കേള്‍ക്കുന്നവര്‍ക്ക് കഥയായി തോന്നും. നമ്മുടെ നാട്ടില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന സംശയമാണ് അതിന് പിന്നില്‍. പക്ഷേ, ഇത് കഥയല്ല, ഒരാള്‍ അനുഭവിച്ചു തീര്‍ത്ത പീഡനങ്ങളാണ്. ലോകത്തിനു തന്നെ അഭിമാനമാകേണ്ട ഒരു ശാസ്ത്രപ്രതിഭയുടെ ദുരന്ത ജീവിതത്തിന്റെ സംഭവകഥ! ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന് നമ്പിനാരായണന് ആ കഥ പറയുന്നു. ചതിയുടെയും കണ്ണീരിന്റെയും കറപിടിച്ച ‘കഥകള്‍’.
”1994 നവംബര്‍ 30. ബുധനാഴ്ച. വൈകിട്ട് മൂന്ന് മണിയോടെയാണ് ‘സംഗീത’ എന്ന എന്റെ വീട്ടിലേക്ക് വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് പോലീസുകാരെത്തുന്നത്. വഞ്ചിയൂര്‍ സിഐ ജോഗേഷ്, സബ് ഇന്‍സ്പെക്ടര്‍ തമ്പി എസ്. ദുര്‍ഗാദത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം. വിഷമകരമായ എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന തോന്നല്‍ എനിക്കുണ്ടായി. ഞാനവരെ അകത്തേക്ക് വിളിച്ചു. ഇരിക്കാന്‍ കസേര കാട്ടിക്കൊടുത്തു. പക്ഷേ, അവര്‍ അകത്തേക്ക് കയറാന്‍ തയ്യാറായില്ല. ഡിഐജി സിബിമാത്യൂസിന് എന്നെ കണ്ട് എന്തോ സംസാരിക്കാനുണ്ടെന്നും ഒപ്പം ചെല്ലണമെന്നും സിഐ ആവശ്യപ്പെട്ടു. അറസ്റ്റാണോ എന്ന് ചോദിച്ചു. എന്തോ ചോദിച്ചറിയാനാണ്. അത്രയേ ഉള്ളൂ എന്നായിരുന്നു മറുപടി. ഞാന്‍ അവര്‍ക്കൊപ്പം പോയി….അപ്പോള്‍ എനിക്കു പിന്നില്‍ എന്റെ ഭാര്യ തളര്‍ന്നു വീഴുന്നുണ്ടായിരുന്നു. ഞാന്‍ തിരിഞ്ഞു നോക്കിയില്ല…എന്റെ ജീവിതം എനിക്കവിടെ നഷ്ടപ്പെടുന്നത് ഉള്‍വേദനയോടെ ഞാന്‍ തിരിച്ചറിഞ്ഞു……”
23 വര്‍ഷങ്ങള്‍ക്കിപ്പുറം തിരുവനന്തപുരം നഗരത്തില്‍ പെരുന്താന്നിയിലെ സംഗീത എന്ന അതേ വീട്ടിലിരുന്നാണ് പീഡനത്തിന്റെയും അപമാനത്തിന്റെയും ആ കറുത്ത കാലത്തെക്കുറിച്ച് നമ്പിനാരായണന് സംസാരിക്കുന്നത്. ഇടയ്ക്ക് കണ്ണുകള്‍ ചുവക്കുകയും കണ്ഠമിടറുകയും ചെയ്യുമെങ്കിലും ആരോടുമുള്ള പക അദ്ദേഹത്തിന്റെ വാക്കുകളിലില്ല. എന്നാല്‍ ഒന്നുണ്ട്. ചാരക്കേസില്‍ താനുള്‍പ്പടെയുള്ളവരെ അതില്‍ കുടുക്കി, ഇങ്ങനെയൊക്കെ ചെയ്തതിനുപിന്നില്‍ ആരാണ്? എന്തിനുവേണ്ടിയാണിതെല്ലാം ചെയ്തത്? ആര്‍ക്കൊക്കെയാണ് അതുകൊണ്ട് നേട്ടമുണ്ടായത്? ഒരു വിഭാഗം മാധ്യമങ്ങള്‍ ആരുടെ ചട്ടുകമായാണ് പ്രവര്‍ത്തിച്ചത്?…..
1966 ലാണ് നമ്പി നാരായണന് ഐഎസ്ആര്‍ഒയിലെത്തുന്നത്. അന്ന് ഡോ. വിക്രം സാരാഭായി ആയിരുന്നു ചെയര്മാന്. മധുരയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങിന് പഠിക്കുമ്പോള്‍ തന്നെ ബഹിരാകാശ ഗവേഷണ വിഷയങ്ങളില്‍ താല്പര്യമുള്ള ആളായിരുന്നു നമ്പിനാരായണന്. ഐഎസ്ആര്‍ഒയില്‍ എത്തിയതോടെ ആ യുവശാസ്ത്രജ്ഞന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുമുളച്ചു. വിക്രംസാരാഭായിയുടെ ഉത്സാഹത്തില്‍ അമേരിക്കയില്‍ ഗവേഷണം നടത്താനുള്ള അവസരം കൈവന്നു. നാസാ ഫെലോഷിപ്പ് ലഭിച്ചു. ലിക്വിഡ് ഫ്യൂവല്‍ മെയ്ഡ് റോക്കറ്റുകളുടെ ആശയവുമായാണ് നമ്പിനാരായണന് ഐഎസ്ആര്‍ഒയില്‍ ശ്രദ്ധേയനാവുന്നത്. ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ സോളിഡ് ഫ്യൂവല്‍ മെയ്ഡ് റോക്കറ്റുകളുടെ പ്രൊജക്ടുകള്‍ നടക്കുന്ന കാലത്താണ് പുതിയ പരീക്ഷണവുമായി നമ്പിനാരായണന് എത്തിയത്. വൈകിയാണെങ്കിലും അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ ഫലം കണ്ടു. ആശയങ്ങള്‍ അംഗീകരിക്കപ്പെട്ടു. അതിനിടെയാണ് ചാരക്കേസ് ആ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുന്നത്.
”ഞാന്‍ വലിയമല എല്പിഎസ്സി ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരിക്കുമ്പോള്‍ 1994 നവംബര്‍ ഒടുവിലാണ് ചാരക്കേസിന്റെ ഉത്ഭവം. ഐഎസ്ആര്‍ഒ നടത്താന്‍ പോകുന്ന ബഹിരാകാശ ദൗത്യങ്ങളുടെ പ്രധാന സൂത്രധാരന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴായിരുന്നു ചാരക്കേസ്്. ദേശീയ സുരക്ഷിതത്വം അട്ടിമറിച്ച് ശാസ്ത്രരഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തു എന്നതായിരുന്നു കുറ്റം. നാനൂറ് കോടിരൂപ പ്രതിഫലം പറ്റിയെന്നും ആരോപണമുണ്ടായി. കുട്ടിയെ പഠിപ്പിക്കാന്‍ മാലിയില്‍ നിന്നെത്തിയ മറിയം റഷീദയ്ക്കും ഫൗസിയ ഹസനും ഐഎസ്ആര്‍ഒയുടെ രഹസ്യങ്ങള്‍ ചോര്‍ത്തി കൊടുത്തു എന്ന വാര്‍ത്ത കാട്ടുതീ പോലെയാണ് പടര്‍ന്നത്. സംഭവങ്ങളുടെ സത്യാവസ്ഥ അറിയാതെ മാധ്യമങ്ങള്‍ ആഘോഷം തുടങ്ങി. എന്നെ വ്യക്തിഹത്യ നടത്താന്‍ എന്തെല്ലാം വഴി തേടാമോ അതെല്ലാം ഉണ്ടായി. ഒരു വിഭാഗം മാധ്യമങ്ങള്‍ പോലീസുമായി ചേര്‍ന്ന് വാര്‍ത്തകളുണ്ടാക്കി. പോലീസ് നല്കിയ കഥകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പ്രസിദ്ധീകരിച്ചു. ഞാനങ്ങനെ ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തി വിറ്റ ചാരനായി….”
ഏറെ പീഡനങ്ങളിലൂടെയാണ് ചാരക്കേസിന്റെ കാലത്ത് നമ്പിനാരായണന് കടന്നു പോയത്. പോലീസ് ലോക്കപ്പ്, ചോദ്യം ചെയ്യല്‍, പോലീസിന്റെയും ഐബി ഉദ്യോഗസ്ഥരുടെയും മര്‍ദ്ദനമുറകള്‍, കോടതിമുറി, ജയില്‍…അങ്ങനെ. പക്ഷേ, ഒരിടത്തും അദ്ദേഹം തളര്‍ന്നില്ല. ദൈവവിശ്വാസം ഒരിക്കലും കൈവിട്ടില്ല. കോടതിമുറികളില്‍ ചെല്ലുമ്പോള്‍ പലതരത്തിലുള്ള മുഖങ്ങള്‍ അദ്ദേഹത്തിനുനേരെ കണ്ണെറിഞ്ഞു. ചിലരില്‍ ദയനീയഭാവമായിരുന്നു. ചിലര്‍ കൊടുംകുറ്റവാളിയെ എന്നപോലെ നോക്കി. മറ്റു ചിലര്‍ കല്ലെറിഞ്ഞു കൊല്ലേണ്ട രാജ്യദ്രോഹിയായി കണ്ടു. ആരുടെ മുന്നിലും മുഖം മറയ്ക്കാന്‍ നമ്പിനാരായണന് തയ്യാറായിരുന്നില്ല. കോടതിമുറിയില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ പോലീസുകാരന് മുഖംമറയ്ക്കാന്‍ തുണി നല്‍കാമെന്ന് പറഞ്ഞപ്പോഴും അത് നിരസിച്ചു. ഒരു തെറ്റും ചെയ്യാത്ത താനെന്തിന് മുഖം മറച്ച് നടക്കണം എന്നതായിരുന്നു ചിന്ത. തലയുയര്‍ത്തിപ്പിടിച്ചു തന്നെ നടന്നു. അന്നും ഇന്നും കൈവിടാത്ത ഈശ്വരവിശ്വാസം തുണയ്ക്കെത്തുമെന്നതായിരുന്നു ആ മനസ്സില്‍….
”ജോലികിട്ടി കുറച്ചുകാലം കഴിഞ്ഞപ്പോഴാണ് അമേരിക്കയിലെ പ്രിന്‍സ്റ്റന്‍ യൂണിവേഴ്സിറ്റിയില്‍ ഞാന്‍ എന്‍ട്രന്‍സ് പാസായത്. അന്ന് അവിടെ പഠിക്കാന്‍ അവസരം ലഭിക്കുന്നത് വലിയ ഭാഗ്യമാണ്. ലോകത്തിലെ അറിയപ്പെടുന്ന ശാസ്ത്രജ്ഞരാണ് അധ്യാപകര്‍. ആല്‍ബര്‍ട്ട് ഐന്സ്റ്റൈന് ഈ സംഘത്തില്‍പ്പെട്ട അധ്യാപകനായിരുന്നു എന്നതുതന്നെ ആ യൂണിവേഴ്സിറ്റിയുടെ ഗുണനിലവാരം സൂചിപ്പിക്കുന്നു. അവിടെയാണ് ഞാന്‍ ദ്രവ ഇന്ധനം ഉപയോഗിച്ചുള്ള എന്ജിന് പ്രവര്‍ത്തനം പഠിച്ചത്. പിന്നെ, റോക്കറ്റ് സാങ്കേതികവിദ്യയും അവിടെ പഠനവിഷയമായിരുന്നു. പഠനം പൂര്‍ത്തിയാക്കി മികച്ച വിദ്യാര്‍ഥിയായി പുറത്തിറങ്ങിയപ്പോള്‍ അമേരിക്കന്‍ സര്‍ക്കാര്‍ നേരിട്ടു ക്ഷണിച്ചു, ആ രാജ്യത്തെ പൗരനായിനിന്ന് അവരെ സേവിക്കാന്‍. നാസയില്‍ ഉയര്‍ന്ന ജോലി, വലിയ ശമ്പളം, സൗഭാഗ്യങ്ങള്‍ ഒക്കെ ഓഫറുകളായി വന്നു. ഒന്നും ഞാനെന്റെ ലക്ഷ്യത്തിന് മുന്നില്‍ തിളങ്ങുന്നതായി കണ്ടില്ല. വിക്രം സാരാഭായിയും ഐഎസ്ആര്‍ഒയും മാത്രമായിരുന്നു എന്റെ മനസ്സില്‍. പിന്നെ ആലോചനകള്‍ക്ക് സമയം കളയാതെ നാട്ടില്‍ പറന്നെത്തി. ഇന്ത്യയുടെ ആദ്യത്തെ ദ്രവ ഇന്ധന റോക്കറ്റ് നിര്‍മിച്ചു. അത് വലിയൊരു ചരിത്രം തിരുത്തി, ഇന്ത്യയുടെ അഭിമാനം ബഹിരാകാശത്തെത്തിച്ചു.
1966 സപ്തംബര്‍ 12 മുതല്‍ 1994 നവംബര്‍ 13 വരെ, മൂന്നു പതിറ്റാണ്ടുകാലം ഇന്ത്യയുടെ വളര്‍ച്ചയ്ക്കുവേണ്ടി ഉറങ്ങാതെ ജോലി ചെയ്തു. രാജ്യവും രാജ്യത്തിന്റെ സ്വപ്നവുമായിരുന്നു മനസ്സിലുണ്ടായിരുന്ന ലക്ഷ്യങ്ങള്‍. 1994 ന് ശേഷം അതും തകര്‍ന്നു. 28 വര്‍ഷത്തെ ഔദ്യാഗിക ജീവിതത്തില്‍ നേടിയെടുത്തതെല്ലാം ഒരു നിമിഷം കൊണ്ട് തകര്‍ത്തെറിഞ്ഞു. ആര്‍ക്കുവേണ്ടിയാണ് പൊലീസ് എന്നെ ജയിലിലടച്ചതെന്ന് ഇന്നും എനിക്കറിയില്ല. പക്ഷേ, ഒരു കാര്യം അറിയാം. കേസില്പെടുത്തപ്പെട്ട ഞാനും മറ്റുള്ളവരുമൊക്കെ കെട്ടിപ്പൊക്കിയ ശാസ്ത്രാടിത്തറയിലാണ് ഇന്ത്യ ഇപ്പോള്‍ വിജയങ്ങള്‍ കൊയ്യുന്നത്”.
വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് കോടതിയില്‍ ഹാജരാക്കിയ നമ്പിനാരായണനെ പൂജപ്പുരയില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ ഗസ്റ്റ് ഹൗസിലേക്കാണ് കൊണ്ടുപോയത്. അവിടെയായിരുന്നു ഐബി ഉദ്യോഗസ്ഥരും ‘റോ’ സംഘവും അടങ്ങുന്നവരുടെ ചോദ്യം ചെയ്യല്‍. മണിക്കൂറുകളോളം നീണ്ട പീഡനമുറകള്‍.
”ഗസ്റ്റ് ഹൗസിലാണ് പോലീസിന്റെ ചോദ്യം ചെയ്യല്‍ ഞാന്‍ അനുഭവിച്ചത്. നാലഞ്ചുപേര് ഒരുമിച്ച് മുറിയിലേക്ക് കയറിവന്നു. മാനസികവും ശാരീരികവുമായ പീഡനമായിരുന്നു. മര്‍ദനമേറ്റ് ശരീരം ചുവന്നു തടിച്ചു. അവര്‍ ആരാണെന്നുള്ള എന്റെ ചോദ്യങ്ങള്‍ക്ക് അസഭ്യവര്‍ഷവും മര്‍ദ്ദനവും മാത്രമായിരുന്നു മറുപടി. മര്‍ദ്ദനവും ചോദ്യം ചെയ്യലും മൂന്നുനാള്‍ പിന്നിട്ടു. 70 മണിക്കൂറിലധികം ഉണ്ണാതെ, ഉറങ്ങാതെ ഇരുന്നു. മൂന്നാം ദിവസം മാത്രമാണ് ഞാന്‍ ഒരു ഗ്ളാസ് വെള്ളം ചോദിച്ചത്. അപ്പോള്‍ ഒരു പൊലീസുകാരന് എന്നെ ചവിട്ടി താഴെയിട്ടു. എന്റെ ഒരേതരത്തിലുള്ള നില്പ് അപ്പോഴേക്കും എത്രയോ മണിക്കൂറുകള്‍ പിന്നിട്ടു. നാവുകള്‍ കുഴഞ്ഞ് ഉള്ളിലേക്ക് തളര്‍ന്നുറങ്ങി. മരവിച്ച കാല്‍പാദത്തിലെ രക്തയോട്ടം നിലച്ചതുപോലെ തോന്നി. ഞാന്‍ തളര്‍ന്ന് വീണു. പെട്ടെന്ന് ആരൊക്കെയോ ഓടിവന്നു. അടുത്തുള്ള ആശുപത്രിയില്‍നിന്ന് ഒരു ഡോക്ടറെ കൊണ്ടുവന്നു. ഈ ശരീരത്തില്‍ ഇനിയൊരു തലോടല്‍പോലും മരണമായി മാറുന്ന ആഘാതമാകാമെന്ന് ഡോക്ടര്‍ അവരോട് പറഞ്ഞു. പിന്നെ രണ്ടുദിവസം ഇരുട്ടുമുറിയിലായിരുന്നു. മര്‍ദ്ദനമുണ്ടായില്ല. കിടക്കവിട്ടുണരാന്‍ തോന്നിയപ്പോള്‍ ഞാനാദ്യം തിരക്കിയത് അന്വേഷണ ഉദ്യോഗസ്ഥന് സിബി മാത്യൂസിനെയാണ്. എന്റെ ആവശ്യപ്രകാരം രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് അദ്ദേഹം കാണാനെത്തിയത്. വന്നപാടെ അടി മുടി ഒന്നു നോക്കി ‘മിസ്റ്റര്‍ നമ്പി നിങ്ങള്‍ ഇത് ചെയ്യുമെന്ന് ഞാന്‍ കരുതിയിരുന്നില്ല, നിങ്ങള്‍ ഇത് ചെയ്യാന്‍ പാടില്ലായിരുന്നു.’ ഇത്രയും പറഞ്ഞ് രണ്ടുമിനിറ്റ് നേരം അവിടെ ചെലവഴിച്ച് അദ്ദേഹം മടങ്ങി.”
1994 ഒക്ടോബര്‍ 20നാണ് ചാരവനിത അറസ്റ്റില്‍ എന്നൊരു വാര്‍ത്ത തനിനിറം പത്രത്തില്‍ വരുന്നത്. ഇന്ത്യയുടെ ക്രയോജനിക് റോക്കറ്റ് സാങ്കേതിക വിദ്യ പാക്കിസ്ഥാനുവേണ്ടി ചോര്‍ത്തിയ മാലിക്കാരി മറിയം റഷീദ എന്ന മുസ്ലീം സ്ത്രീ അറസ്റ്റില്‍ എന്നതായിരുന്നു അത്. അടുത്ത ദിവസം ദേശാഭിമാനി പത്രവും ആ വാര്‍ത്ത നില്‍കി. പിന്നീട് മുന്‍നിര പത്രങ്ങളെല്ലാം ആ വാര്‍ത്തയ്ക്കൊപ്പം കൂടി. ക്രയോജനിക് വിദ്യ, മീന്മുട്ടിയിലെ ഗസ്റ്റ് ഹൗസില്‍ വച്ച് പാക്കിസ്ഥാന് 400 കോടി രൂപയ്ക്ക് വിറ്റു എന്നാതായിരുന്നു അടുത്ത കണ്ടെത്തല്‍. മറിയം കിടപ്പറയിലെ ട്യൂണ എന്നായിരുന്നു ഒരു പത്രത്തിന്റെ തലക്കെട്ട്. ഈ വാര്‍ത്തകളൊക്കെ കേട്ട് നമ്പിനാരായണനും ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരും ചിരിക്കുകയായിരുന്നു. കാരണം ഇന്ത്യയ്ക്ക് ഇല്ലാത്ത സാങ്കേതിക വിദ്യയായിരുന്നു ക്രയോജനിക്. ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ അതിനുവേണ്ടി കഷ്ടപ്പെടുകയാണ്. ഇംഗ്ലീഷ് പോലും സംസാരിക്കാനറിയാത്ത ഈ സ്ത്രീകള്‍ ഇല്ലാത്ത സാങ്കേതിക വിദ്യ കടത്തിയെന്ന് പറയുന്നത് കടന്ന ആരോപണമാണ്. ഐഎസ്ആര്‍ഒയില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ശശികുമാറിനെ ആ സ്ത്രീകളുമായുള്ള ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തപ്പോഴും കേസ് തന്നിലേക്കെത്തുമെന്ന് നമ്പിനാരായണന് പ്രതീക്ഷിച്ചതേയില്ല. ദിവസങ്ങള്‍ കടന്നുപോയപ്പോള്‍ വാര്‍ത്തകള്‍ പലതും പ്രചരിച്ചുകൊണ്ടിരുന്നു. പലതും ഇക്കിളി രസം കലര്‍ന്നവയായിരുന്നു.
”ഇതൊരു കെട്ടുകഥയാണെന്ന് എനിക്കൊട്ടും സംശയമുണ്ടായിരുന്നില്ല. പക്ഷേ, എന്നെ എന്തിന് അതില്‍ പ്രതിയാക്കി എന്നതുമാത്രമായിരുന്നു സംശയം. മറിയം റഷീദയെ അറിയും എന്നതിന്റെ പേരിലാണ് ശശികുമാറിനെ പിടിച്ചത്. എന്നാല്‍ ശശികുമാറിനെ മാത്രം അറിയുന്ന എന്നെ എന്തിനിതില്‍ കുടുക്കി. ഈ കള്ളക്കഥ വന്നതോടെ തകര്‍ന്നുപോയത് ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങളാണ്. 30 വര്‍ഷത്തെ നേട്ടങ്ങള്‍കൊണ്ട് നമുക്ക് നേടാന്‍ കഴിഞ്ഞതെല്ലാം നിസ്സാരമായ നുണകള്‍കൊണ്ട് ഇല്ലാതായി. കോടികളുടെ നഷ്ടം രാജ്യത്തിനുണ്ടായി. രാജ്യത്തിന്റെ സാങ്കേതികവിദ്യാ വികാസത്തെ തകര്‍ത്തുതരിപ്പണമാക്കിയവര്‍ ഉത്തരം തരേണ്ട നിരവധി ചോദ്യങ്ങളുണ്ട്…..”
നമ്പിനാരായണന്റെ ചോദ്യങ്ങള്‍ സമൂഹത്തോട് മാത്രമല്ല. ഭരണാധികാരികളോടും മാധ്യമങ്ങളോടും ഇന്ത്യയിലെ നിയമ സംവിധാനങ്ങളോടും നിയമപാലകരോടും അന്വേഷണ ഏജന്സികളോടുമെല്ലാമാണ്……
1994 നവംബര്‍ 30നാണ് സിബിഐക്ക് കേസ് കൈമാറണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശിച്ചത്. എന്തിനാണ് സിബിഐ ഏറ്റെടുക്കും മുന്നേ തിടുക്കത്തില്‍ കേസ് കൈമാറിയ ദിവസം തന്നെ അറസ്റ്റ് ചെയ്തത്? പൊലീസ് അറസ്റ്റ് ചെയ്യാതിരുന്നെങ്കില്‍ കള്ളക്കേസായ ഇതില്‍ സിബിഐ എന്നെ അറസ്റ്റ് ചെയ്യില്ല എന്ന് പോലീസിനറിയാമായിരുന്നു.
കേസ് അന്വേഷിക്കാന്‍ തക്ക സാങ്കേതികജ്ഞാനവും സൗകര്യങ്ങളും ഇല്ലെന്നു പറഞ്ഞ് സിബിഐക്ക് കൈമാറാന്‍ നിര്‍ദ്ദേശിച്ചവര്‍ എന്തുകൊണ്ടാണ് സിബിഐ കേസ് അന്വേഷിച്ച് സുപ്രീംകോടതിയില്‍ സത്യം തെളിയിച്ചപ്പോള്‍ വീണ്ടും അന്വേഷണത്തിന് സന്നദ്ധത കാട്ടിയത്. അന്വേഷണത്തിന്റെ ഘട്ടത്തില്‍ റിസര്‍ച്ച് അനാലിസിസ് വിങിലെ ഉദ്യോഗസ്ഥര്‍ പാതിവഴിയില്‍ കേസ് നിര്ത്തിപ്പോയതെന്താണ്?
ഞാന്‍ ഔദ്യാഗിക രഹസ്യങ്ങള്‍ ചോര്‍ത്തി വിറ്റുവെന്ന് ആരോപിക്കുമ്പോള്‍ എന്റെ വീട് സ്വാഭാവികമായും പരിശോധിക്കണം, കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്ന്. ഐഎസ്ആര്‍ഒയുടെ സാങ്കേതികരഹസ്യങ്ങള്‍ ഞാന്‍ ചോര്‍ത്തിയതിന്റെ പേരില്‍ ഏതെങ്കിലും രേഖകള്‍ തിരക്കി എന്റെ വീട് റെയ്ഡ് ചെയ്യാമായിരുന്നു. എന്തുകൊണ്ട് എന്റെ വീട് റെയ്ഡ് ചെയ്തില്ല?
ഈ കേസില്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ ഇടപെടലുണ്ടായിട്ടുണ്ടെന്ന് ഞാന്‍ സംശയിക്കുന്നു. നമ്മുടെ അന്വേഷണ സംവിധാനങ്ങള്‍ അതിനായി ഉപയോഗിക്കുകയായിരുന്നു. പൊലീസിന്റെയോ ഇന്റലിജന്‍സ് വിഭാഗത്തിന്റെയോ തലപ്പത്തുള്ള ആരോ ഒരാള്‍ സിഐഎയുടെ ഏജന്റായിരുന്നിരിക്കണം. അന്ന് ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രരംഗം തകര്‍ത്തെറിയാന്‍ സിഐഎയുടെ പങ്ക് പറ്റിയതാരാണ്. ഇന്ത്യയെ വിറ്റ യഥാര്‍ത്ഥ ചാരന് അയാളാണ്.
മലയാളപത്രങ്ങളിലും മറ്റ് ഭാഷാ പത്രങ്ങളിലും കേസ് സംബന്ധിച്ചു വന്ന വാര്‍ത്തകള്‍ എല്ലാം ഒരുപോലെയായിരുന്നു. ഒരു പ്രത്യേക സ്ഥലത്തിരുന്ന് ഒരാള്‍ വിളിച്ചുപറയുന്നതുപോലെ തോന്നിപ്പിക്കുന്നതായിരുന്നു. ആരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പത്രങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കിയത് ?
പൊലീസ് ചോദ്യംചെയ്യല്‍ വേളയിലാണ് ഞാന്‍ മറിയം റഷീദയെ ആദ്യമായി കണ്ടത്. അവര്‍ക്ക് കൈമാറി എന്നുപറയുന്ന സാങ്കേതിക വിദ്യ എന്താണ്? ക്രയോജനിക് സാങ്കേതിക വിദ്യ വിറ്റു എന്നാണ് ഒരു ആരോപണം. മീന്മുട്ടിയില്വെച്ച് കടത്താവുന്നതാണോ റോക്കറ്റിന്റൈ സാങ്കേതിക വിദ്യ? ഇല്ലാത്ത സാങ്കേതികവിദ്യ കോടികള്‍ക്ക് ശത്രുരാജ്യത്തിന് വിറ്റു എന്നുപറയുമ്പോള്‍ ആ സാങ്കേതിക വിദ്യ നമ്മുടെ രാജ്യത്തിന് സ്വന്തമായി ഉള്ളതാണോ എന്ന് അന്വേഷിക്കേണ്ട സാമാന്യബുദ്ധി പാലിക്കേണ്ടിയിരുന്നില്ലേ? അതൊന്നും ചെയ്യാതെ ആഘോഷം പോലെ അറസ്റ്റ് ചെയ്ത് രാജ്യദ്രോഹിയും കള്ളനുമാക്കി മാറ്റിയതിനുപിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചത്?
ഇതിനുപിന്നില്‍ രാഷ്ട്രീയമായ ചില താല്പര്യങ്ങളും വന്നുകൂടിയിട്ടുണ്ട്. കെ.കരുണാകരന്റെ രാജിതന്നെ ഉദാഹരണം. രാഷ്ട്രീയമായും സാമ്പത്തികമായും ആര്‍ക്കൊക്കെ നേട്ടമുണ്ടായി എന്ന് പുറത്തുവരിക തന്നെ വേണം.
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് നമ്പിനാരായണന് ഇപ്പോള്‍. മറുപടി നല്കാന് ബാധ്യസ്ഥപെട്ടവര് അതു നല്‍കുക തന്നെ വേണം. അല്ലെങ്കില്‍ നല്‍കേണ്ടിവരും. കേസില്‍പ്പെടുത്തി കൊല്ലാക്കൊല ചെയ്യുകയും ജീവിതം ഇല്ലാതാക്കുകയും ചെയ്തിട്ടും അദ്ദേഹം തളര്‍ന്നില്ല. പോലീസിന്റെയും ഐബിയുടെയും കഥകള്‍ സിബിഐ വന്നപ്പോള്‍ വെറും കള്ളക്കഥകളായി. നമ്പിനാരായണന് നിരപരാധിയാണെന്ന് കോടതിയും വിധിച്ചു. എങ്കിലും അദ്ദേഹത്തിനു നഷ്ടപ്പെട്ട ജീവിതം തിരികെ നല്കാന് ആര്‍ക്കു കഴിയും? അദ്ദേഹത്തിലൂടെ ഇന്ത്യ നേടേണ്ടിയിരുന്ന ശാസ്ത്ര നേട്ടങ്ങള്‍ തിരികെപിടിക്കാന്‍ ഇനി കഴിയുമോ…? ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തോട് മുഖംതിരിഞ്ഞു നില്ക്കാന് ആര്‍ക്കുമാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: