കൊച്ചി: ഇടപ്പള്ളി മോഡേണ്‍ ഫുഡ് ഇന്‍ഡ്സ്ട്രീസിന്റെ കൈവശമുള്ള ഭൂമി തിരിച്ചെടുക്കാന്‍ തീരുമാനിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പാട്ടക്കുടിശ്ശികയിനത്തില്‍ 45. 86 കോടി രൂപയും 15 ശതമാനം സേവന നികുതിയും അടയ്ക്കാനുള്ള നോട്ടീസിനെതിരെ മോഡേണ്‍ ഫുഡ് ഇന്‍ഡസ്ട്രീസ് നല്കിയ ഹര്‍ജിയില്‍ റവന്യു വകുപ്പ് അഡി. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന് നല്കിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.
പാട്ടക്കുടിശ്ശികയിനത്തിലെ തുക തിരിച്ചടയ്ക്കാനുള്ള നോട്ടീസിനെതിരെ നല്കിയ ഹര്‍ജിയില്‍ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. 45. 86 കോടി രൂപയും 15 ശതമാനം സേവന നികുതിയുമാണ് സര്‍ക്കാര്‍ ചുമത്തിയിരുന്നത്. ഇതു കണക്കാക്കിയതില്‍ അപാകതയുണ്ടെന്ന വാദത്തെത്തുടര്‍ന്നാണ് തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിച്ചത്.
1965 ല്‍ മോഡേണ്‍ ബേക്കേഴ്സ് ഇന്ത്യ ലിമിറ്റഡ് എന്ന പേരില്‍ സര്‍ക്കാര്‍ മേഖലയില്‍ തുടങ്ങിയ കമ്പനി പിന്നീട് മോഡേണ്‍ ഫുഡ് ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയായെന്നുമാണ് സര്‍ക്കാരിന്റെ വാദം.
കമ്പനി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്റെ യൂണിറ്റായി മാറി. ദല്‍ഹി ഹൈക്കോടതി ഇതംഗീകരിക്കുകയും ചെയ്തു. എന്നാല്‍ പഴയ കമ്പനിക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്കിയ ഭൂമി ഈ യൂണിറ്റ് അനധികൃതമായാണ് കൈവശം വച്ചു പോരുന്നത്. പിന്നീട് മറ്റൊരു കമ്പനി വാങ്ങിയതോടെ പൂര്‍ണമായും സ്വകാര്യ കമ്പനിയായി. ഇതിനിടെ ഭൂമി പതിച്ചു നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് പലതവണ കമ്പനിയധികൃതര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.
ഇതു പരിഗണിച്ച് ജില്ലാ കളക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. തുടര്‍ന്ന് നിയമോപദേശം തേടിയപ്പോള്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാനാണ് നിര്‍ദേശം ലഭിച്ചത്. ഭൂമി പതിച്ചു നല്‍കാനുള്ള ശുപാര്‍ശ റദ്ദാക്കി ഭൂമി തിരിച്ചെടുക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയെന്നും ഇതനുസരിച്ച് സപ്തംബര്‍ 14ന് ഉത്തരവിറക്കിയെന്നും റവന്യു അഡി. ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: