കൊച്ചി: പള്ളിമുക്കില്‍ ഇലക്ട്രോണിക്സ് കടയുടെ ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം. മൂന്നു നിലകളിലായി പ്രവര്‍ത്തിക്കുന്ന റോയല്‍ ടവറിന്റെ താഴത്തെ നിലയിലുളള ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ല. ഗോഡൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന പത്തോളം വാഹനങ്ങള്‍ കത്തിനശിച്ചു. മൂന്ന് സ്റ്റേഷനുകളില്‍ നിന്നെത്തിയ അഗ്നിശമന സേന ഒന്നര മണിക്കൂറോളമെടുത്താണ് തീയണച്ചത്.
ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ഗോഡൗണില്‍ നിന്നു പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്. തിരക്ക് കുറവായതിനാല്‍ കെട്ടിടത്തില്‍ നിന്ന് വേഗം ആളുകളെ ഒഴിപ്പിക്കുവാന്‍ സാധിച്ചത് വന്‍ അപകടം ഒഴിവാക്കി. ഗോഡൗണിനുള്ളില്‍ പുക നിറഞ്ഞതോടെ അഗ്നിസുരക്ഷാ സോനാംഗങ്ങള്‍ നന്നേ പണിപ്പെട്ടാണ് ഉള്ളില്‍ കടന്നത്. ഇവിടെ കൂട്ടിയിട്ടിരുന്ന ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളിലേക്ക് തീ പടര്‍ന്നതോടെ അതിവേഗം ആളി കത്തുകയായിരുന്നു.
ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ആവാം അപകട കാരണമെന്ന് അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥനായ എ.എ ഉണ്ണി കൃഷ്ണന് പറഞ്ഞു. മേയര്‍ സൗമിനി ജെയിന്, സിറ്റി പോലിസ് കമ്മീഷണര്‍ എം.പി ദിനേശ്, തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഇലക്ട്രോണിക്ക് സ്ഥാപനങ്ങള്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഇവിടെ രക്ഷാപ്രവര്‍ത്തനം അതിവേഗം നടത്തിയതിനാല്‍ വലിയ നാശനഷ്ടങ്ങള്‍ ഒഴിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: