നായികമാര്‍. ആദിയെ പ്രതിസന്ധിയില്‍ സഹായിക്കാനെത്തിയ വേഷമണിഞ്ഞ ഷറഫുദീനും പ്രതിനായകറോളിലെത്തിയ കഥാപാത്രമായ ജയകൃഷ്ണനായെത്തിയ സിജു വിത്സണും തങ്ങളുടെ റോളുകള്‍ മികച്ചതാക്കി. ശരത്തിന്റെ ചേച്ചി ജയയായെത്തിയ അനുശ്രീയും ആദിയുടെ അച്ഛന് മോഹന്ശര്മ്മയായി വേഷമിട്ട സിദ്ദിഖും മണിയായി വേഷമിട്ട മേഘനാഥനും പ്രേക്ഷകരെ ബോറടിപ്പിച്ചില്ല. എന്നാല്‍ ആദിയുടെ അമ്മയായി വേഷമിട്ട (ലെനയുടെ) ‘ആധി’ ചിലഘട്ടങ്ങളില്‍ അരോചകമായോയെന്ന് പ്രേക്ഷകര്‍ക്ക് തോന്നിപോകും. പ്രതിനായകന് നാരായണറെഡിയായി വേഷമിട്ട ‘പുലിമുരുകനില്‍ ഡാഡി ഗിരിജ’യായിയെത്തിയ ജഗപതി ബാബുവിന്റെ പ്രകടനത്തിനും മറ്റൊരു പ്രതിനായകനായ സുജോയ് വര്‍ഗീസിന്റെ പ്രകടനത്തിനും തിളക്കം കുറഞ്ഞുപോയി.
ട്വിസ്റ്റുകളിലൂടെ ക്ലൈമാസ് കൊഴുപ്പിക്കുന്ന ജീത്തുജോസഫ് ‘ആദി’യിലും പതിവ് ആവര്‍ത്തിച്ചു. പ്രേക്ഷകര്‍ക്ക് ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാക്കി ‘ആദി’യെ ഒരുക്കാന്‍ ജീത്തുജോസഫിനായി. സൂപ്പര്‍താരത്തിന്റെ മകനെന്ന പരിവേഷതണലില്ലാതെ ആദിയെ പ്രേക്ഷക ഹൃദയങ്ങളിലെത്തിക്കാന് പ്രണവിനും കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: