കഥകളി രംഗത്ത് ഏതാണ്ട് നാലു ദശകങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ പോകുന്നു, മാര്‍ഗി വിജയകുമാര്‍. ചിട്ടയൊത്ത പ്രവൃത്തിയുടെ പ്രതീകമാണ്, അദ്ദേഹം. മുദ്രയൊതുക്കവും, കൈയടക്കവും, ലാസ്യഭാവങ്ങളും എല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള കഥകളിയിലെ മിനുക്കുവേഷത്തിന്റെ സൗന്ദര്യം. കാട്ടുതീയില്‍ അകപ്പെട്ടതുപോലെ ഉഴര്ന്നെരിയുന്ന മനസ്സുമായി ദമയന്തിയും, മനോകാഠിന്യവും, പ്രണയഭാവങ്ങളും ഒത്തുചേര്‍ന്ന മികവാര്‍ന്ന വശീകരണഭാവങ്ങള് സ്ഫുരിക്കുന്ന മോഹിനിയും, നിസ്സഹായമാതൃത്വത്തിന്റെ പിരിമുറുക്കങ്ങള്‍ തളര്‍ത്തുന്ന കുന്തിയും, വശ്യതയില്‍ നിന്നുമാരംഭിച്ച് രാക്ഷസീയത കൈവരിക്കുന്ന ലളിതമാരും എന്നുവേണ്ട, വിജയകുമാര്‍ അരങ്ങുകളില്‍ നിന്നും അരങ്ങുകളിലേയ്ക്ക് അനായാസേന സഞ്ചരിക്കുമ്പോള്‍ സ്ഥായി നിലനിര്‍ത്തുന്ന ആ അഭിനയമുഹൂര്‍ത്തങ്ങള്‍ ആസ്വാദകമനസ്സുകളില്‍ ആവോളം നിറയ്ക്കപ്പെടുന്നു. അരങ്ങുവഴികളിലൂടെ പതിറ്റാണ്ടുകള്‍ പിന്നിട്ട ആ കലായാനത്തെക്കുറിച്ച് അദ്ദേഹത്തിന്റെ തന്നെ വാക്കുകളിലൂടെ…
കഥകളി കളരി-അരങ്ങാരംഭം?
തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കലാണ് ജനനം. അച്ഛന് സ്കൂള്‍ ഹെഡ്മാഷ് ആയിരുന്നു. കഥകളിഭ്രാന്ത് പോയിട്ട് യാതൊരു കലാതാല്പര്യങ്ങളും ഇല്ലാത്ത കുടുംബം. കളി പഠിക്കുന്നതിനു മുമ്പ് എനിക്ക് കഥകളി കണ്ടിട്ടുള്ള പരിചയം പോലുമില്ലായിരുന്നു. എന്റെ അയല്‍വാസിയായ കഥകളി വേഷക്കാരന് തോന്നയ്ക്കല്‍ പീതാംബരന് പഠനശേഷം അവിടെ ഒരു കഥകളി അഭ്യസനക്കളരി ആരംഭിച്ചു. ചുറ്റുവട്ടത്തുനിന്നും കുട്ടികളെ സ്വരൂപിക്കുന്ന കൂട്ടത്തില്‍ അച്ഛന്റെ നിര്‍ദ്ദേശ പ്രകാരം ഞാനും അവിടെ ചേര്‍ന്നു. പഠനം തുടങ്ങി. കുറച്ചുകാലം പിന്നീട് സ്കൂള്‍ വിദ്യാഭ്യാസം തുടര്‍ന്നു. പത്താംക്ലാസ് ആയപ്പോഴാണ് തിരുവനന്തപുരത്ത് മാര്‍ഗി ആരംഭിക്കുന്നത്. അവിടെ ചേര്‍ന്നുപഠിക്കാന്‍ ആഗ്രഹമുണ്ടായി. വീട്ടില്‍ പലരും എതിര്‍ത്തിട്ടും എന്റെ മോഹത്തിന് അവിടെ ചെന്നു. അഞ്ച് അപേക്ഷകരില്‍ എനിക്കാണ് അവിടെ സെലക്ഷന് കിട്ടിയത്. അന്ന് അവിടെ മാങ്കുളം കൃഷ്ണന് നമ്പൂതിരിയാണ് പ്രധാനാധ്യാപകന്. 1977 ലായിരുന്നു അരങ്ങേറ്റം. രുക്മിണീസ്വയംവരത്തിലെ രുക്മിയായിരുന്നു വേഷം.
സ്ത്രീവേഷങ്ങള് കെട്ടാന്‍ പൊതുവേ വിമുഖതയാണ് കലാകാരന്മാര്ക്ക്. താങ്കള്‍ എങ്ങനെ സ്ത്രീവേഷക്കാരനായി?
സ്ത്രീവേഷത്തിനോട് യാതൊരു പ്രതിപത്തിയുമില്ലാതിരുന്നതുകൊണ്ടാണ് അരങ്ങേറ്റത്തിനുതന്നെ രുക്മിണി കെട്ടാന്‍ ഞാന്‍ എതിര്‍പ്പു പ്രകടിപ്പിച്ചത്. എന്നിട്ടും ഞാന്‍ സ്ത്രീവേഷക്കാരനായി. എന്റെ സ്ത്രീവേഷം തരക്കേടില്ല എന്നൊരു വിലയിരുത്തല്‍ മാര്‍ഗ്ഗിയില്‍ ഉണ്ടായി. അങ്ങനെയാണ് ഞാന്‍ സ്ത്രീവേഷക്കാരന്‍ ആയത്. മാര്‍ഗിയിലേക്ക് കലാമണ്ഡലം കൃഷ്ണന് നായര്‍ ആശാന് വന്നുചേര്‍ന്ന സമയത്ത് അദ്ദേഹത്തിന്റെ പരിചരണം എന്റെ ചുമതലയില്‍ ആയിരുന്നു. എനി്ക്ക് സ്ത്രീവേഷങ്ങളില്‍ ചൊല്ലിയാട്ടപരിശീലനങ്ങളും മുറയ്ക്ക് നടന്നു. അദ്ദേഹം അവിടെ മാര്‍ഗിയിലെ അംഗങ്ങളെ വെച്ചുകൊണ്ട് മാസക്കളികള് സംഘടിപ്പിച്ചു തുടങ്ങി.
സ്ത്രീവേഷക്കാരന്‍ ആയതില്‍ നിരാശയുണ്ടോ?
ഇപ്പോള്‍ ചുട്ടിയുള്ള, തേച്ച വേഷങ്ങള്‍ ചെയ്യാന്‍ വിളിച്ചാല്‍ എനിക്ക് സാധിക്കില്ല എന്നുതന്നെ പറയും. മറ്റു മിനുക്ക് വേഷങ്ങള്‍ ചെയ്യാറുണ്ട് (സന്താനഗോപാലം ബ്രാഹ്മണന്, സുദേവന് തുടങ്ങിയവ). എനി്ക്ക് മറ്റുള്ള വേഷങ്ങള്‍ക്കുള്ള വഴക്കം/അരങ്ങുശീലം ഇല്ലാതായി എന്നുതന്നെ പറയാം. ഉടുത്തുകെട്ടും, കിരീടവും മറ്റും അസ്വാധീനവും, പ്രയാസവുമെല്ലാം ഉണ്ടാക്കുന്നതാണ്. എങ്കിലും എല്ലാവരും പറയാറുണ്ട്, പ്രായം ഏറിയാല്‍ വേഷഭംഗി കുറയുമ്പോള്‍, സ്ത്രീവേഷക്കാര്‍ക്ക് അവസരങ്ങള്‍ കുറയും എന്ന്. ആവുന്നിടത്തോളം കെട്ടിയാല്‍ മതി.
കഥകളിയില്‍ സ്ത്രീവേഷങ്ങള്‍ക്ക് പ്രാധാന്യം താരതമ്യേന കുറവ് തന്നെയാണല്ലോ?
എല്ലാ സ്ത്രീകഥാപാത്രങ്ങളും അങ്ങനെയല്ല. മോഹിനി, ദേവയാനി, ലളിതമാര്, കുന്തി, അതുപോലെ, ദമയന്തി എല്ലാം നല്ല പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ തന്നെയാണ്. നാലാം ദിവസത്തില്‍ ബാഹുകനോളം തന്നെ പ്രാമുഖ്യമുണ്ട്, ദമയന്തിക്ക്. നളചരിതം മറ്റു ഭാഗങ്ങളിലും അങ്ങനെതന്നെ. നളന് / ബാഹുകന്റെ ഓരോ പദങ്ങള്‍ വിന്യസിക്കുമ്പോഴും ദമയന്തി ഇടമുറിയാതെ അതിനുള്ള ഭാവപ്രതികരണങ്ങള് കൊടുത്തുകൊണ്ടിരിക്കണം. ഇത്തരത്തില്‍ ദമയന്തിക്ക് പ്രാമുഖ്യം സിദ്ധിച്ചത് ശിവരാമനാശാന് തന്നെയാണ്. കോട്ടക്കല്‍ ശിവരാമാനാശാനാണല്ലോ താങ്കള്‍ക്ക് മാര്‍ഗദര്‍ശി. അദ്ദേഹത്തിന്റെ വേഷങ്ങള്‍ നിരീക്ഷണബുദ്ധിയോടെ വീക്ഷിച്ചിട്ടുണ്ടോ? എണ്‍പതുകളിലാണ് ശിവരാമനാശാന്റെ വേഷങ്ങള്‍ കണ്ടു തുടങ്ങുന്നത്.
അതിനുമുമ്പ് കുടമാളൂരാശാന്, മാത്തൂര്‍ ഗോവിന്ദന്‍കുട്ടി തുടങ്ങിയവരുടെ വേഷങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും എന്നെ വലിയ രീതിയില്‍ സ്വാധീനിച്ചത് ശിവരാമനാശാന് തന്നെയാണ്. ശിവരാമനാശാന്റെ ഏറ്റവും വലിയ പ്രത്യേകത, കൂട്ടുവേഷത്തിന്റെ അഭിനയത്തിനൊപ്പം അദ്ദേഹം നല്കുന്ന പ്രതികരണഭാവങ്ങളാണ്. ഇതിനിടയില്‍ ഒരൊറ്റ ഇടവും അദ്ദേഹം ശൂന്യമായി ഇടില്ല. കഥാപാത്രത്തിന്റെ ഭാവം ഇത്രമേല്‍ ഉള്‍ക്കൊള്ളുന്ന ആ ശൈലി എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.
കോട്ടയ്ക്കല്‍ ശിവരാമന്റെ വേഷങ്ങള്‍ സ്വാധീനിക്കുമ്പോഴും അതൊരു അനുകരണത്തിലേക്ക് മാറാതിരിക്കാന്‍ എങ്ങനെ ശ്രദ്ധിച്ചു?
അറിയാതെ ചിലപ്പോള്‍ അദ്ദേഹത്തിന്റെ മാനറിസങ്ങള്‍ വന്നെത്താറുണ്ട്. ചില അവസരങ്ങളില്‍ ആസ്വാദകര്‍ ചൂണ്ടിക്കാണിക്കാറുണ്ട്. അപ്പോള്‍ അങ്ങനെ വരാതിരിക്കാന്‍ അത് ശ്രദ്ധിക്കാറുണ്ട്. എന്നുവെച്ച് അങ്ങനൊരു ശൈലി നമ്മുടെ പ്രവൃത്തിയില്‍ വരുന്നത് മോശമൊന്നുമല്ല താനും.
കലാമണ്ഡലം ഗോപിയുമായുള്ള അരങ്ങനുഭവം?
1983-85 കാലഘട്ടത്തിലാണ് ഗോപിയാശാനുമായുള്ള കൂട്ടുവേഷങ്ങള്‍ തുടങ്ങുന്നത്. അന്ന് ഗോപിയാശാനും, ശിവരാമനാശാനും ചേര്‍ന്ന ജോഡി അരങ്ങു തകര്‍ക്കുന്ന കാലഘട്ടമാണ്. എന്തെങ്കിലും കാരണവശാല്‍, തിരുവനന്തപുരത്തോ, മറ്റു തെക്കന്‍ അരങ്ങുകളിലോ, ശിവരാമനാശാന് പങ്കെടുക്കാന്‍ സാധിക്കാതെ വരുമ്പോള്‍ എന്നെ വിളിച്ചു തുടങ്ങി. അങ്ങനെ ഒരുപാട് അവസരങ്ങളും വന്നു. പിന്നീട്, ആശാന് ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങി, അരങ്ങുകളില്‍ നിന്നും വിട്ടുനിന്ന് തുടങ്ങിയപ്പോള്‍ കൂടുതല്‍ അവസരങ്ങളായി. ‘എന്നെ വിളിക്കൂ’ എന്ന് ഗോപിയാശാനും.
ഗോപിയാശാനോടൊപ്പം അരങ്ങുകള്‍ പങ്കിടുമ്പോള്‍ അദ്ദേഹം നമുക്ക് നല്കുന്ന പിന്തുണ വളരെ വലുതാണ്. അതുപോലെ അദ്ദേഹത്തിന്റെ ടൈമിംഗ്, അതും അത്ഭുതാവഹമാണ്. അദ്ദേഹത്തോടൊപ്പം വേഷം ചെയ്യുക എന്നുമെപ്പോഴും എനിക്ക് ആവേശവും അനുഭൂതിയും പകരുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ മാത്രമായ ചില സവിശേഷതകള്‍ മറ്റൊരാളില്‍ നിന്നും അനുഭവിച്ചിട്ടില്ല. മറ്റുള്ള കലാകാരന്മാരോടൊപ്പം അരങ്ങ് പങ്കിടുമ്പോള്‍ ഇത്രയും യോജിപ്പ് ലഭിക്കാതെ വരുന്നു. ആസ്വാദകരുടെ കാഴ്ചശീലവും ഇതില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.
അരങ്ങത്ത് ഏറ്റവുമധികം മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്ന വേഷം ഏതാണ്?
അത് തീര്‍ച്ചയായും നളചരിതം നാലാംദിവസം ദമയന്തി തന്നെയാണ്. ആദ്യന്തം കഥാപാത്രത്തിന്റെ മാനസികാവസ്ഥ നമ്മുടേതുമായി താദാത്മ്യം പ്രാപിച്ചുകൊണ്ടുവേണം ഇത് ചെയ്യാന്‍. അതോടൊപ്പം, കഥകളിയുടെ ചട്ടക്കൂടില്‍ നിന്നും വ്യതിചലിക്കാതെ, അതിന്റെ താളം, മുദ്രകള്‍, ചുവടുകള്‍ എന്നിവ ശ്രദ്ധിക്കുകയും വേണം. കനത്ത വെല്ലുവിളി തന്നെയാണത്.
അമ്മ, ഭാര്യ, കാമുകി എന്നിങ്ങനെ പൂര്‍ണ്ണതയുള്ള, സ്ത്രൈണ വേഷങ്ങള്‍ എങ്ങനെയാണ് ഒരു പുരുഷന് ഇത്രയും താദാത്മ്യത്തോടെ അവതരിപ്പിക്കുവാന്‍ സാധിക്കുന്നത്?
അത് പരിശീലനത്തിലൂടെയാണ്. പിന്നെ, അരങ്ങ് പരിചയവും. ഇതിനായി സ്ത്രീകളെ നിരീക്ഷിക്കുന്ന പതിവൊന്നുമില്ല. കാരണം, നിത്യജീവിതത്തിലെ രൂപമോ, ചലനമോ, നോട്ടമോ ഉള്ള സ്ത്രീത്വമല്ല, കഥകളിയിലേത്. അതുകൊണ്ടുതന്നെ അവരെ നിരീക്ഷിച്ചതുകൊണ്ട് ഫ ലമില്ല താനും.
സ്ത്രീവേഷക്കാരിലെ ഷണ്മുഖദാസ്, ചമ്പക്കര വിജയകുമാര്‍ എന്നിങ്ങനെയുള്ള ്പിന്ഗാമികളെക്കുറിച്ച്?
എനിക്ക് അവരെക്കുറിച്ച് നല്ല മതിപ്പാണ്. കളിക്ക് ബുക്ക് ചെയ്യാനായി വിളിക്കുന്ന പലരോടും ഇവരെ വിളിക്കാനായി നിര്‍ദ്ദേശിക്കാറുണ്ട്. അവര്‍ എന്നെക്കാള്‍ നന്നായി തന്നെ പ്രകടനം നടത്തുന്നവരാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കഥകളി അരങ്ങുകളില്‍ ആസ്വാദകനായി പോകാറുണ്ടോ?തീര്‍ച്ചയായും. ഏതു വ്യക്തികളില്‍ നിന്നും നമുക്ക് പലതും സ്വായത്തമാക്കാന്‍ സാധിക്കും. കൊച്ചുകലാകാരന്മാരില് നിന്നുപോലും നമുക്ക് എന്തെങ്കിലുമൊക്കെ കിട്ടും.
കഥകളിക്കാരന് എന്തെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്?
നാല് മണിക്ക് ഒരു കളിസ്ഥലത്ത് എത്തണമെങ്കില്‍ ഞാന്‍ മൂന്നരയ്ക്കെങ്കിലും എത്താന്‍ ശ്രമിക്കാറുണ്ട്, ഇതുവരെ അത് തെറ്റിയിട്ടുമില്ല. സമയക്ലിപ്തത പാലിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം. നമ്മള് മൂലം കളി തുടങ്ങാന്‍ വൈകിക്കൂടാ. അതുപോലെ അണിയറയില്‍ തികഞ്ഞ അച്ചടക്കം പാലിക്കേണ്ടതുണ്ട്. എന്നാല്‍, ഞാന്‍ ആരോടും അത് പാലിക്കണം എന്ന് ഉപദേശിക്കാറില്ല.
കഥകളി രംഗത്ത് കലാകാരന് സ്വന്തം സ്ഥാനം കണ്ടെത്താന്‍ എന്തൊക്കെ ശ്രദ്ധിക്കണം?
പ്രവൃത്തികളില്‍ സ്വന്തമായ സംഭാവനകള്‍ പ്രയോഗിക്കാന്‍ കഴിവുള്ളവര്‍ മാത്രമേ ശ്രദ്ധിക്കപ്പെടുകയുള്ളൂ. കളരിയില്‍ പഠിച്ചതെന്തോ, അത് അതേപടി അരങ്ങത്ത് കാണിക്കുന്നവര്‍ക്ക് വളര്‍ച്ചയുണ്ടാകില്ല. അത് അനുകരണം ആകാനും പാടില്ല. മറ്റുള്ളവരുടെ അരങ്ങത്തെ നില, ഭാവങ്ങള്‍, മുദ്ര എന്നിവയൊക്കെ ശ്രദ്ധിക്കാന്‍ ശ്രമിക്കുക. അതില്‍ നിന്നും നമുക്ക് പലതും ലഭിക്കും.
പ്രതീക്ഷ, സ്വപ്നം…?
അതിഗംഭീരമായ ഒരു വേഷാവതരണത്തിന് അവസരം ലഭിക്കണം. നമ്മുടെ ജീവനെടുക്കാന്‍ പാകത്തിലുള്ള ഒരു ആഹ്ലാദാവസ്ഥ അതിലൂടെ ലഭിക്കണം. ഇനി ഇതു ചെയ്യാന്‍ ഇതിലപ്പുറം ഒരാളില്ല എന്ന്, ശരിയായ അറിവുള്ള ഒരാളെങ്കിലും പറയണം. അന്ന് കഥകളിയരങ്ങിനോട് വിട പറയണം. $
പ്രതികരിക്കാൻ ഇവിടെ എഴുതുക: