പാലക്കാട്: നഗരസഭ പരിധിയിലെ ഓട്ടോറിക്ഷകള്‍ക്ക് മഞ്ഞ നിറം നല്‍കാനും പ്രത്യേക സ്റ്റിക്കര്‍ പതിക്കാനുമുള്ള നഗരസഭ തീരുമാനം അട്ടിമറിക്കാന്‍ നീക്കം. കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയിലെ ഒരു വിഭാഗം ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് പരിഷ്ക്കാരം അട്ടിമറിക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നത്.
നഗരത്തിലോടുന്ന ഓട്ടോറിക്ഷകളുടെ കണക്കെടുക്കാനും അര്‍ഹരായവര്‍ക്ക് ടൗണ്‍ പെര്‍മിറ്റ് നല്‍കാനും നേരത്തെതന്നെ നഗരസഭ നടപടി തുടങ്ങിയതാണ്. വ്യാജ നമ്പറുള്ള ഓട്ടോറിക്ഷകള്‍ നഗരത്തില്‍ ഓടുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് നിറംമാറ്റം ഉള്‍പ്പെടെയുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ നഗരസഭ തീരുമാനിച്ചത്. തീരുമാനം നടപ്പിലാക്കുന്നതിന് മുമ്പായി പതിമൂന്ന് തവണ തൊഴിലാളി സംഘടനകളുമായി നഗരസഭ അധ്യക്ഷ ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച നടത്തിയിരുന്നു. ഓട്ടോറിക്ഷകള്‍ക്ക് മഞ്ഞ നിറം നല്കുന്നതില് അഴിമതി ആരോപണവുമായാണ് ഒരുവിഭാഗം ഡ്രൈവര്‍മാര്‍ രംഗത്ത് വന്നിരിക്കുന്നത്. ഒരു വ്യക്തിയുടെ സ്ഥാപനത്തില്‍ നിന്ന് മാത്രം പെയിന്റ് അടിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയെന്നാണ് പ്രചരണം. ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്ന് നഗരസഭ ഉപാദ്ധ്യക്ഷന്‍ സി.കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷവും പരിഷ്കാരത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് ചിലര്‍. ഇത്തരത്തിലുള്ള ദുഷ്പ്രചരണങ്ങള്‍ തള്ളിക്കളയണമെന്ന് സി.കൃഷ്ണകുമാര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: