കഥാപാത്രങ്ങളെ സമീപിക്കുന്നത്
സ്ഥിരം പാറ്റേണിലുള്ള സിനിമകളുടെ ഭാഗമാവാതിരിക്കാന്‍ ശ്രമിക്കും. ഓരോ സിനിമയിലും എന്തെങ്കിലും പുതുതായി ചെയ്യാന്‍ കഴിയണം. രൂപത്തിലും മാനറിസങ്ങളിലും ശൈലി നിലനിര്‍ത്തി ഒരു വ്യത്യസ്തത കൊണ്ടുവരാന്‍ കഴിയുമോ എന്ന് നോക്കും. ഒരു പ്രേക്ഷകന് എങ്ങനെയാണ് കഥാപാത്രത്തെ വിലയിരുത്തുക. അതുപോലെ വിലയിരുത്താന്‍ ശ്രമിക്കും. ഞാന്‍ എല്ലാ ഭാഷകളിലെയും ചിത്രങ്ങള്‍ കാണുന്നയാളാണ്. നല്ല പ്രേക്ഷകനായാലേ നല്ല ആര്‍ട്ടിസ്റ്റ് ആവാന്‍ കഴിയൂ. എന്റെ എല്ലാ സിനിമകളും ഇറങ്ങിക്കഴിഞ്ഞു തീയറ്ററുകളില്‍ പോയി മൂന്ന് നാല് ആവര്‍ത്തി കാണാറുണ്ട്. സിനിമയുടെ അണിയറ പ്രവര്‍ത്തകരോടൊപ്പം പോവും,സിംഗിള്‍ സ്ക്രീനില്‍ കാണും, മള്‍ട്ടിപ്ലക്സിലും കാണും. കൂട്ടുകാരോടൊപ്പവും കുടുംബത്തോടൊപ്പവും കാണും. എല്ലാവരുടെയും പ്രതികരണങ്ങള്‍ വിലയിരുത്താനാണിത്.
സിനിമയെ വിലയിരുത്തുന്നത്
സിനിമ ഒരേ സമയം ‘ആര്‍ട്ടും’ എന്റര്ടെയിന്മെന്റും ആവണം. സിനിമ ആര്‍ട്ട് മാത്രമാവുകയും അത് പ്രേക്ഷകരെ രസിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ അതിനര്‍ത്ഥമില്ല. തിരിച്ചും അങ്ങനെ തന്നെ. കലാമൂല്യം ഒട്ടും കുറയാതെ പ്രേക്ഷകന് ആസ്വദിക്കാന്‍ കഴിയുന്ന സിനിമകളാണ് ഉണ്ടാവേണ്ടത്. ഒരു സിനിമ പ്രേക്ഷകനെ ബോറടിപ്പിച്ചാല്‍ അത് പരാജയമാകും.സിനിമയ്ക്ക് പ്രേക്ഷകനെ ആസ്വദിപ്പിക്കാനും പ്രേക്ഷകനോട് സംവദിക്കാനും കഴിയണം.
രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നുണ്ടോ?
രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടുന്നതിന് ഒരു താല്‍പ്പര്യവുമില്ല. എന്റെ രാഷ്ട്രീയം മനുഷ്യന് മനുഷ്യനെ സ്നേഹിക്കുക എന്നതാണ്. പാര്‍ട്ടികള്‍ക്കതീതമായി നല്ലതിനെ നല്ലതെന്നു പറയാന്‍ കഴിയുന്ന, തെറ്റുകളെ ചോദ്യം ചെയ്യാന്‍ കഴിയുന്ന ഒരു സ്വാതന്ത്ര്യം ഓരോ പൗരനുമുണ്ടാകണം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അതിരുകളില്‍ ആ സ്വാതന്ത്ര്യം തളച്ചിടപ്പെടരുത്. എന്റെ അഭിപ്രായ സ്വാതന്ത്ര്യം ഞാന്‍ ആര്‍ക്കും അടിയറവയ്ക്കില്ല.
ശ്യാംപ്രസാദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ്
മായാനദിയുടെ ക്ലൈമാക്സ് രംഗങ്ങള്‍ ഷൂട്ട് ചെയ്തത് കണ്ണൂര്‍ കണ്ണവത്തെ വനമേഖലയിലാണ്. അവിടെയെത്തിയപ്പോല്‍ കുറെ ചെറുപ്പക്കാര്‍ വന്നു കണ്ടു. ഒപ്പം സെല്‍ഫിയെടുത്തു. ശ്യാം പ്രസാദും ഉണ്ടായിരുന്നു. എനിക്ക് ആ ചെറുപ്പക്കാരന്റെ പേരോ പശ്ചാത്തലമോ ഒന്നുമറിയില്ല. എന്റെ സുഹൃത്തുക്കളാണ് ടൊവിനോയൊടൊപ്പം സെല്‍ഫിയെടുത്ത ഈ പയ്യന് കൊല്ലപ്പെട്ടു എന്നറിയിക്കുന്നത്. നമുക്ക് പരിചയമുള്ള, നമ്മളോടൊപ്പം വന്ന് സെല്‍ഫിയെടുത്ത ഒരാളുടെ മരണം എനിക്ക് വേദനയുണ്ടാക്കി. മനുഷ്യത്വമുള്ള ആര്‍ക്കും ആ കൊലപാതകം വിഷമമുണ്ടാക്കും. എനിക്ക് പ്രത്യേകിച്ച് ഒരു മതമോ രാഷ്ട്രീയമോ വിശ്വാസമോ ഇല്ല. മനുഷ്യന് മനുഷ്യനെ സ്നേഹിക്കണം. എന്റെ വീട്ടുകാര്‍ പഠിപ്പിച്ചത് അതാണ്.
ഒരു മനുഷ്യന് എന്തു കാരണം കൊണ്ടായാലും മറ്റൊരാളിന്റെ ജീവനെടുക്കുന്നത് അംഗീകരിക്കാനാവില്ല. ജന്മനാ എല്ലാവരും നല്ലവര്‍ തന്നെയാണ്. സാഹചര്യങ്ങളാണ് പിന്നീട് ഒരാളുടെ നന്മയ്ക്കും തിന്മയ്ക്കും കാരണമാവുന്നത്. ശരിയും തെറ്റും വിലയിരുത്തുന്നതും ഓരോരോ കാഴ്ചപ്പാടിലാണ്. മതത്തിന്റെ പേരിലായാലും രാഷ്ട്രീയത്തിന്റെ പേരിലായാലും കൊലപാതകം പരിഹാരമല്ല. മതങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഉണ്ടാകുന്നതിന് മുന്‍പേ ഉണ്ടായതാണ് മനുഷ്യവംശം. ഒരാള്‍ക്ക് മറ്റൊരാളെ എളുപ്പത്തില്‍ കൊല്ലാനാവില്ല. ആ കുറ്റബോധവും ഭയവും എന്നും വേട്ടയാടപ്പെടും. ഒരു കൊലപാതകം നടക്കുമ്പോള്‍ രണ്ട് വശത്തുള്ളവരുടെയും കുടുംബങ്ങളെയാണ് അത് ബാധിക്കുക. എനിക്ക് പരിചയമുള്ള ഒരു ചെറുപ്പക്കാരന്റെ ദാരുണ കൊലപാതകത്തിന്റെ വേദന പങ്കുവച്ചപ്പോള്‍ അതിന് വേറെ വ്യാഖ്യാനങ്ങള്‍ ഉണ്ടാക്കിയവരുണ്ട്. എന്നെ ഒരു പ്രത്യേക വിഭാഗക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമം വരെ നടന്നു. ഞാന്‍ ഒരു മതത്തിന്റെയും ഒരു പാര്‍ട്ടിയുടെയും വക്താവല്ല. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അതേ അര്‍ത്ഥത്തില്‍ എടുത്ത ഒരുപാടു പേരുണ്ട്.
സമൂഹത്തില്‍ ഇങ്ങനെയൊക്കെ നടക്കുന്നതിന് കാരണം സിനിമകളാണെന്നു പറയുന്ന ഒരു കൂട്ടരുമുണ്ട്. അവരോട് പറയാനുള്ളത് ലാലേട്ടന് അഭിനയിച്ച ഗുരു എന്ന സിനിമ കാണണം. ഇത്രയും മനോഹരമായി ശാന്തിയെയും സമാധാനത്തെയും കുറിച്ച് പറയുന്ന ചിത്രവുമുണ്ട്. സിനിമ കണ്ട് വഴിതെറ്റുന്നവര്‍ ഉണ്ടെന്നു പറയുമ്പോള്‍ ഇത്തരം നല്ല സിനിമകള്‍ കണ്ട് എന്തുകൊണ്ട് അതിന്റെ നല്ല വശങ്ങള് ജീവിതത്തില്‍ പകര്‍ത്തുന്നില്ല.
ശ്രീജിത്തിന്റെ സമരത്തിനു പിന്തുണയുമായെത്തിയത് പബ്ലിസിറ്റി സ്റ്റണ്ടാണെന്ന ആക്ഷേപം
പബ്ലിസിറ്റിക്കുവേണ്ടി തന്നെയാണ് ഞാന്‍ ആ സമരത്തിനെത്തിയത്. പക്ഷേ അത് എനിക്കുവേണ്ടിയായിരുന്നില്ല. എനിക്കും ഒരു ചേട്ടന് ഉണ്ട്. ഞങ്ങള്‍ തമ്മില്‍ ഒരു വയസ്സിന്റെ വ്യത്യാസമാണുള്ളത്. സന്തോഷവും വിഷമതകളും എല്ലാം പരസ്പരം പങ്കുവയ്ക്കുന്ന നല്ല സുഹൃത്തുക്കളാണ് ഞങ്ങള്‍. സഹോദര ബന്ധത്തിന് ഞാന്‍ അത്രയും പ്രാധാന്യം കൊടുക്കുന്നുണ്ട്. ശ്രീജിത്ത് എന്ന യുവാവ് സ്വന്തം സഹോദരന്റെ മരണത്തെത്തുടര്‍ന്ന് 770 ദിവസത്തോളം സമരമിരിക്കുന്നു. ഒരു ബോഡി ബില്‍ഡറായ അയാളുടെ ഇന്നത്തെ അവസ്ഥ നോക്കണം. എപ്പോള്‍ വേണമെങ്കിലും അയാള്‍ക്ക് ആ സമരം നിര്‍ത്തിപ്പോകാമായിരുന്നു. തികച്ചും സമാധാനപരമായി നിശ്ശബ്ദമായാണ് ശ്രീജിത്ത് സമരം ചെയ്തത്. ആ സമരത്തിന് ഒരു ശക്തിയുണ്ട്. സഹോദരന്റെ മരണത്തിലുള്ള വേദനയുണ്ട്. അതുകൊണ്ടുതന്നെ ആ സമരത്തിന് നീതി ലഭിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. സിനിമയില്‍ അഭിനയിക്കുന്ന ഒരു നടന് കിട്ടുന്ന ശ്രദ്ധ എന്തെന്ന് എനിക്കറിയാം. സിനിമാതാരങ്ങളെ ഓരോരുത്തര് ഉദ്ഘാടനത്തിന് വിളിക്കുന്നതെന്തിനാണ്. താരങ്ങള്‍ക്ക് പബ്ലിസിറ്റി കിട്ടാനല്ലല്ലോ. നീതിക്കുവേണ്ടി സഹനസമരം ചെയ്യുന്ന ഒരു യുവാവിനൊപ്പം ചെന്നിരുന്നാല്‍ അതുവഴി ആ സമരം നാലഞ്ചുപേര് കൂടുതല്‍ അറിഞ്ഞാല്‍ ശ്രീജിത്തിന് നീതി നടപ്പാവാന്‍ സഹായമാവുമെന്ന പ്രതീക്ഷ. അതിനെ മറ്റുള്ളവര്‍ എങ്ങനെ വ്യാഖ്യാനിച്ചാലും പ്രശ്നമില്ല. മറ്റൊരാളുടെ വിഷമങ്ങളില്‍ ഇടപെടാന്‍ മടിക്കുന്ന നമ്മള് നമ്മുടെ ആര്‍ക്കെങ്കിലും ഒരു പ്രശ്നമുണ്ടായാല്‍ മുറവിളിയുമായി എത്തും. പക്ഷേ സമൂഹമാധ്യമങ്ങള്‍ ശ്രീജിത്തിന്റെ സമരം ഏറ്റെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ നിരവധിപേര്‍ പിന്തുണയുമായെത്തി.
സ്ത്രീവിരുദ്ധ സിനിമകളുടെ പേരില്‍ വിവാദം, മായാനദിയില്‍ സ്ത്രീവിരുദ്ധതയുണ്ടെന്ന ശബരീനാഥ് എംഎല്‍എയുടെ പരാമര്‍ശം
ആ പോസ്റ്റ് ഞാനും കണ്ടു. സിനിമയിലെ പല കാര്യങ്ങളും യഥാര്‍ത്ഥ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെയല്ലേ. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ പലതും സിനിമകളില്‍ പ്രതിപാദിക്കാറുണ്ട്. സ്ത്രീപക്ഷ നിലപാടുകളും സ്ത്രീവിരുദ്ധ നിലപാടുകളും നമ്മള് ചുറ്റും കാണുന്നതല്ലേ. മായാനദിയില്‍ സ്ത്രീവിരുദ്ധതയുണ്ടെന്നു പറയാന്‍ കഴിയില്ല. ആ ചിത്രം ഒരിക്കലും സ്ത്രീവിരുദ്ധ നിലപാടിനെ മഹത്വവല്‍ക്കരിച്ചു കാണിക്കുന്നില്ല. സൗബിന് ചെയ്ത കഥാപാ
ത്രം ഒരു പോസിറ്റീവ് കഥാപാത്രമാണെന്ന് ആര്‍ക്കും തോന്നില്ല. സമൂഹം ഉണ്ടാക്കിവച്ചിരിക്കുന്ന ചില വേലിക്കെട്ടുകള്‍ അയാളുടെ സ്വഭാവത്തെ അത്തരത്തില്‍ രൂപപ്പെടുത്തിയിരിക്കുന്നു. അതിന്റെ പ്രതിഫലനമാണ് അയാളുടെ സഹോദരിയോടുള്ള പ്രതികരണം. ആ രംഗങ്ങള്‍ സ്ത്രീവിരുദ്ധതയ്ക്കുവേണ്ടി ഉള്‍പ്പെടുത്തിയതാണെന്ന് ചോറുണ്ണുന്ന ആരും പറയില്ല.
‘മായാനദി’ യിലേക്കെത്തുന്നത്
മഹേഷിന്റെ പ്രതികാരത്തിന്റെ ആഘോഷവേളയില്‍ ആഷിക് അബുവുമായി കണ്ടുമുട്ടിയപ്പോള്‍ നിന്റെ വര്‍ക്ക് നന്നാവുന്നുണ്ടെന്നു പറഞ്ഞിരുന്നു.
അന്നേ ഒരു സിനിമ തേടി വരുമെന്ന് തോന്നിയിരുന്നു. ജനുവരിയില്‍ കുടുംബവുമായി ലക്ഷദ്വീപിലായിരുന്നപ്പോഴാണ് ആഷികിന്റെ കോള്‍ വരുന്നത്. കുടുംബവുമായി വിമാനത്താവളത്തിലെത്തി നേരേ പോയത് ആഷികിനെ കാണാനാണ്. മാത്തനെക്കുറിച്ചാണ് ആദ്യം പറയുന്നത്. കഥ പിന്നീടാണ് പറഞ്ഞത്.
മാത്തനാവാനുള്ള തയ്യാറെടുപ്പുകള്‍
ജനുവരിയില്‍ സിനിമയെക്കുറിച്ച് പറയുന്നു. മെയ് 21 നാണ് ഷൂട്ടിങ് തുടങ്ങിയത്. മാത്തനെക്കുറിച്ച് കേട്ടപ്പോള്‍ വളരെ ഇഷ്ടം തോന്നി. ‘അണ്‍പ്രെഡിക്ടബിള്‍’ ആണ് ആ കഥാപാത്രം. അപ്പുവോ മറ്റ് കഥാപാത്രങ്ങളോ കൂടെയുള്ളപ്പോള്‍ മാത്രമേ മാത്തന് ചിരിക്കാറുള്ളൂ. അങ്ങനെയൊരു കഥാപാത്രത്തെ മുന്‍കൂട്ടി തയ്യാറെടുത്ത് അവതരിപ്പിക്കാനാവില്ല. ആഷികിന്റെയും ടീമിന്റെയും ഫിലിം മേക്കിങ്ങും അങ്ങനെയല്ല. സെറ്റില്‍ പരമാവധി റിഹേഴ്സലുകളില്ലാതെ ആദ്യടേക്കില്‍ തന്നെ ഫ്രഷായി എങ്ങനെ കഥാപാത്രത്തെ അവതരിപ്പിക്കാം എന്നതായിരുന്നു. ”എടാ മാത്തന്റെ സ്ഥാനത്ത് നീയായിരുന്നുവെങ്കില്‍ എന്ത് പറയും” എന്ന് ശ്യാമേട്ടന്( തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്) ചോദിക്കും. ആ സീനില്‍ എന്ത് പറയണമെന്നത് ശ്യാമേട്ടന്റെ മനസ്സിലുണ്ടാവും. എന്നാല്‍ നമ്മള് പറയുന്നത് നല്ലതാണെങ്കില്‍ നീ അത് പറഞ്ഞാല്‍ മതി എന്നുപറയും. അത്രയ്ക്ക് ഇഷ്പ്പെട്ടില്ലെങ്കില്‍ എടാ അതിനേക്കാള്‍ നമുക്ക് നല്ലത് ഇതല്ലേ എന്ന് ചോദിക്കും. സിനിമയിലെ ഓരോ രംഗങ്ങളും നമ്മളെ കഥാപാത്രമായി നിര്‍ത്തിക്കൊണ്ടാണ് ചര്‍ച്ച ചെയ്തതും ഷൂട്ട് ചെയ്തതും. ഒരു സീനില്‍ ശ്യാമേട്ടന് എന്നോട് പറഞ്ഞു. ”എടാ ഇവിടെ ഒരു ഡയലോഗും ഉണ്ടാവില്ല. ഡയലോഗ് നിന്റെ മുഖത്തുനിന്ന് പ്രേക്ഷകര്‍ വായിച്ചെടുക്കണം”. അപ്പു ഒരു കല്യാണവീട്ടില്‍ നിന്ന് പൈസ വാങ്ങി എണ്ണുമ്പോള്‍ മാത്തന് കടന്നുവരുന്നതാണ് രംഗം. ആ സീനില്‍ മാത്തന്റെ മുഖത്ത് വേദനയും കുറ്റബോധവും സ്നേഹവുമെല്ലാം കലര്‍ന്ന വികാരം വേണം. ”നീ അനങ്ങാതെ നിന്ന് അങ്ങ് ചെയ്താല്‍ മതി ”എന്നായിരുന്നു പറച്ചില്. അത് ഭംഗിയാക്കാന്‍ കഴിഞ്ഞുവെന്നതാണ് വിശ്വാസം.
തുടര്സീനുകളായാണ് മായാനദി ഷൂട്ട് ചെയ്തിരുന്നത്. അതുകൊണ്ട് ക്ലൈമാക്സിലെത്തുമ്പോള്‍ മാത്തന് വളരെ ക്ഷീണിതനായാണ് കാണുന്നത്. അലച്ചിലും മാനസിക പ്രശ്നങ്ങളും മാത്തനെ ഉലച്ചിരുന്നു. ക്ലൈമാക്സിനുവേണ്ടി ശരീരഭാരം രണ്ട് മൂന്ന് കിലോ കുറച്ച് തയ്യാറെടുത്തിരുന്നു. മായാനദി ആദ്യം കാണുമ്പോള്‍ അപ്പുവിനെയാവും ശ്രദ്ധിക്കുക. എന്നാല്‍ രണ്ടുതവണ മായാനദി കണ്ടവരെല്ലാം പറഞ്ഞത് മാത്തനാണ് ഇപ്പോള്‍ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നതെന്നാണ്.
ഐശ്വര്യലക്ഷ്മിയുമായുള്ള അഭിനയം
സിനിമയില്‍ നാടകീയമായ ഒന്നുമില്ല. തിരക്കഥയുടെ ശക്തിയാണ് ഞങ്ങള്‍ തമ്മിലുള്ള കെമിസ്ട്രിക്ക് കാരണം. രണ്ടുപേരും ഒരുപോലെ ചിന്തിക്കുന്നവര്‍, സിനിമയെ സീരിയസായി കാണുന്നവര്‍. ഒരുമിച്ചുള്ള ആദ്യ പാട്ടിന്റെ ഷോട്ട് കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറിയിരുന്നു. പിന്നെ സിനിമയുടെ അണിയറ പ്രവര് ത്തകരുടെ പിന്തുണ. ഐശ്വര്യ മികച്ച അഭിനേത്രിയാണ്. അപ്പുവിനെ അവര്‍ ഗംഭീരമാക്കി.
ലിപ്ലോക്ക് വിവാദം
കപട സദാചാരമാണ് അതിനു പിന്നില്‍. ഞാന്‍ എന്റെ വീട്ടുകാരുമായാണ് സിനിമ കാണാന്‍ പോയത്. തീയറ്ററുകളില്‍ വരുന്നതിലേറെയും ഫാമിലികളാണ്. പ്രേക്ഷകനെ ഇക്കിളിപ്പെടുത്തി മറ്റൊരു വികാരമുണ്ടാക്കുന്ന ഒന്നും ആ സിനിമയിലില്ല. അപ്പുവും മാത്തനും
തമ്മിലുള്ള പ്രണയത്തിന്റെ ഗാഢത വ്യക്തമാക്കാന്‍ വേണ്ടി മാത്രമാണ് ആ സീനുകള്‍. ഒരിക്കലും അത് മോശമായി ചിത്രീകരിക്കുകയോ മാര്‍ക്കറ്റിങിന് ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. സിനിമ കാണാതെ കപട സദാചാരം പറയുന്നവരുടെ ആക്ഷേപങ്ങള്‍ മാത്രമാണിതൊക്കെ.
ഗപ്പിയുടെ റീ റിലീസിങ്
തീയറ്ററുകളില്‍ ശ്രദ്ധിക്കപ്പെടാതെപോയ ഒരു നല്ല സിനിമയാണ് ഗപ്പി. പലരും ടിവിയിലും മൊബൈലിലും ലാപ്ടോപ്പിലുമൊക്കെ കണ്ടശേഷമാണ് നല്ല സിനിമയായിരുന്നല്ലോ എന്നുപറയുന്നത്. തീയറ്ററില്‍ കാണാനാഗ്രഹിക്കുന്നവര്‍ക്കും ഇതുവരെയും കണ്ടിട്ടില്ലാത്തവര്‍ക്കും വേണ്ടി മൂന്ന് കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു. ലാഭത്തിനുവേണ്ടിയല്ല. ഗപ്പി തീയറ്ററില്‍ കാണാന്‍ കഴിയാത്തതിന്റെ വിഷമം ഒരുപാടുപേര് പറഞ്ഞിരുന്നു.
തമിഴ് ഇന്ഡസ്ട്രിയിലേക്ക്
ആദ്യ തമിഴ് സിനിമ അഭിയും അനുവും മാര്‍ച്ച് 9ന് റിലീസാവും. മലയാളത്തില്‍ ഇത് അഭിയുടെ കഥ അനുവിന്റെയും എന്ന പേരിലാണ്. മാരി 2 ചെയ്യുന്നുണ്ട്. തമിഴ് സിനിമ ചെയ്യുന്നുവെന്ന് വച്ച് മലയാളം വിടാനൊന്നും ഉദ്ദേശ്യമില്ല. മലയാളത്തിനോടാണ് ഇഷ്ടക്കൂടുതല്. ഇവിടെയാണ് കംഫര്‍ട്ട്. ആ കംഫര്‍ട്ട് സോണ്‍ വിട്ട് പു
റത്തുപോവാന് മടിയൊന്നുമില്ല. വല്ലപ്പോഴും മറ്റ് ഇന്‍ഡസ്ട്രിയില്‍ പോയി ഒന്നോരണ്ടോ സിനിമ ചെയ്യണം എന്നേയുള്ളു. വ്യത്യസ്ത സാഹചര്യങ്ങളിലെ ഫിലിം മേക്കിങ് അറിയുന്നത് ഗുണകരമാവും.
കാത്തിരിക്കുന്ന സിനിമകള്‍
ആമിയില്‍ അതിഥി വേഷമുണ്ട്. മറഡോണ, തീവണ്ടി എന്നിവ റിലീസാവാനുണ്ട്. മധുപാലിന്റെ സിനിമ ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: