കഴിഞ്ഞ ആഴ്ച കണ്ണൂരില്‍ സര്‍വമംഗള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രൊഫ. ടി.ലക്ഷ്മണന് സ്മാരക പുരസ്കാരം സമ്മാനിക്കപ്പെട്ടത് തലശ്ശേരിയിലെ സി. ചന്ദ്രശേഖരനായിരുന്നു. കഴിഞ്ഞവര്‍ഷം ഈ പുരസ്കാരസമര്‍പ്പണത്തിന് പോകാന്‍ എനിക്കവസരം ലഭിച്ചിരുന്നു. അന്ന് പി. ജനാര്‍ദ്ദനനായിരുന്നു ആദരിക്കപ്പെട്ടത്. കണ്ണൂരിലെ ചേമ്പര്‍ ഓഫ് കോമേഴ്സ് ഹാളില്‍ നടന്ന സമര്‍പ്പണസദസ്സ് വിശിഷ്ട വ്യക്തികളെക്കൊണ്ട് സമ്പന്നമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സി. ചന്ദ്രശേഖരന് കഴിഞ്ഞ ഏഴുപതിറ്റാണ്ടായി തലശ്ശേരിയുടെ നിറസാന്നിദ്ധ്യമാണ്. മുഖ്യമായും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വ്യാപ്തി എത്തിയ ഇടങ്ങളാണദ്ദേഹത്തിന്റെ വിഹാരമേഖല.
1958 ല്‍ അവിടെ പ്രചാരകനായി എത്തിയപ്പോഴാണ് ആ മനുഷ്യന്റെ പ്രത്യക്ഷദര്‍ശനമുണ്ടായതെങ്കിലും ആളേക്കുറിച്ച് ഈ പംക്തികളില്‍ അനേകം തവണ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും വീണ്ടും പ്രതിപാദിക്കുന്നത് അഭിമാനംകൊണ്ടുമാത്രമാണ്. ഞാന്‍ 1955 കാലത്ത് തിരുവനന്തപുരത്തു വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ അവിടെ പ്രചാരകനായി മാധവജി വന്നു. അദ്ദേഹം പ്രചാരകനായി ആദ്യം പ്രവര്‍ത്തിച്ചത് തലശ്ശേരിയിലായിരുന്നു. 1946 ല്‍ തിരുവനന്തപുരത്തെ കാര്യാലയത്തില്‍ പതിവ് സന്ദര്‍ശകനായിരുന്ന തിരുവങ്ങാട് സി. കൃഷ്ണക്കുറുപ്പ് എന്ന കൃഷ്ണാനന്ദന്. അദ്ദേഹം ദിവാന് ഭരണകാലം തൊട്ട് ഭരണാധികാരത്തിലുള്ളവരുമായി ബന്ധം വച്ചുകഴിഞ്ഞിരുന്ന തന്റേതായ ശൈലിയില്‍ തിരുവനന്തപുരം ഭരണചക്രത്തിന്റെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും അകത്തള വിവരങ്ങള്‍ മാധവ്ജിക്ക് നല്‍കുമായിരുന്നു. വലിയ പണ്ഡിതനും ചരിത്രപഠിതാവുമായിരുന്നു കുറുപ്പ്.
മാര്‍ത്തോമാശ്ലീഹയുടെ കേരളവരവിന്റെ 1900-ാം വാര്‍ഷികമെന്ന പേരില്‍ അക്കാലത്ത് ക്രിസ്ത്യാനികളുടെ ആഘോഷങ്ങള്‍ നടന്നു. കൊടുങ്ങല്ലൂരിനടുത്ത് മാര്‍ത്തോമാ വന്നിറങ്ങിയ സ്ഥലത്തു സ്ഥാപിക്കാനെന്നു പറഞ്ഞ് എവിടെനിന്നോ അദ്ദേഹത്തിന്റെ തിരുശേഷിപ്പുമായി (തോളെല്ല് എന്ന് പ്രചാരണം) ഒരു പേടകം കൊണ്ടുവന്ന് അഴിക്കോട്ട് പള്ളി പണിത് സ്ഥാപിച്ചു. അന്നത്തെ എ.ജെ. ജോണ്‍ സര്‍ക്കാര്‍ മാര്‍ത്തോമാ ദിനം പൊതുഅവധിയായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിന്റെ പശ്ചാത്തലത്തില്‍ ‘മാര്‍ത്തോമാ ശ്ലീഹാ കേരളത്തില്‍ വന്നിട്ടില്ല അഥവാ ഗന്ധര്‍വനഗരത്തിലെ രക്തസാക്ഷികള്‍’ എന്നു മലയാളത്തിലും ‘ദി മിത്ത് ഓഫ് സെന്റ് തോമസ് എക്സ്പ്ലോഡസ്’ എന്ന് ഇംഗ്ലീഷിലും ലഘുലേഖകള്‍ തയ്യാറാക്കി. സി. പി. രാമസ്വാമി അയ്യര്‍, പാ.രാധാകൃഷ്ണന്, മന്നത്ത് പത്മനാഭന് മുതലായ പ്രമുഖരുടെ അഭിപ്രായങ്ങള്‍ സഹിതം പ്രസിദ്ധീകരിച്ചു. കേരള ചരിത്രം പരശുരാമനിലൂടെ എന്ന ഗവേഷണ ഗ്രന്ഥവും അദ്ദേഹത്തിന്റേതായി എന്‍ബിഎസ് പ്രസിദ്ധീകരിച്ചിരുന്നു. അവസാനത്തെ ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ചു മക്കത്തുപോയി എന്ന ഐതിഹ്യത്തെ ചരിത്രരേഖകളുടെ സഹായത്തോടെ നിഷേധിച്ചു, പെരുമാള്‍ ധര്‍മപട്ടണത്ത് (ധര്‍മടം) വന്ന് ബുദ്ധധര്‍മ്മം സ്വീകരിച്ചു ജാവയിലേക്കാണ് പോയതെന്ന് സ്ഥാപിച്ചിരിക്കയാണ്.
കൃഷ്ണക്കുറുപ്പിനെപ്പറ്റി സംസാരിക്കവേ മാധവജി തലശ്ശേരിയിലെ തന്റെ പ്രവര്‍ത്തനകാലത്തെപ്പറ്റിയും സി. ചന്ദ്രശേഖരനെപ്പറ്റിയും പറഞ്ഞു. ആ കുടുംബത്തിലെ സഹോദരി സഹോദരങ്ങളെല്ലാം മനോഹരമായി പാടുന്നവരാണെന്നും പറഞ്ഞു. 1948 ഫെബ്രുവരി ആദ്യ ദിവസം ശ്രീഗുരുജിയുടെ ചെന്നൈ പരിപാടി കഴിഞ്ഞ് തലശ്ശേരിയില്‍ മടങ്ങിയെത്തിയപ്പോള്‍ അവിടെ താന്‍ താമസിച്ച വീട്ടില്‍ കമ്യൂണിസ്റ്റുകാര്‍ ആക്രമിച്ചുകയറിയതും മാധവജി വിവരിച്ചു.
പിന്നീട് 1958 ല്‍ ഗുരുവായൂരില്‍നിന്ന് തലശ്ശേരിക്കു മാറ്റമായ വിവരമറിഞ്ഞ് അവിടത്തെ സ്വയംസേവകര്‍ തങ്ങള്‍ സംഘശിക്ഷാവര്‍ഗില്‍ പോയപ്പോള്‍ ചന്ദ്രശേഖരന്റെ പാട്ടുകേട്ട് അന്തിച്ചുപോയ വിവരം പറഞ്ഞു. പക്ഷേ ഞാന്‍ പരിചയപ്പെട്ട ദിവസം അദ്ദേഹത്തിന്റെ ഭജനയാണ് കേട്ടത്. തിരുവങ്ങാട് ശാഖ അക്കാലത്ത് പാട്ടുകാരുടെ സമൃദ്ധിയിലായിരുന്നു. ചന്ദ്രേട്ടന്റെ സഹോദരങ്ങളെല്ലാം മനോഹരമായി പാടുന്നവര്‍. എന്നോടൊപ്പം പ്രഥമവര്‍ഷ കഴിഞ്ഞ എ.വി. രാമദാസ് എന്ന സംഗീതജ്ഞന്. അവിടെ പാട്ടുകാരല്ലാതെ ഇല്ല എന്നുതോന്നി. ”നാരായണ കാ നാമനിരാലാ ഉനകി മഹിമാന്യാരി, നാരായണ കേ രൂപഹസാരേ ഉനകി മഹിമ അപാരീ” എന്ന ഭജന ചന്ദ്രേട്ടന്റെ നേതൃത്വത്തില്‍ പാടുമ്പോല്‍ എല്ലാവരും ഉന്നതതലത്തിലേക്കെത്തി പോകുമായിരുന്നു. അക്കാലത്ത് ദക്ഷിണ ഭാരതത്തില്‍ പ്രശസ്തനായിരുന്ന ഭക്ത മുരുകദാസിനെ തിരുവങ്ങാട്ടു കൊണ്ടുവന്ന് ഭജനക്കു നേതൃത്വം നല്‍കിയിരുന്നു. ശ്രോതാക്കളായി എത്തിയ ആയിരങ്ങള്‍ ഭക്തിലഹരിയില്‍പ്പെട്ട് ഒരുമിച്ച് ഭജനയില്‍ ചേര്‍ന്നു.
ചന്ദ്രേട്ടന് ഒന്നാന്തരം ക്രിക്കറ്റ് കളിക്കാരനുമായിരുന്നു. തലശ്ശേരിയില്‍ ക്രിക്കറ്റ് കളിക്കാത്തവരില്ലായിരുന്നു അന്ന്. തെങ്ങിന്‍മടലും ടെന്നീസ് ബോളും അല്‍പ്പം ഇടവും കിട്ടിയാല്‍ എവിടേയും ക്രിക്കറ്റ് കളിക്കാന്‍ പറ്റിയ സ്ഥലമാക്കും അവിടത്തെ കുട്ടികള്‍. ചന്ദ്രേട്ടന് കണ്ണൂര്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ സെക്രട്ടറിയായിരുന്നു. ഇടംകയ്യന്‍ ബാറ്റ്സ്മാനും ബൗളറുമെന്ന മേന്മ അദ്ദേഹം നന്നായി സ്വന്തം ടീമിനു നേടിക്കൊടുത്തിരുന്നു.
അദ്ദേഹത്തിന്റെ സേവനം ഹിന്ദു സമാജവുമായി ബന്ധപ്പെട്ട എല്ലാ രംഗത്തും ലഭിച്ചിരുന്നു. അതിന്റെ മുഖ്യധാര സംഘമായിരുന്നുവെന്നുമാത്രം. മുന്‍ഗണന എക്കാലവും അക്കാര്യത്തിനുതന്നെ. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും ഇഎംഎസ് നേതൃത്വത്തിലെ സപ്തകക്ഷി മുന്നണി ഭരണത്തിന്റെ നടപടികളുടെ ഫലമായി മാംഗളൂര് ഗണേശ് ബീഡി പ്രവര്‍ത്തനം നിര്‍ത്തേണ്ടിവന്നപ്പോള്‍, തൊഴില്‍ നഷ്ടമായ ആയിരക്കണക്കിന് പേര്‍ക്ക് സഹായത്തിനായി മഹാലക്ഷ്മി ട്രെഡേഴ്സ് എന്ന സ്ഥാപനമാരംഭിച്ചതും അതിന്റെ പ്രവര്‍ത്തനത്തിന് റെയില്‍വേയില്‍ ഉണ്ടായിരുന്ന ജോലി രാജിവച്ചതും മറക്കാനാവില്ല. സംഘത്തിന്റെ അഭിലാഷം എന്തായാലും ഏറ്റെടുക്കുന്ന സ്വഭാവംകൊണ്ടാണ് ഇന്ന് ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധേയമായ മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന് ഇത്ര വിജയകരമായി പ്രവര്‍ത്തിക്കുന്നത്. ആദിവാസി മേഖലയിലെ ഊരുകളിലേക്ക് ചികിത്സാ സൗകര്യങ്ങളുമായി ആസ്പത്രി അങ്ങോട്ടു ചെല്ലുന്ന സംവിധാനമാണല്ലോ അത്.
ചന്ദ്രേട്ടന്റെ വായന വളരെ ആഴവും പരപ്പുമുള്ളതായിരുന്നു. ഹിന്ദി, ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങള്‍ വായിക്കുക മാത്രമല്ല അതിന്റെ അറിവ് മറ്റുള്ളവരിലെത്തിക്കുകയും ചെയ്തിരുന്നു. ഗീതാ പ്രസ്സിന്റെ കല്യാണ്‍, പാഞ്ചജന്യ മുതലായ പ്രസിദ്ധീകരണങ്ങള്‍ ഞാന്‍ കണ്ടതുതന്നെ അദ്ദേഹത്തിന്റെ പക്കല്‍ നിന്നായിരുന്നു.
ഈയിടെ അന്തരിച്ച പാട്യം ഗോപാലന് എം.പിയുടെ മകന് പത്രപ്രവര്‍ത്തകനായ ഉല്ലേഖ് കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് ഒരു പുസ്തകമെഴുതുന്നതിനുള്ള വിവരങ്ങള്‍ക്കായി എന്നെ സമീപിക്കുകയുണ്ടായി. എനിക്ക് സാധിക്കാവുന്നത്ര പറഞ്ഞുകൊടുത്തിട്ട്, ഏറ്റവും കൂടുതല്‍ വിവരം നല്കാന് പറ്റിയ ആള് ചന്ദ്രേട്ടനാണെന്നറിയിച്ചപ്പോള്‍ അത് അടുത്ത യാത്രയിലേക്ക് വെച്ചിരിക്കുകയാണെന്ന് പറഞ്ഞു. 1943 മുതല്‍ നിരന്തരമായി സംഘകൃത്യങ്ങളില്‍ ആണ്ടുമുങ്ങിക്കഴിയുന്ന മറ്റൊരു വ്യക്തി അദ്ദേഹത്തെപ്പോലെ ഉണ്ടാവില്ല. അദ്ദേഹം തലശ്ശേരിക്കാരനോ, കണ്ണൂര്‍ വിഭാഗ സംഘചാലകനോ എന്നതിലുപരി അചഞ്ചല വ്യക്തിമാഹാത്മ്യത്തിന്റെയും അകിഞ്ചന ഭാവത്തിന്റെയും പ്രതീകമായി, സന്യാസിവര്യന്റെ നിഷ്ഠയോടെ സമാജസേവനം നടത്തിവരുന്നുവെന്നതാണ് പ്രധാനം സര്‍വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് സംഘം ഈ പുരസ്കാരം കൊണ്ട് ആദരിക്കപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: