കൊച്ചി: ലഹരി വിരുദ്ധ സന്ദേശവുമായി ഡിടിപിസിയും ജില്ലാ ഭരണകൂടവും എക്സൈസ് വകുപ്പും ചേര്‍ന്ന സംഘടിപ്പിച്ച ലഹരിക്കെതിരെ നൃത്തച്ചുവടുകള്‍. യുവത്വം തുടിക്കുന്ന ചുവടുകളുമായി ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള ഒന്‍പത് ടീമുകള്‍ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ അവതരിപ്പിച്ചു. ദര്‍ബാര്‍ ഹാള്‍ മൈതാനിയില്‍ നിറഞ്ഞ കാണികള്‍ക്കു മുന്നില്‍ സേ യെസ് ടു ലൈഫ്, നോ ടു ഡ്രഗ്സ് എന്ന സന്ദേശമാണ് നൃത്തച്ചുവടുകളില്‍ ആവിഷ്ക്കരിച്ചത്. അമ്മയുടെ സ്നേഹത്തേക്കാള്‍ വലുതായൊന്നും ലോകത്തിലില്ലെന്ന ആശയം അടിസ്ഥാനമാക്കി നൃത്താവിഷ്ക്കാരം നടത്തിയ ഗവ. ലോ കോളേജിലെ വിദ്യാര്‍ഥികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ലഹരി വിരുദ്ധ സന്ദേശ പ്രചാരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ പി. മോഹന്‍ദാസ് ലഹരി വിരുദ്ധ സന്ദേശം നല്കി.
ബിപിസി കോളേജ് പിറവം, കോലഞ്ചേരി സെന്റ് പീറ്റേഴ്സ്, ആലുവ
യുസി, നെഹ്റു യുവ കേന്ദ്ര, എസ്എച്ച് തേവര, ഇടക്കൊച്ചി അക്വിനാസ്, ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് ഫോര്‍ വിമന്‍, ഗവ. ലോ കോളേജ്, സെന്റ് തെരേസാസ് എന്നീ ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.
ഗവ. ലോ കോളേജ് ഒന്നാം സ്ഥാനവും ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് ഫോര്‍ വിമന്‍ രണ്ടാം സ്ഥാനത്തും ഇടക്കൊച്ചി അക്വിനാസ് കോളേജ് മൂന്നാം സ്ഥാനത്തുമെത്തി. യഥാക്രമം 10,000, 7,500, 5,000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുമാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയവര്‍ക്ക് ലഭിച്ചത്. പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും 5000 രൂപയും സര്‍ട്ടിഫിക്കറ്റും നല്കി. ജേതാക്കള്‍ ജില്ല കളക്ടര്‍ സമ്മാനദാനം നിര്‍വഹിച്ചു.
ലഹരി വിരുദ്ധ സന്ദേശത്തെ ആസ്പദമാക്കിയുള്ള പോസ്റ്റര്‍ എക്സിബിഷനും ഇന്‍സ്റ്റലേഷനും പരിപാടിയുടെ ഭാഗമായി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സജ്ജീകരിച്ചിരുന്നു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ നെല്‍സണ്‍, ഡിറ്റിപിസി സെക്രട്ടറി എസ്. വിജയകുമാര്‍, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.ജി. ശിവന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: