മൂളിപ്പാഞ്ഞുവരുന്ന കൊതുകിനെ കണ്ടാല്‍ അടിച്ചുകൊല്ലാന്‍ തോന്നാത്ത മനുഷ്യരുണ്ടാവില്ല. അത്തരക്കാരോട് മനുപ്രകാശ് പറയുന്നതിതാണ്-മാനിഷാദ! കൊതുകിനെ കൊല്ലരുത്. അതിന് മുന്‍പ് ആ ചിറകടി ശബ്ദം മൊബൈലില്‍ പകര്‍ത്തുക. എന്നിട്ട് തന്റെ ലബോറട്ടറിയുടെ വെബ്സൈറ്റിലേക്ക് ഇട്ടു തരിക. അങ്ങനെ കൊതുക് ഭീഷണിയ്ക്കും പകര്ച്ചരോഗങ്ങള്ക്കും ഫുള്‍സ്റ്റോപ്പ് ഇടാനുള്ള സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല ഗവേഷണത്തില്‍ പങ്കാളിയാവുക.
അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ബയോ എഞ്ചിനീയറിങ് വകുപ്പ് അസി. പ്രൊഫസറാണ് മനുപ്രകാശ്. നിത്യതയുറ്റ നവീനാശയങ്ങള്‍ രൂപപ്പെടുത്തിയതിന് ഐഐടി പുരസ്കാരം നേടിയ മിടുക്കന്. പക്ഷേ ഇപ്പോള്‍ ജോലി, കൊതുകിനെ തേടി നടക്കലാണ്. നാടായ നാട്ടിലെ സകലമാന മനുഷ്യരും കൊതുകിനെ കൊല്ലാന്‍ അലയുമ്പോള്‍ പ്രകാശ് അലയുന്നത് അവയുടെ ചിറകടി ശബ്ദം മൊബൈലില്‍ പകര്‍ത്തിയെടുക്കാനാണ്.
ലോകത്തില്‍ പകര്‍ച്ച വ്യാധികള്‍ പരത്തി ഏറ്റവുമധികംപേരെ കൊന്നൊടുക്കുന്ന ക്രൂരനാണ് കൊതുക്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് നിരവധി പേരെ കാലപുരിക്കയക്കുന്ന ക്രൂരന്. മലേറിയ, ഡെങ്കിപ്പനി, സിക്ക, ചിക്കുന്‍ ഗുനിയ, മഞ്ഞപ്പനി എന്നിങ്ങനെ കൊതുകുജന്യരോഗങ്ങളുടെ പട്ടിക. കൊതുകിനെ നിയന്ത്രിക്കുന്നതിലൂടെ ലോകത്ത് മാരകമായ ഈ പകര്‍ച്ചരോഗങ്ങള്‍ ഇല്ലാതാവും. അവയെ ഇല്ലാതാക്കണം. അതാണ് മനുപ്രകാശിന്റെ ലക്ഷ്യം.
അതിന് കൊതുക് വര്‍ഗങ്ങളുടെ ജാതിയും മതവും സ്വഭാവവിശേഷങ്ങളും അറിയണം. പ്രാദേശികമായ ചേരിതിരിവുകള്‍ മനസ്സിലാക്കണം. രോഗം പരത്തുന്ന സ്പീഷീസുകളെ കൃത്യമായി തിരിച്ചറിയണം. അതിന് ഏറ്റവും എളുപ്പം അവയുടെ ചിറകടി മൂളല്‍ പഠിക്കുകയാണത്രെ. രണ്ട് കൊതുകുവര്ഗങ്ങളുടെ ചിറകടി ശബ്ദം തിരിച്ചറിഞ്ഞ് പഠിക്കാന്‍ നാം സാധാരണക്കാര്‍ക്ക് കഴിയില്ല. പക്ഷേ ഓരോ വര്‍ഗത്തിന്റെയും ചിറകടിയുടെ ആവൃത്തി വ്യത്യാസപ്പെട്ടിരിക്കും. അവയെ പ്രത്യേകം കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയറുകളും അല്‍ഗോരിതവും ഉപയോഗിച്ച് വേര്‍തിരിച്ച് പഠിക്കും.
തായ്ലന്റിലെ മഴക്കാടുകളില്‍ കൂട്ടുകാരുമൊത്ത് നടത്തിയ സന്ദര്‍ശനമാണ് മനുപ്രകാശിന് ഈ പുത്തന്‍ ആശയം സമ്മാനിച്ചത്. അവിടെ കാട്ടില്‍ ഒരു മെഡിക്കല്‍ പ്രാണിരോഗ വിദഗ്ദ്ധന് സൂക്ഷ്മദര്‍ശിനിയിലൂടെ കൊതുകിനെ പരിശോധിക്കുന്നത് പ്രകാശിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഒന്നിനെയല്ല നിരവധിയിനം കൊതുകുകളെ ഒരുമിച്ചാണ് ആ ശാസ്ത്രജ്ഞന് പരിശോധിച്ചുകൊണ്ടിരുന്നത്. കൊതുകുവര്ഗത്തിന്റെ മാപ്പിങ് നടത്താനുള്ള മാര്‍ഗം പ്രകാശിനു മുന്നില്‍ തെളിഞ്ഞത് അപ്പോഴായിരുന്നു. ഇനി കൊതുകിന്റെ മൂളല്‍ പഠിക്കുകതന്നെ!
വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ് കൊതുകിന്റെ ചിറകടി ശബ്ദം പഠിക്കുകയെന്നത്. അതിന് ചെലവേറുകയും ചെയ്യും. പക്ഷേ അതിനുള്ള എളുപ്പവഴിയും മനുപ്രകാശ് ആസൂത്രണം ചെയ്തു.
അതത്രെ മൊബൈല്‍ ഫോണ്‍. ഏത് ശരാശരി മൊബൈല്‍ ഫോണിലും കൊതുകിന്റെ ഇരമ്പം റിക്കാര്‍ഡ് ചെയ്യാം. മഡഗാസ്കറിലെ ചെറുഗ്രാമമായ ‘റണോമഫാന’യിലായിരുന്നു മൊബൈല്‍ റിക്കാര്‍ഡിങ് പരിപാടിയുടെ തുടക്കം. പത്ത് സന്നദ്ധ സേവകരെ കൊതുകിന്റെ മൂളല്‍ റെക്കോര്‍ഡ് ചെയ്യാന്‍ പഠിപ്പിച്ചുകൊണ്ട്. മൂന്നുമണിക്കൂര്‍കൊണ്ട് അവര്‍ 60 കൊതുക് ശബ്ദങ്ങള്‍ അന്ന് മൊബൈലില്‍ പകര്‍ത്തി. അങ്ങനെ ‘സിറ്റിസണ്‍ ജേര്‍ണലിസ്റ്റ്’ മാതൃകയില്‍ ‘സിറ്റിസണ്‍ സയന്റിസ്റ്റു’മാരുടെ ഒരു സംഘത്തിന് പ്രകാശ് രൂപംനല്കി.
”നിങ്ങള്‍ ഒരു കൊതുകിനെ അടിച്ചുകൊല്ലുമ്പോള്‍ ഒരു ദിവസത്തേക്ക് അതില്‍നിന്ന് രക്ഷനേടുന്നു. പക്ഷേ അതിന്റെ പിന്നാലെ കൂടി അതിന്റെ മൂളല്‍ റെക്കാര്‍ഡ് ചെയ്ത് ഞങ്ങളുടെ അബുസ് പ്രോജക്ടിന്റെ വെബ്സൈറ്റില്‍ നിക്ഷേപിക്കുന്ന പക്ഷം മനുഷ്യകുലത്തിന് നല്‍കുന്നത് കനത്ത സംഭാവന ആയിരിക്കും. കൊതുക് കടിമൂലം മരിക്കുകയും മാരകരോഗബാധിതരാവുകയും ചെയ്യുന്ന കോടിക്കണക്കിന് സാധാരണ ജനങ്ങള്‍ക്കുള്ള വലിയൊരു സംഭാവനശാസ്ത്രജ്ഞന് പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറ് കണക്കിനാളുകളുടെ സംഭാവനയാണ് ഇന്ന് മനുപ്രകാശിന്റെ കൊതുക് വെബ്സൈറ്റ് നിറയെ. കൊതുകിരമ്പം. ഏതാണ്ട് ആയിരത്തില്‍പരം മണിക്കൂര്‍ നീളുന്ന കൊതുകിരമ്പത്തിന്റെ മഹാശേഖരം.
സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രകാശ് ലാബില്‍ നടക്കുന്ന കൊതുക് ഗവേഷണത്തിന്റെ മെച്ചങ്ങള്‍ എന്തൊക്കെയാണെന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. കൊതുകുകളുടെ ദേശാന്തര ഗമനം, രോഗാണുക്കളെ പരത്തുന്നവിധം, രോഗം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത, വിവിധ പ്രാദേശിക കാലാവസ്ഥകള്‍ രോഗകാരികളായ കൊതുകുകളില്‍ ചെലുത്തുന്ന സ്വാധീനം, രോഗം പരത്തുന്നതും പരത്താത്തതുമായ കൊതുകുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ തുടങ്ങിയവയെല്ലാം മനസ്സിലാക്കാന്‍ ഈ പരീക്ഷണങ്ങള്‍ക്ക് സാധിക്കും. അതിനാല്‍ ഓര്‍ക്കുക-കൊതുകിനെ കണ്ടാലുടനെ കൊല്ലേണ്ടാ; അതിന്റെ മൂളല്‍ ശബ്ദം മൊബൈലില്‍ റിക്കാര്‍ഡ് ചെയ്ത ശേഷം മാത്രം. ഒരു കാര്യം കൂടി ഓര്‍ക്കുക. കിട്ടിയ ശബ്ദം പ്രകാശിന്റെ ‘അസുസ്’ പ്രൊജക്ട് വെബ്സൈറ്റില്‍ നിക്ഷേപിക്കുന്നത് മറക്കാതിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: