പോയവര്‍ഷം അതായത് 2017, ഡിസംബര്‍ 28-ാം തീയതിയാണ് ഇതെഴുതാന്‍ ഉദ്ദേശിച്ചത്. അപ്പോള്‍ ജന്മഭൂമിയില് നിന്ന് സന്ദേശം വന്നു. അടുത്ത വാരാദ്യപ്പതിപ്പ് നവവത്സരപ്പതിപ്പാകയാല് സംഘപഥം അയക്കേണ്ടതില്ല എന്ന്. അതിനാല്‍ അന്നുദ്ദേശിച്ചത് ഇന്നെഴുതുകയാണ്. 2017 ഡിസംബര്‍ 28 നാണ് ഭാരതീയ ജനസംഘത്തിന്റെ ഐതിഹാസികമായ 14-ാം സമ്പൂര്‍ണ സമ്മേളനത്തിന്റെ 50 വര്‍ഷം തികഞ്ഞത്. അര്‍ദ്ധ ശതാബ്ദിയാഘോഷത്തുടക്കം കഴിഞ്ഞു 2016 സപ്തംബറില്‍ കോഴിക്കോട് ബിജെപിയുടെ നാഷണല്‍ കൗണ്‍സില്‍ സമ്മേളനമായി നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ദേശീയ നേതാക്കള്‍ അതില്‍ പങ്കെടുത്തിരുന്നു. അരനൂറ്റാണ്ട് തികഞ്ഞത് 2017 ലായിരുന്നുവെന്നുമാത്രം.
കോഴിക്കോട് സമ്മേളനത്തില്‍ മുഖ്യ ശ്രദ്ധാ കേന്ദ്രം അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ദീനദയാല്‍ ഉപാധ്യായ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ആഗമനവും സമ്മേളനത്തിലെ ഓരോ നടപടിയിലെയും പങ്കാളിത്തവും അധ്യക്ഷ പ്രസംഗവും സമ്മേളന നിയന്ത്രണവും ശോഭായാത്രയുടെ നടുനായകമായ നില്പും സദാ പ്രകാശം ചൊരിഞ്ഞുനിന്ന മുഖത്തെ പ്രസന്ന ഭാവവും ഇന്നും മനസ്സില്‍ തെളിഞ്ഞുനില്ക്കുന്നു. 1967 ഡിസംബറിലെ സമ്മേളനം കേരള രാഷ്ട്രീയ വേദിയിലേക്കും ഒരു നവശക്തിയുടെ പ്രവേശത്തെ വിളിച്ചറിയിച്ചു. ആ നവശക്തിയെ ആപത് സൂചനയായി ഭയചകിതരായി നോക്കിയവരാണിന്ന് ഇവിടത്തെ ഭരണരംഗത്തും പ്രതിപക്ഷത്തുമായി വിവിധ നിറങ്ങളുള്ള കൂട്ടുകെട്ടുമായി കെട്ടിമറിയുന്ന വിവിധ രാഷ്ട്രീയ അവതാരങ്ങള്‍. ഇന്നും അവരുടെ ഭീതിക്ക് അടിസ്ഥാനം അന്നത്തെ ജനസംഘത്തിന്റെ പുതുരൂപമായ ബിജെപി തന്നെ.
ദീനദയാല്‍ജി 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് സമ്മേളനത്തിന് നല്കിയ സന്ദേശത്തില്‍ പറഞ്ഞിരുന്ന ചില കാര്യങ്ങള്‍ ഇന്ന് സത്യമായിവന്നിരിക്കുന്നു. അന്ന് ഒരു പൊതുതെരഞ്ഞെടുപ്പു കഴിഞ്ഞ് രാഷ്ട്രം പരിവര്‍ത്തനത്തിന് തയ്യാറെടുക്കുന്ന ഘട്ടമായിരുന്നു. കോണ്‍ഗ്രസ് യുഗം അവസാനിക്കാന്‍ പോകുകയാണെന്ന് ദീനദയാല്‍ജി പറഞ്ഞു. എന്നാല്‍ പുതുയുഗം പിറന്നിട്ടുമില്ല. നാം ഒരു സംക്രമണകാലത്തിലൂടെ കടന്നുപോകുകയാണ്. സംക്രമണകാലത്തിന് ഒരു പ്രത്യേക നീതി ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംക്രമണത്തിന് എത്രകാലം വേണ്ടിവരുമെന്നദ്ദേഹം പറഞ്ഞില്ല. അതിന് അതിന്റേതായ സമയമെടുക്കണം. എന്നാല്‍ അന്ന് വ്യക്തമായ സൂചനയുണ്ടായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ആദ്യമായി പഞ്ചാബ് മുതല്‍ ബംഗാള്‍ വരെ കോണ്‍ഗ്രസ് ഭരണമില്ലാത്ത പ്രദേശങ്ങളിലൂടെ സഞ്ചരിക്കാമെന്ന അവസ്ഥ വന്നു. കൂട്ടുകക്ഷി ഭരണവും അന്നാണ് വ്യാപകമായി വന്നത്. ഇന്ന് ബിജെപി വര്‍ഗീയമാണെന്നു ആരോപിച്ച് അയിത്തം കല്‍പ്പിക്കുന്നവരുമായി കൂട്ടുചേര്‍ന്ന് ഭരണം നടത്താന്‍ 1967 ല്‍ തടസ്സമില്ലായിരുന്നു. ബീഹാറിലും പഞ്ചാബിലും സിപിഐയും ജനസംഘവും മന്ത്രിസഭയില്‍ കൂട്ടാളികളായി.
അഞ്ചുപതിറ്റാണ്ടു കഴിഞ്ഞപ്പോള്‍ ദീനദയാല്‍ജിയുടെ പിന്മുറക്കാര് കേവല ഭൂരിപക്ഷം നേടി കേന്ദ്രത്തില്‍ അധികാരമേറ്റു. അതിന് മുന്‍പ് അടിയന്തരാവസ്ഥയ്ക്കുശേഷം 1977 ല്‍ വന്ന ജനതാ ഭരണത്തില്‍ അവര്‍ക്ക് പ്രമുഖസ്ഥാനങ്ങളില്‍ ചിലതു കിട്ടിയിരുന്നെങ്കിലും ആ സ്ഥിതി അധികനാള്‍ തുടര്‍ന്നില്ല. പിന്നെയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു 1998 ല്‍ അധികാരമേറാന്‍. ആ അവസരത്തില്‍ സംക്രമണത്തിന് പുരോഗതി ഉണ്ടായി എന്നേയുള്ളൂ. അടല്‍ബിഹാരി വാജ്പേയിയുടേയും ലാല്‍ കൃഷ്ണ അദ്വാനിയുടേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് യുഗത്തെ മറികടക്കാനുള്ള ശ്രമം തുടര്‍ന്നു. ദീനദയാല്ജിക്കൊപ്പം നവ രാജനീതി സംസ്കാരവും സംവിധാനവും പടുത്തുയര്‍ത്താന്‍ തുടക്കംമുതല്‍ മുന്നിട്ടിറങ്ങിയ പ്രഗത്ഭരായിരുന്നല്ലൊ അവര്‍. എന്നാല്‍ പ്രതിലോമ ശക്തികളുടെ കുതന്ത്രങ്ങളുടെ ഫലമായി ഒരിക്കല്‍ക്കൂടി കോണ്‍ഗ്രസ് തിരിച്ചുവരാന്‍ അവസരമുണ്ടായി. ആ തിരിച്ചുവരവില്‍ അധികാരം കയ്യാളിയായവര് ആരൊക്കെയായിരുന്നു, അവരുടെ പൊതുജീവിതത്തിന്റെ നിലവാരമെന്തായിരുന്നു, സാമ്പത്തികവും സദാചാരപരവും രാഷ്ട്രാന്തരീയവുമായി ഭാരതത്തെ അവര്‍ എവിടെയെത്തിച്ചു എന്നു ചിന്തിക്കുമ്പോള്‍ നാം ആശ്ചര്യപ്പെട്ടുപോകും.
എന്നാല്‍ 2014 ല്‍ നരേന്ദ്രമോദി എന്ന പുതിയ നേതാവിന്റെ കീഴില്‍ ഭാരതം സംക്രമണ കാലം തികച്ചു. 12 വര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആ സംസ്ഥാനത്തെ രാജ്യത്ത് ഏറ്റവും മുന്‍നിരയിലെത്തിച്ച് മാതൃക കാട്ടിയാണ് മോദി തിളങ്ങിയത്. ഇത്രയേറെ ദുരാരോപണങ്ങള്‍ക്കും തേജോവധത്തിനും വിധേയനായ മറ്റൊരു ഭരണാധികാരിയുണ്ടാവില്ല. ഇത്രയേറെ മാധ്യമവിചാരണ നേരിട്ടയാളുമില്ല. പല രാജ്യങ്ങളിലും അദ്ദേഹത്തിന് വിസ നിഷേധിക്കപ്പെട്ടിരുന്നു. എന്നിട്ടും ആ മനുഷ്യന് 2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ കേവല ഭൂരിപക്ഷത്തിലേക്കു നയിച്ചു. ഒരു രാഷ്ട്രീയ കക്ഷി ഭാരതത്തില്‍ കേവല ഭൂരിപക്ഷം നേടിയത് മുപ്പത് വര്‍ഷത്തിനുശേഷം ആദ്യമായിട്ടായിരുന്നു. തന്റെ അധികാരമേല്‍ക്കല്‍ ചടങ്ങില്‍ അയല്‍ രാജ്യത്തലവന്മാരെയൊക്കെ അതിഥികളായി ക്ഷണിച്ചുകൊണ്ട് നയതന്ത്രരംഗത്ത് ഒരുവിപ്ലവം തന്നെ അദ്ദേഹം സൃഷ്ടിച്ചു. അയല്‍ രാജ്യങ്ങള്‍ക്കും ഭാരതീയ സംസ്കൃതിയുമായി സഹസ്രാബ്ദങ്ങളുടെ ബന്ധമുള്ള ശാന്ത സമുദ്ര രാജ്യങ്ങളുമായുള്ള സൗഹാര്‍ദ്ദവും തന്ത്രബന്ധങ്ങള്ക്കും ആക്കംകൂട്ടുന്ന വാജ്പേയിയുടെ കിഴക്കുനോക്കി നയത്തിന് പുനരുജ്ജീവനം നല്കി. തനിക്ക് മുന്‍പ് വിസ നിഷേധിച്ച രാജ്യത്തലവന്മാര്, അങ്ങോട്ടു ക്ഷണിക്കാന്‍ നിര്‍ബന്ധിതരായി.
സാധാരണ ജനങ്ങള്‍ക്കുവേണ്ടി നടപ്പാക്കിയപദ്ധതികള് ആരോഗ്യപരിപാലനം, വസതി, പാചകവാതകം, വിദ്യാഭ്യാസം, ഭാവിക്ഷേമം, ബാങ്കിങ് മുതലായ മേഖലകളിലെ നടപടികള്‍ എല്ലാം തന്നെ ദീനദയാല്‍ജി ഏകാത്മമാനവ ദര്‍ശനത്തിന്റെ പ്രയോഗത്തിനായി വിഭാവനം ചെയ്ത നയങ്ങളുടെ കാലാനുസൃതമായ നടപടികളാണ് ഏതു പദ്ധതിയുടെയും ഉരകല്ല്. അത് ക്യൂവിന്റെ അവസാനം നില്‍ക്കുന്നയാള്‍ക്ക് എന്തുഗുണം ചെയ്യുമെന്നതിനെ ആശ്രയിച്ചാവുമെന്നാണല്ലോ. (അന്ത്യോദയം).
ഇക്കാലമത്രയും ഭരണം നടത്തിയവരുടെ ദുര്‍നയങ്ങള്‍മൂലം രാജ്യത്തും വിദേശത്തും കുന്നുകൂടിയ വ്യാജ സമ്പത്തിനെ ഇല്ലാതാക്കാനായി കൊണ്ടുവന്ന പദ്ധതിയുടെ ഫലമായി വന്ന മാറ്റങ്ങള്‍ വെളിവായിവരുന്നതേയുള്ളൂ.
ഭാരതത്തില്‍ നിന്ന് വിവിധലോകരാജ്യങ്ങളിലേക്ക് യുവപ്രതിഭകള്‍ ജോലി തേടിയും മറ്റും കുടിയേറുന്നതിനെ ഭീതിയോടെയാണ് ഇതുവരെ കണ്ടിരുന്നത്. പ്രതിഭാശാലികള്‍ക്ക് വളര്‍ന്നുവരാന്‍ ഭാരതത്തില്‍ അവസരം ലഭിക്കുന്നില്ല എന്ന വസ്തുത നിലനില്ക്കുന്നു. മസ്തിഷ്ക ചോര്‍ച്ച എന്നും മറ്റും അതിന് പലരും പേരിട്ടു. അപ്രകാരം പോകുന്നവരുടെ രാജ്യസ്നേഹം പോലും ചോദ്യം ചെയ്യപ്പെടുന്നു. എന്നാല്‍ പ്രധാനമന്ത്രി സിലിക്കണ്‍വാലിയിലെ ഭാരതവംശജരെ അഭിസംബോധന ചെയ്തപ്പോള്‍, പ്രവാസികള്‍ ഭാരതത്തിന്റെ വിലയേറിയ വിദേശ നിക്ഷേപമാണ് എന്നത്രേ അഭിപ്രായപ്പെട്ടത്. അവരുടെ പ്രതിഭ തെളിയിക്കാനുള്ള അവസരം ഭാരതത്തില്‍ ലഭ്യമാക്കുമെന്ന വാഗ്ദാനവും നല്‍കിയിരുന്നു.
2018 പിറക്കുമ്പോള്‍ കേന്ദ്രത്തിനു പുറമേ 18 സംസ്ഥാനങ്ങളില്‍ ബിജെപി ഭരണകക്ഷിയാണ്. 2014 നുശേഷം തെരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷവും കൈവശപ്പെടുത്തി കേരളത്തിലെ തദ്ദേശ ഭരണ രംഗത്തും ശക്തമായ സാന്നിദ്ധ്യം കൈക്കലാക്കി. പാലക്കാട് നഗരസഭയില്‍ ഭരണകക്ഷിയായി. വോട്ടുശതമാനം ഗണ്യമായി വര്‍ധിച്ചു. കേരളത്തിലെ രാഷ്ട്രീയ കൂട്ടുകെട്ടുകളുടെ ജാതിമത സ്വഭാവ വിശേഷം മൂലം ഉള്ള പ്രശ്നങ്ങള്‍ മാത്രമാണ് തടസ്സമായിത്തുടരുന്നത്.
50 വര്‍ഷം മുന്‍പു ദീനദയാല്‍ജി ചെയ്ത അധ്യക്ഷ പ്രസംഗം ഏകാത്മ മാനവദര്‍ശനത്തിന്റെ അക്കാലത്തെ പരിതസ്ഥിതികള്‍ മുന്നില്‍വെച്ചുകൊണ്ടുള്ള പ്രായോഗിക കര്‍മപരിപാടിയായിരുന്നു. അതില്‍ രണ്ടുവര്‍ഷം മുന്‍പ് മാത്രമാണ് അതിന്റെ സിദ്ധാന്തവും നീതിയും അദ്ദേഹം അവതരിപ്പിച്ചതും രാജ്യമെങ്ങും പ്രവര്‍ത്തകര്‍ക്ക് മനസ്സിലാക്കാനായി പല ശിബിരങ്ങള്‍ നടത്തിയതും. സകല ജീവിത മേഖലകളിലും അതിന്റെ പ്രകടീഭാവം വരുത്തുന്നതു തുടര്‍ പ്രക്രിയയാണ്.
സംക്രമണകാലം പൂര്‍ത്തിയായി കോണ്‍ഗ്രസ് യുഗം അവസാനിച്ചുവെന്നു പറയാറാവണം. അപ്പോഴാണ് ദീനദയാല്‍ജി വിഭാവനം ചെയ്ത കൃതയുഗപ്പിറവിയുണ്ടാകുക. അരശതകം തികഞ്ഞപ്പോള്‍ അത് നമുക്ക് കാണാന്‍ കഴിയുന്നു എന്നു ആശ്വസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: