സാഹിത്യ-സാംസ്കാരിക രംഗത്ത് കഴിഞ്ഞവര്‍ഷം എങ്ങനെ അടയാളപ്പെടുത്തുന്നു?
സാഹിത്യ-സാംസ്കാരിക രംഗത്ത് കേരളത്തിന് അഭിമാനിക്കത്തക്കതായി കടന്നുപോയ വര്‍ഷം ഒന്നുമുണ്ടായിട്ടില്ല. ഔട്ട് സ്റ്റാന്റിംഗ് എന്ന് പറയാവുന്ന ഒരു പുസ്തകം ഉണ്ടായിട്ടില്ല. ഭേദപ്പെട്ട കൃതികള്‍ പോലും ഉണ്ടായിട്ടില്ല. സാഹിത്യ സംഭാവനകളോ, സംഭവങ്ങളോ ഇല്ല. അതേസമയം അപമാനം തോന്നുന്ന ഒട്ടേറെ കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്.
അതിനൊരുദാഹരണമാണ് കെ.സച്ചിദാനന്ദന് എഴുത്തച്ഛന് പുരസ്കാരം ലഭിച്ചത്. പ്രകടമായ തറ രാഷ്ട്രീയമാണിത്. സാംസ്കാരിക ലോകത്തിന്റെ വിലയിടിക്കുന്ന നടപടി. സച്ചിദാനന്ദനേക്കാള്‍ അര്‍ഹതയും പ്രശസ്തിയുമുള്ളയാളാണ് ആനന്ദ്. എഴുതിയ എല്ലാ കൃതികളും പ്രശസ്തം. പക്ഷേ പരിഗണിക്കപ്പെടുന്നില്ല. സര്‍ക്കാരിന്റെ രാഷ്ട്രീയ ഉപദേഷ്ടാവാണ് സച്ചിദാനന്ദന്. അദ്ദേഹത്തിന് പുരസ്കാരം ലഭിക്കുന്നു. ഇത്തരം രാഷ്ട്രീയം എല്ലാവര്ക്കും എളുപ്പം മനസിലാകും. മറ്റൊരുദാഹരണമാണ് കെ.പി.രാമനുണ്ണിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. രാമനുണ്ണി അക്കാദമിയുടെ മലയാളം ഉപദേശക സമിതിയംഗമാണ്. അതായത് അവാര്‍ഡ് ജൂറിയെ തീരുമാനിക്കുന്നയാള്‍. നിയമപരമായി തെറ്റില്ലെങ്കിലും ഇതില്‍ ധാര്‍മ്മികമായി വലിയ തെറ്റുണ്ട്. ഇത്തരം നടപടികള്‍ സാംസ്കാരിക ലോകത്തിന്റെ വിലകുറക്കുന്നതാണ്. എഴുത്തുകാരെക്കുറിച്ചുള്ള മതിപ്പ് ഇല്ലാതാക്കും.
പ്രതീക്ഷക്ക് യാതൊരു വകയുമില്ലെന്നാണോ?
ഇതിനിടയില്‍ ചില രജത രേഖകള്‍ കാണുന്നുണ്ട് എന്നത് വിസ്മരിക്കുന്നില്ല. എഴുത്തുകാരന്റെ അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്ന ചില സംഭവങ്ങള്‍. സാഹിത്യ അക്കാദമിയുടെ വിവാദമായ സാഹിത്യചരിത്രം എഡിറ്റ് ചെയ്യാനേല്‍പ്പിച്ച വത്സലന്‍ വാതുശ്ശേരി പുസ്തകത്തെക്കുറിച്ച് വിവാദമുയര്‍ന്നതോടെ കൈപ്പറ്റിയ തുക മടക്കി നല്കി. ആരും ആവശ്യപ്പെട്ടിട്ടല്ല. ഒരു ധാര്‍മ്മികതയുടെ പേരില്‍.അങ്ങനെ ചിന്തിക്കുന്ന കുറച്ചുപേരെങ്കിലുമുണ്ട് എന്നത് പ്രത്യാശ തരുന്നു.
സാഹിത്യരംഗത്ത് മുരടിപ്പ് എന്ന പ്രസ്താവന വര്‍ഷങ്ങളായി കേള്‍ക്കുന്നതാണ്. പോയ വര്‍ഷം ഇതിലെന്ത് മാറ്റമുണ്ടായി എന്നാണ് വിലയിരുത്തല്‍ ?
മലയാള സാഹിത്യ രംഗത്ത് ഇത്രയേറെ ദാരിദ്യം അനുഭവപ്പെട്ട ഒരുകാലം ഇതിനുമുന്‍പ് ഉണ്ടായിട്ടേയില്ല. കവിതകള്‍ പലപ്പോഴും രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ മാത്രമാവുകയാണ്. പ്രതിഭയുള്ളവരും ഇല്ലാത്തവരും ഒരുപോലെ ഈ അപചയത്തിന്റെ ഭാഗമായി മാറുന്നു. ആധുനിക മലയാള കവികളില്‍ പ്രതിഭ അംഗീകരിക്കപ്പെട്ടയാളാണ് ബാലചന്ദ്രന് ചുള്ളിക്കാട്. പക്ഷേ കഴിഞ്ഞവര്‍ഷം പുറത്തുവന്ന അദ്ദേഹത്തിന്റെ ഇന്ത്യന്‍ എന്ന കവിത അങ്ങേയറ്റം ജുഗുപ്സ നിറഞ്ഞതും വൃത്തികേടുമാണ്.
കവിതയില്ലെന്ന് മാത്രമല്ല വായനക്കാരില്‍ അറപ്പ് സൃഷ്ടിക്കുകയും ചെയ്യുന്നു. കഥയുടെയും മറ്റു സാഹിത്യ രൂപങ്ങളുടേയും കാര്യത്തിലും ഈ ദാരിദ്ര്യം പ്രകടമാണ്. അടുത്ത കാലത്ത് പ്രതീക്ഷ നല്കുന്ന ഒരു കൃതി പുറത്തുവന്നത് ടി.ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയാണ്. മറ്റൊന്ന് ലിസിയുടെ വിലാപ്പുറങ്ങള്‍ എന്ന നോവല്‍.
കഥയുടേയും നിരൂപണത്തിന്റെയും മേഖലയില്‍ ചില പുതിയ എഴുത്തുകാര്‍ സാന്നിദ്ധ്യമറിയിക്കുന്നുണ്ട്. പക്ഷേ അവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതില്‍ മുതിര്‍ന്ന എഴുത്തുകാരും അക്കാദമിയും പത്രമാസികകളും പിശുക്ക് കാണിക്കുന്നു. കാമ്പില്ലാത്ത ചില പഴയ വിഗ്രഹങ്ങള്‍ക്ക് ചുറ്റും കറങ്ങുകയാണ് സാഹിത്യം. യുവ എഴുത്തുകാര്‍ എന്നവകാശപ്പെടുന്നവര്‍ പലരും മധ്യവയസ്സ് പിന്നിട്ടവരും പ്രതിഭ വറ്റിയവരുമാണ്.
സാഹിത്യ-സാംസ്കാരിക രംഗത്ത് വിവാദങ്ങള്‍ക്ക് പക്ഷേ ക്ഷാമമില്ല. കഴിഞ്ഞ വര്‍ഷത്തെ പ്രധാന വിവാദങ്ങളെ എങ്ങനെ കാണുന്നു?
കഴിഞ്ഞ വര്‍ഷം സാഹിത്യ -സാംസ്കാരിക മേഖലയില്‍ ഉണ്ടായ വലിയൊരു കോലാഹലം ഒരു വലിയ എഴുത്തുകാരന്റെ വിവരക്കേടിനെ തുടര്‍ന്നാണ്. രാജ്യത്തെ നോട്ട് പരിഷ്കരണം തെറ്റായെന്ന എം.ടി.യുടെ പരാമര്‍ശം. രാജ്യത്താകമാനം അടിസ്ഥാനപരമായ മാറ്റം കൊണ്ടുവന്ന ഒരു തീരുമാനത്തെ ഒരടിസ്ഥാനവുമില്ലാതെ തള്ളിപ്പറഞ്ഞത് ശുദ്ധ വിവരക്കേടായിരുന്നു. എം.ടി.യേപ്പോലൊരാളുടെ ഭാഗത്തുനിന്ന് ഇതുണ്ടായതുകൊണ്ടുകൂടിയാണ് ഇതേറ്റവും മോശമായ സംഭവമാണെന്ന് പറയുന്നത്.
അക്കാദമി അവാര്‍ഡുകള്‍ തിരിച്ചുകൊടുത്തുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ വെറും രാഷ്ട്രീയ നാടകങ്ങള്‍ മാത്രമാണ്.ഒരാളും അവാര്‍ഡിന്റെ പേരില്‍ ലഭിച്ച പണം തിരിച്ച് നല്‍കിയിട്ടില്ല. ഇത്തരം നാടകങ്ങള്‍ക്ക് പിന്നില്‍ ഇടതുപക്ഷം അണിനിരന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രമാണ്.
പോയ വര്‍ഷം അക്കാദമികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍?
അക്കാദമികള്‍ എല്ലാക്കാലവും ഉയര്‍ത്തിപ്പിടിക്കേണ്ടത് എഴുത്തുകാരന്റെയും കലാകാരന്റെയും സ്വാതന്ത്ര്യവും അന്തസ്സുമാണ്. അതിന് പകരം രാഷ്ട്രീയപാര്‍ട്ടിയുടെ വാലായി മാറുന്നത് ശരിയല്ല. കേരള സാഹിത്യ അക്കാദമി ഇത്രയും തരംതാണ രാഷ്ട്രീയം കളിച്ച ഒരുകാലം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. മാര്‍ക്സിന്റെ മൂലധനം ചര്‍ച്ചയാണ് അക്കാദമി കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച പ്രധാന പരിപാടി. മൂലധനം വാസ്തവത്തില്‍ ഒരു സാഹിത്യകൃതി അല്ല. സാഹിത്യ അക്കാദമിയുടെ ചരിത്രത്തില്‍ ഏറ്റവും ദുഷിച്ച കാലഘട്ടമാണിതെന്ന് പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. സാമ്പത്തിക ധൂര്‍ത്ത് ഇത്രയേറെ നടന്ന കാലഘട്ടമുണ്ടായിട്ടില്ല.
അക്കാദമി ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതില്‍ പോലും നഗ്നമായ രാഷ്ട്രീയമാണ് നിലനില്‍ക്കുന്നത്. സി.അച്യുത മേനോന് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ സാഹിത്യ അക്കാദമി ഭരണ സമിതി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യവുമായി ചില പാര്ട്ടിക്കാര് അദ്ദേഹത്തെ സമീപിച്ചു. ചിലയാളുകള്‍ തുടര്‍ച്ചയായി അക്കാദമിയുടെ തലപ്പത്ത് തുടരുന്നു എന്നായിരുന്നു അവരുടെ പരാതി. അച്യുതമേനോന് അതാരൊക്കെയാണെന്ന് അവരോട് തിരക്കി. വൈക്കം മുഹമ്മദ് ബഷീര്‍, ഒഎന്‍വി, സുകുമാര്‍ അഴീക്കോട് തുടങ്ങിയവര്‍ എന്നായിരുന്നു മറുപടി. അവരെ മാറ്റി പകരം പാര്‍ട്ടിക്കാരെ വയ്ക്കണമെന്ന ആവശ്യം തള്ളിക്കളയാന്‍ അച്യുത മേനോന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
ഇന്ന് സ്ഥിതി മാറി. ഭരണകൂടത്തിന്റെ ഭാഗമായി നില്ക്കാന് തയ്യാറല്ലാത്തവര്‍ക്ക് അക്കാദമികളില്‍ തുടരാനാകില്ല. അതിനുദാഹരണമാണ് ലളിതകലാ അക്കാദമി ചെയര്‍മാനായിരുന്ന സത്യപാലിന്റെ രാജി. ഈ സര്‍ക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട ഏറ്റവും സമര്‍ത്ഥനായ ഒരേയൊരു ചെയര്‍മാനായിരുന്നു ആര്‍ട്ടിസ്റ്റ് സത്യപാല്‍. സെക്രട്ടറിയായി നിയമിക്കപ്പെട്ട പാര്‍ട്ടി പ്രതിനിധിയുമായി യോജിച്ചുപോകാന്‍ കഴിയാതെ അദ്ദേഹം രാജിവച്ചു. കോക്കസിന്റെ ഭാഗമായി നില്ക്കാന് കഴിയുന്നവര്‍ മാത്രം പരിഗണിക്കപ്പെടുന്ന കാലമാണിത്. അതിന് തയ്യാറല്ലാത്തവര്‍ ഒറ്റപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: