ആകസ്മികമായാണ് പത്മാവതി പൊതുവാളിന്റെ രാസലീല കൈയിലെത്തുന്നത്. കഷായം കുടിച്ചയാള്‍ക്ക് കല്‍ക്കണ്ടത്തുണ്ടു കിട്ടുന്നതുപോലെ. ഗ്രീഷ്മത്തിലെ കൊടുംചൂടില്‍ നല്ല കുളിര്‍മഴ കിട്ടുന്നതുപോലെ! ഭാഗവതം കൃഷ്ണാവതാരത്തില്നിന്ന് തിരഞ്ഞെടുത്ത ചില അനുഛേദങ്ങളാണ് സംക്ഷിപ്തരൂപത്തില്‍ ഇവിടെ വാങ്മയ ചിത്രങ്ങളായി വരച്ചുകാട്ടുന്നത്. അയത്ന കോമളവും മധുനിഷ്യന്ദിയുമാണ് മിക്കവാറും എല്ലാശ്ലോകങ്ങളും. വൃന്ദാവന വര്‍ണ്ണന, വേണുഗാനം, പ്രേമപരീക്ഷ, ശ്രീകൃഷ്ണ-ഗോപീ സമാഗമം, ശ്രീകൃഷ്ണന്റെ തിരോധാനം, രാധാമാധവം, ഗോപികാഗീതം, ഗോപീ-ഗോവിന്ദ ദര്‍ശനം, രാസക്രീഡ എന്നിവയാണ് ഇതിലെ വിഷയങ്ങള്‍. കൃഷ്ണഭക്തയായ കവയത്രി തന്റെ ഭക്തിനിര്‍ഭരമായ ഹൃദയത്തെ ചെന്താമരപ്പൂവായി ആ പാദാന്തികത്തില്‍ അര്ച്ചിച്ചിട്ടുണ്ട്.
കവിതയെന്നുകേള്ക്കുമ്പോള് വിരസ- നീരസഭാവത്തില്‍ തലതിരിച്ചുപോകുന്നയാള് പോലും ഇതിലെ ശ്ലോകങ്ങള്‍ പലയാവൃത്തി വായിച്ചെന്നു വരാം. അത്രയ്ക്ക് സമ്മോഹനങ്ങളും സുരഭിലങ്ങളുമാണ് ഈ പദ്യങ്ങള്‍. നോക്കൂ.
മാനത്തിലമ്പിളിയുദിച്ചു നിലാവുപാരില്
പാരം പരന്നു കുമുദാവലിയും വിടര്‍ന്നു,
താരാഗണങ്ങള്‍ നിജനാഥനൊടൊത്തിണങ്ങി
യാരാലരണ്യമൊരു നന്ദനമാക്കിമാറ്റി
മറ്റൊന്ന്:
ഉച്ചൈസ്തരം പ്രണയമോഹന വേണുഗാന-
മച്ചാരുചന്ദ്രമുഖി സങ്കുലമാസ്വദിക്കേ
ഉള്ളില്‍ ജ്വലിച്ചുയരുമംഗജതാപ ജാത-
വേദപ്രഭാ പ്രസരധോരണിയില്ത്തിളങ്ങി
വേറൊന്ന് രാസക്രീഡയില്‍ കൃഷ്ണനും ഗോപികമാരും ചേര്‍ന്നുള്ള നൃത്തരംഗമാണ്:
”ശ്രീശങ്കരന് ശങ്കരിയൊത്തുനൃത്ത-
ഭേദങ്ങള്‍ കണ്ടത്ഭുതമാര്ന്നു നിന്നു”
മഹാപണ്ഡിതനായ നാരായണ ഭട്ടതിരിഃ
കള ശിഞ്ജിത നൂപുര മഞ്ജുമിളല്
കരകങ്കണ സങ്കുല സങ്ക്വണിതം
എന്നു മണിരണനം സൃഷ്ടിച്ചപ്പോള്‍ ഈ ഗ്രന്ഥകത്രി സകലകലകളുടേയും അധിനാഥരായ ശങ്കരനേയും ശങ്കരിയേയും അമ്പരിപ്പിച്ചുകൊണ്ടാണ് നൃത്തം അവതരിപ്പിക്കുന്നത്. ഇവരില്‍ ആരുടെ കല്പനയ്ക്കാണ് ഔന്നത്യം?
(അവതാരിക: അക്കിത്തം, ആശംസ: സി.രാധാകൃഷ്ണന്, പ്രസാധകര്: കുരുക്ഷേത്ര പ്രകാശന്, വില 30 രൂപ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: