കഥകളി എന്ന സങ്കീര്‍ണ്ണമായ രംഗകലയുടെ ആശയസംവേദനത്തിലേക്ക് ആബാലവൃദ്ധം ആസ്വാദകരെയും വഴി നടത്തിക്കൊണ്ട് അവരെ കഥകളി സാക്ഷരരാക്കുന്നതില്‍ സജീവമായി നിലകൊള്ളുന്ന പീശപ്പിള്ളി രാജീവന്! സ്വയം തെളിയിച്ച വഴിയിലൂടെ സ്വാഭിമാനത്തോടെ സഞ്ചരിക്കുന്ന ആ കലാകാരനെക്കുറിച്ച്…
കഥകളി അരങ്ങത്തെ ലഭ്യമായ സ്പേസിനെ അടക്കിയൊതുക്കി ആടുന്ന വേഷം കലാകാരന്…പരിമിതമായ മുദ്രാസാധ്യതകളെ അപരിമിതമായ ഭാവസാധ്യതകളാല് പരിഹരിച്ചുകൊണ്ട് വേഷാവതരണം നടത്തുമ്പോള്‍ മുന്നൊരുക്കങ്ങള്‍ എന്തെല്ലാമാവാം?
വളരെ പരിമിതമായ, ഒതുങ്ങിയ ഒരിടത്ത് നിന്നുകൊണ്ട് വിശാലമായ ഒന്നിനെ കാണുക/കാണിക്കുക എന്നതാണ് കഥകളിയുടെ പ്രധാന വെല്ലുവിളി. അതിനായി ആചാര്യന്മാര് ഗംഭീരമായ സങ്കേതങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആ ഒരു ചതുരക്കള്ളിയില്‍ നില്ക്കുമ്പോള് ആവര്‍ത്തനം ഒരുപക്ഷെ, ആസ്വാദകര്‍ക്ക് എത്രത്തോളം ആസ്വാദ്യകരമാകുന്നുണ്ട് എന്ന് ചിന്തിക്കണം. അവനവന് ആസ്വദിക്കാന്‍ കഴിയുന്നതുമാത്രമേ മറ്റൊരാളെക്കൊണ്ടും ആസ്വദിപ്പിക്കാന്‍ സാധിക്കൂ. കഥകളി നിയമങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ നവീനമായ ആശയങ്ങള്‍ തേടുക എന്നതാണ് എന്റെ രീതി. കളരിച്ചിട്ട പ്രധാനമായ വേഷങ്ങളിലൊന്നും ഒരുവിധ കൂട്ടിചേര്‍ക്കലുകളും ചെയ്യാറില്ല. എങ്കിലും അവിടേയും ചില ഇടങ്ങള്‍ നമുക്ക് കണ്ടെത്താന്‍ സാധിക്കും. ഉദാഹരണത്തിന്, കല്യാണസൗഗന്ധികത്തില്‍ ഭീമന് അവതരിപ്പിക്കുന്ന വനവര്‍ണ്ണന എപ്രകാരമാവാമെന്നത് ആട്ടക്കഥയില്‍ കൃത്യമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. എങ്കിലും അവിടെ കാട് കാണുന്ന ഭീമന് ഹിഡുംബിയേയും, ഘടോല്‍കചനേയും കുറിച്ച് പെട്ടന്നൊരു ചിന്ത വരുന്നതില്‍ തെറ്റില്ല എന്നാണ് എന്റെ മതം. ചില ഘട്ടങ്ങളില്‍ മുന്നൊരുക്കങ്ങള്‍ ചെയ്യാറുണ്ട്. അധികം ചെയ്യാന്‍ സാധിക്കാത്ത വേഷങ്ങള്‍ക്കായി അവസരം ലഭിക്കുമ്പോള്‍ മാനസികമായ മുന്നൊരുക്കം നടത്താറുണ്ട്. അതിന്റെ കൂടെ എന്റേതായ ചെറിയ ചില സംഗതികള്‍ ചേര്‍ത്തുവയ്ക്കാറുണ്ട്. സാന്ദര്‍ഭികമായി ചിലത് അരങ്ങത്ത് വീണുകിട്ടാറുണ്ട്. മൂന്നാറില്‍ നീലകുറിഞ്ഞി പൂക്കുന്നത് പന്ത്രണ്ടു വര്‍ഷം കൂടുമ്പോഴാണല്ലോ. പാണ്ഡവരുടെ വനവാസക്കാലവും പന്ത്രണ്ടു വര്‍ഷമാണ്. ഗന്ധമാദന പര്‍വ്വതത്തില്‍ കുറിഞ്ഞി പൂക്കുമോ എന്നുള്ള ലോജിക് ഒന്നും ഞാന്‍ ഓര്‍ത്തില്ല. ഒരു അരങ്ങത്ത് ഭീമനെ അവതരിപ്പിക്കുമ്പോള്‍ ‘ഈ പര്‍വ്വതരാജന്റെ ശിരസ്സില്‍ പൂക്കള്‍ രത്നം പതിച്ച കിരീടം പോലെ തിളങ്ങുന്നുണ്ട്, അതുപോലെ എന്റെ ജ്യേഷ്ഠന്റെ ശിരസ്സില്‍ രത്നകിരീടം തിളങ്ങാന്‍ പന്ത്രണ്ട് കൊല്ലം കഴിയണമല്ലോ’ എന്ന ചിന്ത സാന്ദര്‍ഭികമായി വന്നു ചേര്‍ന്നതാണ്. ചിലത് നന്നായി എന്നും കേള്‍ക്കാറുണ്ട്, മോശമായി എന്നും വിമര്‍ശനമുണ്ടാകാറുണ്ട്. മുന്നൊരുക്കങ്ങള്‍ എന്ന നിലയില്‍ ഇതൊക്കെയാണ് ചെയ്യാറുള്ളത്.
കഥകളിലോകത്ത് ഉപയോഗിക്കുന്ന വാക്കാണ് ‘ചിട്ട’. കലാകാരന്റെ വ്യത്യസ്തമായ ക്രിയാത്മകതയ്ക്ക് ഒരു തടസ്സമാവുന്നുണ്ടോ, ഈ ‘ചിട്ട’യുടെ കഥകളിപ്പൊരുളുകള്?
‘ചിട്ട’ എന്ന വാക്ക് പലപ്പോഴും തെറ്റിദ്ധാരണയോടെയാണ് പിന്തുടരപ്പെടുന്നത്. ഉദാഹരണത്തിന്, മുദ്ര കാണിക്കുമ്പോള്‍ കയ്യിന്റെ കൈമുട്ടും പടോം തിക്കിപ്പിടിക്കണം, അമര്‍ത്തിച്ചവിട്ടുമ്പോള്‍ കാലിന്റെ വക്ക് ചവിട്ടണം, മുട്ട് മടക്കി താഴ്ന്നു താഴ്ന്നു നില്‍ക്കണം എന്നൊക്കെയുള്ള ചിട്ടകളുണ്ട്. കഥകളി നടന്റെ ശരീരവുമായി ബന്ധപ്പെട്ട, അരങ്ങുവൃത്തിയുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളാണ് ചിട്ട എന്നാണ് എന്റെ വിശ്വാസം. കഥകളിയുടെ സൗന്ദര്യം കുടികൊള്ളുന്നത് ഇത്തരം കാര്യങ്ങളിലാണ്. ചിട്ടയുടെ രണ്ടാംഘട്ടം വേഷാവതരണങ്ങളുടെ കാര്യത്തിലാണ്. പെട്ടെന്ന് രൂപീകൃതമായ ഒന്നല്ല, ഇന്ന് കാണുന്ന കഥകളി. പല കാലങ്ങളിലായി, ചിട്ടകളില്‍ മാറ്റങ്ങള്‍ വരുത്തി സ്ഫുടം ചെയ്തെടുത്ത ഒന്നാണ്. അതുകൊണ്ടുതന്നെ, മുദ്രാപ്രയോഗങ്ങളുടെ കാര്യത്തില്‍ പ്രാഥമികമായ ചിട്ടകളില്‍ മാറ്റം വരുത്താതെ, അരങ്ങുപ്രയോഗചിട്ടകളില് ചെറിയ ചില മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ അതില്‍ തെറ്റില്ല. ഗോപിയാശാന് നളചരിതം, രുക്മാംഗദ ചരിതം എന്നിങ്ങനെയുള്ള കഥകളില്‍ അദ്ദേഹത്തിന്റെ ആട്ടങ്ങള്‍ സ്വയം രൂപികരിച്ചവയാണ്. അനേകം അരങ്ങുകളില്‍ അവ അവതരിപ്പിക്കപ്പെട്ടപ്പോള്‍ അത് കാലക്രമേണ ആ വേഷങ്ങളുടെ ചിട്ടയായി മാറി. രാമന്കുട്ടിനായരാശാന് അവതരിപ്പിക്കാറുള്ള തോരണയുദ്ധം ഹനുമാന്റെ ആട്ടം സ്വയം ചിട്ടപ്പെടുത്തിയതാണ്. കീഴ്പ്പടം ശൈലിയിലുള്ള ഹനുമാന്റെ ചിട്ട വേറെയാണ് താനും. ചിട്ടകള്‍ ഇതുപോലെ കാലികമായി രൂപം കൊള്ളുന്നതില്‍ തെറ്റില്ല. എന്നാല്‍ അടിസ്ഥാനപരമായ കഥകളി ചിട്ടകള്‍ നിലനിര്‍ത്തുകയും വേണം. കെട്ടിക്കിടക്കുന്ന ജലാശയം പോലെയാക്കാതെ, ഒഴുക്കുള്ള ഒന്നായി മാറാന്‍ കഥകളി ലോകത്ത് ചിട്ടപ്രധാനമായ പരീക്ഷണങ്ങള്‍ക്ക് ഇടം കണ്ടെത്തണം.
രംഗകലയാണ് കഥകളി. നാടകവുമതെ. പീശപ്പിള്ളി രാജീവന്റെ വേഷാവതരണത്തില്‍ നാടകീയതയ്ക്കാണ് പ്രാധാന്യം കൂടുതല്‍ എന്ന് കഥകളി നിരൂപകര്‍ വിമര്ശിക്കാറുണ്ടല്ലോ?
അത് വിമര്‍ശനമല്ല, എനിക്കത് അംഗീകാരം തന്നെയാണ്. നാടകവും, നാടകീയതയും രണ്ടും രണ്ടാണ്. നൃത്തവും, നൃത്യവും, നാട്യവുമൊക്കെ ചേര്‍ന്ന രീതിവച്ചു നോക്കുമ്പോള്‍ കഥകളി എന്നാല്‍ നൃത്തനാടകമാണെന്ന് കുഞ്ചുനായരാശാന്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. സംഗീതവും, നാടകവും അടങ്ങുന്ന കഥകളി അക്കാദമി പ്രവര്‍ത്തന പരിധിയില്‍പ്പെടുന്ന കലാരൂപമാണ് എന്നാണ് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന് നായര്‍ പറയുന്നത്. കഥകളിയില്‍ നാടകം വരുന്നതാണോ, അതോ നാടകീയത വരുന്നതാണോ തെറ്റ് എന്നതാണ് എനിക്ക് മനസ്സിലാകാത്തത്. കണ്ടു ശീലിച്ച ആട്ടങ്ങള്‍ മാത്രം ആടുന്നതാണ് ഒരു വിഭാഗം ആസ്വാദകര്‍ക്ക് താല്പര്യം. അതായത്, തനിക്ക് അറിയുന്ന സംഗതികളാണ് അദ്ദേഹം ആടുന്നത് എന്നുള്ള മനോഭാവം വെച്ചുപുലര്‍ത്തുന്ന ആസ്വാദക വിഭാഗമാണ് ഇതിനെല്ലാം എതിരുനില്‍ക്കുന്നത്. ഒരു കാലത്ത് കീഴ്പ്പടം കുമാരന് നായരാശാനും ഇതുപോലുള്ള പരീക്ഷണങ്ങള്‍ക്ക് വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. പുതിയതൊന്ന് ആസ്വദിക്കുവാനുള്ള മനസ്സ് അത്തരം ആസ്വാദകര്ക്കില്ല എന്നതാണ് ഖേദകരം. ശരി എന്ന് തോന്നുന്ന പരീക്ഷണങ്ങള്‍ ഞാന്‍ ഇനിയും തുടരും. കഴമ്പില്ലാത്ത വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കാറില്ല. എന്റെ ചില പരീക്ഷണങ്ങള്‍ ആസ്വാദകരുടെ കഴമ്പുള്ള വിമര്‍ശനങ്ങള്‍ കണക്കിലെടുത്തുകൊണ്ട് മാറ്റിയിട്ടുമുണ്ട്.
ഒരു സ്ഥാപനത്തിന്റെയും മേല്‍വിലാസമില്ലാതെ, ആ ശൈലി പിന്തുടരാന് നിര്ബന്ധിതമാകാതെ, ഒരു ഏകലവ്യശിക്ഷാസമ്പ്രദായത്തില് ഗുരുകുലശൈലിയില്‍ പഠിച്ച കലാകാരന് എന്ന നിലയില്‍ ക്രിയാത്മകതയ്ക്ക് ഈ ഒരു സ്വതന്ത്രശിക്ഷണം ലഭിച്ചത് നന്നായി എന്ന് കരുതുന്നുണ്ടോ?
ഒരു ഗുരുനാഥനില്‍ നിന്നും / സ്ഥാപനത്തില്‍ നിന്നും പഠിച്ചത് ഒരു ഭാരമൊന്നുമല്ല. കല അനുഭൂതിയാണ് എന്നാണ് എന്റെ ഗുരുനാഥന് പറയാറുള്ളത്. ഇതനുഭവിക്കാനും, പകര്‍ന്നു നല്‍കാനും സ്ഥാപനത്തില്‍ പഠിക്കുന്നതോ, പഠിക്കാത്തതോ പ്രശ്നമാവുന്നില്ല. ഒരു ശൈലി പഠിക്കുന്നു, തുടരുന്നു എന്നത് ക്രിയാത്മക പരീക്ഷണങ്ങള്‍ക്ക് വിഘ്നമാവുന്നില്ല. കലാമണ്ഡലം സ്ഥാപിക്കുന്നതിന് മുമ്പേ കഥകളി ശിക്ഷണം പൂര്‍ത്തിയാക്കിയ വ്യക്തിയാണ് രാമന്കുട്ടിയാശാന്. അവിടെ സ്ഥാപനത്തിന്റെ ചട്ടക്കൂട് അദ്ദേഹത്തിന്റെ അരങ്ങുപ്രവൃത്തികള്ക്ക് വിഘാതമായിട്ടില്ലല്ലോ. സത്യത്തില്‍ ഒരു സ്ഥാപനത്തിനും പ്രത്യേകമായ ശൈലി ഇല്ല. കഥകളി എന്നാല്‍ സംഘകലയാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ടുതന്നെ എന്നെ ഒറ്റയാന് എന്ന് വിശേഷിപ്പിക്കുന്നതിനോട് ഒരു പരിധി വരെ എനിക്ക് യോജിപ്പില്ല.
ഈ സംഘബോധത്തിന് കുറവുവന്നു എന്ന് കണ്ടുകൊണ്ട് ഇടക്കാലത്ത് കഥകളി വിട്ടു നാടകത്തിലേക്ക് ചേക്കേറിയ ആളാണ് ഞാന്‍. നാടകലോകത്ത് ആ സംഘബോധം വേണ്ടത്ര ആസ്വദിക്കുകയും ചെയ്തു.
കഥകളിയില്‍ കൂടെയുള്ള ആളുടെ വീഴ്ചയില്‍ വാഴ്ച കണ്ടെത്തി ആനന്ദിക്കുന്നവരെയാണ് കണ്ടിട്ടുള്ളതെങ്കില്‍, നാടകലോകത്ത് ഒരാളുടെ വീഴ്ച മറച്ചുവെക്കാന്‍ ശ്രമിക്കുന്നവരെയാണ് കാണാന്‍ സാധിച്ചത്. ആ കാലത്ത് എനിക്ക് നേരിട്ട് അനുഭവപ്പെട്ട കാര്യമാണ് പറയുന്നത്. എന്നാല്‍, ഇന്ന് കഥകളി ലോകത്ത് ആശാവഹമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. വേഷം ചെയ്തുകഴിഞ്ഞാല്‍ അതേക്കുറിച്ച് സത്യസന്ധമായ അഭിപ്രായങ്ങള്‍ പറയുന്ന പാട്ടുകാരും, മേളക്കാരും ഇന്നുണ്ട്. പക്ഷെ, അപ്പോഴും പുതിയതൊന്നും സ്വീകരിക്കാന്‍ ഒരിക്കലും തയ്യാറല്ലാത്ത പാരമ്പര്യവാദികളായ ആസ്വാദകരാണ് ഒട്ടും മാറാത്തത് (ഒരുപരിധി വരെ അരസികന്മാര് എന്ന് അവരെ വിളിച്ചാലും തെറ്റില്ല).
കഥകളിലോകത്തെ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച ഒരാളെന്ന നിലയ്ക്ക് നേരിട്ട പ്രതിസന്ധികള്‍ എന്തെല്ലാമായിരുന്നു?
അവഗണനകള്‍ ധാരാളം അനുഭവിച്ചിട്ടുണ്ട്. ഇന്ന് ഒരു ഇരുപത്തിമൂന്നുകാരനായ വേഷക്കാരന് ലഭിക്കുന്ന വേഷാവസരങ്ങള് ഒന്നുംതന്നെ ആ പ്രായത്തില്‍ എനിക്ക് ലഭിച്ചിട്ടില്ല. ആശാന്മാരുടെ കൂടെ കുട്ടിത്തരം വേഷങ്ങള്‍ ചെയ്യുമ്പോള്‍ ആശാന്മാരുടെ ഭാഗം കഴിയുമ്പോള്‍ ഗ്രഹിതക്കാര്‍ എഴുന്നേറ്റു പോകും. കുട്ടിത്തരവേഷക്കാരുടെ പ്രകടനം പോരാഞ്ഞിട്ടാവും അവര്‍ അങ്ങനെ പോകുന്നത് എന്ന് സാധാരണക്കാരായ ആസ്വാദകരും തെറ്റിദ്ധരിക്കുന്നു. ഇപ്പോഴും ആ പ്രവണത നില നില്‍ക്കുന്നുണ്ട്. അരങ്ങത്ത് നില്ക്കുന്ന മറ്റൊരു കലാകാരനെ പരിഹസിക്കുന്ന രീതിയിലാണ് താന്‍ സ്നേഹിക്കുന്ന കലാകാരന്റെ വേഷം കഴിഞ്ഞാല്‍ ചില ആസ്വാദകര്‍ സ്ഥലം വിടുന്നത്. അവര്‍ യഥാര്‍ത്ഥ കലാസ്നേഹികളാണെന്ന് എങ്ങനെ പറയാന്‍ സാധിക്കും? ഒരു നടന് അരങ്ങത്ത് ആടാന്‍ സ്ഥിരം കൂട്ടുവേഷക്കാര്‍, സ്ഥിരം പാട്ടുകാര്‍, മേളക്കാര്, കോപ്പ് ചുട്ടിക്കാര്‍ വേണം എന്ന് നിഷ്ക്കര്‍ഷിക്കുമ്പോള്‍ ഈ ഒരു സംഘത്തിനു പുറത്തുള്ള മറ്റു കലാകാരന്മാരെല്ലാം രണ്ടാംതരം അല്ലെങ്കില്‍ മൂന്നാംതരം ആളുകള്‍ ആണെന്ന തെറ്റായ സന്ദേശമാണ് നല്‍കുന്നത്. രാഷ്ട്രീയരംഗത്തെ ഗ്രൂപ്പിസത്തിന് തുല്യമാണ് തെറ്റായ ഈ പ്രവണത.
ഈ പ്രതിസന്ധികളെ എങ്ങനെ നേരിട്ടു? അല്ലെങ്കില്‍ എങ്ങനെ നേരിടാം?
സ്വയം പ്രതിരോധം നിര്‍ത്തി ഉള്‍വലിയുകയല്ല വേണ്ടത്. കിട്ടുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗിക്കുക. തന്നെ എതിര്‍ക്കുന്ന അതേ ആയുധങ്ങള്‍ ഉപയോഗിച്ചുകൊണ്ട് മറുപടി പറയുക. മാധ്യമങ്ങളിലൂടെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് അതെ മാധ്യമങ്ങള്‍ ഉപയുക്തമാക്കി മറുപടി കൊടുക്കുക. മാധ്യമങ്ങള്‍ ആരുടേയും കുത്തക അല്ലല്ലോ. എല്ലാ മേഖലയിലുമുണ്ട് സമ്മര്‍ദ്ദങ്ങള്‍. ആത്മവിശ്വാസം ചോരാതെ നോക്കുക. കൃത്യമായി സ്വയം വിലയിരുത്താന്‍ ശ്രമിക്കുക. പുതിയ സാങ്കേതികതലങ്ങള്‍ ഉപയോഗിച്ച് സ്വന്തം പ്രകടനങ്ങള്‍ വിലയിരുത്തുക. മറ്റുള്ളവരോടുള്ള പെരുമാറ്റം ശ്രദ്ധിക്കുക. ഇടപെടലുകളില്‍ ഒരു നയതന്ത്രജ്ഞത കൈവരുത്തുന്നത് നല്ലതായിരിക്കും.
താങ്കള്‍ ചെയ്യാത്ത വേഷങ്ങള്‍ കുറവാണ് കഥകളിയില്‍. ഏതിനോടാണ് പ്രതിപത്തി കൂടുതല്‍?
ഒരു വേഷം ഒരുപാട് ആവര്‍ത്തിക്കുമ്പോള്‍ ആ കഥാപാത്രത്തോട് പ്രതിപത്തി കൂടും. അങ്ങനെ നോക്കുമ്പോള്‍ നൂറ് പാവശ്യമെങ്കിലും അവതരിപ്പിച്ചിട്ടുള്ള ‘സന്താനഗോപാലത്തിലെ ബ്രാഹ്മണനോട് ഇഷ്ടം കൂടുന്നത് സ്വാഭാവികം. നളചരിതം മൂന്നാം ദിവസം ബാഹുകന്, കല്യാണസൗഗന്ധികത്തിലെ ഭീമന്, കത്തിവേഷങ്ങളില്‍ കീചകന്, ബാലിവിജത്തിലെ രാവണന് എന്നിവയേടും താല്പര്യമുണ്ട്. ലളിത വേഷങ്ങള്‍, ഉര്‍വ്വശി എന്നിവ വളരെയധികം ഇഷ്ടമാണ്.
ഏകദേശം 43 വര്‍ഷത്തെ അരങ്ങനുഭവം ഉള്ള കലാകാരന് ആയിട്ടും ഏകലവ്യസമ്പ്രദായത്തില് അഭ്യസിച്ചതുകൊണ്ടാണോ, ഒരാള്‍ പോലും ശിഷ്യരായി ഇല്ലാത്തത്?
നമുക്ക് സ്വയം പഠിക്കാനെ സാധിക്കൂ. മറ്റൊരാളില്‍ നിന്നും പഠിക്കാന്‍ സാധിക്കില്ല എന്നാണ് എന്റെ ഉറച്ച വിശ്വാസം. ഏകലവ്യ സമ്പ്രദായം വളരെ ശക്തമായ ഒന്നാണ്. പഠിപ്പിക്കുമ്പോള്‍ എന്റെ ശൈലി മറ്റൊരാളില്‍ അടിച്ചേല്‍പ്പിക്കേണ്ടി വരും. ഡെമോ നടത്തുന്ന പോലെ എനിക്കൊരു കുട്ടിയെ കഥകളി അഭ്യസിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ആ ഒരു അദ്ധ്യാപന രീതി എനിക്ക് വശമില്ല എന്നുവേണം പറയാന്‍. പിന്നെ, ഗൗരവമായി കഥകളി അഭ്യസിക്കാനായി ആരും എന്റെ അടുത്ത് വന്നിട്ടില്ല എന്നതാണ് സത്യം. ഇഷ്ടത്തോടെ വന്ന ചിലരെ ഞാന്‍ മറ്റു ആശാന്മാരുടെ അടുത്തേക്ക് പറഞ്ഞയക്കുകയാണുണ്ടായത്.
കഥകളി സാക്ഷരത ഉണ്ടാക്കിയെടുക്കുന്നതില്‍ താങ്കള്‍ നിസ്തുലമായ പങ്കു വഹിക്കുന്നുണ്ട്. ഈ ഉദ്യമത്തിലൂടെ ആശാവഹമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടോ?
തീര്‍ച്ചയായും. ഈ ഡെമോ എന്നുള്ള ചിന്ത രൂപപ്പെട്ടത് നാടകത്തിനൊപ്പം കുറച്ചു കാലം സഞ്ചരിച്ചതുകൊണ്ടാണ്. ജനങ്ങളുടെ കുഴപ്പം മൂലമോ, കഥകളിയുടെ കുഴപ്പം മൂലമോ അല്ല, ഇതിലെ ജനകീയത കുറഞ്ഞു പോയത്. കഥകളിക്കാര്‍ എന്ന നിലയില്‍ രണ്ടിനെയും തമ്മില്‍ ഒന്ന് അടുപ്പിക്കാനുള്ള എളിയ ശ്രമമാണ് ഞാന്‍ നടത്തുന്നത്. പത്മ സുബ്രഹ്മണ്യത്തിന്റെ നൃത്തപരിപാടിക്ക് മുമ്പായി അവര്‍ അവിടെ എന്താണ് അവതരിപ്പിക്കുന്നത് എന്നതിനെ കുറിച്ച് ഒരു സംക്ഷിപ്ത വിവരണം നടത്താറുണ്ട്. ബാലമുരളീകൃഷ്ണ പുതിയൊരു രാഗം ചിട്ടപ്പെടുത്തുമ്പോള്‍ അതിന്റെ അവതരണത്തിനു മുമ്പായി ഒരു വിവരണം നല്‍കുമായിരുന്നു. പണ്ടും പലരും ഡെമോ ഒക്കെ നടത്തിവരാറുണ്ട്. അത് അവരുടെതായ ശൈലിയില്‍ അവതരിപ്പിക്കുമ്പോള്‍ സങ്കീര്ണ്ണമാകുമായിരുന്നു. എന്നാല്‍ ഞാന്‍ കുറച്ച് വ്യത്യസ്തമായ രീതിയില്‍ കുട്ടികള്‍ക്കും , മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉള്‍ക്കൊള്ളാവുന്ന രീതിയിലുള്ള പരീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഡെമോ നടത്താന്‍ തുടങ്ങി. അത് വിജയകരമായ ഒരു ശ്രമമായിരുന്നു. ഒരു കഥകളി അനുഭവം ഉണ്ടാക്കിയെടുക്കുക എന്നേ ഉദ്ദേശിക്കുന്നുള്ളൂ. ഇതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് സ്ഥാപനങ്ങളാണ്, പ്രത്യേകിച്ചും കഥകളി രംഗത്ത് സവിശേഷ സ്ഥാനമുള്ള കലാമണ്ഡലം. കഥകളി എത്താത്ത ഇടങ്ങളില്‍ മാസന്തോറും ഇത്തരം ഉദ്യമങ്ങള്‍ നടത്തി വന്നാല്‍ ഇത് ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം കല എന്ന ധാരണ തന്നെമാറ്റും
കലാപോഷകര്, കലാവീക്ഷകര്, കലാനിരൂപകര്‍ ഇവരൊക്കെ കലാകാരന് പകരുന്ന സമ്മര്‍ദ്ദം/ ലാഘവത്വം/ ഊര്‍ജ്ജം ?
ഈ എല്ലാ അവസ്ഥകളെയും ഒരുപോലെ സ്വീകരിക്കാനുള്ള മനസ്സ് കലാകാരനുണ്ടാകും. പലപ്പോഴും വലിയ ഗ്രഹിതക്കാരല്ലാത്ത സാധാരണ ആസ്വാദകര്‍ പറയുന്ന അഭിപ്രായങ്ങള്‍ ആണ് എനിക്ക് ഏറെ ലാഘവത്വം പകരാറുള്ളത്. കഥകളി സംഘാടനം ആയാലും, ആസ്വാദനം ആയാലും, നിരൂപണം ആയാലും നല്ല രീതിയിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ തമ്മില്‍ തമ്മില്‍ ഉണ്ടായാല്‍ തന്നെ കലാകാരന് ലാഘവത്വം കൈവന്നു എന്നുപറയാം.
സ്വയം വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ?
നല്ല കുറെ മനുഷ്യരുടെ കൂടെയുള്ള സഹവര്‍ത്തിത്വം എനിക്ക് കിട്ടിയ ഭാഗ്യമാണ്. അച്ഛന്, ‘വെറും കഥകളി കലാകാരന് മാത്രമാവരുത്’ എന്നുപദേശിച്ച എന്റെ ഗുരുനാഥന്, സൗഹൃദങ്ങള്‍, രാഷ്ട്രീയബോധം, മാനുഷികത നിലനിര്‍ത്തണം എന്ന ചിന്തകള്‍, കഥകളിയ്ക്കപ്പുറം ഇടപെട്ട പല മേഖലകള്‍ ഇതെല്ലാമാണ് എന്നെ ഞാന്‍ ആക്കിയതും, നിലനിര്‍ത്തിപ്പോരുന്നതും. മനസ്സിലുള്ള ആശയങ്ങള്‍ വളരെ ഋജുവായ രീതിയില്‍ വിനിമയം നടത്താന്‍ എനിക്ക് സാധിക്കാറുണ്ട്. അത് കഥകളി കലാകാരന് എന്ന നിലയിലും അരങ്ങത്ത് സഹായകരമാകാറുണ്ട്. കഥകളിയാസ്വാദകരായ ഒരു വിഭാഗത്തിനെങ്കിലും എന്റെ സാന്നിധ്യം സന്തോഷകരമാകുന്നുണ്ട് എന്നത് തൃപ്തിയും, ഊര്‍ജ്ജവും നല്കുന്നു. ചിലയിടത്ത് വളരെ തൃപ്തികരമായ രീതിയില്‍ ഇഷ്ടപ്പെട്ട ചില വേഷങ്ങള്‍ അവതരിപ്പിച്ച ശേഷം മുഖം തുടച്ച്, ബാഗും എടുത്ത് തിരിച്ചു പോരുമ്പോള്‍ എന്തോ ഒരു വിഷാദം പിടി കൂടാറുണ്ട്. എങ്കില്‍ കൂടി അടുത്ത അരങ്ങുവേഷങ്ങള് എന്നെ കാത്തിരിക്കുമ്പോള്‍, ആ വരാന്‍ പോകുന്ന ആവേശം ഈ വിഷാദത്തിനെ മറികടക്കുമല്ലോ. ഇതൊക്കെയാണ് പീശപ്പിള്ളി രാജീവന് എന്ന ഞാന്‍.
നിഷാ മേനോന് ചെമ്പകശ്ശേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: