പള്ളുരുത്തി: കുമ്പളങ്ങിവഴി ഏറണാട്ട് ടെമ്പിള്‍ റോഡില്‍ കരകൗശല നിര്‍മ്മാണശാലയില്‍ തീപിടുത്തം. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയുണ്ടായ അഗ്നിബാധയില്‍ കരകൗശല നിര്‍മ്മാണയൂണിറ്റ് പൂര്‍ണ്ണമായും കത്തിയമര്‍ന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കരകൗശല വസ്തുക്കളും, മെഷീനുകളും കത്തിനശിച്ചു. ഏറണാട്ട് ടെമ്പിള്‍ റോഡില്‍ ലൗജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കത്തിയത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.
തീപിടുത്തം നടന്ന വിവരം സമീപവാസികളാണ് ഫയര്‍ഫോഴ്സില്‍ അറിയിച്ചത്. സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന ഷെഡും, മര ഉരുപ്പടികളും കത്തിനശിച്ചു. തീ പടര്‍ന്നു പിടിച്ചതോടെ സമീപത്തേക്ക് ആര്‍ക്കും അടുക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. അതിനാല്‍, നാട്ടുകാര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞില്ല. സമീപത്തെ വീടുകളിലേക്കും തീ പടര്‍ന്നതായി നാട്ടുകാര്‍ പറഞ്ഞു. വീടുകളുടെ ഭിത്തികളില്‍ വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. ചില വീടുകളുടെ ജനല്‍ പാളികള്‍ക്ക് തീപിടിച്ചു. മട്ടാഞ്ചേരിയില്‍ നിന്നും, എറണാകുളം ഗാന്ധി നഗറില്‍ നിന്നും എത്തിയ നാലു യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അഗ്നിബാധയെ തുടര്‍ന്ന് സമീപത്തെ വൈദ്യുതലൈനുകള്‍ ഓഫാക്കി. പുലര്‍ച്ചെ 5. 30 ഓടെയാണ് തീ അണക്കാനായത്. പിന്നാക്ക വികസന കോര്പ്പറേഷന് രാജ്യാന്തര തലത്തില്‍ നടത്തിവരുന്ന കരകൗശല പ്രദര്‍ശനത്തിന് ഇവിടെ നിന്നാണ് സാധനങ്ങള്‍ കൊണ്ടു പോകുന്നത്. അഞ്ചു ലക്ഷത്തിന്റെ നഷ്മുള്ളതായാണ് പ്രാഥമിക വിവരം. സ്റ്റേഷന് ഓഫീസര്‍ കെ.ജെ.തോമാസിന്റെ നേതൃത്വത്തില്‍ ലീഡിംഗ് ഫയര്മാന്മാരായ കെ.ബി. ജോസ്,പി.കെ.പ്രസാദ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പള്ളിമുക്കില്‍ കഴിഞ്ഞദിവസം ഇലക്ട്രോണിക്സ് കടയുടെ ഗോഡൗണിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: