തിരുവനന്തപുരം: കമല്‍ സംവിധാനം ചെയ്ത ആമിക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിന് നിവേദനം നല്കിയ അഡ്വ. കെ.പി. രാമചന്ദ്രന് സിനിമയുടെ പ്രിവ്യൂ കാണുന്നതിനുള്ള അവസരം നിഷേധിച്ചു. ഇതുസംബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അഡ്വ. കെ.പി. രാമചന്ദ്രന് ഇക്കാര്യം അറിയിച്ചത്. ഫിലിം സര്ട്ടിഫിക്കേഷന് വകുപ്പിന്റെ റീജിയണല്‍ ഡയറക്ടറോട് ചിത്രത്തിന്റെ പ്രിവ്യൂ കാണണമെന്ന് അപേക്ഷിച്ചിരുന്നു. ഈ സിനിമ യഥാര്‍ത്ഥ ജീവിതവുമായി നീതി പുലര്‍ത്തിയിട്ടുണ്ടോ എന്ന് അറിയേണ്ടതുണ്ട്.
ആമിക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് അഡ്വ. കെ.പി. രാമചന്ദ്രന്, അഡ്വ. സി രാജേന്ദ്രന് എന്നിവരാണ് നിവേദനം നല്‍കിയത്. മാധവിക്കുട്ടിയുടെ യഥാര്‍ത്ഥ ജീവിതം വേണം ചിത്രത്തിലും. അല്ലെങ്കില്‍ അത് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കും. ജീവിതകഥ സിനിമ എന്ന പേരില്‍ മാറ്റി എഴുതുകയും ചരിത്രത്തെ വളച്ചൊടിക്കുകയും കുറ്റകൃത്യങ്ങളെ ന്യായീകരിക്കുന്നതും ആകരുത്. പൊതു ജീവിതത്തെ ബാധിക്കുന്ന ഭാഗങ്ങള്‍ അതില്‍ ഉണ്ടെങ്കില്‍, അവരുടെ അവസാനകാലം ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുത് എന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടണ്ട്.
ആമി എന്ന സിനിമ മാധവിക്കുട്ടിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി എടുത്ത സിനിമയാണെന്ന് ഒരു പത്രത്തിനു നല്കിയ അഭിമുഖത്തില്‍ കമല്‍ പറയുന്നുണ്ട്. ഈ സിനിമ റിലീസ് ചെയ്യുന്നതിനുമുന്പ് മാധവിക്കുട്ടിയുടെ ജീവിതവുമായി താദാത്മ്യം പ്രാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഒരു കമ്മറ്റിയെ നിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. സി. രാജേന്ദ്രനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: