ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മുതിര്‍ന്ന സ്വയംസേവകന് ദാമോദര്‍ മല്ലയ്യ അന്തരിച്ച വിവരം പല സുഹൃത്തുക്കളും അറിയിച്ചു. വളരെ വര്‍ഷങ്ങള്‍ ഏറ്റവും അടുത്തു പെരുമാറിയതു മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗത്തെപ്പോലെ കഴിഞ്ഞ നാളുകള്‍ മനസ്സില്‍ തെളിഞ്ഞുവരികയായിരുന്നു. കോട്ടയത്ത് ജില്ലാ പ്രചാരകനായിരുന്ന കാലത്ത് ചന്തക്കടവ് റോഡിനടുത്ത്, കോടിമത പാടത്തിന്‍കരയിലെ അദ്ദേഹത്തിന്റെ വാടകവീടിന്റെ ചാവടിയില്‍ രണ്ട് കൊല്ലത്തിലേറെക്കാലം കാര്യാലയമായി താമസിച്ചിരുന്നു. ദാമോദര്‍ മല്ലയ്യയ്ക്ക് ഷാ വാലസ് കമ്പനിയിലെ വളം മിക്സിങ് യൂണിറ്റിലായിരുന്നു ജോലി. നേരത്തെ മട്ടാഞ്ചേരിയിലെ ആസ്ഥാനത്തായിരുന്നപ്പോഴാണ് അദ്ദേഹത്തെ പരിചയമായത്. 1956 ലെ സംഘശിക്ഷാവര്‍ഗില്‍ ഞങ്ങള്‍ ഒരേ ഗണയിലായിരുന്നു. ദാമോദര്‍ മല്ലയ്യ, പിന്നീട് പ്രാന്തകാര്യാലയത്തിന്റെ സര്‍വസ്വവുമായ മോഹന്‍ജി എന്നിവരും അതേഗണയില് ഉണ്ടായി. അടുത്ത വര്‍ഷത്തിലും ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. നേരത്തെ അദ്ദേഹം എസ്എസ്എല്‍സി എഴുതിയശേഷമാണ് വന്നതെങ്കില്‍ രണ്ടാം വര്‍ഷമായപ്പോഴേക്കും ഷാ വാലസില്‍ ജോലി കിട്ടിയിരുന്നു. ഉന്നതവിദ്യാഭ്യാസത്തിന് പോകാന്‍തക്ക സാമ്പത്തികനില കുടുംബത്തിനില്ലാത്തതായിരുന്നു ജോലിക്ക് പോകാന്‍ കാരണം. എന്നാല്‍ അക്കാദമികവും ജോലിയിലെ കാര്യക്ഷമതയുമായി നേരിട്ട് ബന്ധമില്ലെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു ദാമോദര്‍ മല്ലയ്യ.
അദ്ദേഹം കോട്ടയത്ത് വന്നപ്പോള്‍ നഗര്‍ പ്രചാരകന് മാധവന് ഉണ്ണി ആയിരുന്നു. തിരുനക്കരയിലെ കാര്യാലയം ഒഴിഞ്ഞുകൊടുക്കാന്‍ ‘മുട്ടി’നിന്ന സമയവുമായിരുന്നു അത്. ദാമോദര്‍ മല്ലയ്യയും ഉണ്ണിയും കൂടി നടത്തിയ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തിയ വീടാണ് ഇരുവര്‍ക്കും പ്രയോജനമായത്. മരാമത്ത് വകുപ്പില്‍ കരാറുകാരനായിരുന്ന ബാലന് ചേട്ടന്റെ വീട്. പുഞ്ചപ്പാടത്തിന് കരയില്‍ ഏതാണ്ട് മൂന്ന് കി.മീ വിസ്തൃതമായ പാടം, അപ്പുറത്ത് നാട്ടകം കൊട്ടാരം; കിഴക്കുവശത്ത് അത്രതന്നെ അകലത്തില്‍ തീവണ്ടിപ്പാത, കോടിമത ആറ്റിലൂടെ തിരുനക്കരച്ചന്തയിലേക്ക് പോകുന്ന വഞ്ചിക്കൂട്ടം. മല്ല്യ അദ്ദേഹത്തിന്റെ അച്ഛനമ്മമാരേയും സഹോദരങ്ങളേയും കൊണ്ടുവന്നു. വീടിനു പുറത്ത് ചാവടിയില്‍ കാര്യാലയവുമായി.
ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ദാമോദറിന്റെ ജ്യേഷ്ഠന് ദിവാകര്‍ മല്ലയ്യയും കോട്ടത്തു വന്നു. അദ്ദേഹത്തിന് ബൂട്ട്സ് എന്ന ഇംഗ്ലീഷ് മരുന്നുകമ്പനിയിലായിരുന്നു ജോലി. മെഡിക്കല്‍ റെപ് എന്ന നിലയ്ക്ക് ഏറ്റവും കൂടുതല്‍ യാത്രചെയ്യേണ്ടിവരുന്നത് കോട്ടയം ജില്ലയിലായിരുന്നു. തിരുവല്ല താലൂക്കിലും പോകേണ്ടിയിരുന്നുവെന്ന് തോന്നുന്നു. മറ്റൊരനുജന്‍ രവിയും പിന്നീട് കോട്ടയത്തെത്തി. അദ്ദേഹവും ബൂട്ട്സ് കമ്പനിയില്‍തന്നെ ആയിരുന്നു.
കോട്ടയം ജില്ലയിലെ സംഘപ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ രണ്ട് പതിറ്റാണ്ടുകാലമെങ്കിലും ആ കുടുംബം വലിയ പങ്കും, സ്വാധീനവും ചെലുത്തിയിട്ടുണ്ട്. രസകരമായ ഒരു അനുഭവവും പറയാനുണ്ട്. ഓരോ ആവശ്യത്തിനായി ഉള്‍നാടുകളില്‍നിന്ന് ടൗണില്‍ വരുന്ന സ്വയംസേവകര്‍ക്ക് മല്ലയ്യാ കുടുംബം വലിയ കൗതുകം നല്കി. കോടിമതയിലെ കാര്യാലയത്തിലായാലും, തിരുനക്കര ക്ഷേത്രത്തിനു മുമ്പിലത്തെ പടികളില്‍ ശാഖക്കുശേഷം നടക്കുന്ന സംഭാഷണ വേളകളിലായാലും, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നു പറയാവുന്ന മണിയുടെ മുറുക്കാന്‍കടയ്ക്ക് മുന്നിലായാലും, എല്ലാവരും ചേര്‍ന്ന് ചെലവഴിക്കുന്ന സമയം വിലപ്പെട്ടതായിരുന്നു. എങ്ങിനെയോ ദാമോദര്‍ മല്ലയ്യ ഉള്‍നാടന്‍ സ്വയംസേവകര്‍ക്ക് ‘മല്ലികാസാര്’ ആയി. കിഴക്കന്‍ ഭാഗത്തെ ഒരു ശാഖയില്‍ പോയപ്പോള്‍ ‘മല്ലിക’ എന്ന പേര് എങ്ങനെ പുരുഷനു വന്നു എന്ന സംശയം ഒരു സ്വയംസേവകന് ആത്മാര്‍ത്ഥമായി ഉന്നയിച്ചു. അതു പിന്നീട് കാര്യാലയത്തില്‍ ഉള്ളുതുറന്ന ചിരിക്കു വക നല്കി.
കോട്ടയത്ത് സംഘവുമായി വളരെ അടുത്തുവന്ന പ്രൊഫ. ഒ.എം. മാത്യു, മല്ലയ്യ കുടുംബത്തിന്റെ അടുത്ത ബന്ധുക്കളെപ്പോലെയായിത്തീര്ന്നു. ദിവാകര്‍ മല്ലയ്യ പരമേശര്ജിയുടെ താല്പര്യപ്രകാരം ജനസംഘ ചുമതലകള്‍ വഹിച്ചിരുന്നു. മാത്യുസാറും സഹധര്‍മ്മിണിയും ജനസംഘത്തില്‍ സജീവമാകാന്‍ അതു കാരണമായി. ആ കുടുംബബന്ധം ഇന്നും തുടരുന്നുണ്ടെന്നാണ് ഞാന്‍ വിചാരിക്കുന്നത്. മാത്യുസാറിന് എംജി സര്‍വ്വകലാശാലയിലെ വിവേകാനന്ദ പീഠത്തിന്റെ ചുമതല ലഭിച്ചതിനെത്തുടര്‍ന്ന് ബന്ധപ്പെട്ടപ്പോള്‍ മല്ലയ്യമാരുടെ കുടുംബാംഗങ്ങളുമായി ബെംഗളൂരിലും ബന്ധം പുലര്‍ത്തുന്ന വിവരം ലഭിച്ചിരുന്നു. സംഘത്തിന്റെയും ജനസംഘത്തിന്റെയും ചുമതലകള്‍ വഹിച്ചിരുന്ന കാലത്ത് കോട്ടയത്തുവരുന്ന അവസരങ്ങളില്‍, അവരുടെ വീടുകളുമായി ബന്ധം നിലനിര്‍ത്തിയിരുന്നു.
ഞാന്‍ ജന്മഭൂമിയുടെ ചുമതലയില്‍ കുരുങ്ങിക്കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലം പഴയ ബന്ധങ്ങള്‍ സജീവമായി നിലനിര്‍ത്താന്‍ കഴിയാതെ പോയി. എന്നാല്‍ ദാമോദര്‍ മല്ലയ്യ എറണാകുളത്തേക്കു മാറ്റമായി വരികയും ഇടപ്പള്ളിയില്‍ ചങ്ങമ്പുഴ നഗറില്‍ വീട് സമ്പാദിച്ചു താമസമാക്കുകയും ചെയ്തശേഷം സമ്പര്‍ക്കം പുനരാരംഭിച്ചുവെന്നു പറയാം. അദ്ദേഹത്തിന് രാഷ്ട്രധര്‍മ്മ പരിഷത്തിന്റെ അധ്യക്ഷസ്ഥാനം നല്കപ്പെട്ടു. പരിഷത്തില്‍ ഞാനും അംഗമായിരുന്നതിനാല്‍ അതിന്റെ യോഗങ്ങൡ ഒരുമിച്ചു കൂടാന്‍ അവസരം ലഭിച്ചു. ഇളയ സഹോദരന് ‘ബൂട്ട്സ് രവി’ മഹാനഗരത്തിലെ സംഘത്തിന്റെ സജീവ ചുമതലകള്‍ വഹിച്ചുവന്നതിനാല് അദ്ദേഹവുമായും സമ്പര്‍ക്കം നിലനിര്‍ത്തിവന്നു.
ജന്മഭൂമിയുടെ സാമ്പത്തിക കാര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ബാധ്യതകളാരാഞ്ഞ് മുംബൈയിലും മറ്റും യാത്ര ചെയ്ത വേളയില്‍ രണ്ടുമൂന്നു ദിവസം പൂണെയിലും ചെലവഴിക്കാന്‍ സമയം കണ്ടു. മുംബൈയില്‍ മലയാളി സ്വയംസേവകരുടെ നായകന് വേണുവേട്ടന്റെ അനുജന് ഗിരീശേട്ടനാ (ആര്.ജി. മേനോന്)യിരുന്നു. ഒന്നുരണ്ടാഴ്ചകള്‍ അവിടെ ചുറ്റിത്തിരിഞ്ഞ ശേഷമാണ് പൂണെയിലെത്തിയത്. അവിടെ പ്രാന്തകാര്യാലയത്തില്‍ കൂടി. ദാമോദര്‍ മല്ലയ്യ പൂണെയില്‍ താമസമാണെന്നറിയാമായിരുന്നു. കാര്യാലയത്തില്‍നിന്ന് ഫോണ്‍ ചെയ്തപ്പോള്‍ അദ്ദേഹം വന്നു. അവരുടെ വസതിയില്‍ പോയി. അദ്ദേഹത്തിന്റെ പത്നി എറണാകുളത്തെ ജനസംഘ കാര്യാലയത്തിന് തൊട്ടടുത്ത വീട്ടിലേയായിരുന്നു. ജ്യേഷ്ഠന് ജയപ്രകാശ് സജീവ കാര്യകര്‍ത്താവും. മലയാളം സംസാരിക്കാനും വായിക്കാനും അവര്‍ക്ക് ഉത്സാഹം. എന്റെ കൈവശമുണ്ടായിരുന്ന പുസ്തകങ്ങള്‍ അവിടെ ഏല്പിച്ചു. തൊടുപുഴയില്‍ വീടിനടുത്തുള്ള ഒരു യുവാവ് പൂണെയില്നിന്നും 30 കി.മീ അകലെ ഒരു വര്‍ക്ഷോപ്പില്‍ പോയശേഷം വിവരമില്ലെന്ന് അയാളുടെ അച്ഛന് പറഞ്ഞിരുന്നു. ആ പയ്യനെ അന്വേഷിച്ചു കണ്ടുപിടിക്കാന്‍ ദാമോദറിന്റെ സഹായം തേടി. ഞങ്ങള്‍ അവിടെ ചെന്ന് ആളെ കണ്ട് കുശലം തിരക്കി.
മല്ലയ്യാ സഹോദരന്മാര് സംഘത്തിന്റെയും പരിവാറിന്റെയും ചരിത്രത്തില്‍ ഒരു ഘട്ടത്തില്‍ വളരെ കനപ്പെട്ട സംഭാവനകള്‍ നല്കിയവരായിരുന്നു. അവര്‍ ഒട്ടേറെ ഓര്‍മകള്‍ നമുക്കായി ബാക്കിവച്ചിട്ടുമുണ്ട്. സദാ പ്രസന്നവദനനും, ഒരിക്കലും ക്ഷുഭിതനായി കാണാത്ത ആളുമായിരുന്നു ദാമോദര്‍ മല്ലയ്യ. ഇഷ്ടക്കേട് അറിയിക്കുമ്പോഴും കാട്ടിയിരുന്ന മിതത്വവും മൃദുത്വവും അധികം പേരിലും കാണാന്‍ കഴിയാത്തതാണ്. ആറര പതിറ്റാണ്ടു നീണ്ട ആ സൗഹൃദത്തിന് നമസ്കാരം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: