കാക്കനാട്: കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ മത്സരിച്ച 1031 സ്ഥാനാര്‍ഥികളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ആറ് വര്‍ഷത്തേക്ക് അയോഗ്യരാക്കി. പ്രചാരണ ചെലവിന്റെ കണക്ക് സമര്‍പ്പിക്കാത്തതാണ് കാരണം.
ആയോഗ്യരായവര്ക്ക് ആറ് കൊല്ലത്തിനിടയില്‍ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യരായവരുടെ പട്ടിക അസാധാരണ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ അയോഗ്യത നിലവില്‍ വരും. പ്രമുഖ മുന്നണികളുടെ സ്ഥാനാര്‍ഥികളാരും പട്ടികയില്‍ ഇല്ലെന്നാണ് സൂചന.
86 ഗ്രാമ പഞ്ചായത്തുകളിലായി 713 സ്ഥാനാര്‍ഥികള്‍ക്കാണ് അയോഗ്യത. കൊച്ചി നഗരസഭയിലേക്ക് മത്സരിച്ച 81 സ്ഥാനാര്‍ഥികളും ജില്ലാ പഞ്ചായത്തിലേയ്ക്ക് മത്സരിച്ച നാല് സ്ഥാനാര്‍ഥികളും മുനിസിപ്പാലിറ്റികളിലേക്ക് മത്സരിച്ച 162 സ്ഥാനാര്‍ഥികളും ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് മത്സരിച്ച 71 സ്ഥാനാര്‍ഥികളും അയോഗ്യരായി.
ജില്ലയില്‍ ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും മത്സരിച്ച 7,361 സ്ഥാനാര്‍ഥികളില്‍ 6,330 പേര് മാത്രമേ നിശ്ചിത സമയ പരിധിക്കുള്ളില്‍ കണക്ക് സമര്പ്പിച്ചിരുന്നുളളൂ. കണക്ക് നല്‍കാതിരുന്ന ജില്ലയിലെ സ്ഥാനാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് കൂടുതല്‍ പേര് വിശദീകരണം നല്കി. ഇതില്‍ യോഗ്യമായ വിശദീകരണങ്ങള്‍ കമ്മീഷന് അംഗീകരിച്ചു. വിശദീകരണം നല്‍കാതിരുന്നവരെയാണ് അയോഗ്യരാക്കിയത്.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചാല്‍ 30 ദിവസത്തിനകം പ്രചാരണച്ചെലവിന്റെ കണക്ക് സമര്‍പ്പിക്കണമെന്നാണു ചട്ടം. ഗ്രാമ പഞ്ചായത്തുകളിലേക്ക് മത്സരിച്ച 4,764 സ്ഥാനാര്‍ഥികളില്‍ 3,260 പേരും ബ്ലോക്ക് പഞ്ചായത്തുകളിലേയ്ക്ക് മത്സരിച്ച 638 പേരില്‍ 481 പേരും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച 101 പേരില്‍ 82 പേരും കൃത്യസമയത്ത് കണക്ക് സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: