കഥാപ്രസംഗം എന്ന അനുഗ്രഹീത കലയ്ക്ക് വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമാണ് കാഥികന് നിരണം രാജന്റേത്. രാജ്യത്തിന് അകത്തും പുറത്തുമായി പതിനായിരത്തില്‍ പരം വേദികളില്‍ ആ ശബ്ദസാന്നിദ്ധ്യം നിലയുറപ്പിച്ചിരിക്കുന്നു. 24 മണിക്കൂര്‍ തുടര്‍ച്ചയായി വിഷ്വല്‍ കഥാപ്രസംഗം അവതരിപ്പിച്ച് റെക്കോഡും സ്വന്തമാക്കി. കഥയും കഥപറച്ചിലും കാലഘട്ടത്തിനൊത്ത് പരിഷ്കരിച്ചാണ് ഈ കലയെ രാജന് പുതുതലമുറയ്ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. വിഷ്വല്‍ കഥാപ്രസംഗം എന്ന നൂതന സങ്കേതതത്തിലൂടെയുള്ള കഥപറച്ചിലിന് മികച്ച പ്രതികരണമാണ് ഇപ്പോള്‍ ലഭിക്കുന്നത്. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് അദ്ദേഹത്തിന്റെ വിജയ രഹസ്യം. സ്കൂള്‍തലം മുതല്‍ തന്നെ രാജന് ഒരു ബഹുമുഖ പ്രതിഭയാണ്. നിരണം പനയ്ക്കാമറ്റം പി.എസ്. കുര്യാക്കോസിന്റെയും ഏലിയാമ്മയുടെയും അഞ്ച് മക്കളില്‍ നാലാമനായി ജനിച്ച നിരണം രാജന് കഥാപ്രസംഗം ഉപാസനയാണ്.
അച്ഛന്റെ പാത പിന്തുടര്ന്ന് പാടാന്‍ തുടക്കമിട്ട രാജന് ക്രമേണ കാഥികനായി ചുവടുറപ്പിച്ചു. നിരണം സെന്റ് മേരീസ് ഹൈസ്ക്കൂളിലും പരുമല പമ്പാ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇരുപത്തിരണ്ടു വര്‍ഷക്കാലം അധ്യാപകനായിരുന്നു. സമൂഹത്തിന്റെ മൂല്യച്യുതിക്കെതിരെ ജനമനഃസാക്ഷിയെ ഉണര്‍ത്തുക എന്ന ഉദാത്തമായ ഒരു കര്‍ത്തവ്യം കൂടി കലാകാരനുണ്ടെന്ന് വിശ്വസിക്കുന്ന രാജന് തന്െ കഥപറച്ചിലുകളിലൂടെ ഈ ആശയം പ്രചരിപ്പിക്കുന്നു. എല്ലാ കഥകളിലേയും പ്രമേയം സാമൂഹ്യ പ്രശ്നങ്ങളാണ്. സമൂഹ നന്മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന ചിന്താഗതിയാണ് സാമൂഹ്യപ്രതിബന്ധതയുള്ള കഥകള്‍ അവതരിപ്പിക്കാന്‍ രാജനെ പ്രേരിപ്പിച്ചത്. ഗായകനായി തിളങ്ങി നില്‍ക്കുമ്പോഴാണ് നടനായും അരങ്ങിലെത്തുന്നത്. സി.എല്‍. ജോസിന്റെ മതിലുകള്‍ ഇടിയുന്നു ഉള്‍പ്പെടെ ഒരു ഡസന്‍ നാടകങ്ങളിലും രാജന് വേഷമിട്ടു. നിരണം സെന്റ് മേരീസ് ഗ്രൗണ്ടിലെ ദൈവസന്നിധിയിലായിരുന്നു അഭിനയത്തുടക്കം.ആകാശവാണിയില്‍ കഥകള്‍ അവതരിപ്പിക്കാറുള്ള രാജന് ആകാശവാണി ബി ഹൈഗ്രേഡ് ആര്‍ട്ടിസ്റ്റാണ്. 90 ല്‍ അദ്ധ്യാപക കലാമത്സരത്തില്‍ പ്രഥമസ്ഥാനം രാജന് നേടി. ഏറെ വേദികളില്‍ നിന്നും പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ രാജന് നവീന കഥാപ്രസംഗത്തിനും അടിത്തറയിട്ടു. അദ്ദേഹത്തിന്റെ ഈ അവതരണം കാണികളില്‍ നവാനുഭൂതി പകര്‍ത്തുന്നതായിരുന്നു.പതിനായിരത്തില്‍ പരം വേദികളില്‍ കഥകള്‍ പറഞ്ഞ് ശ്രോതാക്കളുടെ ഇഷ്ടകാഥികരുടെ നിരയില്‍ സ്ഥാനം നേടിക്കഴിഞ്ഞ രാജന്റെ ഇഷ്ടപ്പെട്ട കഥ സമയം വൈകിപ്പോയി എന്ന സ്വന്തം രചനയാണ്. ഭീഷ്മര്‍, കര്ണന്, സംഗമതീരം ഇവയാണ് കഥകളില്‍ ചിലത്.
നിരവധി വേദികളില്‍ അവതാരകനായും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട് നിരണം രാജന്.
പിതാവില്‍ നിന്നും പകര്‍ന്നുകിട്ടിയ സംഗീതവാസനയും പ്രോത്സാഹനവുമാണ് തന്നെ കാഥികനാക്കിത്തീര്ത്തതെന്ന് രാജന് വ്യക്തമാക്കുന്നു. പുരോഗമന കഥാപ്രസംഗ സംഘടനയുടെ സജീവപ്രവര്‍ത്തകനായ ഇദ്ദേഹം ഗാനമേള ട്രൂപ്പും നടത്തുന്നു. സത്യദേവനും കെടാമംഗലവും സാംമ്പശിവനുമൊക്കെ ചേര്‍ന്ന് പരിപോഷിപ്പിച്ച കഥാപ്രസംഗത്തിന് പുതിയ ഭാവുകത്വം പകരാന്‍ ഈ മഹാപ്രതിഭക്ക് കഴിഞ്ഞിട്ടുണ്ട്. 2003 ലെ കേരള സംഗീത നാടക അക്കാദമിയുടെ കഥാപ്രസംഗത്തിനുള്ള സംസ്ഥാന അവാര്‍ഡ്, 1990 ലെ അദ്ധ്യാപക കലാവേദിയുടെ കഥാപ്രസംഗത്തിനുള്ള സംസ്ഥാന അവാര്‍ഡ്, 1991 ല്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സംഗീതവിഭാഗമായ പിസിഎല്എം ന്റെ യോഗ്യതാ പത്രം
ലോക യുവജനസംഘടനയായ ഇന്‍ഡ്യന്‍ ജേസീസിന്റെ ജെ എഫ്എം അംഗീകാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. കഥാപ്രസംഗവുമായി വേദികളില്‍ നിന്ന് വേദികളിലേക്ക് നടന്നുനീങ്ങുന്ന നിരണം രാജന് ഭാര്യ സിസിലിയും, മക്കളായ അരുണ്‍രാജ്, അനുരാജ് എന്നിവരും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: