പുണ്യം നിറഞ്ഞ നാടാണ് തൃപ്പൂണിത്തുറ. മഹാവിഷ്ണു തൃപ്പൂണിത്തുറ അപ്പനായി അനുഗ്രഹ വര്‍ഷം സദാ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. ഇവിടെ വളരുന്നവര്‍ക്ക് താളവും സംഗീതവും നാട്യവും രക്തത്തില്‍ ലയിച്ചതാണ്. ബാല്യം സംഗീതകച്ചേരികള്ക്കു മുന്നില്‍ തീര്‍ത്ത രാധാകൃഷ്ണന്, തൃപ്പൂണിത്തുറ രാധാകൃഷ്ണനായി ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞുനില്ക്കുന്നു. ഘടം എന്ന വാദ്യ വിശേഷവുമായി പ്രശസ്തരുടെ കച്ചേരികള്‍ക്ക് ഈ തൃപ്പൂണിത്തുറക്കാരനുണ്ട്. അച്ഛന് മൃദംഗ വിദ്വാനാണ്. അദ്ദേഹത്തിന്റെ ശിഷ്യപ്രശിഷ്യരാണ് തൃപ്പൂണിത്തുറയില്‍. രാധാകൃഷ്ണന്റെയും ആദ്യ ഗുരു അച്ഛന്‍തന്നെ. സംഗീത പ്രശസ്തമായ കുടുംബം. കീര്ത്തിയേറിയവര് ഒട്ടേറെ. ആ വഴിയാണ് രാധാകൃഷ്ണനും. ഘടം കച്ചേരിയില്‍ ആവശ്യമായ ഒന്നല്ല. എന്നാലും രാധാകൃഷ്ണന്റെ ഘടത്തെ ഒരാള്‍ക്കും അകറ്റാന്‍ കഴിയില്ല. ആ വിരലുകള്‍ വഴി ഒഴുകുന്ന താളലയം ശ്രുതി ചേര്‍ന്ന് മനസ്സിനെ കുളിര്‍പ്പിക്കും. ചെമ്പൈ സ്വാമി മുതല്‍ ഉയര്‍ച്ചയുടെ ആദ്യപടിയില്‍ പാദം വയ്ക്കുന്നവര്‍ വരെ രാധാകൃഷ്ണന്റെ പ്രയോഗത്തെ പ്രണയിച്ചവരാണ്.
നിരവധി പ്രശസ്തരുടെ അനുഗ്രഹം നേടിയ തൃപ്പൂണിത്തുറ രാധാകൃഷ്ണന് അരങ്ങിലെ യുവത്വം പരിപാലിക്കുന്ന പരിപൂര്‍ണനാണ്.
$ പക്കമേളക്കാരനായത്?
പാരമ്പര്യമായി ഞങ്ങള്‍ ഈ രംഗത്തു തന്നെയാണ്. അച്ഛന് മൃദംഗവിദ്വാന്‍ ജി. നാരായണ സ്വാമി. വലിയച്ഛന്റെ മകനായ ജ്യേഷ്ഠന് ടി.വി. ഗോപാലകൃഷ്ണന്. അങ്ങനെ വാദ്യക്കാരും, സംഗീതജ്ഞരുമായി വിശാരദന്മാര് വന്നുംപോയും ഇരുന്ന വീടായിരുന്നു ഞങ്ങളുടേത്. ഞാനും ആ വഴിയേ സ്നേഹിച്ചു.
$ വിദ്യാഭ്യാസം
ടൈപ്പ് ലോവറും, ഹയറും കഴിഞ്ഞ് ചെറിയ ഉദ്യോഗം. തൃപ്പൂണിത്തുറയില്‍ എന്നും കച്ചേരി തന്നെ. ഞാന്‍ സ്ഥിരം ശ്രോതാവാണ്. ആര്‍എല്‍വിയില്‍ പ്രിന്‍സിപ്പലായിരുന്ന പാറശാല പൊന്നമ്മാളിന്റെ ഭര്‍ത്താവിന്റെ ഉപദേശപ്രകാരം അവിടെ മൃദംഗത്തിന് ചേര്‍ന്നു. ഗാനഭൂഷണം, തിരുവനന്തതപുരത്തുനിന്നും ഗാനപ്രവീണ്‍, എംജി യൂണിവേഴ്സിറ്റിയില്‍നിന്നും എംഎയും നേടി.
$ അധ്യാപകനായത്
പഠനം പൂര്‍ത്തിയായപ്പോള്‍ ജോലിക്ക് ശ്രമിച്ചു. അതിന് വലിയ തുക ചോദിച്ചു. അതു നല്കാന് ശക്തിയില്ലാത്തതിനാല്‍ പിന്തിരിഞ്ഞു. 2004ല്‍ പ്രായപരിധി തീരാറായ സമയത്താണ് ആര്‍എല്‍വിയില്‍ ജോലി കിട്ടിയത്.
$ മൃദംഗത്തില്‍ നിന്നും ഘടത്തിലേക്ക് തിരിയാന്‍ കാരണം.
അച്ഛന് മൃദംഗം വായിച്ചിരുന്നു, ജ്യേഷ്ഠനും, ഇവര്‍ക്കൊപ്പം ഞാനും പഠിച്ചു. പാറശാല രവിയുടെ കീഴിലും പഠിപ്പിച്ചു. അങ്ങനെ മൃദംഗത്തില്‍ നന്നായിവരവെയാണ് ഘടത്തിലേക്ക് തിരിഞ്ഞത്. ഇതിനെ പലരും പ്രോത്സാഹിപ്പിച്ചു. അച്ഛന്റെ സഹോദരി പുത്രന് തൃപ്പൂണിത്തുറ മഹാദേവന് ഘടം വായിക്കുമായിരുന്നു. ഇതും ഒരു കാരണമായി.
$ യേശുദാസുമായുള്ള പരിചയം.
യേശുദാസിന്റെ അച്ഛന്റെ സുഹൃത്തായിരുന്നു അച്ഛന്. യേശുദാസിന്റെ മൃദംഗ വായനക്കാരന് മാവേലിക്കര കൃഷ്ണന്‍കുട്ടി നായരാണ്. അദ്ദേഹത്തോട് അച്ഛന് ആവശ്യപ്പെടുകയായിരുന്നു. തന്റെ ഒപ്പം ഇവനേയും കൂട്ടെന്ന്. ക്രമേണ യേശുദാസിന്റെ സൗന്ദര്യാത്മക ശബ്ദത്തോട് എന്റെ ഘടം ഇഴുകിച്ചേര്‍ന്നു. വേര്‍പിരിക്കാനാവാത്ത കൂട്ടായിത്തീര്‍ന്നു.
$ അരങ്ങേറ്റം
പത്താംവയസ്സിലായിരുന്നു അരങ്ങേറ്റം. അത് ഗിഞ്ചറയിലായിരുന്നു. ഇപ്പോള്‍ 60 വയസ്സ്. അരങ്ങേറ്റത്തിന്റെ 50. ഇതിന്റെ ആഘോഷം ഡിസംബര്‍ ആദ്യം തൃപ്പൂണിത്തുറയില്‍ നടന്നു.
$ പ്രശസ്തരുമായി…
ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍, മഹാരാജപുരം സന്താനം, മധുരൈ സോമസുന്ദരം, എംഎല് വസന്തകുമാരി, ചിട്ടി ബാബു, രമണി തുടങ്ങി ഗുരുക്കന്മാരും പിന്നെ മൂന്ന് തലമുറക്കാരുമായി ഒന്നിച്ചിടപഴകി.
$ അഭിനന്ദനങ്ങള്‍
26-ാംവയസ്സില്‍ ശെമ്മാങ്കുടിയുടെ കച്ചേരിക്ക് പങ്കെടുത്തു. അദ്ദേഹം ദാസേട്ടന്റെ കച്ചേരി കേട്ടിരുന്നു. അന്ന് പറഞ്ഞു, ശ്രദ്ധിക്കണം. നല്ല കൈവഴക്കമുണ്ട്. കോദണ്ഡ രാമയ്യരേപ്പോലെ കഴിവ് നിറഞ്ഞ് കിടക്കുന്നു.
ചെമ്പൈ അച്ഛനോട് പറഞ്ഞു. ഇവന്റെ കൈ നന്ന്. വേറെ ജോലിക്കൊന്നും വിടണ്ട. ഞാന്‍ കേരളത്തില്‍ വന്നാല്‍ കൂടെ ചേര്‍ത്തുകൊള്ളാം. അതൊന്നും ഉണ്ടായില്ല. അപ്പോഴേക്കും അദ്ദേഹം ഇഹലോകം വെടിഞ്ഞു. 19-ാം വയസ്സിലാണ് യേശുദാസിന്റെ കച്ചേരിക്ക് പങ്കെടുത്തത്.
$ വിദേശപര്യടനം
പാക്കിസ്ഥാനും ന്യൂസിലാന്റും ഒഴിച്ച് എല്ലാ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. യേശുദാസിന്റെ കൂടെയാണ് അധികവും പോയത്. ഏതാണ്ട് 200 തവണ വിദേശത്ത് പലയിടങ്ങളിലായി യാത്ര ചെയ്തു.
$ ഘടം കച്ചേരിക്ക് നിര്‍ബന്ധമാണോ
ഒരു നിര്‍ബന്ധവുമില്ല. മൃദംഗവും വയലിനും ഉണ്ടെങ്കില്‍ പരിപാടി നടക്കും. യാതൊരു ബുദ്ധിമുട്ടു കൂടാതെ. ചിലര്‍ രംഗം കൊഴുപ്പിക്കാന്‍ ഘടം,ഗിഞ്ചറ, മുഖര്‍ശംഖ് എന്നിവ ഉള്‍പ്പെടുത്തും. പാടുന്ന ആളുടെ താല്‍പ്പര്യം പോലെയായിരിക്കും.
$ ഘടം വായിക്കാന്‍?
വലിയ ബുദ്ധിമുട്ടാണ്. ചില സമയത്ത് വിരല്‍ വേദനിക്കും. തണുപ്പ് ഏറിയ സ്ഥലങ്ങളില്‍ വിരല്പൊട്ടും എന്നാലും പ്ലാസ്റ്ററിട്ട് വായിക്കും. ചിറ്റ് ധരിച്ച് കൊടുത്തവര്‍ ഇല്ലാതില്ല. ഇന്നേവരെ എനിക്കതുവേണ്ടി വന്നിട്ടില്ല.
$ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരുപാടുണ്ട്.
ശ്രുതി ചേര്‍ത്ത് വായിക്കാവുന്ന ഒന്നാണിത്. വായന കഴിഞ്ഞാല്‍ വിരല്‍ ഘടത്തില്‍ നിന്നും എടുക്കണം. ഞാന്‍ ആദ്യകാലത്ത് മൈക്ക് വക്കാറില്ലായിരുന്നു. ശെമ്മാങ്കുടി എനിക്കും മൈക്ക് വെയ്ക്കെന്നുപറഞ്ഞതിനുശേഷം ഇപ്പോള്‍ മൈക്ക് പതിവുണ്ട്.
$ പരീക്ഷണങ്ങള്‍
ഇന്നും പരീക്ഷണരംഗത്ത് വിദ്യാര്‍ത്ഥിയാണ്. നിരന്തരം തുടരുന്നു. ഷര്‍ട്ടഴിച്ച് ഘടത്തിന്റെ വായ വയറില്‍ ചേര്‍ത്തുവച്ചാണ് പണ്ട് വായിച്ചിരുന്നത്. ഞാന്‍ കാലുകളിലും വയറിലും തൊടുവിച്ച് വച്ചാണ് വായിക്കുന്നത്. ചിലര്‍ ഇന്ന് ഘടം ചുമ്മാ മടിയില്‍ വച്ച് വായിക്കുന്നുണ്ട്.
ഒരിക്കല്‍ തിരുവിതാംകൂര്‍ അമ്മ മഹാറാണി ഷര്‍ട്ടിട്ട് വായിക്കുന്നതിനെക്കുറിച്ച് ചോദിച്ചു. ഞാന്‍ പറഞ്ഞു. ഷര്‍ട്ടിട്ട് പരീക്ഷിച്ചു നോക്കി ടേപ്പു ചെയ്തു കേട്ടാണ് ഈ വഴി സ്വീകരിച്ചത്. അച്ഛനും അതിന് അനുവാദം തരികയായിരുന്നു.
എന്റെ കുട്ടിക്കാലത്തെ ചോദ്യത്തിന് നല്ല ഉത്തരം കിട്ടിയെന്ന് മഹാറാണി പറഞ്ഞു. ഇതിന്റെ ചലനങ്ങള്‍ ശീലിച്ചെടുക്കുകയായിരുന്നു.
$ മറക്കാനാവാത്ത വലിയ വേദി
തീന്‍മൂര്‍ത്തി ഭവനില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി, പ്രസിഡന്റ് വെങ്കിട്ടരാമന്, വൈസ് പ്രസിഡന്റ് ശങ്കര്‍ദയാല്‍ ശര്‍മ്മ എന്നിവര്‍ മുഴുവന്‍ സമയവും കേട്ടിരുന്നു. ദാസേട്ടന്റെ കച്ചേരിയായിരുന്നു.
സായിബാബ, കാഞ്ചി സ്വാമികള്‍ എന്നിവര്‍ക്കു മുമ്പാകെയും വായിച്ചു. അതുപോലെ നിരവധി വേദികള്‍.
$ കുടുംബം
ഭാര്യ ലളിതാംബിക. വിനായക അനന്തരാമന്റെ സഹോദരിയാണ്. മകന് തൃപ്പൂണിത്തുറ രഞ്ജിത്ത് വോക്കല്‍ നടത്തിവരുന്നു. ഈ വര്‍ഷം തൃപ്പൂണിത്തുറ ഉത്സവത്തിന് പാടി. മകള്‍ വിവാഹിതയായി ബെംഗളൂരുവിലാണ്. ജോലിയും ഒപ്പം വയലിനും പഠിക്കുന്നു.
$ പുതിയ പരീക്ഷണങ്ങള്‍
ഘടം, ഇടയ്ക്ക, മുഖര്‍ശംഖ്, വയലിന്, ഫ്ളൂട്ട്, എന്നിങ്ങനെ ഒരു ഫ്യൂഷന്‍ പോലെ അവതരിപ്പിക്കാറുണ്ട്. രണ്ടരമണിക്കൂര്‍ നേരം വരെ പ്രയോഗിക്കാം. ഉടനെതന്നെ കുംഭകോണത്ത് അരങ്ങുണ്ട്.
$ ശിഷ്യന്മാര്
ധാരാളമുണ്ട്. ഇന്നത്തെ പലരും ഗുരുക്കന്മാരെ കുറിച്ച് പറയില്ല. പഠിച്ച പലരുമായി ഇന്നും നല്ല ബന്ധമുണ്ട്. എല്ലാവരും ഒരുപോലെയാവില്ലല്ലോ?
$ പുരസ്കാരങ്ങള്‍
1997ല്‍ കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, 2007ല്‍ കൊച്ചിന് റോട്ടറി ക്ലബിന്റെ വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ്, 2008ല്‍ മഹാരാജപുരം സന്ദാനം മെമ്മോറിയല്‍ നല്കുന്ന മെറിറ്റോറിയല്‍ എക്സലന്റ് അവാര്‍ഡും ലഭിച്ചു.
$
പാലേലി മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: