കുടുംബം പുലര്‍ത്താന്‍ ഭര്‍ത്താവിനൊപ്പം പുറംകടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന ഇന്ത്യയിലെ ഏക വനിതയായ രേഖ കാര്ത്തികേയന് കേരളത്തിന്റെ അഭിമാനമാണ്. നാല് മക്കള്‍ക്ക് അന്നം തേടി പുലര്‍ച്ചെ മൂന്ന് മണിക്ക് ഈ അമ്മ പോകുന്നത് ആഴക്കടലിലേക്കാണ്. കേന്ദ്ര മത്സ്യഗവേഷണകേന്ദ്രം രേഖയെ കണ്ടെത്തി ആദരിച്ചതോടെയാണ് ഈ വാര്‍ത്ത പുറംലോകം അറിയുന്നത്. തൃശൂര്‍ സ്വദേശിയായ ഈ മുപ്പത്തിയേഴുകാരി നാല് മക്കള്‍ ഉള്‍പ്പടെ ആറംഗങ്ങള്‍ ഉള്ള കുടുംബത്തിന്റെ അത്താണിയാണ്. ഭര്‍ത്താവ് കാര്‍ത്തികേയനൊപ്പം പഴഞ്ചന്‍ ഫൈബര്‍ വള്ളവും 25 വര്‍ഷം പഴക്കമുള്ളൊരു യമഹ എഞ്ചിനുമായി തിരമുറിച്ച് അവര്‍ മുന്നേറുന്നത് ജീവിതത്തിരകളില്‍ പെട്ടുപോകാതിരിക്കാനാണ്. നാല് പെണ്‍ക്കളുടെ വിദ്യാഭ്യാസവും ഭാവിയും സുരക്ഷിതമാക്കാനാണ് നീന്തലറിയാഞ്ഞിട്ടും ആഴക്കടലിലേക്ക് പോകുന്നതെന്ന് രേഖ പറയുന്നു. തൃശ്ശൂര്‍ ചേറ്റുവ സ്വദേശിനി രേഖ 10 വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് കാര്‍ത്തികേയനൊപ്പം കടലില്‍ പോകാന്‍ തുടങ്ങിയത്. കടലില്‍ പോകാന്‍ ഭര്‍ത്താവിന് സഹായിയെ കിട്ടാതായപ്പോഴാണ് നീന്തല്‍ പോലുമറിയാത്ത ഈ സ്ത്രീ ആഴക്കടലിലേക്ക് പോകാന്‍ ധൈര്യം കാണിച്ചത്.
ദിവസം 38 ലിറ്റര്‍ മണ്ണെണ്ണയും എണ്ണൂറ് രൂപയുടെ പെട്രോളുമാണ് ചെലവാകുന്നത്. ഇത്രയും ഇന്ധനം കത്തിച്ച് കടലിലേക്ക് പോകുന്ന ദിവസങ്ങളില്‍ പലപ്പോഴും ഒന്നും കിട്ടാതെ ഒഴിഞ്ഞ തോണിയുമായി മടങ്ങേണ്ടി വരുന്നുണ്ട്. പഴക്കം ചെന്ന എന്‍ജിനുമായി കടലില്‍ പോയി ആഴക്കടലില്‍ മരണത്തെ മുഖാമുഖം കണ്ട ദിനങ്ങളും ഉണ്ടായിട്ടുണ്ടെന്ന് രേഖ ഓര്‍ക്കുന്നു. എങ്കിലും ഈ തൊഴിലില്‍ നിന്ന് പിവാങ്ങാന്‍ ഒരുക്കമല്ല. ഒരിക്കല്‍ എന്‍ജിന്റെ പങ്ക ഊരി പോയി കടലില്‍ ഒഴുകി നടന്നു. മറ്റ് വഞ്ചിക്കാരാണ് രക്ഷയ്ക്കെത്തിയത്. ഇല്ലായിരുന്നെങ്കില്‍ ഞങ്ങളുടെ മക്കള്‍ അനാഥരാകുമായിരുന്നുവെന്ന് പറയുമ്പോള്‍ ആ അമ്മയുടെ വാക്കുകള്‍ ഇടറുന്നു.
ഫൈബര്‍ വള്ളം വളരെ പഴക്കമുള്ളതാണ്. പുതിയൊരു വള്ളം വാങ്ങണമെന്ന് മോഹമില്ലാഞ്ഞിട്ടല്ല, പണം വേണ്ടേ ? രേഖ ചോദിക്കുന്നു. പുതിയ ഫൈബര്‍ വള്ളത്തിന് 1, 80,000 രൂപ വേണം. നല്ലൊരു ഫൈബര്‍ വള്ളമുണ്ടെങ്കില്‍ കൂടുതല്‍ അകലേക്ക് പോയി മീന്‍പിടിക്കാം. നെയ്മീന്, അയല പോലുള്ളമീനുകള് ആഴക്കടലിലുണ്ട്. പക്ഷേ പഴഞ്ചന്‍ വള്ളവുമായി അങ്ങോട്ട് പോകുന്നത് അപകടമാണ്. തന്റെ ഉദ്യമം അറിഞ്ഞ ഒരു അമേരിക്കന്‍ കമ്പനി മത്സ്യബന്ധനത്തികനുള്ള ആധുനിക ഉപകരണങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിലുള്ള ബോട്ടിന്റെ അറ്റകുറ്റപ്പണിതീര്ക്കുകയോ പുതിയത് വാങ്ങുകയോ ചെയ്യണം. ആധുനിക ഉപകരണങ്ങള്‍ ലഭിക്കുന്നതോടെ 1,600 അടി താഴ്ചയിലുള്ള മത്സ്യങ്ങളെ കണ്ടെത്താനാകും. ജപ്പാനില്‍ നിന്നുള്ളവരും രേഖയുടെ ഈ ദൗത്യത്തെ അഭിനന്ദിക്കാന്‍ എത്തിയിരുന്നു. കേന്ദ്രകൃഷിസഹമന്ത്രി സുദര്ശന് ഭഗത് കേരളത്തില്‍ എത്തിയപ്പോള്‍ ഉപഹാരം നല്കി ആദരിച്ചിരുന്നു. കൂടാതെ കൂടുമത്സ്യക്കൃഷി ചെയ്യുന്നതിന് 2,000 കാളാഞ്ചി മത്സ്യകുഞ്ഞുങ്ങളെയും നല്‍കിയിരുന്നു. പുതിയ എന്ജിന് 1,27,000 രൂപയാകും. ‘മൂന്ന് കൊല്ലം പഴക്കമുള്ള വല ഉപയോഗിച്ചാണ് മീന്‍പിടിക്കുന്നത്. അതിനും വേണം, 1,25,000 രൂപ.
വളളത്തില്‍ കയറി ആദ്യം കടലില്‍ പോയപ്പോള്‍ തലകറക്കവും ഛര്‍ദിയും അനുഭവപ്പെട്ടിരുന്നു. ചിലരുടെ പരിഹാസവും ഉണ്ടായിരുന്നു. എങ്കിലും ഒരുപാടുപേരുടെ പ്രോത്സാഹനവും അഭിനന്ദനവും ഉണ്ടായതോടെ സധൈര്യം മുന്നോട്ടു പോകുകയായിരുന്നു രേഖ. മക്കള്‍ പഠിക്കുന്ന സ്കൂളില്‍ ക്ഷണിച്ചുവരുത്തി ആദരിച്ചത് ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷമായിരുന്നുവെന്ന് രേഖ പറയുന്നു. നേവിയില്‍ നിന്നു വിരമിച്ച ഒരു ഓഫീസര്‍ സഹാമായി നല്കിയ 20,000 രൂപ ഉപയോഗിച്ച് പുതിയ വല വാങ്ങാനായി. ഇപ്പോള്‍ കുടുംബം പോറ്റാനായി ഭര്‍ത്താവിന് ഒരു കൈ സഹായം ചെയ്യാനാകുന്നതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഹിന്ദി വിദ്വാന് പരീക്ഷ പാസായ രേഖ കാര്ത്തികേയന്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മായ ഒന്‍പതാം ക്ലാസുകാരി അഞ്ജലി അഞ്ചാം ക്ലാസുകാരി ദേവപ്രിയ മൂന്നാം ക്ലാസില്‍ പഠിക്കുന്ന ലക്ഷ്മിപ്രിയ എന്നിവരാണ് മക്കള്‍.
ഷീനാ സതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: